കന്യാകുമാരിയില്‍ തെറിച്ചു വീണ ചോരത്തുള്ളികളാണ് കിലോമീറ്ററുകള്‍ക്കകലെ കൂടംകൂളത്തിനെതിരെ പ്രക്ഷോഭത്തിന്റെ കനലാളി ഇടിന്തകരൈയിലെ ഇന്നും നിലയ്ക്കാത്ത ആരവമായത്. ആ ചോരപ്പാടിന്റെ വയസ്സളന്നാല്‍ ഈ മേയ് ദിനത്തില്‍ കാല്‍നൂറ്റാണ്ട് തികയും. കൂടംകുളം ആണവനിലയം സ്ഥാപിക്കുന്നതിനെതിരെയുള്ള ആദ്യത്തെ സംഘടിതസമരം നടന്നത് 25 വര്‍ഷം മുമ്പാണ്.
ഇടിന്തകരൈയിലെ വീടിന്റെ ചുവരില്‍ വിള്ളലുണ്ടായപ്പോള്‍ രാജ് ലിയോണ്‍ കടല്‍മണ്ണും സിമന്റും കുഴച്ച് ഒരു ഇടച്ചുവരുണ്ടാക്കി. മാസങ്ങള്‍ അധികമായില്ല. പൊട്ടിയും പൊടിഞ്ഞും ചുവര്‍ഭാഗങ്ങള്‍ നശിച്ചു തുടങ്ങി. കുറച്ചുകൂടി ബലത്തില്‍ ഇനിയും ചുവരുണ്ടാക്കാമല്ലോയെന്ന് സമാശ്വസിക്കുമ്പോഴും ലിയോണിന്റെ മനസ്സിലെ ആധിയടങ്ങുന്നില്ല. ഇടച്ചുവരു പോലെ ഒരു അണുനിലയം കെട്ടിപ്പൊക്കിയാല്‍ എങ്ങനെയിരിക്കും? ഒരു ചുവരിടിയും പോലെ നിസ്സാരമാവില്ല അതിന്റെ ദുരന്തമെന്നോര്‍ക്കുമ്പോള്‍ ലിയോണ്‍ മാത്രമല്ല, ഒരു പ്രദേശമൊന്നാകെ പകച്ചു നില്‍ക്കുന്നു. തലമുറകളിലേയ്ക്കു നീളുന്ന, വരാനിരിക്കുന്ന വിപത്തിനെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഇടിന്തകരൈയിലെ സമരസമൂഹം. കൂടംകുളം ആണവനിലയം തുറക്കാന്‍ സമ്മതിക്കില്ലെന്ന്, കൂട്ടംകൂടി കാവലിരുന്ന് രാജ്യത്തെ ജാഗ്രതപ്പെടുത്തിക്കൊണ്ടിരിക്കുന്ന മുക്കുവജനത.
കൂടംകുളം നിലയത്തിന്റെ ഒരു കരാറുകാരന്‍ കടല്‍മണ്ണില്‍ സിമന്റും ചേര്‍ത്ത് കെട്ടിടഭാഗം നിര്‍മ്മിക്കുന്നത് നേരിട്ടറിഞ്ഞ അനുഭവത്തില്‍ നിന്നാണ് ലിയോണിന്റെ ഭീതി. കടല്‍ത്തീരത്തുള്ള കെട്ടിടങ്ങള്‍ പൊതുവെ ദുര്‍ബലമാവുമെന്നിരിക്കേ, ഇതുപോലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ച് ആണവനിലയത്തിനടുത്ത് എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങുമെന്നാണ് ഈ ജനക്കൂട്ടത്തിന്റെ പേടി. അവര്‍ ഉറക്കമില്ല. സമൂഹത്തെയാകെ അവര്‍ ഉണര്‍ത്തിവിട്ടിരിക്കുന്നു. 106 വര്‍ഷം പഴക്കമുള്ള ലൂര്‍ദ്ദ് മാതാ ദേവാലയത്തിനു മുന്നിലെ ഓലപ്പന്തലില്‍ കുത്തിയിരിപ്പു തുടങ്ങിയിട്ട് അറുനൂറിലേറെ ദിവസങ്ങളായി. ഇതുവരെ സര്‍ക്കാരോ രാഷ്ട്രീയപ്പാര്‍ട്ടികളോ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
കന്യാകുമാരിയില്‍നിന്ന് കൂടംകുളത്തേയ്ക്ക് ഇരുപതു കിലോമീറ്ററിലേറെ വരില്ല. മൂന്നു സമുദ്രങ്ങളും സംഗമിച്ച് കാഴ്ചയുടെ വിസ്മയവും അനുഭവത്തിന്റെ അനുഭൂതിയുമായി കന്യാകുമാരി കടല്‍ക്കര ആരെയും കൊതിപ്പിക്കും. എന്നാല്‍, ഇവിടെ തെറിച്ചു വീണ ചോരത്തുള്ളികളാണ് കിലോമീറ്ററുകള്‍ക്കകലെ കൂടംകൂളത്തിനെതിരെ പ്രക്ഷോഭത്തിന്റെ കനലാളി ഇടിന്തകരൈയിലെ ഇന്നും നിലയ്ക്കാത്ത ആരവമായത്. ആ ചോരപ്പാടിന്റെ വയസ്സളന്നാല്‍ ഈ മേയ് ദിനത്തില്‍ ഇരുപത്തഞ്ചു വര്‍ഷമാവും. കൂടംകുളം ആണവനിലയം സ്ഥാപിക്കുന്നതിനെതിരെയുള്ള ആദ്യത്തെ സംഘടിതസമരം.
ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ നിന്നും ബംഗാളില്‍ നിന്നുമായി പുറപ്പെട്ട ജാഥകള്‍ 1989 മേയ് ഒന്നിന് കന്യാകുമാരിയില്‍ സംഗമിച്ചിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു അരലക്ഷത്തോളം പേര്‍ അണിനിരന്ന മുന്നേറ്റം. പ്രകടനം കന്യാകുമാരി പോലീസ് സ്‌റ്റേഷനു മുന്നിലെത്തിയപ്പോള്‍ ചെറിയ സംഘര്‍ഷം. ഈ അവസരം മുതലാക്കി പോലീസ് തുരുതുരെ വെടിവെച്ചു. തികച്ചും സമാധാനപരമായി നീങ്ങിയവര്‍ക്കിടയിലേയ്ക്ക് ആണവനിലയത്തെ അനുകൂലിക്കുന്നവര്‍ നുഴഞ്ഞു കയറി ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയായിരുന്നുവത്രേ. പോലീസ് വെടിയുതിര്‍ത്ത് സമരക്കാരെ തുരത്തി. രണ്ടു പേര്‍ രക്തസാക്ഷികളായി. ആ ചോര വെറുതെയായില്ല. ആബാലവൃദ്ധം ജനത ഇന്നും പ്രക്ഷോഭത്തിന്റെ പതാകയേന്തുന്നു, കന്യാകുമാരിയുടെ ഇങ്ങേത്തലയില്‍, ഇടിന്തകരൈയിലെ സമരപ്പന്തലില്‍.
അന്നത്തെ സമരത്തെക്കുറിച്ച് മാഗ്ലിന്‍ പീറ്റര്‍ എന്ന മലയാളി ഓര്‍ക്കുന്നു. 'ആയിരകണക്കിനു പേര്‍ കടല്‍ക്കരയില്‍ തടിച്ചു കൂടിയിരുന്നു. 'ജലം സംരക്ഷിക്കൂ, ജീവന്‍ രക്ഷിക്കൂ' എന്ന മുദ്രാവാക്യത്തില്‍ നടന്ന ജാഥകളുടെ സംഗമവും സമാപനവും. ആട്ടവും പാട്ടുമൊക്കെയായി ഒരു സമരസാഗരം ആര്‍ത്തിരമ്പി. ജാഥ പോലീസ് സ്‌റ്റേഷനു മുന്നിലേയ്ക്കു നീങ്ങവേ ഒരു സര്‍ക്കാര്‍ വാഹനം ഇടയില്‍ കയറ്റിക്കൊണ്ടു പോവാന്‍ ശ്രമമുണ്ടായി. പ്രകോപനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ബഹളത്തിനിടയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ നിന്നും കല്ലുകള്‍ ജനക്കൂട്ടത്തിനിടയില്‍ വന്നു വീണു. പോലീസ് ലാത്തിച്ചാര്‍ജ്ജും വെടിവെപ്പും തുടങ്ങി. ഗായകസംഘത്തിലായിരുന്നു ഞാന്‍. തൊട്ടടുത്തുണ്ടായിരുന്ന ഇഗ്നേഷ്യസിന് കാല്‍പ്പാദത്തില്‍ വെടിയേറ്റു. കുട്ടികളും സ്ത്രീകളുമൊക്കെ സമരത്തിലുണ്ടായിരുന്നു. കുറെപ്പേര്‍ ചിതറിയോടി. ഏറെ നേരത്തിനു ശേഷം തൊട്ടടുത്തെ മൈതാനത്തു തടിച്ചുകൂടി എല്ലാവരും കൈകോര്‍ത്തു പിടിച്ച് നിന്നതും സമരത്തിന്റെ ആവേശകരമായ അനുഭവം.'
അന്നത്തെ സമരത്തില്‍ പങ്കെടുത്ത പീറ്റര്‍ മില്‍ട്ടണ്‍, രത്‌നം, മെല്‍റിട്ടസ് തുടങ്ങിയ ഒട്ടേറെപ്പേരെ ഇന്ന് ഇടിന്തകരൈയിലെ സമരപ്പന്തലില്‍ ചെന്നാല്‍ കാണാം. അന്നത്തെ വെടിയൊച്ച ഇന്നും അവരുടെ കാതുകളില്‍ മുഴങ്ങുന്നു. ഇപ്പോഴും ഏതു നേരവും തങ്ങളുടെ നെഞ്ചു തുളച്ചെത്താനിടയുള്ള ഒരു വെടിയുണ്ടയ്ക്ക് അവര്‍ കാത്തിരിക്കുന്നു. എങ്കിലും കണ്ണില്‍ സമരത്തിന്റെ കനലാളി അവര്‍ പറയും.- 'ഇതു തുറക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇവിടെ നിന്നും ഉദയകുമാറിനെ പിടിച്ചു കൊണ്ടുപോയാലും പ്രതിഷേധമടങ്ങില്ല. ഒരുപാട് ഉദയകുമാരന്മാരും ഉദയകുമാരിമാരും ഇനിയുമിവിടെ ജനിക്കും.' കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും മുഖ്യധാരാപാര്‍ട്ടികളും മുഖം തിരിച്ചിട്ടും ഇനിയും പിന്തിരിയാതെ നിശ്ചയദാര്‍ഢ്യത്തോടെ സമരരംഗത്തു നില്‍ക്കാന്‍ ഇടിന്തകരൈയിലും കൂടംകുളത്തുമൊക്കെയുള്ള ആയിരങ്ങള്‍ തീരുമാനിച്ചതെന്തിനാണ്? അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണ് അതിനുള്ള മറുപടി. ലീലയും ജോസഫും രത്‌നവും കെബിസ്്റ്റണും ജസീന്തയുമൊക്കെ ചോദിച്ച ചോദ്യങ്ങള്‍. അടുത്തിടെയും കേന്ദ്രമന്ത്രി നാരായണസ്വാമി പറഞ്ഞു, കൂടംകുളം നിലയത്തിന്റെ വാല്‍വു പൊട്ടിയിട്ടുണ്ടെന്ന്. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു, ആണവനിലയത്തിന് സുരക്ഷാപ്രശ്‌നമില്ലെന്ന്. അതെങ്ങനെ ഞങ്ങള്‍ വിശ്വസിക്കും? മൂന്നു മാസത്തിനുള്ളില്‍ അവിടെ (പ്ലാന്റില്‍) ജോലിക്കിടെ അഞ്ചു പേര്‍ മരിച്ചു. ഇതിന്റെയൊന്നും കാരണം സര്‍ക്കാര്‍ പറയുന്നില്ല. എന്തിനാണ് അതൊക്കെ അവര്‍ മറച്ചുവെയ്ക്കുന്നത്? കടല്‍മണ്ണും സിമന്റും ചേര്‍ത്തു കെട്ടിടം നിര്‍മ്മിക്കുന്ന ഞങ്ങള്‍ക്കറിയാവുന്ന ഒരു കരാറുകാരന്‍ അവിടെ നിര്‍മ്മാണജോലികള്‍ ചെയ്തു. ഇങ്ങനെയുള്ളവര്‍ നിര്‍മ്മിക്കുന്ന ആണവനിലയം പൊട്ടില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണോ? ജപ്പാനില്‍ സുനാമിയടിച്ചല്ലേ ആണവദുരന്തമുണ്ടായത്.
2004ല്‍ ഇന്തോനേഷ്യയില്‍ സുനാമിയടിച്ചപ്പോള്‍ ആറു മണിക്കൂറിനുള്ളില്‍ കന്യാകുമാരിയിലെത്തി നാശം വിതച്ചു, രണ്ടു ജീവനുകളെടുത്തു. ഞങ്ങളുടെ വീടും ബോട്ടുമൊക്കെ കടല്‍ നക്കിത്തുടച്ചു. ഇനിയും സുനാമി വരില്ലെന്ന് എങ്ങനെയാണ് സര്‍ക്കാര്‍ ഉറപ്പു പറയുക? സുനാമിയടിച്ചപ്പോള്‍ ഡ്രൈവര്‍മാര്‍ സമ്മതിക്കാത്തതിനാല്‍ ഒരു സര്‍ക്കാര്‍ വാഹനവും ഇവിടെ സഹായത്തിനെത്തിയില്ല. മരിച്ചവരെ വെള്ള പുതപ്പിക്കാന്‍ പോലും സര്‍ക്കാരിന്റെ ആരുമുണ്ടായില്ല. ആണവനിലയം പൊട്ടിയാല്‍ ആരാണ് ഞങ്ങളെ സഹായിക്കാന്‍ ഓടിയെത്തുക? ഇവിടെ നിന്നും ഒന്നരക്കിലോമീറ്റര്‍ ദൂരമേ നിലയത്തിലേയ്ക്കുള്ളൂ. ആണവനിലയത്തിന്റെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമൊക്കെ 12 കിലോമീറ്റര്‍ ദൂരെയുള്ള ടൗണ്‍ഷിപ്പില്‍ താമസിക്കുന്നു. ആണവനിലയത്തിനടുത്തു താമസിക്കാതെ അവര്‍ ഒഴിഞ്ഞു പോയത് പേടിച്ചിട്ടല്ലേ? ഞങ്ങള്‍ സ്വന്തം ചെലവില്‍ വീടും ബംഗ്ലാവും കെട്ടിത്തരാം. ഈ കേന്ദ്രമന്ത്രിമാര്‍ക്ക് ഇവിടെ വന്നു താമസിക്കാന്‍ ധൈര്യമുണ്ടോ? കാറ്റും സൂര്യവെളിച്ചവുമൊക്കെ വേണ്ടുവോളമുള്ളപ്പോള്‍, എന്തിനാണ് ആണവോര്‍ജ്ജം തന്നെ വേണമെന്ന് വാശി? ആണവനിലയം സുരക്ഷിതമാണെങ്കില്‍ ഉടന്‍ തുറക്കാനിരിക്കുന്ന നിലയത്തില്‍ ഇപ്പോഴും നിര്‍മ്മാണം നടക്കുന്നത് എന്തിനാണ്? നിലയം സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്തുവെന്ന് ഞങ്ങളോടു സര്‍ക്കാര്‍ വന്നു വിശദീകരിക്കട്ടെ. സ്വന്തം ഭൂമിയില്‍ എന്തു വരണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ? സമരം തുടങ്ങി ഇത്രനാളായിട്ടും ഒരു സര്‍ക്കാര്‍ പ്രതിനിധി പോലും ഞങ്ങളുടെ അടുത്തു വരാത്തതെന്താണ്? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ ഇടിന്തകരൈയില്‍ നിന്നുയരുമ്പോള്‍ കൂടംകുളം സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ ശബ്ദം ഇതിനൊന്നും ഉത്തരമാവുന്നില്ല.
മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്താത്ത കാരണങ്ങളെച്ചൊല്ലി ഇനിയും കൂടംകുളം കമ്മിഷന്‍ ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. ആത്മാഹൂതിക്കു തയ്യാറായി നില്‍ക്കുന്ന ആയിരങ്ങളുടെ പ്രക്ഷോഭത്തിന്റെ വന്‍മതില്‍ മാത്രമല്ല, ആണവവാദികള്‍ക്ക് ആത്മവിശ്വാസം വരാത്ത എന്തൊക്കെയോ ഇനിയും ഉള്ളറകളിലുണ്ട്. അടുത്തിടെയുള്ള വാര്‍ത്തകള്‍ ഇതു ശരിവെയ്ക്കുന്നതായിരുന്നു. കൂടംകുളം നിലയത്തിന് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത റഷ്യയിലെ സിയൊ-പൊഡാള്‍സ്‌ക് കമ്പനിയുടെ സംഭരണഡയറക്ടര്‍ സെര്‍ജി ഷൂട്ടോവ് അറസ്റ്റിലായി. നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ കൂടുതല്‍ വിലയ്ക്ക് പണം തട്ടിയ കേസില്‍ ഷുട്ടോവിനെ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് അറസ്റ്റു ചെയ്തുവെന്ന് നോര്‍വ്വെ കേന്ദ്രമായുള്ള പരിസ്ഥിതി സംഘടനയായ ബെല്ലോണ ഫൗണ്ടേഷന്‍ പുറത്തുവിട്ടു. ഇന്ത്യ, ഇറാന്‍, ബള്‍ഗേറിയ, ചൈന എന്നിവിടങ്ങളിലൊക്കെ ഇത്തരം ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സംശയം ബലപ്പെടുന്നു. ഇന്ത്യയിലേയ്ക്കും ഇതേ ഉപകരണങ്ങള്‍ എത്തിയിട്ടുണ്ടെന്നും കൂടംകുളം നിലയം തുറക്കാത്തതിന് ഇതൊരു കാരണമാവാമെന്നുമാണ് ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ഡോ.എ.ഗോപാലകൃഷ്ണന്റെ നിരീക്ഷണം. സിയോ-പൊഡാള്‍സ്‌കിനെക്കുറിച്ചു ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്ന ആണവോര്‍ജ്ജ വകുപ്പിന്റെയും ആണവോര്‍ജ്ജ കോര്‍പ്പറേഷന്റെയും പെരുമാറ്റത്തില്‍ ഇത്തരം സംശയങ്ങള്‍ ഇരട്ടിച്ചു. ആണവനിലയത്തിലെ ചില വാല്‍വുകള്‍ ഗുരുതരമായ തകരാറുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. മന്ത്രി നാരായണസ്വാമി പറഞ്ഞതും ഇതു തന്നെയാാവാം. തുറക്കാന്‍ തയ്യാറായിരിക്കുന്ന ഒരു ആണവനിലയത്തിന് ഇത്തരം ഗുരുതരവീഴ്ചകള്‍ സംഭവിച്ചിട്ടുള്ളത് കൂടംകുളത്തേത് അപകടനിലയമാണെന്നതിന്റെ തെളിവുകളായി.
അണുബോംബുകളേക്കാള്‍ വിനാശകരമാണ് ആണവറിയാക്ടര്‍ പൊട്ടിത്തെറിച്ചാലുള്ള ദുരന്തം. കൂടംകുളം നിലയത്തെക്കുറിച്ചുള്ള ആശങ്ക അസ്ഥാനത്തുള്ളതല്ല. ഇതുവരെയും ഒരു സ്വതന്ത്ര വിദഗ്ധസമിതി ആണവനിലയത്തിന്റെ സുരക്ഷ വിലയിരുത്തിയിട്ടില്ല. അതിനാവട്ടെ, സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. സുരക്ഷാഭീതിയെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മറുപടിയുമില്ല. റിയാക്ടര്‍ പ്രഷര്‍ വെസ്സല്‍സ് (ആര്‍.പി.വി) എന്ന ഉപകരണമാണ് ആണവ റിയാക്ടറുടെ ഹൃദയഭാഗം. കൂടംകുളം നിലയത്തിന്റെ ആര്‍.പി.വി സുരക്ഷിതമല്ലെന്ന് മുമ്പുള്ള പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആണവനിലയത്തിന്റെ പ്രത്യേകതയ്ക്കും രൂപഘടനയ്ക്കും അനുയോജ്യമായിട്ടാണ് ഈ ആര്‍.പി.വി നിര്‍മ്മിക്കുക. ആര്‍.പി.വിയുടെ ബെല്‍റ്റ് ലൈനില്‍ വെല്‍ഡിങ്ങും ഉണ്ടാവാന്‍ പാടില്ല. എന്നാല്‍, കൂടംകുളത്തേയ്ക്കു കൊണ്ടുവന്ന ആര്‍.പി.വിയുടെ ബെല്‍റ്റ് ലൈനില്‍ ആറ് വെല്‍ഡിങ്ങുകള്‍ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഒരു സുപ്രധാന ഉപകരണത്തിന്റെ നിര്‍മ്മാണത്തിലുള്ള വീഴ്ച വെറുമൊരു നിസ്സാരകാര്യമായി കാണാനാവില്ല. ആര്‍.പി.വി നിര്‍മ്മാണം കഴിഞ്ഞാല്‍ കാലതാമസമില്ലാതെ റിയാക്ടറുകളില്‍ സ്ഥാപിക്കണമെന്നതാണ് സുരക്ഷാവ്യവസ്ഥ. കൂടംകുളത്തേയ്ക്കു കൊണ്ടുവന്ന രണ്ട് ആര്‍.പി.വിയും സുരക്ഷാമാനദണ്ഡം പാലിക്കാത്തതിനാല്‍ ആണവോര്‍ജ്ജ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചില്ല. തുടര്‍ന്ന് നിലയത്തിന്റെ ഓരോ ആര്‍.പി.വിയും റിയാക്ടറില്‍ സ്ഥാപിക്കാന്‍ ഇരുപതിലേറെ മാസങ്ങളുടെ താമസമുണ്ടായി. ഇങ്ങനെ മുഖ്യമാനദണ്ഡങ്ങളുടെ ലംഘനം മുതല്‍ ചെറിയ കാര്യങ്ങളില്‍ വരെ പിഴവുള്ളതാണ് കൂടംകൂളം നിലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഓരോന്നും.
സോവിയറ്റു യൂണിയനുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ളതാണ് കൂടംകുളം നിലയം. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ മുമ്പുണ്ടായിരുന്ന 30 ആണവ റിയാക്ടറുകളുടെ ഉടമ്പടി റദ്ദാക്കിയത്രേ. അന്നു നിര്‍മ്മിക്കപ്പെട്ടവയില്‍ അധികം വന്ന റിയാക്ടറുകളിലൊന്നാവാം കൂടംകുളത്തെത്തിയതെന്നാണ് സംശയം. 1989 ല്‍ ആണവറിയാക്ടറുടെ സുരക്ഷാമാനദണ്ഡം സോവിയറ്റ് യൂണിയന്‍ പുതുക്കിയിരുന്നു. അപകടസാധ്യത കുറഞ്ഞവയാണ് ഈ മാനദണ്ഡമനുസരിച്ചുള്ള ആണവ റിയാക്ടറുകള്‍. എന്നാല്‍, ഇന്ത്യയിലെത്തിയിട്ടുള്ള റിയാക്ടര്‍ പുതിയ സുരക്ഷാമാനദണ്ഡം അംഗീകരിക്കുന്നതിനു മുമ്പുള്ളവയാണെന്നും അറിയുന്നു. അതുകൊണ്ടു തന്നെ ഈ റിയാക്ടറിന് അപകടസാധ്യത കൂടുമെന്നും നിരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ ശാസ്ത്രവശങ്ങളിലേയ്ക്കു കടന്നാല്‍ ഒട്ടേറെയാണ് കൂടംകുളം ഉയര്‍ത്തുന്ന ഭയാശങ്കകള്‍. ഇതൊക്കെ ഒരു ജനക്കൂട്ടം വിളിച്ചു പറയുന്നതാണോ അവരുടെ കുറ്റം!
കൂടംകുളം സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഉപായങ്ങള്‍ പലതായിരുന്നു. ആണവനിലയത്തിന്റെ പ്രദേശങ്ങളിലായി അരലക്ഷത്തോളം പേരുണ്ട്. ഇവരില്‍ പകുതി പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. ആര്‍ക്കും ഇടിന്തകരൈയ്ക്കപ്പുറം പോവാനാവില്ല. പോയാല്‍ പോലീസ് പിടിയിലാവും. അയ്യായിരത്തിലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം. സുന്ദരിയെന്ന മുക്കുവവനിതയുടെ പേരില്‍ മാത്രം 78 കേസുകള്‍. 98 ദിവസം അവരെ ജയിലിലിട്ടു. ഇപ്പോഴും അറസ്റ്റും ജയിലുമൊക്കെ തുടരുന്നു. യുവാക്കള്‍ക്ക് വിദേശജോലിക്കു പോവാന്‍ പാസ്‌പോര്‍ട്ടു നിഷേധിക്കുന്നു. ഇവിടേയ്ക്ക് പലയിടങ്ങളില്‍ നിന്നുണ്ടായിരുന്ന സര്‍ക്കാര്‍ ബസ്സുകളൊക്കെ സര്‍വ്വീസ് റദ്ദാക്കി. രോഗം വന്നാല്‍ ചികിത്സയ്ക്കണമെങ്കില്‍ ഒരു ഡിസ്‌പെന്‍സറി മാത്രമാണ് ആശ്രയം.
ഇങ്ങനെ ജനിച്ച മണ്ണില്‍ ജീവിക്കാനായി സമരം ചെയ്തവരെ സര്‍ക്കാര്‍ ഒരു തുരുത്തില്‍ ഒറ്റപ്പെടുത്തി അസുരനിര്‍വൃതിയടഞ്ഞു. പക്ഷെ, പോരാട്ടത്തില്‍ നിന്ന് അവര്‍ക്കാര്‍ക്കും പിന്മാറ്റമില്ല. ഇപ്പോള്‍ ഒരു പോലീസും ഇടിന്തകരൈയില്‍ വരാന്‍ ധൈര്യപ്പെടാറില്ല. കടല്‍ത്തിര പോലെ വെവ്വേറെ വ്യക്തിജീവിതങ്ങളാണെങ്കിലും കടലിരമ്പം പോലെ ഒന്നാണ് അവരുടെ ഹൃദയവികാരം. സാഗരക്കരയില്‍ ഒന്നിച്ചിരുന്ന് അവര്‍ ജീവിതത്തിന്റെ ഉപ്പു വീണ്ടെടുക്കാന്‍ പൊരുതുന്നു. കന്യാകുമാരിയിലെ സമരഭൂമികയില്‍ അക്രമത്തിനിരയായി ഇടതുകൈമുട്ടില്‍ ഇന്നും മായാത്ത മുറിവടയാളം കാട്ടിത്തന്ന് മെല്‍റിട്ടസ് പറഞ്ഞു. 'ഈ കടലും കരയും കാക്കാനുള്ള സഹനത്തിലാണ് ഞങ്ങള്‍. അവര്‍ (പോലീസുകാര്‍) തോക്കുമായി വന്നപ്പോള്‍ ഞങ്ങളുടെ കൈയ്യില്‍ വെറും മണ്ണു മാത്രമേയുണ്ടായിരുന്നുള്ളൂ.'- കൂടംകുളമെന്ന അപായക്കുന്നിനരികില്‍ ഈ കരളുറപ്പാണ് അവരുടെ സമരായുധം.
(ചിത്രങ്ങള്‍ : മധുരാജ്)