SPECIAL NEWS
  Nov 01, 2013
ത്രിപുരയെ സിനിമ പഠിപ്പിച്ച വൈദികന്‍
രജീഷ് പി. രഘുനാഥ്‌
ഫാ. ജോസഫ് പുളിന്താനത്ത്
അഗര്‍ത്തല: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളിലേക്ക് ഇന്ത്യന്‍സിനിമ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത കാലം. മലയാളമടക്കമുള്ള സിനിമാലോകം സര്‍ഗാത്മക വിരക്തിയില്‍ എത്തിനില്‍ക്കുന്നു. അശ്ലീല കാഴ്ചകളുടെ ചെളിക്കുണ്ടിലേക്ക് തെന്നിന്ത്യന്‍ സിനിമ വീണു തുടങ്ങിയ കാലത്താണ് അവിടെ വടക്കുകിഴക്കുനിന്ന് ഒരു സിനിമ ഇന്ത്യന്‍ പനോരമയിലേക്ക് എത്തുന്നത്. 'മത്തിയ' എന്ന കൊക്‌ബൊറോക് സിനിമ ഇന്ത്യന്‍ പനോരമയില്‍ പലതിന്റെയും ഒരു തുടക്കമായിരുന്നു.

അശാന്തിവിളയുന്ന ത്രിപുരയില്‍ നിന്ന് ഇന്ത്യന്‍ പനോരമയില്‍ എത്തുന്ന ആദ്യസിനിമ. കൊക്‌ബൊറോക് ഭാഷയിലെ രണ്ടാമത്തെ സിനിമ എന്നതിനൊപ്പം ത്രിപുരയ്ക്കുള്ള പുറമേയുള്ള ലോകം കാണുന്ന ആദ്യ കൊക്‌ബൊറോക് ചിത്രം. അങ്ങനെ വിശേഷണങ്ങള്‍ ഒരു പാട് നേടി 2005-ല്‍ പനോരമയില്‍ പ്രദര്‍ശിപ്പിച്ച മത്തിയ സമ്മാനങ്ങളും വാരിക്കൂട്ടി.

വീണ്ടും ഒരു മൂന്നുവര്‍ഷത്തെ ഇടവേള. 'യാര്‍ങ്' എന്ന ഒരു സിനിമകൂടി അവിടെ നിന്ന് എത്തി. വിലാപങ്ങള്‍ക്കപ്പുറം, ഗുല്‍മോഹര്‍, നാലുപെണ്ണുങ്ങള്‍ തുടങ്ങി വമ്പന്‍മാരുടെ സിനിമകള്‍ക്കൊപ്പം മത്സരിച്ച യാര്‍ങാണ് 2008-ല്‍ ഇന്ത്യന്‍ പനോരമയില്‍ ഓപ്പണിങ് ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ന്യൂജനറേഷന്‍ എന്തെന്ന് സിനിമാ ലോകം ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്താണ് റിയലിസ്റ്റിക്ക്് എന്നോ ന്യൂ ജനറേഷന്‍ എന്നോ വിശേഷിപ്പിക്കാവുന്ന ഈ ചലച്ചിത്രങ്ങള്‍ ലോകത്തോട് സംവദിക്കുന്നത്.

യാര്‍ങ് ചിത്രത്തില്‍ നിന്നുള്ള രംഗം


ത്രിപുര എന്ന ഭൂപ്രദേശത്ത് ജീവിക്കുന്ന തദ്ദേശീയരായ മനുഷ്യരുടെ നൊമ്പരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ച ആ സിനിമകള്‍ക്ക് പിന്നില്‍ പേരെടുത്ത സംവിധായകരോ ആരാധനാമൂര്‍ത്തികളായ അഭിനേതാക്കളോ ഉണ്ടായിരുന്നില്ല. ത്രിപുരയിലെ പച്ചയായ ജീവിതത്തെ കാണിച്ചുകൊടുത്തത് കേരളത്തില്‍ നിന്നുള്ള ഒരു വൈദികനും സിനിമയെന്തെന്ന് പോലും അറിയുമായിരുന്നില്ലാത്ത കുറെ നാടന്‍ മനുഷ്യരുമാണ്. പതിറ്റാണ്ടുകളായി ത്രിപുരയില്‍ ജീവിച്ച് അവിടുത്തെ മനുഷ്യന്റെ മനസിന്റെ നൊമ്പരങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ മണ്‍മറഞ്ഞ ഓര്‍മകളെ തിരികെ വിളിച്ച് അഭ്രപാളികളിലെത്തിച്ചത് കോട്ടയംകാരനായ ഒരു സെലസ്ഷ്യന്‍ വൈദികനാണ്. പേര് ഫാ. ജോസഫ് പുളിന്താനത്ത്.

കാഞ്ഞിരപ്പള്ളി ആനിക്കാട്ടെ കുടുംബവീട്ടില്‍ നിന്ന് 1980 -ല്‍ തന്റെ 14-ാം വയസില്‍ വടക്കുകിഴക്കന്‍ മേഖലയിലെത്തിയതാണ് അദ്ദേഹം. ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ഫാ. ജോസഫ് പുളിന്താനത്ത് ഷില്ലോങ്ങിലും ഡിമാപൂരിലും സാഹിത്യാധ്യാപകനായിരുന്നു. 1994-ലാണ് ത്രിപുരയില്‍ എത്തിയത്. അഗര്‍ത്തലയില്‍ ഡോണ്‍ബോസ്‌കോ സഭയുടെ കീഴിലുള്ള കള്‍ച്ചറല്‍ സെന്ററിന്റെ ചുമതലക്കാരനായി പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍.
യാര്‍ങ് ചിത്രത്തില്‍ നിന്നുള്ള രംഗം


ബംഗാളികളും ആദിവാസികളും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ചലനങ്ങള്‍ക്കിടെയാണ് ഇവിടെ അദ്ദേഹം പ്രവര്‍ത്തനം തുടങ്ങുന്നത്. അക്കാലത്ത് ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി അഭയാര്‍ഥികളുടെ കുത്തൊഴുക്കില്‍ ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ ജീവിതക്രമം തന്നെ താളം തെറ്റിയിരുന്നു. അഭയാര്‍ഥികളായെത്തിയവര്‍ നാടിന്റെ അധിപന്മാരാകുന്നതായിരുന്നു ത്രിപുരയിലെ കാഴ്ച. പതിറ്റാണ്ടുകള്‍ കൊണ്ട് നാട് കൈപ്പിടിയിലൊതുക്കിയ ബംഗാളികളുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ ത്രിപുരികളുടെ ഭാഷയും സംസ്‌കാരവും പൊടിഞ്ഞുവീണു. തങ്ങളുടെ പാരമ്പര്യത്തെ മറന്നുപോയ ഒരു തദ്ദേശീയ ജനസഞ്ചയത്തെയാണ് പിന്നീടുള്ള കാലത്ത് ത്രിപുരയില്‍ കാണാന്‍ കഴിയുമായിരുന്നത്.

ആയിരത്താണ്ടുകളുടെ മഹത്വമുള്ള സംസ്‌കാരം. അതിന്റെ ഭാഗമായ തങ്ങളുടെ പാരമ്പര്യത്തെയും കലയെയും സംഗീതത്തെയും ത്രിപുരികള്‍ക്ക് ആസ്വദിക്കണമെന്നുണ്ട്. പക്ഷേ എവിടെയും അത് അവശേഷിക്കുന്നില്ലല്ലോ.....

മരണവക്ത്രത്തിലകപ്പെട്ട സ്വന്തം സംസ്‌കാരം അവരെ പലപ്പോഴും അസഹിഷ്ണുക്കളാക്കി. മരണത്തിന്റെ വായില്‍ സ്വന്തം സംസ്‌കാരം ജീവനുവേണ്ടി പിടയുമ്പോള്‍ തങ്ങളെ അതിലേക്ക് വലിച്ചിഴച്ച ബംഗാളിയുടെ കലയെയും സംഗീതത്തെയും അവന് എങ്ങനെ ആസ്വദിക്കാന്‍ കഴിയും.
യാര്‍ങ് ചിത്രത്തില്‍ നിന്നുള്ള രംഗം


ത്രിപുരയിലെ മനുഷ്യരുടെ ഉള്ളിലുറങ്ങുന്ന ഈ വികാരത്തെ കണ്ടറിഞ്ഞ ഫാ. ജോസഫ് പുളിന്താനത്ത് അവരുടെ സംസ്‌കാരത്തെ നിലനിര്‍ത്തുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു. അതിന്റെ പ്രവര്‍ത്തനങ്ങളാണ് പിന്നീട് ഈ കള്‍ച്ചറല്‍ സെന്റര്‍ വഴി നടത്തി വന്നത്. തന്റെ ഉള്ളിലെ സാഹിത്യാധ്യാപകനും ആസ്വാദകനും ഇതിന് കൂട്ടായി നിന്നു.

ഇതിനിടയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയി ഒരുമാസത്തെ സിനിമ കോഴ്‌സ് പഠിക്കാന്‍ ഫാ. ജോസഫിന് അവസരം ലഭിച്ചു. ഈ പഠനം ത്രിപുരികളുടെ സംസ്‌കൃതിയെ ഉണര്‍ത്താന്‍ ഉപയോഗിക്കണമെന്ന ചിന്തയോടെയാണ് 2002-ല്‍ ഒരു വീഡിയോ ചിത്രം പിടിക്കുന്നത്. ഇതിനായി 1999-മുതല്‍ തന്നെ ഫാ. ജോസഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

ഭ്രാന്തിയെന്ന് മുദ്രകുത്തി ഒരു സ്ത്രീയെ സമൂഹം ബഹിഷ്‌കരിക്കുന്നതും പിന്നീട് അവളെ കൊന്നുകളയുന്നതുമാണ് മത്തിയ ഇതിവൃത്തമാക്കിയത്. ആദിവാസികള്‍ക്കിടയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവമായിരുന്നു അത്. ആ പ്രശ്‌നത്തിന്റെ മാനങ്ങള്‍ ഒരു തിരിച്ചറിവിനുവേണ്ടി സിനിമയ്ക്കു വിഷയമാക്കിയാണ് ഫാ. ജോസഫ് പുളിന്താനത്ത് ആദിവാസികള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. അന്നുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്തവരാണ് അതില്‍ വേഷമിട്ടത്. സിനിമ തീയറ്റര്‍ ഇല്ലാത്ത ത്രിപുരയിലെ 52 വില്ലേജുകളില്‍ ഈ വീഡിയോ ചിത്രം അദ്ദേഹം നേരിട്ടുപോയി പ്രദര്‍ശിപ്പിച്ചു. കൂടെ ജീവിക്കുന്നവരെ മുന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞുകണ്ട അവരില്‍ സിനിമ നമ്മുടെ കഥ കൂടി പറയാനുള്ളതാണെന്ന ബോധം ജനിപ്പിച്ചു. അയല്‍വാസികളെ സിനിമയില്‍ കണ്ട അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഇതിനുശേഷമാണ് 2005-ല്‍ ഈ ചിത്രം ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്.

1987-ല്‍ റൂഹി ദേബ്ബര്‍മ എന്നയാളാണ് കൊക്‌ബൊറോക്ക് ഭാഷയില്‍ ആദ്യമായി ഒരു സിനിമപുറത്തിറക്കുന്നത്. ലങ്മണി ഹഡൂക്ക് എന്ന ആ സിനിമ ഒരു ലൗവ് സ്‌റ്റോറിയായിരുന്നു. പിന്നീട് ഒരു നീണ്ട ഇടവേള. 15 വര്‍ഷം കൊക്‌ബൊറോക്ക് ഭാഷയില്‍ ഒരു സിനിമ പോലും ഇറങ്ങിയില്ല. ബംഗാളി ഭാഷയിലുള്ള സിനിമകളും സീരിയലുകളുമാണ് ഉണ്ടായത്. ഈ ഇടവേളയെ മുറിച്ചത് മത്തിയ ആണ്. 2005-ല്‍ പ്രദര്‍ശിപ്പിച്ച മത്തിയ വാഴ്‌സോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി.

2005-ല്‍ ഫാ. ജോസഫ് പുളിന്താനത്ത് ആ സിനിമയിലൂടെ കൂടു തുറന്നുവിട്ടത് നിരവധി ഭൂതങ്ങളെയായിരുന്നു. വ്യത്യസ്തമായ ജീവിത രീതികളും ശൈലികളുമുള്ള ആദിവാസികള്‍ തങ്ങളുടെ ചുറ്റുപാടുകളെ കാമറയ്ക്കുള്ളിലാക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങി. നിലവാരമെന്ന ചിന്തയ്ക്കപ്പുറം പരീക്ഷണത്തിന് തയ്യാറായ പുതുതലമുറയെ ഫാ. ജോസഫ് ഇരുകൈകള്‍ കൊണ്ടും പിന്തുണച്ചു. തങ്ങളുടെ സമൂഹത്തിലെ നന്മതിന്മകളെ തിരിച്ചറിയാനും അതിനെതിരെ സിനിമയെ (ക്യാമറാ കാഴ്ചകള്‍ എന്നു പറയുന്നതാകും ശരി) ഒരു ആയുധമാക്കാനും അവര്‍ തയ്യാറായി. അഭിനയിക്കാന്‍ തയ്യാറായി പലരും രംഗത്തു വന്നത് വലിയ മാറ്റത്തിന്റെ സൂചനയായി.
മത്തിയ ഡി വി ഡി കവര്‍


ഇൗ തിരതള്ളലിനിടയിലാണ് 2008-ല്‍ യാര്‍ങ് എന്ന ത്രിപുരികളുടെ മനസ് തൊട്ട സിനിമയുമായി ഫാ.പുളിന്താനത്ത് വീണ്ടുമെത്തുന്നത്. ദുംബൂര്‍ എന്നത് ഒരു പ്രദേശം മാത്രമല്ല. അവിടെ ഭരണവര്‍ഗത്തിന്റെ ചതിയുടെയും വേര്‍പിരിയലിന്റെ വേദനകളുടെയും ജീവിതങ്ങളുടെ ഇഴപിരിയലിന്റെയും ഒരുപാട് കഥകള്‍ അലയടിക്കുന്നുണ്ട്. ദുംബൂര്‍ അണക്കെട്ട് നിര്‍മിക്കാന്‍ വേണ്ടി ഒഴിപ്പിക്കപ്പെട്ട മനുഷ്യര്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു യാര്‍ങ് (വേരുകള്‍).

നാട്ടിലെ സാധാരണക്കാരായ ആളുകളെ വച്ച് നിര്‍മിച്ച ആ ചിത്രത്തില്‍ വീടുകള്‍ ആന കുത്തിപ്പൊളിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഫാ. ജോസഫ് പറയുന്നു. - ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ആളുകള്‍ കാണാന്‍ വരാറുണ്ടായിരുന്നു. എല്ലാം കണ്ടു നിന്ന അവരില്‍ ചിലര്‍ ''ആനയില്ലേ എന്ന് തമ്മില്‍ തമ്മില്‍ ചോദിക്കുന്നത് കേട്ടു. ആന ഇല്ലെങ്കില്‍ പിന്നെ വീട് പൊളിച്ചതാരാ...''. അണക്കെട്ടിനുവേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ പറഞ്ഞിട്ട് അതിന് ആദിവാസികള്‍ തയ്യാറാകാഞ്ഞപ്പോള്‍ ആനയെ കൊണ്ടുവന്ന് രാത്രിയില്‍ വീട് കുത്തിപ്പൊളിച്ച് അവരെ ഭയപ്പെടുത്തി ഒഴിപ്പിക്കുകയായിരുന്നു. ഈ പേടിപ്പെടുത്തുന്ന ഓര്‍മ അവരുടെ മനസില്‍ നിന്ന് മായാത്തതിനാലാണ് അവര്‍ ആനയില്ലേ എന്ന സംശയം പ്രകടിപ്പിച്ചത്. ഒടുവില്‍ ആനയെ കൊണ്ടുവന്ന് വീടുകുത്തിപ്പൊളിക്കുന്ന രംഗവും സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. യാര്‍ങിന്റെ കഥ ഓരോ ആദിവാസിയില്‍ നിന്നുകേട്ടറിഞ്ഞ് സൃഷടിച്ചതാണ്. തങ്ങളുടെ അനുഭവം വിവരിക്കുമ്പോഴൊക്കെയും അവര്‍ കരഞ്ഞുകൊണ്ടിരുന്നു.

ന്യുയോര്‍ക്ക്, മോസ്‌കോ, ജര്‍മന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പാരിസ്, നേപ്പാള്‍, ബംഗ്ലാദേശ്, തായ്‌വാന്‍ എന്നിവയടക്കം 40-ഓളം ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ യാര്‍ങ് പ്രദര്‍ശിപ്പിച്ചു. ന്യുയോര്‍ക്ക് ടൈംസ് യാര്‍ങിന്റെ പ്രമേയത്തെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഓപ്പണിങ് ചിത്രമായതു വഴി ശ്രദ്ധിക്കപ്പെട്ട യാര്‍ങ് 2008-ലെ ഔദ്യോഗികേതര ഭാഷയിലുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ത്രിപുരയിലേക്ക് ആദ്യമായി ഒരു ദേശീയ സിനിമാ അവാര്‍ഡ്.

ഇക്കുറിയും ഗോവയിലെ ഫിലിം ഫെസ്റ്റിവലില്‍ യാര്‍ങ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക സെഷനിലാണ് ത്രിപുരയില്‍ നിന്നുള്ള ഏക എന്‍ട്രിയായ യാര്‍ങ് പ്രദര്‍ശിപ്പിക്കുന്നത്.

ലോങ്ത്രായിയാണ് ത്രിപുരയില്‍ ആദ്യം പുറത്തിറങ്ങുന്ന സിനിമ. ആദിവാസികളുടെ കഥപറയുന്നതായിരുന്നു ഈ ചിത്രമെങ്കിലും ഭാഷ ബംഗാളിയായിരുന്നു. ബിമല്‍ സിന്‍ഹ എന്ന മന്ത്രിയായിരുന്നു ഈ ചിത്രത്തിനു പിന്നില്‍. പിന്നീട് രൂപാന്തര്‍ എന്ന ഒരു സിനിമയും ആദിവാസികളെ പരാമര്‍ശിക്കുന്നതായി പുറത്തിറങ്ങി. ഇതും ബംഗാളി ഭാഷയിലുള്ളതായിരുന്നു.

2008-നു ശേഷം സിനിമ പതിയെ ആല്‍ബത്തിന് വഴിമാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ത്രിപുരയിലെ ആദിവാസികളിലെ പുതുതലമുറയും ആടിപ്പാടുന്ന ആല്‍ബങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ കാമ്പുള്ള സിനിമയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നിന്നുപോയെന്നു പറയാം. മാറിയ ലോകത്തിന്റെ ആരവങ്ങള്‍ ഇരമ്പുന്ന ആല്‍ബങ്ങള്‍ നിര്‍മിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വന്നു. കൊക്‌ബൊറോക്കിന് അവയൊന്നും ഗുണം ചെയ്യില്ലെന്നതുകൊണ്ടു തന്നെ ഇനിയും സിനിമകള്‍ കൊക്‌ബൊറോക്കില്‍ ഉണ്ടാകണമെന്നതാണ് ഫാ. ജോസഫിന്റെ അഭിപ്രായം. അതിന് ഇവിടെ നിന്നുള്ളവര്‍ തന്നെ മുന്നിട്ടിറങ്ങണം. അതിന് തയ്യാറായി ചിലര്‍ മുന്നോട്ടു വരുന്നു എന്നത് ആശ്വാസകരമാണ്. മത്തിയയിലെയും യാര്‍ങിനെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീന ദേബ്ബര്‍മയെപ്പോലുള്ളവര്‍ ത്രിപുരികളുടെ സംസ്‌കൃതിയുടെ കാവലാളുകളാകാന്‍ പ്രാപ്തി നേടിക്കഴിഞ്ഞു. ഇത്തവണത്തെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ യാര്‍ങിനെ പ്രതിനിധീകരിച്ച് മീന ദേബ്ബര്‍മയാണ് പങ്കെടുക്കുന്നത്.

സിനിമയിലൂടെ മാത്രമല്ല ഫാ. ജോസഫ് പുളിയന്താനവും ഒപ്പമുള്ളവരും കൊക്‌ബൊറോക്കിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. കൊക്‌ബൊറോക് ഭാഷയില്‍ ഒരു മാസിക ആദ്യമായി പുറത്തിറക്കി എന്നതും ഇവരുടെ വലിയ നേട്ടമാണ്. എയ്‌തോര്‍മ എന്ന പേരില്‍ ഒരു വര്‍ഷമായി ഇത് പുറത്തിറങ്ങുന്നുണ്ട്. രാഷ്ട്രീയത്തെ പൂര്‍ണമായും ഒഴിച്ചു നിര്‍ത്തി പുറത്തിറങ്ങുന്ന ഈ മാസിക ഓരോ ലക്കത്തിലും ആദിവാസി സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും ഒരു സാമൂഹിക പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നുണ്ട്.



 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -