അപ്പിയെപ്പറ്റി (തിരുവനന്തപുരത്തെ അപ്പിയല്ല) മലയാളത്തില്‍ ഏറ്റവും തുറന്നെഴുത്തു നടത്തിയിട്ടുള്ളത് ഒ.വി.വിജയന്‍ ആണെന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. തല്ക്കാലം ഈ വിഷയത്തില്‍ രണ്ടാം സ്ഥാനം എനിക്കായിരിക്കണം. എന്റെ ലേഖനങ്ങളില്‍ അഞ്ചിലൊന്നിലും അപ്പി കയറിവരും.
ഒ.വി.വിജയന് അപ്പിയും ആയിട്ടുള്ള ബന്ധം സര്‍ഗ്ഗാത്മകമായിരുന്നു. അതിനാല്‍ അപ്പി ഒരു പ്രതീകമാണ്. പക്ഷെ ഞാനും അപ്പിയും ആയിട്ടുള്ള ബന്ധം അങ്ങനെ അല്ല. അതു പ്രായോഗികമാണ്. ഐ.ഐ.ടി.യില്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയറിങ്ങില്‍ ഉപരിപഠനത്തിനെത്തിയ ഞങ്ങളുടെ ആദ്യത്തെ അസൈന്‍മെന്റ് ഹോസ്റ്റലിനു പുറകില്‍ കക്കൂസില്‍ നിന്നും പോകുന്ന ഓടയില്‍ ഇറങ്ങി സാധനത്തിന്റെ സാംപിള്‍ എടുക്കുക എന്നതായിരുന്നു എന്ന് പണ്ട് പറഞ്ഞിട്ടുണ്ടല്ലോ. അതിനുശേഷം എത്രയോ വട്ടം എവിടെയൊക്കെ ഈ വിഷയത്തില്‍ ഇടപെടേണ്ടി വന്നിരിക്കുന്നു. വെള്ളമില്ലാത്ത കക്കൂസുകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍, കക്കൂസില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുമ്പോള്‍, റെയില്‍വേ ട്രാക്കില്‍ മലം വീഴാതെ എങ്ങനെ കാര്യം നടത്താം എന്നിങ്ങനെ, പലപ്പോള്‍ പലവട്ടം ഉത്തരം കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു പ്രഹേളികപോലെ അപ്പി ഇപ്പോഴും എന്റെ മുന്നിലുണ്ട്.
എല്ലാ അപ്പി സംഭാഷണവും ബോറാണെന്നു വിചാരിക്കരുത്. മരുഭൂമിയിലെ എണ്ണകമ്പനിയുടെ ക്യാമ്പിലെ ജലത്തിന്റെ ഉപയോഗത്തെപ്പറ്റി ഒരിക്കല്‍ എനിക്ക് പഠിക്കേണ്ടിവന്നു. ഓയില്‍കമ്പനിയുടെ ഡോര്‍മിറ്ററികളില്‍ നൂറുകണക്കിന് ആളുകള്‍ (പുരുഷന്‍മാര്‍) ആണ് താമസിക്കുന്നത്. അവര്‍ക്ക് നിരനിരയായിട്ടാണ് കക്കൂസുകളും. ഒരു കക്കൂസിലെ ശബ്ദം അടുത്ത കക്കൂസില്‍ കേള്‍ക്കാം. രാവിലെ ഈ നൂറു കക്കൂസുകളും ശബ്ദമുഖരിതമാകുന്നു. കാര്യം, നമ്മുടെ റൂമിലുള്ള ഒച്ചയും അടുത്ത ആളുടെ മുറിയിലുള്ള ഒച്ചയും ഒന്നാണെങ്കിലും അടുത്തയാള്‍ നമ്മുടെ കക്കൂസില്‍നിന്നും 'പൊട്ടലും ചീറ്റലും' കേള്‍ക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല.
അതിന് അവര്‍ കണ്ടുപിടിച്ച പരിഹാരം ബക്കറ്റിലേക്കുള്ള പൈപ്പ് തുറന്നിടുക എന്നതാണ്. അപ്പോള്‍ പതിനഞ്ചു മിനിട്ട് ഒരാള്‍ കക്കൂസില്‍ ഇരുന്നാല്‍ നൂറുനൂറ്റമ്പതു ലിറ്റര്‍ വെള്ളം ചുമ്മാ പാഴായിപ്പോകും. മരുഭൂമിയില്‍ വെള്ളത്തിന് ക്ഷാമമാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.
ഇതിന് ഞങ്ങള്‍ ഒരു സിംപിള്‍ സൊലൂഷന്‍ കണ്ടുപിടിച്ചു. കക്കൂസുകളില്‍ പൈപ്‌സ് മ്യൂസിക് കൊടുക്കുക. അറബിക്, മലയാളം, ഇംഗ്ലീഷ് എന്നിങ്ങനെ മൂന്നു ചാനലുകളും. കാര്യം നടത്തുമ്പോള്‍ അല്പം ഉറക്കെ പാട്ടുവച്ചാല്‍ മതിയല്ലോ. വെള്ളം എത്ര ലാഭിക്കാം. (റാപ്പ് മ്യൂസിക് പോലുള്ള ചില പാട്ടുകളിലും നല്ലത് കക്കൂസില്‍ നിന്നുയരുന്ന സ്വാഭാവിക സംഗീതമാണെന്ന് എനിക്ക് തോന്നുന്നത് ഒരു ജനറേഷന്‍ ഗ്യാപ്പ് പ്രശ്‌നമാണ്. കാര്യമായിട്ട് എടുക്കേണ്ട).
കഴിഞ്ഞ വര്‍ഷം ഐവറികോസ്റ്റിലെ അബിജാനില്‍ ഒരു പ്രോജക്റ്റിനെത്തിയപ്പോള്‍ ഈ കക്കൂസ് വിഷയം പിന്നെയും ഞങ്ങളുടെ മുന്നിലെത്തി. സ്മാര്‍ട്ട്‌ഫോണുകളിലെ ആപ്പുകളെപ്പറ്റിയാണ് സംഭാഷണം. എന്തിനും ഏതിനും ആപ്പുണ്ടാക്കുന്ന കാലമാണ്. ജനീവയില്‍ വഴിയില്‍ ഇറങ്ങിനിന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്റെ ആപ്പില്‍ ഞെക്കിയാല്‍ അടുത്ത ബസ് എത്ര സമയത്തിനകം വരുമെന്ന് ഉത്തരം കിട്ടും. വന്നുവന്ന് ആളുകള്‍ റോഡില്‍ നോക്കാതെ ആപ്പില്‍ നോക്കുന്ന കാലമായി എന്നിങ്ങനെ പോയി സംഭാഷണം.

'ലണ്ടനില്‍ പബ്ലിക് ടോയ്!ലറ്റ് കണ്ടുപിടിക്കാന്‍ ഇപ്പോള്‍ ഒരു ആപ്പുണ്ട്' എന്റെ സുഹൃത്ത് പറഞ്ഞു.
'യു മസ്റ്റ് ബി ജോക്കിംഗ്' എന്നു ഞാനും.
'എയ്, സത്യം' സ്റ്റീവ് ഐഫോണ്‍ പുറത്തെടുത്തു. അബിജാനിലും ഇന്റര്‍നെറ്റ് കണക്ഷന് കുഴപ്പം ഒന്നും ഇല്ല. ആപ്പില്‍ കുത്തി സെക്കന്റുകള്‍ക്കകം ഉത്തരം വന്നു.
നിങ്ങളുടെ ഏറ്റവും അടുത്ത പബ്ലിക് ടോയ്!ലറ്റ് 5141 കിലോമീറ്റര്‍ അകലെയാണ്.
എന്റമ്മോ, അത് വച്ച് കാര്യം വല്ലതും നടക്കുമോ ?
കാര്യമിതാണ്. ഇംഗ്ലണ്ടില്‍ ഡെവലപ്പ് ചെയ്തതാണെങ്കിലും ഈ കക്കൂസ് ആപ്പ് ഗ്ലോബലി കോംപാറ്റിബിള്‍ ആണ്. സ്റ്റീവ് ഫോണ്‍ കണക്ട് ചെയ്തപ്പോള്‍ അദ്ദേഹം അബിജാനിലാണെന്നു ആപ്പിനു മനസ്സിലായി. പക്ഷെ ആപ്പില്‍ ഇംഗ്ലണ്ടിനു പുറത്തുള്ള ഡേറ്റ ഒന്നും ഇല്ല. അതിനാലാണ് അടുത്ത പബ്ലിക് ടോയ്!ലറ്റ് ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയാണെന്ന് ഉത്തരം വന്നത്.
'ഈശ്വരാ, ചെറുപ്പകാലത്ത് ഇങ്ങനെ ഒരെണ്ണം കേരളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഓര്‍ത്തു. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് എനിക്ക് ഏതാനും മാസങ്ങളോളം വയറിന് അസുഖമുണ്ടായിരുന്നു. അപ്പോള്‍ കോളേജില്‍ പോകാനോ ചന്തയില്‍ പോകാനോ മറ്റെന്താവശ്യത്തിനോ പുറത്തുപോയാല്‍ പലപ്പോഴും പൊതുകക്കൂസ് അന്വേഷിക്കേണ്ടതായി വരും. കേരളത്തില്‍ എല്ലാ നഗരങ്ങളിലും കംഫര്‍ട്ട് സ്‌റ്റേഷന്‍ എന്നൊന്നു് ഉണ്ട്. പക്ഷെ അതെവിടെയാണെന്ന് ആര്‍ക്കും തന്നെ അറിയില്ല. പെരുമ്പാവൂരില്‍ അത് പച്ചക്കറി ചന്തയുടെ പിറകില്‍ ആയിരുന്നു. ആലുവയില്‍ ഗവണ്മെന്റ് ആശുപത്രിയുടെ മുന്നില്‍, കിഴക്കമ്പലത്ത് അന്ന അലൂമിനിയത്തിന് അടുത്ത് എന്നിങ്ങനെ. കാര്യസാധ്യത്തിനായി കക്കൂസ് അന്വേഷിച്ചു നടന്നിട്ടുള്ള ഒരാള്‍ക്കേ ഈ അപ്പി ആപ്പിന്റെ മഹത്വം അറിയാന്‍ പറ്റൂ.
കാലം ഏറെ കഴിഞ്ഞു. നെടുമ്പാശ്ശേരിയില്‍ വിമാനത്താവളം വന്നു, തിരുവനന്തപുരത്ത് ടെക്‌നോ പാര്‍ക്ക്, എറണാകുളത്ത് മെട്രോ ദാ ഇങ്ങെത്തിക്കഴിഞ്ഞു. എന്നിട്ടും കേരളത്തിലെ നഗരങ്ങളിലും ഹൈവേകളിലും യാത്ര ചെയ്യുന്നവര്‍ക്ക് ആവശ്യത്തിന് പൊതുകക്കൂസുകള്‍ ഇനിയും ഇല്ല. ഉള്ളതിനെപ്പറ്റിത്തന്നെ ആര്‍ക്കും ഒരു വിവരവും ഇല്ല. ഇനി ഉള്ളതില്‍ വൃത്തിയുള്ളത് എവിടെയെന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല.

അതുകൊണ്ട് ഞാന്‍ കേരളത്തിലെ ന്യു ജെനറേഷന് ഒരു ചലഞ്ച് കൊടുക്കുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍, വിക്കി മാപ്പിയ, ക്രൗഡ് സോര്‍സിംഗ് എന്നിങ്ങനെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൊതു കക്കൂസുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ പാകത്തിന് ഒരു മലയാളം അപ്പി ആപ്പ് ഉണ്ടാക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഞാന്‍ പാരിതോഷികം നല്കാം. ഇതു കൂടാതെ അങ്ങനെ ഒരു ആപ്പുണ്ടാക്കുന്നത് ഒരു കോംപറ്റീഷന്‍ ആയി നടത്താന്‍ തയ്യാറുള്ള ഏതു സ്ഥാപനത്തിനും പ്രസ്ഥാനത്തിനും അതിനുള്ള ന്യായമായ ചെലവുകളും കൊടുക്കുന്നതാണ്.
പ്രോബ്ലം സ്‌റ്റേറ്റുമെന്റ് ഇതാണ്. ആപ്പ് മലയാളത്തിലും ഉപയോഗിക്കാന്‍ പറ്റുന്നതായിരിക്കണം.
കേരളത്തിലെ എല്ലാ പഞ്ചായത്തിലും കവറേജ് ഉള്ളതാകണം (ഏതെങ്കിലും പഞ്ചായത്തില്‍ കംഫര്‍ട്ട് സ്‌റ്റേഷന്‍ ഇല്ലെങ്കില്‍ അത് ഹൈലൈറ്റ് ചെയ്യണം).പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സൗകര്യങ്ങള്‍ കൂടാതെ റെയില്‍വേ സ്‌റ്റേഷന്‍, ട്രാന്‍സ്‌പോര്‍ട്ട്/പ്രൈവറ്റ് ബസ്സ്സ്റ്റാന്റ്, പെട്രോള്‍ സ്‌റ്റേഷന്‍ എന്നിങ്ങന പൊതുജനത്തിന് കാശുകൊടുത്തിട്ടാണെങ്കിലും ജാതിമതലിംഗഭേദമന്യേ ഉപയോഗിക്കാന്‍ പറ്റുന്ന എല്ലാ കക്കൂസുകളും ലിസ്റ്റ് ചെയ്യാവുന്നതാണ്.
ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് എന്നീ കൂട്ടായ്മ വഴിയോ, ഗവണ്മെന്റ് സംവിധാനം വഴിയോ രണ്ടും കൂടിയോ വിവരങ്ങള്‍ കണ്ടുപിടിക്കാം. കേരള ശുചിത്വമിഷന്റെ കയ്യില്‍ കുറെ ഡേറ്റ കണ്ടേക്കാനും മതി.
സ്മാര്‍ട്ട്‌ഫോണോ ഗൂഗിള്‍ മാപ്പോ, വിക്കി മാപ്പിയയോ ഒക്കെ ഉപയോഗിച്ച് സംഗതിയുടെ പത്തു മീറ്റര്‍ പരിധിക്കകം എത്താന്‍ പറ്റണം.
ഈ മത്സരം കേരളത്തിലെ എന്‍ജിനിയറിങ്ങ് കോളേജുമുതല്‍ ഐ.റ്റി.ഐ. വരെയുള്ള ഏതു സ്ഥാപനത്തിനും പങ്കെടുക്കാവുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഒരു ഇംപ്ലിമെന്റേഷന്‍ പ്ലാന്‍ ഉണ്ടാക്കി എനിക്ക് അയക്കുക. ഒന്നില്‍ കൂടുതല്‍ ഒരു കോളേജില്‍നിന്ന് എത്ര ഗ്രൂപ്പും ആകാം. ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പുണ്ടെങ്കില്‍ ഏറ്റവും നല്ല പ്രൊപ്പോസല്‍ നടപ്പിലാക്കാന്‍ സപ്പോര്‍ട്ട് ചെയ്യും. അല്ലെങ്കില്‍ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ നല്ല ഒരു ആപ്പുണ്ടാക്കാന്‍ ശ്രമിക്കും.
ഇതു ചെയ്യുന്നതില്‍ എനിക്ക് രണ്ട് ഉദ്ദേശങ്ങളുണ്ട്. ഒന്ന് പൊതുകക്കൂസുകള്‍ ഉള്ള സ്ഥലവിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക. പക്ഷെ, അതു കൂടാതെ പൊതുകക്കൂസുകള്‍ ഇല്ലാത്ത സ്ഥലങ്ങളെപ്പറ്റി ജനപ്രതിനിധികളെ അറിയിക്കാമല്ലോ. കേരളത്തില്‍ ആയിരത്തോളം പഞ്ചായത്തുകളും മുനിസ്സിപ്പാലിറ്റിയും കോര്‍പ്പറേഷനും ഒക്കെ ഉണ്ട്. അതില്‍ ശരാശരി പതിനഞ്ചു വാര്‍ഡുകളും. അപ്പോള്‍ ഓരോ വാര്‍ഡിലും ഒരു പൊതു കക്കൂസ് എങ്കിലും ഉണ്ടാക്കിയാല്‍തന്നെ എണ്ണം പതിനയ്യായിരും ആയി. കേരളത്തില്‍ എവിടെയും ശരാശരി ഒരു കിലോമീറ്ററിനകം ഒരു പൊതുകക്കൂസ് ഉണ്ടാക്കുകയും ചെയ്യാം. ഇതിനൊന്നും ലോകാരോഗ്യ സംഘടനയുടേയോ പ്ലാനിംഗ് കമ്മീഷന്റേയോ ഒന്നും അംഗീകാരമോ ശുപാര്‍ശയോ വേണ്ട. ഇതൊരു പൊതുപ്രശ്‌നമായി അടുത്ത പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്നാല്‍ മതി. കക്കൂസില്ലാത്ത വാര്‍ഡുകളെ 'നെയിം ആന്‍ഡ് ഷെയിം' ചെയ്താല്‍ കാര്യം നടക്കും.
ഒരു വര്‍ഷമായി എന്റെ മനസ്സില് ഉള്ള ആശയമാണ്. പക്ഷെ കേരളത്തില്‍ ഇതിനൊന്നും സമയമായില്ല എന്നൊരു വിദഗ്ധന്‍ പറഞ്ഞത് കൊണ്ട് ഇതേ വരെ എഴുതിയില്ല എന്നേ ഉള്ളൂ. പക്ഷെ കഴിഞ്ഞ ആഴ്ച കേരളത്തില ഒരു കുപ്പി ആപ്പ് വന്ന കാര്യം വായിച്ചു. കാര്യം കേരളത്തില കുപ്പി അന്വേഷിച്ചു നടക്കുന്നവര്‍ ഏറെ ഉണ്ടെങ്കിലും അപ്പി ആപ്പിന്റെ ആവശ്യക്കാരുടെ അടുതെങ്ങാം വരില്ല അത്. അത് കൊണ്ട് ധൈര്യമായി കടന്നു വരൂ...
ഇതൊരു തമാശ ലേഖനം അല്ല. താല്പര്യം ഉള്ളവര് thummarukudy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക