SPECIAL NEWS
  May 09, 2013
സര്‍വംസഹയാം വസുധയെപ്പോല്‍ ...
എം.പി. അബ്ദുസ്സമദ് സമദാനി
കഴിഞ്ഞദിവസങ്ങളില്‍ രണ്ട് കൊച്ചുകുട്ടികളുടെ ദുരന്തങ്ങള്‍ വാര്‍ത്തകള്‍ക്കുപോലും നെഞ്ചിടിപ്പ് പ്രദാനംചെയ്തു. അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതകള്‍ക്കിരയായി കൊല്ലപ്പെട്ട കോഴിക്കോട് ബിലാത്തികുളത്തെ ആറുവയസ്സുകാരിയും തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണുപോയ കൊച്ചുകുട്ടിയും


അടുത്തകാലത്തായി ചില വാര്‍ത്തകള്‍ ഉള്‍ക്കൊള്ളാന്‍ മനസ്സ് സന്നദ്ധമാകാറില്ല. കലശലായ ഉള്‍ക്കിടിലവും കഠിനമായ മനോവേദനയും ഉണ്ടാക്കുന്ന അത്തരം വൃത്താന്തങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍നിന്ന് കേള്‍ക്കുകയോ വര്‍ത്തമാനപത്രങ്ങളില്‍ കാണുകയോ ചെയ്യുമ്പോഴേക്കും അതില്‍നിന്ന് ഓടിയൊളിക്കാന്‍ തോന്നുന്നു.

ശരീരത്തെ മാത്രമല്ല, അതിനകത്തിരിക്കുന്ന ആത്മാവിനെയും ആക്രമിക്കുന്ന വേദനയാണ് ഈ കൊടുംപാതകങ്ങള്‍ പകര്‍ന്നുതരുന്നത്. മനുഷ്യന്റെ രൗദ്രഭാവങ്ങളില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ക്രൂരദംഷ്ട്രകള്‍ക്കിരയാകുന്ന ആലംബഹീനരായ സാധുക്കളുടെ ദീനരോദനങ്ങള്‍ വിശ്വസംസ്‌കാരത്തിന്റെ ഗോപുരവാതില്‍ക്കല്‍ ചെന്നലയ്ക്കുന്നു. അവര്‍ ഈ കാഠിന്യങ്ങളെ എങ്ങനെ സഹിച്ചു എന്ന് ആലോചിച്ചുനോക്കാന്‍ ശ്രമിക്കുമ്പോഴേക്ക് നമ്മുടെ സപ്തനാഡികളും തളര്‍ന്നുപോകുന്നു.

ഇത് ദുരന്തങ്ങളുടെയും തജ്ജന്യമായ ദുരിതങ്ങളുടെയും കാലമാണ്. ഏറെക്കുറേ അതിനെല്ലാം ഹേതുഭൂതകമാകുന്നതോ മനുഷ്യരുടെതന്നെ അതിക്രമങ്ങളും. വിവിധങ്ങളായ അധികാരപ്രയോഗങ്ങളുടെ ചാട്ടവാറടിയേറ്റ് പുളയുന്നത് പണ്ടത്തെപ്പോലെ ഇപ്പോഴും മനുഷ്യപുത്രന്മാരും പുത്രിമാരുംതന്നെ. ''അലക്‌സാണ്ടറുടെയും ചെങ്കിസ് ഖാന്റെയും കരങ്ങള്‍ നൂറുതവണ ബഹുമാനപ്പെട്ട മനുഷ്യന്റെ കുപ്പായം പിച്ചിച്ചീന്തി. ജനസമൂഹങ്ങളുടെ ഗതകാലചരിതം പഠിപ്പിക്കുന്നൊരു പാഠമുണ്ട്: ശക്തിയുടെ ലഹരി ആപത്കരമാണ്!''- ദാര്‍ശനിക മഹാകവി അല്ലാമാ ഇഖ്ബാലിന്റെ ഈ മുന്നറിയിപ്പ് ഇക്കാലത്ത് ദിനംപ്രതി പുലരുന്നതും കാണുന്നു.

മൂന്നുവിഭാഗങ്ങളോടുള്ള സമൂഹത്തിന്റെ സമീപനവും അവരുടെ സുരക്ഷയും ക്ഷേമവുമാണ് മനുഷ്യ സംസ്‌കാരത്തിന്റെ ഉത്ഥാനപതനങ്ങളെ നിര്‍ണയിക്കുന്നത്-സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും. അവരുടെ അസ്തിത്വവും അഭിവൃദ്ധിയും സ്വസ്ഥവും ഭദ്രവുമാണെന്ന് ഉറപ്പുവരുത്താതെ ഒരു സമൂഹത്തിനും ഉത്കര്‍ഷത്തെ പ്രാപിക്കാനാവുകയില്ല. പുരോഗമനത്തിന്റെയും പ്രബുദ്ധതയുടെയുമെല്ലാം മാനദണ്ഡം അവരുടെ അവകാശസംരക്ഷണത്തിലും ജീവിതസംതൃപ്തിയിലുമാണ് സ്ഥിതിചെയ്യുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ രണ്ട് കൊച്ചുകുട്ടികളുടെ ദുരന്തങ്ങള്‍ വാര്‍ത്തകള്‍ക്കുപോലും നെഞ്ചിടിപ്പ് പ്രദാനംചെയ്തു. അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരതകള്‍ക്കിരയായി കൊല്ലപ്പെട്ട കോഴിക്കോട് ബിലാത്തികുളത്തെ ആറുവയസ്സുകാരിയും തമിഴ്‌നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണുപോയ കൊച്ചുകുട്ടിയും.

കിണറ്റില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനായി നാട്ടുകാരും അധികൃതരും നടത്തുന്ന കഠിനപ്രയത്‌നത്തിന്റെ ഓരോനിമിഷവും ദൃശ്യമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞുകൊണ്ടിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആ വാര്‍ത്ത ഇനി കേള്‍ക്കേണ്ട എന്ന് നേരത്തേ പറഞ്ഞതുപോേെല ഹൃദയംമന്ത്രിച്ചു. പിന്നെ ഉള്‍വലിഞ്ഞു. അക്കാര്യത്തില്‍ പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ അകംനിറഞ്ഞ നോവോടെ പിന്‍വാങ്ങുകതന്നെ. അപ്പോഴൊക്കെ ഉള്ളില്‍നിന്നൊരാള്‍ ചോദിച്ചുകൊണ്ടേയിരുന്നു-കുട്ടിയുടെ സ്ഥിതി ഇപ്പോള്‍ എന്തായിരിക്കും? ആ ഇരുട്ടുനിറഞ്ഞ കുഴലില്‍ ശ്വാസമയയ്ക്കാന്‍ വായുപോലും ലഭിക്കാത്ത സാഹചര്യം എങ്ങനെയാണ് സഹിക്കുക? കഠിനമായ ചുറ്റുപാട്, നിസ്സഹായമായ ഇളംബാല്യം, പിടയുന്ന ജീവന്‍...

കുഞ്ഞുങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ചില നിസ്സഹായതകള്‍ക്ക് പിറകിലുള്ള നിര്‍ബന്ധിതാവസ്ഥകള്‍ക്ക് ആരെ കുറ്റം പറയാനാണ്! ആര്‍ക്കും ഒഴിവാക്കാനാവാത്ത ദുസ്സഹ സാഹചര്യങ്ങള്‍ ഓരോ കാരണങ്ങളാല്‍ വന്നുഭവിക്കുന്നു. കേരളത്തില്‍ത്തന്നെ ഈയിടെ ഒരമ്മ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. രണ്ട് ഇളംമക്കള്‍ അലമാരയില്‍ മരിച്ചുകിടക്കുന്നു. കളിക്കാനോ മറ്റോ അലമാരയുടെ അറയില്‍ കയറിയ ഓമനകള്‍ക്ക് അതിന്റെ വാതില്‍ തുറന്ന് പുറത്തുവരാന്‍ കഴിഞ്ഞില്ല.

കുട്ടികളും മുതിര്‍ന്നവരും തമ്മിലുള്ള മൗലികവും പ്രകടവുമായ അന്തരംപോലും ഇക്കാലത്തെ പരിഷ്‌കൃതസമൂഹം അര്‍ഹിക്കുന്ന ഗൗരവത്തോടെ മനസ്സിലാക്കിയിട്ടുണ്ടെന്ന് പറയാനാവില്ല. കുഞ്ഞുങ്ങള്‍ക്ക് വലിയവരെപ്പോലെ പ്രതികൂലാവസ്ഥകളെ നേരിടാനോ തടയാനോ ആവശ്യമായ ശക്തിയോ കഴിവോ ഇല്ല എന്ന പ്രാഥമികയാഥാര്‍ഥ്യംപരിഗണിച്ചുകൊണ്ടുവേണം അവരുടെ ഏതുപ്രശ്‌നത്തെയും സമീപിക്കാന്‍.

തനിക്കുനേരേ വരുന്ന ആക്രമണങ്ങള്‍ തടയുന്നതുപോയിട്ട് അതേക്കുറിച്ച് പരാതിപറയാന്‍പോലും പേടിക്കുന്ന അവസ്ഥയില്‍പരം നിസ്സഹായതായി ഈ ലോകത്ത് മറ്റെന്താണുള്ളത്? 'സ്വന്തക്കാര്‍' ശരീരത്തില്‍ ഏല്പിച്ച മുറിവുകളെപ്പറ്റി അന്വേഷിക്കുന്ന സഹപാഠികളോട് 'അത് നായയുമായി കളിക്കുമ്പോള്‍ സംഭവിച്ചതാണെ'ന്ന് പറയുന്ന ബിലാത്തികുളത്തെ അദിതി എന്ന ഹതഭാഗ്യയായ ഇളം പെണ്‍കൊടിയുടെ നിസ്സഹായത ലോകത്താകെയുള്ള മുഴുവന്‍ കുഞ്ഞുങ്ങളുടേതുമായിത്തീരുന്നു. അതോടൊപ്പം ഒന്നുകൂടി ഓര്‍ക്കണം. അവളുടെ വലിയ മനസ്സും സഹനവും ത്യാഗവും അതിന്റെയെല്ലാം മഹത്ത്വവും ദൈവികനീതി പുലരുന്നൊരു മറുലോകത്തല്ലാതെ സാക്ഷാത്കരിക്കപ്പെടുകയില്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അകക്കണ്ണുകള്‍ നഷ്ടപ്പെട്ട് അന്ധമായിപ്പോയ ഈ പുത്തന്‍ലോകത്തിന് അവളുടെ മഹത്ത്വവും അമരത്വവും ഒരിക്കലും കാണാനാവില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ അദിതി അനുഭവിച്ച അതികഠിനമായ പീഡനങ്ങളുടെയും അതേല്‍പ്പിച്ചവരുടെ മഹാപാപങ്ങളുടെയും ഗുരുതരാവസ്ഥ ലോകം അറിയാനിടയായി. രണ്ടാഴ്ചയായി ആഹാരമൊന്നും കഴിച്ചിട്ടില്ലെന്നും കൊടും പട്ടിണിയും അത്യന്തം ക്രൂരമായ മര്‍ദനങ്ങളുമാണ് മരണകാരണമെന്നും ഒന്നുകൂടി വ്യക്തമാക്കപ്പെട്ടു. മലമൂത്ര വിസര്‍ജനത്തിനുപോലും സാധിക്കാത്തവിധം ഗുഹ്യഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. അതേത്തുടര്‍ന്ന് ശരീരഭാഗങ്ങള്‍ വൃത്തിയാക്കിവെക്കാന്‍ കഴിയാതെ വന്നതില്‍ അരിശപ്പെട്ട് വീണ്ടും മര്‍ദിച്ചു. കമിഴ്ത്തിക്കിടത്തി ചവിട്ടി, ശ്വാസം മുട്ടിച്ചു, ശരീരം മുഴുവന്‍ നുള്ളിയും പിച്ചിയും വേദനിപ്പിച്ചു. കിടക്കയോ വിരിപ്പോ ഇല്ലാത്ത പ്ലാസ്റ്റിക് മെടഞ്ഞ കട്ടിലില്‍ കിടത്തി... ഒരു പാവം പിഞ്ചുകുഞ്ഞിനോട് ഇങ്ങനെയൊക്കെ ചെയ്യാന്‍ മനുഷ്യര്‍ക്ക് സാധിക്കുമോ? തലയില്‍നിന്ന് മുടി പിഴുതെടുത്തു, സ്വന്തം മകളെ 15 തവണ പട്ടികകൊണ്ട് അടിച്ചതായി പിതാവുതന്നെ മൊഴി നല്‍കുക, എന്നിട്ട് തേക്കുകൊണ്ട് നിര്‍മിച്ച പട്ടിക പോലീസിന് കാണിച്ചുകൊടുക്കുക... സ്‌നേഹവാത്സല്യങ്ങളുടെ പരിലാളനയില്‍ മൃദുചുംബനങ്ങളും തഴുകലും തലോടലും ഏറ്റുവാങ്ങി വളര്‍ന്നുവരേണ്ട ഇളംമേനിയില്‍ സ്വന്തം അച്ഛനും പെറ്റമ്മയുടെസ്ഥാനത്ത് കടന്നുവന്ന് പോറ്റമ്മയായിത്തീരേണ്ട രണ്ടാനമ്മയും എല്ലാ കണക്കും തീര്‍ത്തുകഴിഞ്ഞപ്പോള്‍ അവള്‍ ഈ ലോകത്തുനിന്നുതന്നെ വിടവാങ്ങി. അതോടെ കൊടിയ പീഡനങ്ങള്‍ക്കും മര്‍ദനമുറകള്‍ക്കും അവസാനമായി. അറിയേണ്ടവരാരും അവളുടെ കദനകഥ അറിഞ്ഞില്ല. അറിഞ്ഞവരോ ഉണര്‍ന്നു പ്രവര്‍ത്തിച്ചതുമില്ല. അടുത്ത് ഇടപഴകിയവര്‍ക്കുപോലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുവരെ കാത്തിരിക്കേണ്ടതായിവന്നു, അവള്‍ സഹിച്ച് അടക്കിപ്പിടിച്ചുവെച്ച യാതനകളുടെ നിജസ്ഥിതി അറിയാന്‍. എന്നിട്ടും ഒരു രോദനംപോലും അവളില്‍നിന്ന് ലോകം കേട്ടില്ല. അങ്ങനെയാണ് അദിതി വേദനയുടെ ഇതിഹാസം തീര്‍ത്തിരിക്കുന്നത്. കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി ദൈവത്തിന്റെ കോടതിയില്‍ പ്രപഞ്ച നീതിയുടേതായ ഒരു ചോദ്യം ഉയരുകതന്നെ ചെയ്യുമെന്ന് ഖുര്‍ ആനില്‍ പറയുന്നുണ്ട്. 'എന്തുകുറ്റത്തിനാണ് അവള്‍ കൊലചെയ്യപ്പെട്ടത്?'

കുഞ്ഞുങ്ങളുടെ അവകാശസംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. ബാല്യത്തിന്റെ സുരക്ഷ ഇപ്പോഴും ഒട്ടേറെ ബാലാരിഷ്ടതകള്‍ നേരിടുന്നുണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ട് പോരായ്മകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. അതിനനുസൃതമായി കുഞ്ഞുങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താനുതകുന്ന സംവിധാനങ്ങളാണ് നമ്മുടെ വ്യവസ്ഥയുടെ ഭാഗമായി നിര്‍മിക്കപ്പെടേണ്ടത്.

കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ അതിനോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി സര്‍ക്കാറിന്റെ അടിയന്തരനടപടികള്‍ക്കൊപ്പം പുതിയ ചില തീരുമാനങ്ങളും പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥി പ്പോലീസ് ശക്തമാക്കുക, സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രശ്‌നത്തിന്റെ വൈപുല്യം വര്‍ധിപ്പിക്കുകയും അതിന്റെ ഗുരുതരാവസ്ഥ തീക്ഷ്ണമാവുകയുംചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ആഴത്തിലുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനിവാര്യമായിരിക്കുന്നു. എന്നാല്‍, സാമൂഹികമായ ജാഗ്രതയാണ് ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദമാവുക. അധ്യാപകര്‍, സഹപാഠികള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം കുഞ്ഞുങ്ങളുടെ ആധികള്‍ പരിഹരിക്കുന്നതിനായി ഒട്ടേറെ നന്മകള്‍ ചെയ്യാനാകും.

സങ്കടങ്ങള്‍ കേള്‍ക്കാന്‍ മാതാപിതാക്കള്‍ക്കെങ്കിലും സമയമുണ്ടാകണം. വിദ്യാലയത്തിലും വാഹനത്തിലും അങ്ങാടിയിലുമെല്ലാം പലവിധ പ്രയാസങ്ങള്‍ അവര്‍ നേരിടുന്നുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ അത് ഇരട്ടിക്കുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മനഃക്ലേശങ്ങളും ധര്‍മസങ്കടങ്ങളും കുഞ്ഞുങ്ങളെ മാനസികമായി തളര്‍ത്തുന്നു. എല്ലാം കഴിഞ്ഞ് വീടണയുമ്പോള്‍ അവിടെയെങ്കിലും അവര്‍ക്ക് സുഖവും സമാധാനവും ലഭ്യമാക്കണം. സ്വന്തം വീട് അവര്‍ക്ക് ഒരു തടവറയായിത്തീരരുത്. മാതാപിതാക്കളുടെ, പ്രത്യേകിച്ച് മാതാവിന്റെ സ്‌നേഹവും ലാളനയും അവര്‍ക്ക് ലഭിക്കുകതന്നെ വേണം.

കഠിനമായ മനഃസംഘര്‍ഷങ്ങളാണ് ഇക്കാലത്തെ മുതിര്‍ന്നവരുടെ സമൂഹം കുട്ടികള്‍ക്ക് നല്‍കുന്നത്. അതില്‍ ഏറ്റവും ക്ലിഷ്ടം പഠനത്തിന്റെ ഭാരവും സമ്മര്‍ദവുംവഴി ഉണ്ടാകുന്നതാണ്. കുട്ടികള്‍ ഇന്ന് നേരിടുന്നതെല്ലാം ചോദ്യങ്ങളാണ്. പലതും ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍. അവരുടെ സങ്കടങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും മറുപടി നല്‍കേണ്ട ബാധ്യത മുതിര്‍ന്നവര്‍ക്കുണ്ട്. അക്രമപരവും അറപ്പുളവാക്കുന്നതുമായ ചെയ്തികളാണ് സമൂഹത്തിലെങ്ങും കുട്ടികള്‍ കാണാനിടവരുന്നത്. അതെല്ലാം കണ്ടിട്ട് ''പ്രായം കൂടുന്നതും വളര്‍ന്നു വലുതാകുന്നതും എനിക്ക് പേടിയായിരിക്കുന്നു'' എന്ന ഒരു കുഞ്ഞിന്റെ ആത്മഗതം ഒരു ഹിന്ദി കവിതയില്‍ വികാരോജ്ജ്വലമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിക്കുന്നത് ഉത്കണ്ഠാജനകമാണ്. ഇടുക്കി നെടുങ്കണ്ടത്തിനടുത്ത് യു.കെ.ജി. വിദ്യാര്‍ഥിനിയും കുമളി ആനവിലാസം മേപ്പാറയില്‍ നാലരവയസ്സുകാരിയും പീഡനത്തെത്തുടര്‍ന്ന് മരിച്ചു. രണ്ടുകേസിലും പ്രതികള്‍ യഥാക്രമം പത്തും പതിനഞ്ചും വയസ്സുകാരായ കുട്ടിക്കൊലയാളികളാണെന്നത് രോഗത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതോടൊപ്പം അഗാധതല സ്പര്‍ശിയായ ചികിത്സ ആവശ്യപ്പെടുകയും ചെയ്യുന്നു. ആറുവയസ്സുകാരിയെയും പത്തുവയസ്സുകാരിയെയും ലൈംഗികമായി പീഡിപ്പിച്ച കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയ വാര്‍ത്ത ഇതെഴുതുമ്പോള്‍ മുമ്പിലുള്ള പത്രത്തിലുണ്ട്.

രക്തബന്ധുക്കളുടെ ഭാവമാറ്റമാണ് കുട്ടികളെ തുറിച്ചു നോക്കുന്ന ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ ഭീഷണി. മാനം കാക്കാന്‍ സ്വന്തം വീടിന്റെ മേല്‍ക്കൂരയ്ക്കുതാഴെയും പാതിരാവുകളെ നിദ്രാവിഹീനങ്ങളാക്കേണ്ടിവരുന്ന പെണ്‍കുട്ടികളുടെ നാടാണ് കേരളം. ഇവിടെ എല്ലാവരും എല്ലാതരം തിന്മകളോടും രാജിയായിക്കഴിഞ്ഞു. നിസ്സംഗത ബാധിച്ച് ബാധിച്ച് മലയാളി ഇത്തരം അനീതികളോട് പ്രതികരിക്കുന്നതും നിര്‍ത്തിവെച്ചു. പ്രതിഷേധിക്കാനുള്ള ഊര്‍ജവും ആര്‍ജവവുമെല്ലാം സങ്കുചിത രാഷ്ട്രീയത്തിന് മാത്രമായി തീറെഴുതിക്കൊടുത്തു. അതുകൊണ്ട് യഥാര്‍ഥ രാഷ്ട്രീയത്തിന്റെ മര്‍മം കാണാനുള്ള കണ്ണും നഷ്ടമായി. അല്ലെങ്കിലും കേരളം ഡല്‍ഹിയല്ലല്ലോ, കക്ഷിത്വത്തിനപ്പുറമുള്ള രാഷ്ട്രീയാവബോധത്തോടെ മനുഷ്യന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍.

ഉണ്ണിക്കണ്ണന്റെ കഥകളില്‍ കിളിര്‍ത്തതാണ് ഭാരതജനതയുടെ ബാല്യകാല കൗതുകങ്ങളും കുതൂഹലങ്ങളും. മാതൃത്വത്തിന്റെ മഹത്ത്വംപോലും യഥാര്‍ഥത്തില്‍ കുഞ്ഞുങ്ങളുടെ ശുദ്ധവും പവിത്രവുമായ സ്‌നേഹത്തിലാണ് തിരിച്ചറിയപ്പെടുന്നത്. കുഞ്ഞുങ്ങള്‍ മരിക്കുന്നത് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഏറ്റവും വലിയ പരാജയമായി പൂര്‍വികര്‍ കണ്ടു. അതുകൊണ്ടാണ് മാവേലിയുടെ ഭരണകാലത്ത് 'ബാലമരണങ്ങള്‍ കേള്‍പ്പാനില്ല' എന്ന് പ്രസിദ്ധമായ മാവേലിപ്പാട്ടില്‍ പറഞ്ഞിരിക്കുന്നത്.

സ്‌നേഹസ്വരൂപനായ യേശുക്രിസ്തു ഒരു കുഞ്ഞിനെ മുതിര്‍ന്നവരുടെ മുമ്പില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ട് അവന്റെ മാനസികാവസ്ഥയെ പ്രാപിക്കാത്തവര്‍ക്ക് സ്വര്‍ഗരാജ്യത്തെ സമീപിക്കാനാവില്ലെന്ന് മൊഴിഞ്ഞു. നിഷ്‌കളങ്കമായ ഇളംമനസ്സുകളുടേതാണ് സ്വര്‍ഗലോകം. കരുണാവാന്‍ പ്രവാചകന്‍ ഒരിക്കല്‍ സദസ്സിന്റെ മുമ്പിലൂടെ ഓടിക്കളിച്ച കുഞ്ഞിനെ വാരിയെടുക്കാനായി മൂന്നുതവണ സംസാരം നിര്‍ത്തി പ്രഭാഷണപീഠത്തില്‍ നിന്ന് ഇറങ്ങിവന്നു. ഒരു കുഞ്ഞിനെ ഉമ്മവെച്ചുകൊണ്ട് അത് ദൈവകാരുണ്യത്തിന്റെ ആവിഷ്‌കാരമാണെന്ന് അവിടന്ന് പ്രസ്താവിച്ചു.

അസാധാരണമായ ത്യാഗം അനുഷ്ഠിച്ച് പരിത്യക്തയായിത്തീര്‍ന്ന ഈ പെണ്‍കുട്ടിക്ക് ആരായിരിക്കാം 'അദിതി' എന്ന പേരിട്ടത്? ഭൂമി, ദേവമാതാവ്, വാക്ക്, ആദിശക്തി, പാര്‍വതി, പുണര്‍തം നക്ഷത്രം എന്നെല്ലാം ഈ പദത്തിന് അര്‍ഥമുണ്ടല്ലോ, വിഷ്ണുവിന്റെയും ഇന്ദ്രന്റെയും മാതാവായും ദക്ഷന്റെ പുത്രിയായും പുരാണങ്ങളില്‍ വ്യവഹരിക്കപ്പെട്ട അദിതിയുടെ അവതാരമാണ് ശ്രീകൃഷ്ണമാതാവായ ദേവകി എന്നും പറയപ്പെട്ടിരിക്കുന്നു. അദിതിയുടെ പുത്രനായതുകൊണ്ടാണ് സൂര്യന്‍ ആദിത്യനായിരിക്കുന്നതുതന്നെ. തേജോമയമായ നാമവുമായിവന്ന് ഭൂപുത്രി സീതയെപ്പോലെ അവള്‍ അനീതികള്‍ കൊടികുത്തിവാഴുന്ന ഈ ലോകത്തുനിന്ന് അന്തര്‍ധാനംചെയ്തു. ഇവിടത്തെ മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്‌നം സ്‌നേഹനിരാസവും കാരുണ്യരാഹിത്യവുമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്.

ഈ വരികള്‍ അവള്‍ക്കും അവളെ നൊന്തുപെറ്റെങ്കിലും പോറ്റിവളര്‍ത്താന്‍ അവസരം ലഭിക്കാതെ നേരത്തേ നിര്യാതയായി, മകള്‍ക്കുമുമ്പേ ജീവിതയാനം പൂര്‍ത്തിയാക്കി കടന്നുപോയ അമ്മയ്ക്കുമായി സമര്‍പ്പിക്കുന്നു... *

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -