SPECIAL NEWS
  Oct 28, 2013
ഇനി കളിയാട്ടത്തിന്റെ കേളികൊട്ട്.....
എഴുത്ത്: ഇ.വി.ജയകൃഷ്ണന്‍ ; ഫോട്ടോ: ജി.കെ.പാലായി

കാവുകളുണരുകയായി..കളിയാട്ടത്തിന്റെ ആരവങ്ങളാണിനി..സമാനതകളില്ലാത്ത കലാവൈഭവത്തിന്റെ മാറ്റൊലി മുഴങ്ങുന്ന ചുവട്‌വയ്പ്പുകള്‍...ചെണ്ടമേളങ്ങളാലും ആര്‍പ്പ് വിളികളികളാലും മുകരിതമാകുന്ന കാലം. തോറ്റം പാട്ടിന്റെ അലയൊലികള്‍ കൊണ്ട് ഉത്തര മലബാറിലെ തെയ്യാട്ട ഗ്രാമങ്ങള്‍ ഇനി ഭക്തി സാന്ദ്രമാകും.തുലാ പത്ത് പിറക്കുന്നതോടെ തെയ്യങ്ങള്‍ ഉറക്കെ വിളിച്ച് പറയും..'ഉപ്പ് ചിരട്ട പോലും കമിച്ച് വച്ച കാലം കഴിഞ്ഞില്ലേ,സഹചാരീ..' സംക്രമം കഴിയുമ്പോള്‍ തന്നെ കാവുകളില്‍ വിളക്ക് തെളിഞ്ഞ് തുടങ്ങും.പയ്യന്നൂര്‍ മാവിച്ചേരി തൈക്കടവന്‍ തറവാട്ടിലടക്കം പലയിടങ്ങളിലും തുലാപത്തിന് മുമ്പ് തന്നെ തെയ്യങ്ങള്‍ അരങ്ങിലെത്തി.തുലാപത്ത് പിറന്നാല്‍ ആദ്യ തെയ്യ്‌മെന്ന വിശേഷണം നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍ കാവിലിലേതാണ്. എടവപ്പാതിയില്‍ വളപട്ടണം കളരിവാതുക്കലിലും നീലേശ്വരം മന്നംപുറത്ത് കാവിലും തിരുമുടി നിവരുന്നത് വരെ നീളും തെയ്യാട്ടങ്ങളുടെ ചിലമ്പൊലികള്‍...

കളിയാട്ട ഗ്രമാങ്ങളെ കോലത്ത് നാടെന്നും അള്ളട സ്വരൂപമെന്നും വേര്‍തിരിച്ച് വിളിക്കും.കണ്ണൂര്‍കാര്‍ക്ക് കോലത്ത് നാടാണ്.കളിയാട്ട ഗ്രമാങ്ങളില്‍ അള്ളട സ്വരൂപമായി പറയുന്നത് കാസര്‍കോടന്‍ ഗ്രാമങ്ങളെയാണ്.തെയ്യങ്ങള്‍ക്ക് രൂപവും ഭാവവും നല്കിയത് കരിവെള്ളൂര്‍ മണക്കാടന്‍ ഗുരിക്കളാണ്.കോലത്തിരി രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മണക്കാടന്‍ ഗുരിക്കള്‍ ഒന്ന് കുറവ് നാല്പ്പത് തെയ്യങ്ങളെ ഒറ്റ രാത്രി കൊണ്ട് കെട്ടിയാടിയെന്നാണ് പറയപ്പെടുന്നത്.കാഞ്ഞങ്ങാടിനടുത്ത് ചിത്താരിപ്പുഴ മുതല്‍ ഒളവറ പുഴ വരെയുള്ള കാസര്‍കോടന്‍ തെയ്യാട്ട ഗ്രാമങ്ങള്‍ നീലേശ്വരം രാജവംശത്തിന് കീഴിലാണ്.ഇതില്‍ കാര്യങ്കോട് പുഴക്ക് തെക്ക് മഡിയന്‍ കോവിലകവും കാര്യങ്കോടിന് വടക്ക് ഉദിനൂര്‍ കോവിലകവുമാണ് ആസ്ഥാനകേന്ദ്രങ്ങള്‍.

വളപട്ടണം ദേശത്തിന് തെക്ക് തെയ്യങ്ങളെ തിറയെന്നും വിളിക്കും.കര്‍ണാടക അതിര്‍ത്തി ഗ്രമാങ്ങളില്‍ തെയ്യങ്ങളുടെ വിളിപ്പേര് ഭൂതമെന്നാണ്. ചമയം,മുഖത്തെഴുത്ത്,തോറ്റം,ആട്ടം,താളം,അനുഷ്ഠാനം എന്നിവയുടെ സംഗമമാണ് തെയ്യങ്ങള്‍.വെള്ളാട്ടം,കുളിച്ച് തോറ്റം,അന്തിക്കോലം മോന്തിക്കോലം എന്നിങ്ങനെ വേര്‍തിരച്ചുള്ള ഇളംങ്കോലങ്ങളാണ് തെയ്യത്തിന്റെ കഥയും ഐതിഹ്യവും ചൊല്ലിയറിയിക്കുന്നത്.നീലേശ്വരം കക്കാട്ട് കോവിലകത്തെ ഉമ്മച്ചിതെയ്യം,ചിറ്റാരിക്കാല്‍ കമ്പല്ലൂര്‍ക്കോട്ടയിലെ മുക്രിപോക്കര്‍,കുമ്പള ആരിക്കാടിയിലെ ആലിചാമുണ്ഡി,മഞ്ചേശ്വരം ഉദ്ധ്യാവറിലെ ബപ്പിരിയന്‍ എന്നീ തെയ്യങ്ങള്‍ ഈ അനുഷ്ഠാന കലയുടെ മത മൈത്രീകളാണ്.വണ്ണാന്‍,മലയന്‍,കോപ്പാള സമുദായക്കാരാണ് പ്രധനമായും തെയ്യം കെട്ടുന്നത്.വണ്ണാന്‍ സ്ഥാനക്കാരില്‍ ചിങ്കം സ്ഥാനം കിട്ടിയവരാണ് ക്ഷേത്രപാലകനെ പോലുള്ള പ്രധാന തെയ്യങ്ങളെ കെട്ടിയാടുന്നത്.വിഷ്ണുമൂര്‍ത്തി,രക്തചാമുണ്ഡി,തീചാമുണ്ഡി തെയ്യങ്ങള്‍ കെട്ടുന്നത് മലയ സമുദായക്കാരാണ്.കുറത്തി,കുണ്ടോര്‍ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങള്‍ കെട്ടാനുള്ള അവകാശം കോപ്പാള വിഭാഗക്കാര്‍ക്കാണ്.

തുലാപത്തിനെ പത്താമുദയമെന്നും വിളിക്കുന്നു.ഈ ദിവസം കാവുകളിലും തറവാട് സ്ഥാനങ്ങളിലും പ്രിത്രേ്യക പൂജകളും അനുഷ്ഠാനങ്ങളും നടക്കും.നിറനാഴിയും നിലവിളക്കും വച്ച് മൂന്ന് വട്ടം സൂര്യനെ ധ്യാനിച്ച് തര്‍പ്പണം ചെയ്യും.തറവാടുകളില്‍ കിണ്ടിയില്‍ വെള്ളം നിറച്ച് പൂജിക്കും ഈ തീര്‍ഥ ജലം പടിഞ്ഞാറ്റയില്‍ കൊണ്ട് വയ്ക്കും.പത്താമുദയത്തില്‍ പുലയ സമുദായക്കാര്‍ കാലിച്ചേകോന്‍ തെയ്യം കെട്ടി വീടുകള്‍ തോറും കയറിയിറങ്ങും.ഗോക്കളെ മേയ്ക്കുന്ന ശ്രീകൃഷ്ണ സങ്കല്പമാണ് കാലിചേകോന്‍ തെയ്യത്തിന്റേത്.

കോലധാരികള്‍ തെയ്യങ്ങളായി മാറുന്നത് ആടയാഭരണങ്ങള്‍ അണിയുമ്പോഴാണ്.ഈ ആടയാഭരണങ്ങളെ അണിയലങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ചെറുതും വലുതുമായി 90-ലേറെ അണിയലങ്ങളുണ്ട്.അരയുടുപ്പും കൈകാലുകളിലെ ആഭരണങ്ങളും ഓലക്കാതും തിരുമുടിയും ചേര്‍ന്നതാണ് അണിയലങ്ങള്‍.ഓലചമയങ്ങള്‍,തുണിചമയങ്ങള്‍ എന്നിങ്ങനെ അണിയലങ്ങളെ ചമയ വിശേഷങ്ങളായി വിഭജിക്കുന്നു.നെറ്റിക്ക് തൊട്ട് മുകളിലുള്ള ചമയം തലപ്പാളിയാണ്.21 കൊലുസുകളുള്ള ഈ ആഭരണം വെള്ളി നിര്‍മ്മിതമാണ്.തലപ്പാളിക്ക് താഴെയായി ചെത്തിപ്പൂ കൊണ്ടുള്ള അണിയലവും ഉണ്ടാകും.

തെയ്യങ്ങള്‍ക്ക് 30-ലധികം തിരുമുടികളുണ്ട്.നീളമുടി,വട്ടമുടി,പീലിമുടി,പൊതച്ചമുടി,ചട്ടമുടി,ഓലമുടി,പാളമുടി തുടങ്ങി വിവിധങ്ങളായ പേരുകളിലാണ് തിരുമുടികളെ വേര്‍തിരിച്ചിട്ടുള്ളത്. ഉഗ്രരൂപവും ശാന്ത സ്വരൂപവും തുടങ്ങി സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് തെയ്യങ്ങളുടെ തിരുമുടിയെയും വേര്‍തിരിച്ചിട്ടുള്ളത്. തിരുവര്‍ക്കാട്ട് ഭഗവതി അണിയുന്നത് നീളമുടിയാണ്.ഭൈരവന് ഓംകാര മുടിയും വൈരജാതന് പൊതച്ചമുടിയും പുതിയ ഭഗവതിക്ക് വട്ടമുടിയും മടിയില്‍ ചാമുണ്ഡിക്ക് പുറപ്പെട്ട മുടിയുമാണുള്ളത്. ഒളിമ്പന്‍,ചെറ്,ചെണ്ട്‌വളയന്‍,കണ്ണിവളയന്‍,ചൊറ,കോലങ്ങി,ഒട്ടിയാണി,എന്നിങ്ങനെ വിളിക്കുന്ന അരച്ചമയങ്ങള്‍ അണയല വിശേഷങ്ങലില്‍ മുന്‍ നിരയിലാണ്.

കതിവനൂര്‍വീരന്‍,ഗുരുക്കള്‍തെയ്യം,വേട്ടക്കൊരുമകന്‍,വയനാട്ട്കുലവന്‍,ഊര്‍പഴശ്ശി,ബാലി എന്നീ തെയ്യങ്ങള്‍ കൊയ്ത്തം എന്ന അണിയലം ഉപയോഗിക്കുന്നു.ഭദ്രകാളി സങ്കല്പത്തിലുള്ള തെയ്യങ്ങള്‍ക്ക് കവിളില്‍ ഇരുപുറത്തേക്കും നീളുന്ന വെള്ളിത്തേറ്റയും ഉണ്ടാകും.അരചമയങ്ങളില്‍ ഓലചമയങ്ങള്‍ക്കാണ് പ്രാധാന്യം.വാഴത്തട യില്‍ കുരുത്തോലയും ഈര്‍ക്കലിയും ചേര്‍ത്താണ് അരയോട നിര്‍മ്മിക്കുന്നത്. കൈകളില്‍ ഹാസ്തകാടകം ,ചൂടകം, എന്നിങ്ങനെയുള്ള വളകളാണ് അണിയുന്നത്.വളകള്‍ക്കിടയില്‍ ചെത്തിപ്പൂ തുന്നിച്ചേര്‍ത്തുള്ള കെട്ടുവളയും ഉണ്ടാകും.

അണിയലത്തെപോലെ തന്നെ തെയ്യത്തിന്റെ ദിവ്യത്വം കൂട്ടുന്നതാണ് മുഖത്തെഴുത്ത്. കരിഞ്ചാന്ത്, മഞ്ഞള്‍പൊടി എന്നിവയാണ് ഛായങ്ങളില്‍ പ്രധാനം. മനയോല, ചായില്ല്യം, പൊന്‍കരം എന്നിവയാണ് മുഖത്തെഴുത്തിന്റെ മറ്റ് നിറക്കൂട്ടുകള്‍.
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -