
കേരളമുഖ്യമന്ത്രിമാരില്‍ ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഏറ്റവുമധികം ഉദ്ഘാടനങ്ങള്‍ നടത്തി റെക്കാര്‍ഡു സ്യഷ്ടിച്ച നേതാവ് ആരെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം. അത് നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആണെന്ന്. അതിന്റെ കാരണം അനേഷിച്ചാല്‍ ശരിക്കും കേരളത്തിലെ ഒരു പ്രഗത്ഭനും നിപുണനും ആയ ജനനേതാവിന്റെ ഭരണരീതിയിലെ പ്രായോഗികശൈലിയുടെ ഒന്നാംതരം രൂപം നമുക്കു കാണാന്‍ സാധിക്കും. രാഷ്ട്രീയജീവിതത്തിന്റെ തുടക്കം മുതല്‍ എ കെ ആന്റണിജിയുടെ തൊട്ടുപിന്നില്‍ രണ്ടാമൂഴക്കാരനായി മാത്രം അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്തിരുന്ന ഉമ്മന്‍ ചാണ്ടിക്ക് സ്വാഭാവികമായി ഉണ്ടായിട്ടുള്ള മാനസികമായ പാരതന്ത്ര്യത്തില്‍ നിന്ന് മോചിതനാകാനുള്ള ശ്രമവും ഇതില്‍ കാണാം.
ജാതിയും മതവും രാഷ്ട്രീയകുടുംബങ്ങളുടെ കൗശലവും മീഡിയാ മാനേജ്‌മെന്റ് മിടുക്കും ശൈലിയും സുന്ദരികളും സുന്ദരന്മാരുമായി ബന്ധപ്പെടുത്തിയുള്ള കോടികളുടെ അഴിമതിയും പീഡനപൈങ്കിളിക്കഥകളും ഉത്സവസമാനദ്യശ്യങ്ങളും പണത്തേക്കാളേറെ കേരളത്തിലെ ജനാധിപത്യസംവിധാനത്തെ സ്വാധീനിക്കാന്‍ ഉപയോഗപ്പെടുന്ന കാലമാണിത്. ഇത് അനുദിനം വര്‍ദ്ധിച്ചു വരികയുമാണ്. പെര്‍ക്യാപ്പിറ്റാ പത്രവായനക്കാരുടെ കണക്കില്‍ ഏകദേശം സമ്പൂര്‍ണ്ണ സാക്ഷരതയുള്ള നാം ഇന്ത്യയിലെ യെന്നല്ല, ഇക്കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ്. ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ക്ക് പ്രൈം ടൈമില്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളെക്കാള്‍ പ്രേക്ഷകരുള്ള നാടാണ് നമ്മുടേത്. സ്വാഭാവികമായും നമ്മുടെ സാമൂഹ്യവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടുകളെയും അപഗ്രഥനത്തെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്നത് നമ്മുടെ സ്വന്തം ബുദ്ധിയെക്കാളും കോമണ്‍സെന്‍സിനെക്കാളും തികച്ചും ബാഹ്യമായ മേല്‍പ്പറഞ്ഞ ഘടകങ്ങളാണ്.
ഇത് ഒരു വെറും സത്യമാണ്. ഒരു നേതാവിനും ഈ സത്യം അംഗീകരിക്കാതെ കേരളരാഷ്ട്രീയത്തില്‍ ഏണിപ്പടികള്‍ കയറാനാകില്ല.
നായനാര്‍ തന്റേതായ ലളിതമെന്നും തമാശയെന്നും തോന്നുന്ന ശൈലിയില്‍ തന്റെ ചുവടുകള്‍ വച്ചു. അതിമനോഹരമായി ടി വി മീഡിയ വഴി സാധാരണക്കാരനെ സ്വന്തമാക്കുകയും ചെയ്തു. അച്ചുതാനന്ദന്‍ മുതലാളിത്തത്തോടും ധനികവര്‍ഗ്ഗത്തോടും മലയാളിക്കുള്ള എതിര്‍പ്പിനെയും അസൂയയേയും ടാറ്റാ, ഐസ്‌ക്രീം, കൊക്കൊകോളാ, ലാവ്‌ലിന്‍, പാമോയില്‍ തുടങ്ങി എല്ലാവര്‍ക്കും മനസ്സിലാകുന്ന സിംബലുകളെ മുന്‍നിര്‍ത്തി അവരോട് സന്ധിയില്ലായുദ്ധം എന്ന മട്ടില്‍ ഒരേ സമയം ഭരണവും സമരവും നടത്തി നേത്യത്വം കൈവശം വച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അതിശക്തമായ ഇരുമ്പു മറയെ നേരിടാന്‍ ആ ശൈലി ഉപയുക്തമാകുകയും ചെയ്തു. .
കേരളത്തിലെ ശക്തരായ രണ്ടു ദേശീയപ്പാര്‍ട്ടികളും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) യും, മതേതരകാഴ്ച്ചപ്പാടും ദേശീയവീക്ഷണവും ഉള്ളവരാണ്. പക്ഷെ ഇരുവര്‍ക്കും തങ്ങളുടെ വീക്ഷണം പ്രാവര്‍ത്തികമാക്കാന്‍ ഇവിടെ സാധിക്കുന്നില്ല. സഖാവ് പിണറായി വിജയന് ഒരു മതനേതാവായ മദനി ജയിലില്‍ നിന്നിറങ്ങി വരുമ്പോള്‍ സ്വീകരണം നല്‍കാനായി വേദിയില്‍ ക്യാമറാകളുടെ മുന്നില്‍ കാത്തിരിക്കേണ്ടി വരുന്നു. കെ പി സി സി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു പഞ്ചായത്തു വാര്‍ഡുപോലും സ്വന്തം നിലയില്‍ നേടാന്‍ ജനപിന്തുണയില്ലാത്ത പാര്‍ട്ടികളിലെ നേതാക്കന്മാരുടെയും സ്വയം
പ്രതിഷ്ഠിതസമുദായ കാരണവന്മാരുടെയും ധാര്‍ഷ്ഠ്യം സഹിക്കേണ്ടിവരുന്നു.
സംസ്ഥാനസര്‍ക്കാരിന് ഇന്നത്തെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസഹായമില്ലാതെ വെറും ശമ്പളം കൊടുക്കുന്ന പണിക്കപ്പുറം മേജറായ ഒരു പദ്ധതിയും ഏറ്റെടുക്കാന്‍ പറ്റില്ല. റോഡു കുഴി മൂടുന്നതും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതും ആന്ധ്രയില്‍ നിന്ന് അരി വാങ്ങുന്നതും മറ്റും ഭരണനേട്ടമായി കാട്ടുന്ന അപക്വമായ സമീപനം എത്ര മീഡിയാ ഹൈപ്പു കാട്ടിയാലും നിലനിര്‍ത്താന്‍ പ്രയാസമാണ്.
സമൂഹത്തിലെ തീരെ പാവപ്പെട്ട ജനം അവര്‍ ദരിദ്രരാണെന്നതു പോലും അറിയുന്നില്ല എന്നത് ഒരു ഗ്ലോബല്‍ സത്യമാണ്. പക്ഷെ മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യതസ്തമായി കേരളത്തില്‍ മഹാബഹുഭൂരിപക്ഷം ജനവും ദാരിദ്ര്യത്തിന്റെ അടിത്തട്ടിലെ തികഞ്ഞ നിസ്സഹായതയില്‍ നിന്നും അല്പം ഉയര്‍ന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ച് കൂടുതല്‍ ബോധമുണ്ട്. പ്രശ്‌നങ്ങളെക്കുറിച്ചും ബോധമുണ്ട്. സ്വാഭാവികമായും ഭരണയന്ത്രത്തെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായി കാണുക എന്നത് തങ്ങളുടെ അവകാശമായി കരുതുന്നവരുമാണ്. പക്ഷെ എന്തു ചെയ്യാം! സാധാരണക്കാരനും ഭരണകൂടവും തമ്മിലുള്ള പാലത്തിന് ഇന്ന് നൂല്‍പ്പാലത്തിന്റെ ഉറപ്പു പോലുമില്ല. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ ഇന്ന് കൈക്കൂലിയോ സ്വാധീനമോ വേണം എന്ന് സാധാരണക്കാരായ നമുക്കറിയാം.
ഗാന്ധിജി സത്യാഗ്രഹം എന്ന സമരമാര്‍ഗ്ഗം കണ്ടു പിടിക്കുകയും ഉപ്പും ചര്‍ക്കയും സാധാരണക്കാരന്റെ എതിര്‍പ്പു പ്രകടിപ്പിക്കാനുള്ള ആയുധങ്ങളാക്കുകയും ചെയ്തു. അതുപോലെ ലളിതവും ശക്തവുമായ ഒരു ശ്രമം ഈ രംഗത്ത് നമുക്കിതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഉമ്മന്‍ചാണ്ടി ഇവിടെ ഒരു റിവേഴ്‌സ് കാല്‍വയ്പ്പ് നടത്തി. അദ്ദേഹത്തിന്റെ ജനസമ്പര്‍ക്കപരിപാടിയുടെ ആദ്യത്തെ എപ്പിസോഡ് ഒരു ഉത്സവത്തിന്റെ ചട്ടക്കൂട്ടിലായിരുന്നെങ്കിലും വിജയമായിരുന്നു. അനുദിനം വര്‍ദ്ധിച്ചു വരുന്ന സാമൂഹ്യസാമ്പത്തിക അയിത്തം സാധാരണക്കാരനെ ഒറ്റപ്പെടുത്തും. അത്തരം ഒറ്റപ്പെടുത്തലുകളില്‍ നിന്ന് അവനെ രക്ഷിക്കാന്‍ പ്രായോഗികമായ ഇടപെടലുകള്‍ ജനനേത്യത്വങ്ങളില്‍ ഉണ്ടാകുന്നത് തീരെ അപൂര്‍വമാണ്. ഉമ്മന്‍ചാണ്ടി തന്റെ ജനസമ്പര്‍ക്കപരിപാടിയിലൂടെ കേരളത്തില്‍ ഇത് പ്രാവര്‍ത്തികമാക്കി.

ണ്ട് രാജാവിനെ നേരില്‍ക്കണ്ട് സങ്കടം പറയുന്ന രീതിയുടെ ഒരു നൂതനരൂപമാണെങ്കിലും, സിസ്റ്റത്തിനകത്തു നിന്നു കൊണ്ടു നടത്തുന്ന സമരം എന്നാണ് എനിക്കിതിനെ കാണാന്‍ കഴിയുന്നത്. ഇതിന്റെ പ്രായോഗികതയോ വിജയശതമാനമോ അല്ല പ്രധാനം. ജില്ലകളും നിവേദനക്കാരുടെ എണ്ണവും തീര്‍പ്പു കല്പിക്കലുകളും തന്റെ വികസനഷെയര്‍ കൂടി എടുത്ത് കൈയാളി എന്ന പല എം എല്‍ എ മാരുടെയും രോദനവും സന്തോഷസന്താപങ്ങളും അല്ല പ്രസക്തം. ഉമ്മന്‍ ചാണ്ടി തന്റെ ഈ ജനസമ്പര്‍ക്കപരിപാടിയിലൂടെ കേരളീയ ജനസമൂഹത്തിലെ വളരെയേറെപ്പേര്‍ക്ക് നല്‍കിയ സാന്ത്വനത്തിന്റെയും ആശയുടെയും സുരക്ഷിതത്വത്തിന്റെയും മൂല്യം ഒരു സാമ്പത്തികശാസ്ത്രത്തിനും രാഷ്ട്രമീമാംസയ്ക്കും കണക്കാക്കാന്‍ ഇന്ന് അളവുകോലുകളില്ല. തന്റെ രാഷ്ട്രീയത്തിലെ ഏകാന്തതയെയും നിസ്സഹായതയെയും അദ്ദേഹം ശരിക്കും തന്റെ ശക്തിയായി മാറ്റി.
രാഷ്ട്രീയമായി തത്വശാസ്ത്രത്തെക്കാള്‍ വോട്ടിന് നല്ലത് ജാതിമതവികാരങ്ങളുടെ അലകളാണെന്ന് നമ്മുടെ വിപ്ലവനേതാക്കള്‍ പോലും വിശ്വസിക്കുന്ന കാലമാണിത്. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്സും വെറും ജാതിപ്പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പരിഗണിക്കപ്പെടുന്നു. നാം കേരളീയര്‍ നമ്മുടെ ദേശീയപ്പാര്‍ട്ടികളായ തത്വശാസ്ത്രത്തിനും സെക്യലറിസത്തിനും വേരുള്ള കോണ്‍ഗ്രസ്സിനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പകരം അവര്‍ നയിക്കുന്ന അനവധി സ്ഥാപിതതാല്പര്യ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന വിധം വലതു ഇടതു മുന്നണികളെ മാറി മാറി ജയിപ്പിച്ച്, ശരിക്കും പറഞ്ഞാല്‍ ജനാധിപത്യപ്രക്രിയയില്‍ വെള്ളം ചേര്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ്സിനും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ജാതിയുടെയും മതത്തിന്റെയും വ്യക്തികളുടെ കുടുംബതാല്‍പ്പര്യങ്ങളുടെയും സംരക്ഷകരായ ഗ്രൂപ്പുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നു മോചിതരാകാന്‍ പറ്റുന്നില്ല.
ഈ ദുസ്ഥിതി നന്നായി അറിയാവുന്ന, ഒപ്പം നിലയ്ക്കാത്ത അഴിമതി ആരോപണങ്ങളും അനുഭവിക്കുന്ന, നേതാവാണ് ഉമ്മന്‍ചാണ്ടി.
ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം എപ്പിസോഡ് ആരംഭിച്ചു കഴിഞ്ഞു. ഒരു ഭരണകൂടത്തിന്റെ കടമയും വിജയവും പ്രജകളുടെ സാമ്പത്തികപുരോഗതിയും അവര്‍ക്കു ലഭിക്കേണ്ട സാമൂഹ്യനീതി ഉറപ്പാക്കുകയും ചെയ്യുക എന്നതാണെന്ന സത്യം ചാണക്യന്‍ മുതല്‍ എല്ലാ ചിന്തകരും പറഞ്ഞു തന്നിട്ടുള്ളതാണ്. പക്ഷെ അത് നടപ്പാക്കാനുള്ള ശ്രമം മറ്റു ബാഹ്യമായ എതിര്‍ശക്തികളെ തോല്‍പ്പിച്ചുകൊണ്ടു വേണം ഒരു വോട്ടധിഷ്ഠിതമായ ജനാധിപത്യ സംവിധാനത്തില്‍ പ്രായോഗികമാക്കാന്‍.
അത് തന്റേതായ രീതിയില്‍ നടത്തുകയാണ് ഉമ്മന്‍ ചാണ്ടി. അത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ വളര്‍ച്ചയായി ഞാന്‍ കാണുന്നു.