
ബരാസത്തിലെ കാംദുനി ഗ്രാമം കാഴ്ച്ചയില്‍ അതിമനോഹരമാണ്. ശരിക്കും ഒരു ബംഗാളി ഉള്‍നാടന്‍ ഗ്രാമം. പുരോഗമനമോ വികസനമോ തൊട്ടുതീണ്ടാത്ത ഈ ഗ്രാമത്തിലേക്ക് കൊല്‍ക്കത്ത നഗരത്തില്‍ വെറും 25 കിലോമീറ്റര്‍ മാത്രം. ഇത് ബംഗാളിന്റെ കാലങ്ങളായുള്ള ദുരവസ്ഥയാണ്. രണ്ടുവശവും കൃഷിയിടങ്ങള്‍, മീന്‍കുളങ്ങള്‍. അതിപ്പോള്‍ ഇടയ്ക്കിടെ പെയ്യുന്ന മഴയില്‍ നിറഞ്ഞുകവിഞ്ഞു കിടപ്പുണ്ട്. അമിതാഭ് ബച്ചന്റെ ആദ്യകാല സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സൗദാഗര്‍ ചിത്രീകരിച്ചത് ഇവിടെയാണ്. 1973 ലെ മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള എന്‍ട്രിയായി ഓസ്‌കാര്‍ നോമിനേഷന് പോകാന്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രം. ബച്ചന്‍ ഷൂട്ടിങിനായി താമസിച്ചതും തങ്ങളോട് സംസാരിച്ചതും ബംഗ്ലാചാരായം രുചിച്ചതും വരെ ഈ നാട്ടുകാരുടെ മനസ്സില്‍ ഒളിമങ്ങാതെ കിടപ്പുണ്ട്. ഈ ഗ്രാമം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ക്രൂരമായ ഒരു കൂട്ടബലാത്സംഗത്തിന്റെയും കൊലയുടേയും പേരില്‍.
ഗ്രാമത്തില്‍ ഏറ്റവും സ്വാധീനമുള്ള പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിന്റെ അരികിലാണ് സംഭവം നടന്നത്. സമീപത്ത് മീന്‍ വളര്‍ത്താനും കൃഷിയ്ക്കുമായുള്ള വലിയ കുളമുണ്ട്. തൊട്ടരികില്‍ പൊളിഞ്ഞുപോയ ഒരു മതിലും. മഴ തിമിര്‍ത്തുപെയ്ത ഒരു വൈകുന്നേരം കോളേജില്‍ നിന്ന് മടങ്ങുകയായിരുന്ന ഇരുപതുകാരിയെ ഈ മതിലിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് കൂട്ടബലാത്സംഗം ചെയ്തുകൊന്നത്. ബി.എ. വിദ്യാര്‍ത്ഥിനിയായ ശിപ്ര ഘോഷ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഡല്‍ഹിയിലെ മാനഭംഗക്കൊല ക്രൂരമായാണ് ആ ബലാത്സംഗവും എന്ന് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു, പെണ്‍കുട്ടിയുടെ കഴുത്തും തൊണ്ടയും കടിച്ചുപൊളിച്ച നിലയിലാണ്. ശരീമാസകലം മുറിവുകളുണ്ട്. ഇടതു കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. തലയ്ക്ക് ക്ഷതമേറ്റു. ശബ്ദം ഉയര്‍ത്താതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനാല്‍ ശ്വാസംമുട്ടി മരിച്ചു.
ഇതേസമയത്ത് പെങ്ങളെ കൊണ്ടുവരാന്‍ സഹോദരന്‍ പ്രസന്‍ജിത്ത് സൈക്കിളില്‍ ഇതേ വഴിയിലൂടെ, ഈ മതിലിന് സമീപത്തുകൂടെ രണ്ട് മൂന്നു തവണയെങ്കിലും കടന്നുപോയിരുന്നു. ആ സമയം തൊട്ടരികില്‍ തന്നെ സഹോദരി കൂട്ടമാനഭംഗത്തിനിരയാവുകയായിരുന്നു. ഇത് പറഞ്ഞാണ് വീട്ടുകാര്‍ മൃതദേഹത്തിനരികെ അലമുറയിട്ടുകൊണ്ടിരുന്നത്.
പണിയ്ക്ക് പോകുന്നവഴിയേ അച്ഛനാണ് ശിപ്രയെ പതിവായി ബസ് സ്റ്റോപ്പിലേക്ക് സൈക്കിളില്‍ രാവിലെ കൊണ്ടുപോയിരുന്നത്. ഒരു സെക്കന്റ് ഹാന്‍ഡ് സൈക്കിള്‍ വാങ്ങിയത് അവളെ ബസ് സ്‌റ്റോപ്പിലെത്തിക്കാന്‍ വേണ്ടി മാത്രമായിരുന്നു. വൈകീട്ട് ആങ്ങളമാര്‍ ആരെങ്കിലും കൂട്ടാന്‍ പോകും. പണിസ്ഥലത്തുനിന്നും കിട്ടുന്ന ഭക്ഷണം കഴിയ്ക്കാതെ സൂക്ഷിച്ചുവെച്ച് വീട്ടിലേക്ക് കൊണ്ടുവരും അച്ഛന്‍ സുകും ഘോഷ്. ആണ്‍മക്കള്‍ക്ക് കൊടുക്കാതെ അവള്‍ക്ക് കൊടുക്കും. ചിലപ്പോള്‍ ബ്രഡ്, ചിലപ്പോള്‍ പുഴുങ്ങിയ ഒരു മുട്ട, രണ്ട് റൊട്ടി. അവള്‍ക്ക് പഠനത്തിന് തടസ്സമുണ്ടാകരുതെന്ന് എപ്പോഴും ആ കുടുംബം ആഗ്രഹിച്ചു. ടീച്ചര്‍ ആവുകയായിരുന്നു ശിപ്രയുടെ ലക്ഷ്യം.
അന്ന് പതിവിലും നേരത്തെ ശിപ്ര തിരിച്ചെത്തി. മഴയായതിനാല്‍ സഹോദരന്‍ തിരിച്ചുകൊണ്ടുവരാന്‍ അല്‍പ്പം വൈകുകയും ചെയ്തു. മഴ കനക്കുംമുമ്പേ വീട്ടിലെത്താന്‍ അവള്‍ വീട്ടിലേക്കുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ആ ഗ്രാമത്തിലൂടെ നടന്നു.

പ്രതികളുടെ മൊഴിയായി പോലീസ് രേഖപ്പെടുത്തിയവ ഇങ്ങനെ; രാവിലെ മുതല്‍ അവര്‍ ഈ ഒഴിഞ്ഞപ്രദേശത്ത് മതിലിനോട് ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. ഇടയ്ക്ക് ഒരാള്‍ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചു. റോഡിലൂടെ ഏതെങ്കിലും സ്ത്രീകള്‍ വരികയാണെങ്കില്‍ ശ്രമം നടത്താന്‍ തീരുമാനിച്ചു. പലരും കടന്നുപോയി. സാഹചര്യങ്ങള്‍ ശരിയായില്ല. ഭാര്യയും ഭര്‍ത്താവും ഒരു മോട്ടോര്‍ബൈക്കില്‍ കടന്നുപോയി. ബൈക്ക് തടഞ്ഞു സ്ത്രീയെ ആക്രമിക്കാം എന്ന് തീരുമാനിച്ചതാണ്. പ്രശ്‌നമാകും എന്നു പേടിച്ച് ഒഴിവാക്കി. പിന്നീട് മൂന്ന് പെണ്‍കുട്ടികള്‍ നടന്നുവന്നു. അവരെ പിടിക്കാന്‍ പുറത്തിറങ്ങിയെങ്കിലും വേറെ ഒരു ബൈക്ക് പോയതിനാലും മൂന്നുപേരുള്ളതിനാലും ഒഴിവാക്കി. പിന്നെയാണ് ശിപ്ര ഘോഷ് വന്നത്. എല്ലാവരും നല്ല ലഹരിയിലായിക്കഴിഞ്ഞിരുന്നു.
മുഖ്യപ്രതിയായ 36 കാരന്‍ അന്‍സാര്‍ അലി തൃണമൂല്‍ പ്രവര്‍ത്തകനും മൂന്നു കുട്ടികളോടെ വിവാഹിതനുമാണ്. മൂത്ത മകന് 16 വയസ്സ്. മറ്റ് പ്രതികള്‍: നൂര്‍ അലി ഷെയ്ഖ്, ഷേക് അമീന്‍ മൊല്ല, സെയ്ഫുള്‍ മൊല്ല, ഗോപാല്‍ നസ്‌കര്‍, ഭോലാദാസ് എന്നിവര്‍. എല്ലാവരും മുപ്പതിന് മേലെ പ്രായമുള്ളവര്‍, ഇതില്‍ ഭോലാദാസിന് പ്രായം 47. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഇയാളുടെ മകളുടെ പ്രായം മാത്രം. ചെന്നായ്ക്കൂട്ടം ഒരു ആട്ടിന്‍കുട്ടിയെ കടിച്ചുകീറിയതിന് സമാനമായിരുന്നു എല്ലാം.
2012 ഡിസംബറിലും ഇവിടെ ഒരു 40 കാരി സ്ത്രീ ബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമാണ് അക്രമം. 2011 ഫിബ്രവരിയില്‍ ഇവിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ രജീബ് ദാസ് കൊല്ലപ്പെട്ടത് സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് പ്രതിരോധിക്കാന്‍ ശ്രമിക്കവേയായിരുന്നു.
എന്നിട്ടും നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഒരു പോലീസ് ഔട്ട്‌പോസ്റ്റു പോലും തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികള്‍ ഉള്ളവരും ഇല്ലാത്തവരും ഉള്‍പ്പെടെയുള്ള കാംദുനി ഗ്രാമത്തിലെ ജനങ്ങള്‍ മമത ബാനര്‍ജിയുടെ സന്ദര്‍ശനത്തില്‍ വികാരാധീനരായിപ്പോയത്. എന്നാല്‍ രാഷ്ട്രീയം എന്തെറിയാത്ത ഈ സ്ത്രീകളെ മാവോയിസ്റ്റ്-സി.പി.എം. ബന്ധമുള്ളവര്‍ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. എന്നിട്ട് അവരോട് ആക്രോശിച്ച് അവിടെ നിന്നിറങ്ങിപ്പോയി. പ്രതിഷേധക്കാരോടുള്ള രോഷം മൂലം ശിപ്രയുടെ വീട്ടില്‍ മമത ചെലവഴിച്ചത് വെറും ആറ് മിനിറ്റ് മാത്രം.

ഇത്രയും സംഭവങ്ങള്‍ നടന്നുകഴിഞ്ഞിട്ടും (ഒരു മാസത്തിനുള്ളില്‍ പത്ത് ബലാത്സംഗക്കേസുകള്‍) മമതസര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയപ്രതിരോധങ്ങളും അനുബന്ധനാടകങ്ങളും വിചിത്രമായ ഒരു ബംഗാളിനെയാണ് കാട്ടിത്തരുന്നത്. ബലാത്സംഗ പ്രതികളുടെ രാഷ്ട്രീയം ചികഞ്ഞ് പലരേയും ന്യായീകരിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ട്രിപ്പീസു കളികളാണ് അവരെ വിമര്‍ശിക്കാന്‍ കാരണമാകുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗാളിലെ മാധ്യമങ്ങള്‍ ശ്ലാഘിച്ച മമതയെ അവര്‍ തന്നെ കൈവിടുന്ന മുഹൂര്‍ത്തങ്ങളാണ് ബംഗാളില്‍ ഇപ്പോള്‍ സംഭവിക്കുന്നത്. അവയില്‍ ചില രംഗങ്ങള്‍ താഴെവായിക്കാം;
സീന്‍ ഒന്ന്: പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ആസ്ഥാനമന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങില്‍ ഒരു കുടുംബം മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാത്തിരിക്കുന്നു. ഇത് രണ്ടാംതവണയാണ് അവര്‍ മുഖ്യമന്ത്രിയെ കാണാന്‍ വരുന്നത്. ആദ്യതവണ ആറ് മണിക്കൂര്‍ കാത്തിരുന്ന ശേഷവും അനുമതി ലഭിക്കാത്തതിനാല്‍ മുഖ്യമന്ത്രിയെ കാണാതെ അവര്‍ മടങ്ങി. ഇത്തവണ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് ദീദിയെ കാണാന്‍ അനുമതി ലഭിച്ചു. മമത അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഭാഷയില്‍ ഉടനീളം ഭരണത്തിന്റെ തിക്കുംതിരക്കും അവര്‍ക്ക് അനുഭവപ്പെട്ടുവെന്ന് പിറ്റേന്ന് മാധ്യമങ്ങള്‍.
കാണാന്‍ ചെന്ന ആ കുടുംബത്തിലെ കൗമാരക്കാരായ രണ്ട് പേരോടും (പ്രസന്‍ജിത്ത്, സന്ദീപ് ഘോഷ്) മമത ഒരു കാര്യം വ്യക്തമാക്കി. കേസ് പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും, നിങ്ങള്‍ രണ്ട് സഹോദരങ്ങള്‍ക്കും ഞാന്‍ സര്‍ക്കാര്‍ ജോലി ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അവര്‍ക്ക് തിരിച്ചുപറയാന്‍ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ''ഞങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാര്‍ ജോലിയോ നഷ്ടപരിഹാരമോ വേണ്ട പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ കഴിയുമോ''. ഇതായിരുന്നു ആ വാക്കുകള്‍. ശിപ്രയുടെ മതാപിതാക്കളും സഹോദരന്‍മാരുമായിരുന്നു അത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ ചന്ദ്രഘോഷ് ഒരു കാര്യം മാത്രം മാധ്യമങ്ങളോട് പറഞ്ഞ് റൈറ്റേഴ്‌സ് ബില്‍ഡിങിന്റെ പടിയിറങ്ങി. 'ദയവായി എന്റെ മകളുടെ മരണം രാഷ്ട്രീയവത്ക്കരിക്കരുത്!'
സീന്‍ രണ്ട്: ബരാസത്ത് ബലാത്സംഗം നടന്ന് രണ്ട് ആഴ്ചയ്ക്ക് ശേഷം മമത കാംദുനി ഗ്രാമത്തിലെത്തി. കാര്‍ പോകാത്തതിനാല്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ബൈക്കില്‍. ഏറെ പ്രതിഷേധത്തോടെ രോഷാകുലരായി നാട്ടുകാര്‍ മമതയെ തടയുകയും തങ്ങളുടെ അവസ്ഥ വിളിച്ചുപറയുകയും ചെയ്തു. അമ്പതോളം പെണ്‍കുട്ടികള്‍ ഈ ഗ്രാമത്തില്‍ ഉണ്ട്. അവര്‍ക്ക് സ്‌കൂളില്‍ പോകണം. തങ്ങള്‍ക്ക് ഒരു സുരക്ഷയുമില്ല. അവര്‍ അലമുറയിട്ടുകൊണ്ടിരുന്നു. ഇതോടെ മമത ക്ഷുഭിതയായി, 'നിങ്ങള്‍ സി.പി.എമ്മുകാരാണ്. നിങ്ങള്‍ എന്നെ അപമാനിക്കാനാണ് ഈ വീട്ടിലേക്ക് എന്നെ വിളിച്ചുകൊണ്ടുവന്നത്. നിങ്ങളില്‍ പലരുടേയും ഭര്‍ത്താക്കാന്‍മാരോ അച്ഛന്‍മാരോ മാവോയിസ്റ്റുകളോ സി.പി.എം. അനുഭാവികളോ ആണ്, അല്ലാതെ നിങ്ങള്‍ക്ക് ഇങ്ങനെ പറയാനാവില്ല', അതോടെ നാട്ടുകാര്‍ ഇളകിമറിഞ്ഞു.

ഒപ്പമുണ്ടായിരുന്ന എം.പി. മുകുള്‍ റോയിയോട് ഇതിന് വേണ്ടിയാണോ തന്നെ വിളിച്ചുവരുത്തിയതെന്ന് കയര്‍ത്തു മമത തിരിച്ചുപോയി. സി.ബി.ഐ അന്വേഷണം നടത്തിയാലും തങ്ങളുടെ സി.പി.എം. ബന്ധം കണ്ടുപിടിക്കാനാവില്ലെന്ന് ഒരു സ്ത്രീ വിളിച്ചുപറയുന്നുണ്ടായിരുന്നു. നന്ദിഗ്രാം സംഭവത്തിന് ശേഷം സി.പി.എമ്മിന് ഒരു ലോക്കല്‍ കമ്മിറ്റി പോലും ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ബംഗാളിലുണ്ട് അതിലൊന്നാണ് കാംദുനി. നിരവധി സ്ത്രീകളാണ് മമതയുടെ പരിഹാസത്തിനും പിന്നീട് രാത്രിയില്‍ വീട്ടിലെത്തിയുള്ള തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയ്ക്കും ഇരയായവര്‍.
സീന്‍ മൂന്ന്: ജൂണ്‍ 21. വൈകുന്നേരം കൊല്‍ക്കത്തയിലെ പ്രസിദ്ധമായ കോളേജ് സ്ട്രീറ്റ് നിറഞ്ഞുകവിഞ്ഞിരുന്നു. ആയിരങ്ങളാണ് സ്ത്രീകള്‍ക്കെതിരായ അത്രികമങ്ങള്‍ക്കെതിരെ പ്രതിഷേധറാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. വിഖ്യാതസംവിധായകന്‍ മൃണാള്‍സെന്നിന്റെ കത്ത് കവി ശങ്കോഘോഷ് വായിച്ചു. സിനിമാ-സാഹിത്യ മേഖലകളിലെ പ്രമുഖരായ സുമന്‍ മുഖോപാധ്യായ, സമരേഷ് മജൂംദാര്‍, ചിത്രകാരന്‍ സമീര്‍ ഐച്ച്, എഴുത്തുകാരന്‍ സുനില്‍ ഗംഗോപാധ്യായയുടെ ഭാര്യ സ്വാതി ഗംഗോപാധ്യായ, കവി സുബോധ് സര്‍ക്കാര്‍, സംവിധായകന്‍ അനിക് ദത്ത, അമിത് ചൗധരി, സബ്യസാചി ചക്രവര്‍ത്തി തുടങ്ങി നിരവധി പ്രമുഖര്‍ റാലിയില്‍ പങ്കുചേര്‍ന്നു. ഇതേസമയം നഗരത്തില്‍ പലയിടത്തും പ്രകടനങ്ങള്‍ നടന്നു. ജാദവ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ അപര്‍ണസെന്‍, കൗശിക് സെന്‍, സുനന്ദസന്യാല്‍, തരുണ്‍ സന്യാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എന്നാല്‍ സാംസ്‌കാരികമേഖലയുടെ പങ്കാളിത്തത്തില്‍ ചില രാഷ്ട്രീയ അടിയൊഴുക്കുകളും തെളിഞ്ഞു. പലരുടേയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. അതില്‍ പ്രധാനം മഹാശ്വേതാദേവിയുടേതായിരുന്നു. കാംദുനിയില്‍ നിന്നുള്ള ഗ്രാമീണരും നഗരത്തിലെ റാലിയില്‍ പങ്കെടുക്കാന്‍ എത്തി. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ കുട്ടികള്‍ സ്ലട്ട് വോക്ക് എന്ന് പേരിട്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. കാംദുനിയില്‍ തുടര്‍ച്ചയായ രണ്ടും മൂന്നും ദിവസം പ്രകടനങ്ങള്‍ നടന്നു. ഗ്രാമീണര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് ഉപരോധിച്ചു. അതിനിടെ കാമ്പസ് ഉപരോധത്തില്‍ പങ്കെടുത്തതിന് രണ്ട് പെണ്‍കുട്ടികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഛാത്ര പരിഷദിന്റെ ആക്രമണം നേരിടേണ്ടിവന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചു. കാംദുനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പങ്കെടുപ്പിച്ച് ജാഥ നയിച്ചതിന് കാംദുനിയിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രദീപ് മുഖര്‍ജിക്കെതിരെ സര്‍ക്കാര്‍ ഷോക്കോസ് നോട്ടീസും അയച്ചു. സ്‌കൂള്‍ കുട്ടികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിന് നിരോധനമുള്ളതിനാലാണത്രെ അത്.
ഓരോ ദിവസവും സംഭവിക്കുന്നത്..ബംഗാളിലെ മാധ്യമങ്ങളില്‍ പീഡനവാര്‍ത്തകള്‍ നിറയുകയാണ്. ഈ അവസ്ഥയോട് രോഷത്തോടെയും സങ്കടത്തോടെയുമാണ് പലരും പ്രതികരിക്കുന്നത്. ബംഗാളില്‍ ബലാത്സംഗങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂവെന്ന അവസ്ഥയിലേക്ക് എത്തിപ്പെട്ടതില്‍ ബംഗാളി സമൂഹത്തിന് തന്നെ നാണക്കേടുണ്ട്. പലയിടത്തുമായി ബംഗാളിലെ സാംസ്‌കാരിക പ്രവര്‍ത്തകരും മറ്റ് സാധാരണ മനുഷ്യരും പ്രതിഷേധവുമായി രംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. അതില്‍ മൃണാള്‍സെന്‍ മുതല്‍ സാധാരണ വീട്ടമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. കുപ്രസിദ്ധമായ പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗക്കേസിലെ ഇരയായ യുവതി സുസെറ്റ് ജോര്‍ദാന്‍ മുഖംമറയ്ക്കാതെ താനാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് റാലിയില്‍ പങ്കെടുത്തു.
മമത അധികാരത്തില്‍ വന്ന് ആദ്യം വിവാദമായ സംഭവമാണ് പാര്‍ക്ക് സ്ട്രീറ്റ് മാനഭംഗം. അന്ന് മമത പറഞ്ഞത് അത് മാനഭംഗമല്ല, ദുര്‍നടത്തക്കാരിയായ ഒരു സ്ത്രീയും ചില പുരുഷന്‍മാരും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ഉണ്ടായ തര്‍ക്കമാണ് എന്നായിരുന്നു. ആ 'ദുര്‍നടത്തക്കാരിയാണ്' സുസെറ്റ്. ഒരു ചാനല്‍ഷോയില്‍ മുഖ്യമന്ത്രിയോട് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിന് മാവോയിസ്റ്റാണെന്ന മമതയുടെ ആരോപണം നേരിട്ട പ്രസിഡന്‍സി കോളേജ് വിദ്യാര്‍ത്ഥിനി തന്യ ഭരദ്വാജും റാലിയില്‍ ഉണ്ടായിരുന്നു.
എന്നിട്ടും സംഭവങ്ങള്‍ തുടരുന്നു. ഗായ്ഘട്ടയില്‍ പതിമൂന്നുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടു. ബലാത്സംഗം കഴിഞ്ഞ നഗ്നമായ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിലാണ് കിടന്നിരുന്നത്. മൂര്‍ഷിദാബാദിലെ സോനദംഗ ഗ്രാമത്തില്‍ ബലാത്സംഗത്തിന് ശേഷം കൊല ചെയ്യപ്പെട്ടത് 14 കാരി. സ്ഥലത്തെ തൃണമൂല്‍ നേതാക്കള്‍ മാതാപിതാക്കളെ പരാതി നല്‍കാന്‍ സമ്മതിച്ചില്ലെന്ന് ബംഗാളി മാധ്യമങ്ങള്‍. സമ്മതിച്ചില്ലെന്ന് മാത്രമല്ല പരാതിയുമായി പോലീസ് സ്‌റ്റേഷേനിലെത്തിയ അവരില്‍ നിന്ന് വെള്ളപേപ്പറില്‍ ഒപ്പിടീച്ചുവാങ്ങുകയും ചെയ്തു പോലീസെന്നും റിപ്പോര്‍ട്ടുണ്ട്.

മറ്റൊന്ന് കിന്റര്‍ഗാര്‍ട്ടണ്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ്. ഇതിനെ തുടര്‍ന്ന് കൊല്‍ക്കത്ത നഗരത്തില്‍ വിവിധ അധ്യാപകസംഘടനകളുടെ നേതൃത്വത്തിലും റാലി നടന്നു. മൂന്ന് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് 54 കാരനായ ഹെഡ്മാസ്റ്റര്‍ അറസ്റ്റിലായി. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ പ്രിയങ്കയേയും പ്രസിഡന്‍സി കോളേജ് വിദ്യാര്‍ത്ഥിനിയായ പ്രീതം പാലിതിനേയും വീട് കയറി ആക്രമിച്ച സംഭവവും ഈ മാസം തന്നെ. ബാസിര്‍ഘട്ടിനടുത്തുള്ള നാദുന്‍ബസാറിലാണ് സംഭവം. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുമെന്നായിരുന്നു തൊട്ടടുത്ത താമസക്കാരായ ഒരു സംഘം യുവാക്കളുടെ ഭീഷണി. ഇവരുടെ പിതാവുമായുള്ള എന്തോ പ്രശ്‌നമാണ് ഭീഷണിക്ക് കാരണം.
നാദിയയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചതും ഹൗറയില്‍ 11 കാരി ബലാത്സംഗത്തിനിരയായതും 19 കാരി യുവതിയെ വീട്ടുടമ ബലാത്സംഗം ചെയ്തതും ഒരേ ദിവസം - ജൂണ്‍ 20 ന്. കല്‍ന ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് നാദിയയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരിച്ചതെങ്കില്‍ ബര്‍തികുരിയിലെ കാളിക്ഷേത്രത്തിന് സമീപം വെച്ചാണ് ഹൗറ മേഖലയില്‍ രണ്ട് പേരാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ 11 വയസ്സുള്ള പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും 15 വയസുകാരി ശാരീരികമായി ആക്രമിക്കപ്പെടുകയും ചെയ്തു. ഡാര്‍ജലിങിലെ ഒരു സന്നദ്ധസംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഐറിഷ് വംശജയായ യുവതി കൊല്‍ക്കത്ത നഗരത്തില്‍ ബലാത്സംഗത്തിനിരയായതും ഈ മാസം തന്നെ. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം ബലാത്സംഗശ്രമത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന് യുവതിയെ വിഷം കൊടുത്തു കൊന്നത് ബീര്‍ഭൂം ജില്ലയില്‍.
ഒരു മാസത്തിനുള്ളില്‍ ബംഗാളില്‍ പലയിടത്തുമായി ബലാത്സംഗത്തിനിരയായത് പത്തോളം പെണ്‍കുട്ടികളാണ്. ഇതില്‍ ആറ് പേര്‍ കൊല ചെയ്യപ്പെട്ടു. മിക്ക കേസുകളിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബരാസത്ത് കേസില്‍ പതിനഞ്ച് ദിവസത്തിനകം കുറ്റപത്രമെന്നാണ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ 15 ദിവസം കഴിഞ്ഞിട്ടും അത് നടന്നിട്ടില്ല. പലയിടത്തും പരാതി നല്‍കാതിരിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ട്. സംഭവങ്ങളുടെ എണ്ണം കൂടുന്നത് വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്. ഒരു കൊലപാതക വാര്‍ത്ത അന്വേഷിക്കാന്‍ പോയതിന് മൂന്ന് ചാനല്‍ പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചത് അടുത്തിടെയാണ്.
ഇത്രയൊക്കെ നടന്നിട്ടും പ്രതിപക്ഷത്തിന് പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. അവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങളിലും പ്രചാരണങ്ങളിലുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഒരു പൊതുപരിപാടിയും പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ സി.പി.എം. ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ നാല് വര്‍ഷമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ബംഗാളില്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ഏതെങ്കിലും സര്‍ക്കാരിന് മാത്രം പരിഹരിക്കാന്‍ വിഷയമല്ല ഇതെങ്കിലും ഇനി ഞങ്ങള്‍ എന്തുചെയ്യണമെന്നാണ് പെണ്‍കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും ചോദ്യം.