
ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലേക്ക് കടക്കുകയായിരുന്നു ഒരു കൂട്ടം സംഗീതജ്ഞന്‍മാര്‍. എല്ലാവരും കുളിച്ച് ചന്ദനക്കുറിയിട്ട് മുണ്ടും ജൂബ്ബയുമണിഞ്ഞിരുന്നു. എന്നാല്‍ അവരിലൊരാളെ മാത്രം കാവല്‍ക്കാര്‍ തടഞ്ഞു. വേഷഭൂഷാദികളെല്ലാം ബോധിച്ചെങ്കിലും മുഖവും നിറവും ആളെക്കുറിച്ച് സംശയമുണ്ടാക്കും.കാവല്‍ക്കാര്‍ ഊഹിച്ചത് ശരി തന്നെ. ആള്‍ സായിപ്പാണ്. അഹിന്ദു. അകത്തുകടത്താന്‍ പറ്റില്ലെന്ന് അവര്‍ അറിയിച്ചു.
കൂട്ടുകാരന് പ്രവേശനം നിഷേധിച്ചതോടെ മറ്റ് സംഗീതജ്ഞരും ക്ഷേത്രത്തിന് പുറത്തേക്കിറങ്ങി. ക്ഷേത്ര കവാടത്തിന് സമീപം ഇരുന്ന് അവര്‍ സംഗീതാലാപനത്തിന് ഒരുങ്ങി.സായിപ്പ് ഒരു കൃതി ആലപിച്ചുതുടങ്ങി. വ്യാസരായരുടെ പ്രശസ്തമായ കൃഷ്ണസ്തുതി-'കൃഷ്ണാ നീ ബേഗേനേ ബാരോ'. ആലാപനം മുറുകിയതോടെ ക്ഷേത്രദര്‍ശനത്തിനെത്തിയ ആളുകള്‍ അത് മറന്ന് ചുറ്റും കൂടി. ഇത്ര തനിമയോടെ കര്‍ണാടകസംഗീതാലാപനം നടത്തുന്നയാള്‍ വിദേശിയായിരിക്കുമോ, ഏവര്‍ക്കും സംശയം.
ഒടുവില്‍ ക്ഷേത്രഅധികാരികള്‍ക്ക് മനംമാറ്റമുണ്ടായി. സായിപ്പിനോട് മാപ്പ് പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വ്യാസരായരുടെ ശിഷ്യനായ കനകദാസനെന്ന സംഗീതജ്ഞനെ താണ ജാതിക്കാരനെന്ന പേര് പറഞ്ഞ് ദര്‍ശനം നല്‍കാതെ മാറ്റി നിര്‍ത്തിയതായും ക്ഷേത്രമതിലിന് പുറത്ത്‌നിന്ന് കനകദാസന്‍ കീര്‍ത്തനാലാപനം നടത്തിയപ്പോള്‍ മതിലിടിഞ്ഞു വീണതായും വിഗ്രഹം ആ വശത്തേക്ക് തിരിഞ്ഞതായും ഒരു ഐതിഹ്യം ഉടുപ്പി ക്ഷേത്രത്തെ സംബന്ധിച്ചുണ്ട്.
കനകദാസകിണ്ടി എന്ന ജാലകത്തിലൂടെയാണ് ക്ഷേത്രത്തിലെ പ്രധാന ദര്‍ശനം നടത്തേണ്ടതും. കനകദാസന്റെ സ്ഥാനത്ത് എഴുപതുകളിലെ ആ പ്രഭാതത്തില്‍ നിന്നത് മസാച്ചുസെറ്റ്‌സിലെ ആന്‍ഡോവറില്‍ നിന്നെത്തിയ ഒരു സംഗീത തീര്‍ത്ഥാടകനായിരുന്നു. ജോണ്‍ ബോത ്‌വര്‍ക്ക് ഹിഗ്ഗിന്‍സ്. അനീതിയുടെ ചരിത്രം പക്ഷെ പുരോഹിതന്‍മാര്‍ ആവര്‍ത്തിച്ചില്ല.

ഉഡുപ്പി ക്ഷേത്രത്തിന് മുന്നില്‍ അന്ന് കൂടിനിന്ന ശ്രോതാക്കള്‍ക്കുണ്ടായ സംശയം ഓരോ തവണയും ജോണ്‍ ഹിഗ്ഗിന്‍സ് ഭാഗവതരുടെ കീര്‍ത്തനാലാപം കേള്‍ക്കുമ്പോള്‍ നമുക്കുമുണ്ടാകാം. ആകാശവാണിയിലൂടെ ഇടയ്‌ക്കൊക്കെ 'ജോണ്‍ ഹിഗ്ഗിന്‍സ് ഭാഗവതര്‍ പാടിയത്' എന്ന അറിയിപ്പോടെ പ്രക്ഷേപണം ചെയ്തിട്ടുള്ള കൃതികള്‍ കേട്ട് ലയിച്ചിരുന്നവരും ഇത് പേരില്‍ വിദേശച്ചുവയുള്ള ഒരു തമിഴനെന്നേ വിചാരിച്ചിരിക്കാന്‍ വഴിയുള്ളൂ. കര്‍ണാടകസംഗീതമടക്കം ഭാരതീയ കലകള്‍ പഠിക്കാന്‍ വിദേശികള്‍ എത്തുന്നത് ഇന്നൊരു പുതുമയല്ല. എന്നാല്‍ നാട്ടുകാരായ സംഗീതജ്ഞരെപ്പോലും വിസ്മയിപ്പിക്കുന്ന അര്‍പ്പണബോധത്തോടെ കച്ചേരികളില്‍ തിളങ്ങിയ ഒരു പാശ്ചാത്യഗായകന്‍ അപൂര്‍വ്വത തന്നെയാണ്.
അതുകൊണ്ടാകാം,ഹിഗ്ഗിന്‍സിന്റെ പാരമ്പര്യത്തില്‍ ഒരു തെക്കേ ഇന്ത്യന്‍ ബന്ധം ഉണ്ടാകാം എന്നു പോലും ചിലര്‍ അല്‍പ്പം തമാശയും അല്‍പ്പം കാര്യമായും സൂചിപ്പിച്ചത്. പക്ഷെ തന്റെ ഗുരുക്കന്‍മാരുടെ മികവു കൊണ്ടാണ് താന്‍ കര്‍ണാടക സംഗീതത്തില്‍ എന്തെങ്കിലുമായത് എന്ന് ഹിഗ്ഗിന്‍സ് ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. അസാധാരണമായ ആത്മാര്‍പ്പണവും സാധനയുമാണ് അദ്ദേഹം വിനയം കൊണ്ട് പറയാതെ പോയ മറ്റു കാരണങ്ങള്‍.
കര്‍ണാടക സംഗീതത്തിന്റേതായ പൈതൃക വഴികളില്ലെങ്കിലും സംഗീതാഭിരുചി പാരമ്പര്യമായിത്തന്നെ ഹിഗ്ഗിന്‍സിന് സിദ്ധിച്ചിരുന്നു. ആന്‍ഡോവര്‍ അക്കാദമിയിലെ സംഗീതാദ്ധ്യാപികയായിരുന്നു അമ്മ. സംഗീതാഭ്യസനത്തിന് ഏറെ പ്രാമുഖ്യം നല്‍കുന്ന വെസ്‌ലിയന്‍ സര്‍വ്വകലാശാലയില്‍ നിന്ന് സംഗീതത്തിലും ചരിത്രത്തിലുമായി ബി.എ.ഡബിള്‍ മേജര്‍ ബിരുദം നേടി. പ്രശസ്ത നര്‍ത്തകിയായ ബാലസരസ്വതിയുടെ ഒരു നൃത്തപരിപാടി കണ്ട ഹിഗ്ഗിന്‍സിന് കര്‍ണാടക സംഗീതം തടഞ്ഞുനിര്‍ത്താനാവാത്ത പ്രലോഭനമായി. ബാലസരസ്വതിയുടെ സഹോദരനായ ടി.രംഗനാഥനും റോബര്‍ട്ട് ബ്രൗണും ആയിരുന്നു കര്‍ണാടകസംഗീതത്തെ അദ്ദേഹത്തിന് ആദ്യം പരിചയപ്പെടുത്തിയത്.
പക്ഷേ ആഴത്തിലുള്ള പഠനം പുല്ലാങ്കുഴല്‍ വിദ്വാനും ബാലസരസ്വതിയുടെ തന്നെ മറ്റൊരു സഹോദരനുമായ ടി.വിശ്വനാഥനോടൊപ്പമായിരുന്നു. അടക്കാന്‍ വയ്യാത്ത ആകര്‍ഷണമായി കര്‍ണാടക സംഗീതത്തിന്റെ ജന്‍മനാട്ടിലേക്കുള്ള സന്ദര്‍ശനം അപ്പോഴും തുടര്‍ന്നു. ഒടുവില്‍ ഒരു ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പിന്റെ പിന്‍ബലത്തോടെ അറുപതുകളില്‍ ഹിഗ്ഗിന്‍സ് ഇന്ത്യയിലെത്തി.
സംഗീതത്തെക്കുറിച്ചുള്ള മുന്‍വിധികളും വരേണ്യ ചിന്താഗതിയും അടക്കിവാണ മദിരാശിയുടെ മണ്ണിലേക്ക്. വന്നുകണ്ട ഉടനെ മനസ്സുകളെ കീഴടക്കാന്‍ കഴിയുന്ന വിധത്തില്‍ എളുപ്പമായിരുന്നില്ല താന്‍ തിരഞ്ഞെടുത്ത കലാശാഖയെന്ന് ഹിഗ്ഗിന്‍സിന് മനസ്സിലായിക്കാണണം. അതുകൊണ്ടുതന്നെ ചിട്ടയായ അഭ്യസനവും പഠനവും വ്രതമായെടുത്ത് അദ്ദേഹം മുന്നോട്ടു നീങ്ങി.
വീണാ ധനാമ്മാള്‍ ബാണി എന്ന രാഗഭാവത്തിന് ഊന്നല്‍ കൊടുക്കുന്ന സവിശേഷമായ സംഗീതശൈലിയുടെ പ്രയോക്താക്കളായിരുന്നു ആ സംഗീതവിദുഷിയുടെ കൊച്ചുമക്കളായ വിശനാഥനും അദ്ദേഹത്തിന്റെ കുടുംബവും. ആ ശൈലി തന്നെ ശിഷ്യനായ ഹിഗ്ഗിന്‍സും സ്വാംശീകരിച്ചു. 1965-ല്‍ തിരുവയ്യാറില്‍ നടന്ന ത്യാഗരാജാരാധനയിലായിരുന്നു ഹിഗ്ഗിന്‍സിന്റെ അരങ്ങേറ്റം. അമ്പരപ്പോടെയും ആദരവോടെയുമാണ് ശ്രോതാക്കള്‍ ആ കച്ചേരി കേട്ടതെന്ന് ഗുരുവായ വിശ്വനാഥന്‍ അനുസ്മരിച്ചിരുന്നു. 1967-ല്‍ യു.എസില്‍ നടന്ന തന്റെ വിവാഹത്തിനൊടുവില്‍ ഹിഗ്ഗിന്‍സ് ഒരു സംഗീതക്കച്ചേരിയും സംഘടിപ്പിച്ചിരുന്നു.ഇടക്കാലത്ത് ടൊറന്റോയിലെ യോര്‍ക്ക് സര്‍വ്വകലാശാലയിലേക്ക് അദ്ധ്യാപകനായിപ്പോയ ഹിഗ്ഗിന്‍സ് 1973-ല്‍ അവിടെ ട്രിച്ചി ശങ്കരനുമായിച്ചേര്‍ന്ന് ഭാരതീയ സംഗീത പഠനവിഭാഗം സ്ഥാപിച്ചു. പിന്നീട് വെസ്‌ലിയനിലേക്ക് തന്നെ മടങ്ങി. വംശീയസംഗീതമെന്ന വിഷയത്തില്‍ ഗവേഷണബിരുദം നേടി.

തദ്ദേശീയരായ സംഗീതജ്ഞര്‍ക്ക് പോലും ഭാഷാശുദ്ധിയോടെ ആലപിക്കാന്‍ അത്ര പെട്ടെന്നു വഴങ്ങാത്ത എന്തരോ മഹാനുഭാവുലു.. എന്ന ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌നകൃതിയുടെ ആലാപനമാണ് ഹിഗ്ഗിന്‍സിന്റെ ആരാധകരില്‍ പലര്‍ക്കും ഏറെയിഷ്ടം. കൃഷ്ണാ നി ബേഗെനെ ബാരോ, ശിവ ശിവ ശിവ, അംബ പരദേവതേ, ഗോവര്‍ധന ഗിരി ധാര, കാ വാ വാ തുടങ്ങി നിരവധി കൃതികള്‍ തന്റേതായ ശൈലിയില്‍ അദ്ദേഹം എക്കാലവും കേട്ടാസ്വദിക്കാവുന്ന ശ്രവ്യാനുഭവങ്ങളാക്കി. ആകാശവാണിയുടെ ശബ്ദശേഖരത്തിലൂടെയും ഇന്റര്‍നെറ്റിലൂടെയും അവ പുതിയ ശ്രോതാക്കളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. അസാധാരണമായ ഈ സംഗീതമികവിനെ പ്രമുഖസംഗീതജ്ഞന്‍മാര്‍ക്കു മാത്രം നല്‍കുന്ന ഭാഗവതര്‍ എന്ന ബഹുമതി ചാര്‍ത്തിയാണ് തമിഴ്‌നാട്ടിലെ കര്‍ണാടകസംഗീതത്തിന്റെ ആരാധകര്‍ ബഹുമാനിച്ചത്.
1980-82 കാലത്താണ് ഹിഗ്ഗിന്‍സ് അവസാനമായി ഇന്ത്യയിലുണ്ടായിരുന്നത്.വെസ ്‌ലിയനില്‍ മടങ്ങിയെത്തിയ അദ്ദേഹം കര്‍ണാടകസംഗീതത്തിന്റെ ബ്രാന്‍ഡ് അംബാസഡറെപ്പോലെ പ്രവര്‍ത്തിച്ചു. അദ്ദേഹത്തെ അവസാനമായി കണ്ട സന്ദര്‍ഭം ഗുരുവായ ടി.വിശ്വനാഥന്‍ അനുസ്മരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഒരു സംഗീതപര്യടനം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു അത്. വര്‍ണവിവേചനം നിലനിന്ന കാലമായിരുന്നു അത്. വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്ന സദസ്സുകളില്‍ മാത്രമേ പരിപാടി അവതരിപ്പിക്കൂ എന്ന് നിര്‍ബന്ധം പുലര്‍ത്തണമെന്നായിരുന്നു ഹിഗ്ഗിന്‍സിന്റെ അഭിപ്രായം. മതിലുകളെ മറിച്ചിടുന്ന സംഗീതത്തിന്റെ മാസ്മരികത തെളിയിക്കാന്‍ വെമ്പിയ ഹിഗ്ഗിന്‍സിനെ പക്ഷെ അത്തരമൊരു പരിപാടി അവതരിപ്പിക്കാന്‍ വിധി അനുവദിച്ചില്ല. തൊട്ടു പിറ്റേ ദിവസം 1984 ഡിസംബര്‍ 7-ന് തന്റെ നായയെയും കൂട്ടി നടക്കാനിറങ്ങിയ അദ്ദേഹം ഒരു മദ്യപന്‍ അലക്ഷ്യമായി ഓടിച്ച വാഹനം ഇടിച്ച് മരണമടഞ്ഞു. അന്ത്യം 45-ാം വയസ്സിലായിരുന്നു.അദ്ദേഹത്തിന്റെ ആരാധകര്‍ ചേര്‍ന്ന് വെസ ്‌ലിയനില്‍ രൂപം കൊടുത്ത ജോണ്‍ ഹിഗ്ഗിന്‍സ് മെമ്മോറിയല്‍ ഫണ്ട് കര്‍ണാടകസംഗീതജ്ഞന്‍മാരെ അവിടേക്ക് ക്ഷണിച്ചു വരുത്താനും ആ സംഗീതശാഖയുടെ പോഷണത്തിനും ഉദ്ദേശിച്ചുള്ളതാണ്.
കിഴക്ക് കിഴക്കും പടിഞ്ഞാറ് പടിഞ്ഞാറുമാണെന്നും രണ്ടും ഒരിക്കലും കൂട്ടിമുട്ടില്ലെന്നുമുള്ള കിപ്ലിങ്ങിന്റെ പ്രസ്താവനയെ തന്റെ ജീവിതത്തിലൂടെ കലാപരമായി തിരുത്തിയയാളാണ് ഹിഗ്ഗിന്‍സ്. സംഗീതലോകത്തെ ആ ദേശാടനപ്പക്ഷിയെ ജൂണ്‍ 21 ന് സാര്‍വ്വദേശീയസംഗീതദിനത്തില്‍ അനുസ്മരിക്കുന്നതിന് പ്രസക്തിയേറെയാണ്.