SPECIAL NEWS
  May 03, 2013
സമൂഹവും ആരോഗ്യകരമായ മദ്യപാനസംസ്‌കാരവും
ദിലീപ് മമ്പള്ളില്‍

മദ്യപിക്കുമോ? ഇത് പലര്‍ക്കും ഒരു വിഷമിപ്പിക്കുന്ന ചോദ്യമാണ്. മദ്യപിച്ചു റോഡില്‍ വീഴുന്നവരും അക്രമം കാണിക്കുന്നവരും മദ്യത്തിനു ഒരു മോശം പരിവേഷം ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ വാഹനാപകടങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയെ മുന്നില്‍ നിര്‍ത്തുന്നതില്‍ മദ്യത്തിന്റെ പങ്കു തള്ളിക്കളയാന്‍ പറ്റില്ല.

ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വസ്തുവാണ് മദ്യം. ഓര്‍മയില്ലേ കാനായിലെ കല്യാണം? പന്ത്രണ്ടു കല്‍ഭരണികളിലെ പച്ചവെള്ളം ഒറ്റയടിക്ക് വീഞ്ഞായി മാറിയ സംഭവം ഏതൊരു മദ്യപാനിയെയും കോരിത്തരിപ്പിക്കുന്നതാണ്. ഗവേഷണങ്ങള്‍ ബി.സി. 10000 വരെ പഴക്കമുള്ള മദ്യം സംഭരിച്ചു വെച്ചിരുന്ന കല്‍ഭരണികള്‍ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധനകളിലൂടെയാണ് ഈ ഭരണികളില്‍ എതനാള്‍ അംശം ഉണ്ട് എന്ന് കണ്ടെത്തിയത്. ബി.സി. 3000 - ബി.സി. 2000 കാലഘട്ടത്തില്‍ നമ്മുടെ സിന്ധു നദീതട സംസ്‌കാരത്തില്‍ സുര എന്നൊരു മദ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. മദ്യത്തിന്റെ കണ്ടുപിടുത്തം വളരെ സ്വാഭാവികം മാത്രമാണ്. കാരണം മനുഷ്യര്‍ ശേഖരിച്ചു വെച്ച പഴങ്ങളിലും മറ്റും പ്രകൃതിജന്യേ ഉള്ള യീസ്റ്റുകള്‍ പ്രവര്‍ത്തിച്ചു ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നതാണ്.

കാലം കഴിഞ്ഞതോടെ, പല നിറത്തിലും മണത്തിലും ഗുണത്തിലും ഉള്ള മദ്യം മനുഷ്യന്‍ ഉണ്ടാക്കി തുടങ്ങി. മദ്യം നിത്യ ജീവിതത്തിന്റെ തന്നെ ഭാഗമായി. സ്‌കോട്‌ലാന്റില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും ഉള്ള വിസ്‌കിയും പോളണ്ടില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വോഡ്കയും ക്യുബന്‍ ബക്കാര്‍ഡിയും ഫ്രഞ്ച് വൈനും ബെല്‍ജിയന്‍ ബീയറും ലോകം മുഴുവനും അവരുടെ നാടിനെ അഭിമാനത്തോടെ തന്നെ പ്രതിനിധാനം ചെയ്യുന്നവയാണ്.

ആദ്യമേ മോശം പറയണ്ടല്ലോ, ശാസ്ത്രം പറയുന്നത് ചെറിയ അളവില്‍ മദ്യം ശരീരത്തിന് നല്ലതാണ് എന്നാണ്. ഇത് രക്തത്തിന്റെ ശാന്യത (വിസ്‌കോസിറ്റി) കുറക്കുന്നത് മൂലം ഹൃദ്രോഹികള്‍ക്ക് ഒരല്‍പം നല്ലതണത്രെ. ഹൃദ്രോഗികള്‍ക്ക് മാത്രമല്ല, പ്രമേഹത്തിനും, എല്ലുകള്‍ക്കും കിഡ്‌നിക്കും പ്രശ്‌നമുള്ളവര്‍ക്കും നല്ലതാണത്രേ. മദ്യപാനത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് ഹാര്‍വാര്‍ഡ് യുണിവേഴ്‌സിറ്റിയുടെ പബ്ലിക് ഹെല്‍ത്ത് പേജില്‍ വളരെ ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്. ഗുണങ്ങള്‍ ഉണ്ടെങ്കിലും ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യത്തിന്റെ ആവശ്യമില്ല.

മദ്യം അകത്തുചെന്നാല്‍ അത് നമ്മുടെ തലച്ചോറില്‍ ഉള്ള ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു. ഇത് സന്തോഷത്തിന്റെയും ഉന്മേഷത്തിന്റെയും തോന്നല്‍ ജനിപ്പിക്കുന്നു. അതുകൊണ്ടാണ് രണ്ടെണ്ണം അകത്തു ചെന്നാല്‍ എല്ലാ ദുഖങ്ങള്‍ക്കും തെല്ലൊരാശ്വാസം ലഭിക്കുന്നത്. ഡോപാമിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതോടോപ്പം തലച്ചോറിലെ നാഡീകോശങ്ങള്‍ തമ്മിലുള്ള വൈദ്യുതസന്ദേശങ്ങള്‍ കൈമാറുന്ന രാസവസ്തുക്കളുടെ അളവിനെയും മദ്യം ബാധിക്കുന്നു. ഇത് തലച്ചോറിന്റെ കണക്കു കൂട്ടുവാനും, തീരുമാനങ്ങള്‍ എടുക്കുവാനും ഉള്ള കഴിവിനെയും അതുമൂലം മസില്‍ പ്രവര്‍ത്തനങ്ങളുടെ വേഗതയും കുറക്കുന്നു. അതുകൊണ്ട് തന്നെ മദ്യത്തെ ഒരു വഞ്ചകന്‍ എന്ന് വിളിക്കാം. ഒരു ഭാഗത്ത് അത് എന്തും ചെയ്യാനുള്ള ഒരു ആവേശവും ആത്മവിശ്വാസവും നമ്മില്‍ ഉണ്ടാക്കുകയും മറു ഭാഗത്ത് നേരെ വിപരീതമായി ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു പെഗ്ഗ് കഴിച്ചാല്‍ നന്നായി വാഹനം ഓടിക്കാം എന്ന് വീമ്പു പറയുന്നവര്‍ മദ്യം തലയില്‍ കൂടുതലായി ഉത്പാദിപ്പിച്ച ഡോപാമിന്റെ ഇര മാത്രമാണതെന്ന് മനസ്സിലാക്കുന്നില്ല. കൂടിയ ആവേശത്തില്‍, എന്നാല്‍ സത്യത്തില്‍ സാധാരണയിലും കുറഞ്ഞ കഴിവോടെ വാഹനം ഓടിക്കുന്ന ഇക്കൂട്ടര്‍ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഇത്തരം ശാസ്ത്രീയമായ കാര്യങ്ങള്‍ വിലയിരുത്തി തന്നെയാണ് മദ്യപിച്ചുള്ള ഡ്രൈവിങ്ങ് നിരോധിച്ചിരിക്കുന്നത് .

മദ്യം കഴിച്ചാല്‍ അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത് രക്തം വഴി ആണല്ലോ. മദ്യം നമ്മുടെ ചെവിക്കുള്ളിലുള്ള കൊക്‌ളിയ എന്ന അവയവത്തിലെ ദ്രാവകവുമായി കലരുന്നു. നാം അനങ്ങുമ്പോള്‍ ഈ ദ്രാവകം അനങ്ങുകയും അത് കൊക്‌ളിയക്കുള്ളിലെ ചെറു മുടികളുമായി ബന്ധിപ്പിക്കപ്പെട്ട നാഡീകളില്‍ നിന്നും സന്ദേശങ്ങള്‍ തലച്ചോറിലേക്ക് അയക്കുന്നു. ഈ സന്ദേശങ്ങള്‍ വിശകലനം ചെയ്താണ് തലച്ചോര്‍ നമ്മുടെ ബാലന്‍സ് നിലനിര്‍തുന്നത്. മദ്യം കലരുന്നതോടെ ഈ ദ്രാവകം കൂടുതലായി അനങ്ങുകയും സാധാരണയില്‍ നിന്നും വ്യത്യസ്തമായ അനേകം സന്ദേശങ്ങള്‍ തലച്ചോറിലെത്തുന്നു. ഇതോടെ ബാലന്‍സ് നഷ്ടപ്പെടുന്നു. ഇത്തരക്കാരാണ് റോഡൊക്കെ അളന്നു അളന്നു നടന്നു പോകുന്നത്. (ചെവിക്കുള്ളിലെ സമാനമായ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് യാത്രക്കിടയിലെ ചര്‍ദ്ദി. ഇതുമായി ബന്ധപ്പെട്ട മാതൃഭൂമി ലേഖനം വായിക്കുക.

കൂടുതല്‍ മദ്യം അകത്തെത്തുന്നതോടെ വ്യത്യസ്തങ്ങളായ സന്ദേശങ്ങള്‍ തലയിലെത്തുന്നു. അവിടെ പലതരം രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വൈരുധ്യം നിറഞ്ഞ അനേകം സന്ദേശങ്ങള്‍ ലഭിക്കുന്നതോടെ തലച്ചോര്‍ ഒരു തീരുമാനത്തിലെത്തുന്നു: വിഷം അകത്തു ചെന്നിട്ടുണ്ട്. പ്രകൃതിജന്യേന വിഷം ശരീരത്തിലെത്തുന്ന പ്രധാന വഴി ഭക്ഷണത്തിലൂടെ ആണല്ലോ. അതോടെ തലച്ചോര്‍ ആമാശയത്തിലെക്കുള്ള പേശികളെ ചുരുക്കുവാന്‍ ഉള്ള സന്ദേശം അയക്കുന്നു. ഈ സന്ദേശം കിട്ടിയവരാണ് വാളുവയ്ക്കല്‍ എന്ന മുറ പ്രയോഗിക്കുന്നത് .

അപ്പോള്‍ മദ്യം വിഷം തന്നെ അല്ലെ? തീര്‍ച്ചയായും കൂടുതല്‍ കഴിച്ചാല്‍ ഇത് വിഷം തന്നെയാണ്. ഇങ്ങനെ അധികമായി വളരെക്കാലം കഴിക്കുന്നത് മദ്യത്തിനു അടിമപ്പെടുവാനും കാരണമാകുന്നു. എന്നാല്‍ മയക്കു മരുന്നുകളുടെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമാണ് . ഉദാഹരണത്തിന്, ഹെറോയിന്‍ ചിലരില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുന്നതിലൂടെ അതിനു അടിമപ്പെടാന്‍ ഇടയാക്കും. ഈ അടിമത്തം എന്നത് തലച്ചോറില്‍ ഉണ്ടാകുന്ന ശാശ്വതമായ മാറ്റങ്ങള്‍ ആണ്. അതുകൊണ്ട് തന്നെയാണ് മയക്കു മരുന്നിനോ മദ്യത്തിനോ അടിമപ്പെട്ടവര്‍ അതില്‍ നിന്നും മോചിക്കപ്പെടാന്‍ വിഷമം നേരിടുന്നതും വേണ്ടും പഴയപടി ആകാന്‍ ഇടയാക്കുന്നതും. ഡോ. ഹരി എസ് ചന്ദ്രന്‍ മാതൃഭുമിയില്‍ എഴുതിയ 'മയക്കു മരുന്നുകള്‍ രുചിച്ചു നോക്കുന്നവര്‍ 'എന്ന ലേഖനം വായിക്കുക

മദ്യം പലരിലും പല തരത്തിലുള്ള മാറ്റങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. ചിലരില്‍ അത് സന്തോഷവും മറ്റു ചിലരില്‍ കോപവും കുറ്റകൃത്യം ചെയ്യാനുള്ള പ്രവണതയും ഉണ്ടാക്കുന്നു. ശരീരത്തിന് ഏല്‍പ്പിക്കുന്ന ദോഷവശങ്ങള്‍ കൂടാതെ കുടുംബത്തിനും സാമുഹിക ജീവിതത്തിനും എല്‍പ്പിക്കുന്ന ആഘാതവും അമിത മദ്യപാനത്തെ ഒരു സാമൂഹിക വിപത്താക്കുന്നു. പൊതുവെ കുറ്റകൃത്യ വാസന ഉള്ളവര്‍ക്ക് മദ്യം ചെറിയ അളവില്‍ പോലും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ കാരണമാക്കുന്നു. മദ്യം ജനിപ്പിക്കുന്ന ലൈംഗിക ഉത്തേജനം അവരെ പീഡനങ്ങളില്‍ ചെന്നെത്തിക്കാം.

മുകളില്‍ പറഞ്ഞ മദ്യത്തിന്റെ ദോഷവശങ്ങള്‍ കണക്കിലെടുത്താല്‍ മദ്യം നിരോധിക്കപെടെണ്ടതല്ലേ എന്ന് ചിന്തിച്ചേക്കാം. മദ്യത്തിന്റെ ഉപയോഗത്തിന് ശേഷം ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ കാരണക്കാരന്‍ മദ്യമാണോ? മദ്യം കഴിക്കുന്ന എല്ലാവരും മോശമായി പെരുമാറുകയോ കുറ്റങ്ങള്‍ ചെയ്യുകയോ ഇല്ലല്ലോ? യഥാര്‍ത്ഥ കാരണം ഒരു വ്യക്തിയില്‍ അടങ്ങിയിരിക്കുന്ന സ്വഭാവം തന്നെ ആണ്. മദ്യം ആ വ്യക്തിയെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകറ്റുകയും കുറ്റകൃത്യം ചെയ്യാനുള്ള ധൈര്യം നല്‍കുകയും ചെയ്യുന്നു എന്ന് മാത്രം.

ഞാന്‍ ഇവിടെ പറഞ്ഞു വരുന്നത് എല്ലാവരും ഇടയ്‌ക്കൊക്കെ മദ്യപിക്കണം എന്നും അത് നല്ലതാണു എന്നും അല്ല. മദ്യം എന്നത് ഒരു ഭീകര വസ്തു അല്ല എന്നും അതിന്റെ ദുരുപയോഗമാണ് വ്യക്തിയിലും കുടുംബത്തിലും അതുപോലെ സമൂഹത്തിലും അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് എന്നുമാണ്. അപ്പോള്‍ നമുക്ക് വേണ്ടത് മദ്യ നിരോധനം അല്ല. ആരോഗ്യകരമായി മദ്യം ഉപയോഗിക്കുന്ന ഒരു സമൂഹമാണ്.

ഈ പറഞ്ഞ കാര്യങ്ങള്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രാവര്‍ത്തികമല്ല എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ്. ലോകത്തില പല രാജ്യങ്ങളും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും മദ്യ നിരോധനം നടപ്പാക്കിയിട്ടുണ്ട്. സമ്പൂര്‍ണ്ണ മദ്യനിരോധനം ഉള്ള സൗദി അറേബ്യയിലും മദ്യ നിയന്ത്രണം ഉള്ള നമ്മുടെ ഗുജറാത്തിലും വേണ്ടവന് യഥേഷ്ടം മദ്യം ലഭിക്കും. പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഒരു സമൂഹത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നിലവില്‍ വന്നാല്‍ അശാസ്ത്രീയമായി കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കപ്പെടും. ഇത് വ്യക്തികള്‍ക്കു കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക. അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന മദ്യങ്ങള്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്നത് നമുക്ക് പുതിയ വാര്‍ത്ത ഒന്നുമല്ല.

മദ്യ രാജാക്കന്മാരെയും നിയമ ലംഘകരെയും കൈക്കൂലി കൊടുക്കുന്നവരേയും വാങ്ങുന്നവരെയും ആണ് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. അമിത നിയമങ്ങളും ലൈസന്‍സ് ലഭിക്കാനുള്ള വന്‍ ചിലവും കൂടാതെ ഈ നിയന്ത്രണങ്ങളെ മറികടക്കാന്‍ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊടുക്കേണ്ട പടികളും കൂടെ ആകുമ്പോള്‍ അബ്കാരികള്‍ വ്യാജമദ്യം ഉണ്ടാക്കി വില്‍ക്കുന്നവരും നികുതി വെട്ടിപ്പുകാരും ആകുന്നു. സാധാരണക്കാരന്‍ ഇടയ്ക്കു ഉപയോഗിക്കുന്ന ഈ വസ്തു ബുദ്ധിപൂര്‍വ്വമല്ലാത്ത നിയന്ത്രണങ്ങളിലൂടെ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും അബ്കാരികള്‍ക്കും എന്നും സമ്പത്ത് കുന്നുകൂട്ടാനുള്ള ഒരു ഉറവിടമായി നിലനില്ക്കുന്നു.
നിരോധനമോ നിയന്ത്രണങ്ങളോ മദ്യ വര്‍ജ്ജിത സമൂഹത്തെ ഒരിക്കലും സൃഷ്ട്ടിക്കുന്നില്ല. മറിച്ച് നിയമങ്ങള്‍ തെറ്റിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട, കൈക്കൂലി കൊടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കിയെടുക്കുക മാത്രമാണ് ചെയ്യുന്നത്. മദ്യം വര്‍ജജിക്കാനും അല്ലെങ്കില്‍ അനിയന്ത്രിതമായ ഉപയോഗം ഒഴിവാക്കാനും ഉള്ള ബോധവല്‍ക്കരണം ആയിരിക്കും നിരോധനത്തെക്കാളും ഫലപ്രദം.

വീര്യം കൂടിയ വിസ്‌കി, റം, ബ്രാണ്ടി തുടങ്ങിയവയ്ക്ക് കൂടുതല്‍ നികുതി ചുമത്തുകയും അവയെ അപേക്ഷിച്ച് ബീയര്‍ വൈന്‍, കള്ള് തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുകയാണ് ഒരു വഴി. എല്ലാ തരത്തിലും ഉള്ള മദ്യത്തിനു വലിയ തോതില്‍ വില വര്‍ദ്ധിപ്പിക്കുന്നത് കുറഞ്ഞ സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് നിരോധനത്തിന് സമാനം ആണ്. ഇതുകൊണ്ട് ഗുണത്തെക്കാള്‍ കൂടുതല്‍ ദോഷമേ ചെയ്യു.

മദ്യം കഴിച്ചുള്ള പൊതുസ്ഥലത്തെ കൊപ്രയങ്ങള്‍ക്കും വാഹനം ഓടിക്കുന്നതിനും കടുത്ത ശിക്ഷ ലഭിക്കണം. മദ്യം വളരെ സുലഭമായ പാശ്ചാത്യ രാജ്യങ്ങളില്‍ (അവിടെ മദ്യം 16 വയസു തികഞ്ഞ ആര്ക്കും സൂപ്പര്‍ മര്‍ക്കറ്റീല്‍ നിന്നു പോലും വാങ്ങാം) മദ്യപിച്ചു വാഹനം ഓടിക്കുന്ന പ്രവണത താരതമ്യേന കുറവാണ്. ഇതിനു കാരണം വളരെ കടുത്ത ശിക്ഷ തന്നെ ആണ്. ഇത് കൂടാതെ മദ്യം ഉല്ലാസത്തിനും ആഘോഷത്തിനും കഴിക്കാവുന്ന ഒന്നാണെന്നും, മദ്യപിച്ച ശേഷം ഉള്ള െ്രെഡവിങ്ങ് തെറ്റാണെന്നും പഠിച്ചു വന്ന ഒരു സമൂഹം ഉത്തരവാദിത്തത്തോടെ മദ്യപിക്കുന്നു. എന്നാല്‍ മദ്യം ഒളിച്ചു കഴിക്കേണ്ട ഒന്നാണെന്നും അത് ആവശ്യത്തിനു ലഭിക്കണമെങ്കില്‍, കൈവശം വയ്ക്കണമെങ്കില്‍ നിയമങ്ങള്‍ തെറ്റിക്കണം എന്നും പഠിച്ചു വന്ന ഒരു സമൂഹം മദ്യപിച്ച ശേഷം വാഹനം ഓടിക്കരുത് എന്ന നിയമം മാത്രം അനുസരിച്ചാല്‍ അത് അത്ഭുതം എന്നേ പറയാന്‍ പറ്റു.

ചുരുക്കത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം പ്രവര്‍ത്തികം അല്ലാത്ത ഒരു ആശയം ആണ് . മദ്യം വര്‍ജ്ജിക്കാനുള്ള ബോധവല്‍ക്കരണവും അല്ലെങ്കില്‍ ഉത്തരവാദിത്തത്തോടെ മദ്യം ഉപയോഗിക്കുന്ന ഒരു മദ്യപാന സംസ്‌കാരം മാത്രം ഉണ്ടാകാന്‍ ഉള്ള നയങ്ങളും ആണ് നമുക്ക് വേണ്ടത്.

 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -