സൗദി അറേബ്യയില്‍ നിതഖാത്ത് നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചിരിക്കുന്നു എന്നു രാജാവിന്റെ ഉത്തരവ് വന്നു. അതിനെ നമ്മുടെ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ സ്വാഗതം ചെയ്തിരിക്കുന്നു. നല്ലത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഞാന്‍. സൗദിയിലെ ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തിച്ചിരുന്നത് ബിനാമി അധ്യാപകര്‍ വഴി ആണ്. ജോലിചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ വിസയില്‍ കഴിയുന്ന ഭാര്യമാര്‍ സ്‌കൂളുകളിലും ആശുപത്രികളിലും വ്യാപകമായി ജോലി ചെയ്യുന്നു. കഴിഞ്ഞ ആഴ്ച തുടങ്ങിയ ശക്തമായ 'തിരച്ചില്‍' ഈ മേഖലകളെ ശക്തമായി ബാധിച്ചിരുന്നു. ജൂണ്‍ പകുതിയോടെ അവസാനിക്കുന്ന വിദ്യാഭ്യാസവര്‍ഷം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് റിയാദ് ഗവര്‍ണര്‍ രണ്ടു മാസത്തേക്ക് ഈ മേഖലയെ 'താല്‍കാലികമായി' ഒഴിവാക്കിയിത് എന്നാണ് പൊതുസമൂഹം മനസ്സിലാക്കുന്നത്. ആ ഉത്തരവിന്റെ ഒരു വ്യാപകമായ പ്രയോഗവല്‍കരണമാണ് ഇന്നത്തെ രാജാവിന്‍റെ അറിയിപ്പിലുള്ളത്. മാത്രമല്ല മൂന്നു മാസങ്ങള്‍ക്ക് ശേഷം 'നിതാഖാത്ത്' ശക്തമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതും ഇതിനോട് കൂട്ടി വായിക്കണം.
ഈ കാലയളവിനുള്ളില്‍ എല്ലാ വിദേശജീവനക്കാരും നിയമപ്രകാരമുള്ള വ്യവസ്ഥയിലെക്ക് മാറിയിരിക്കണം. കാലാവധി കഴിഞ്ഞു താമസിക്കുന്നവര്‍ തിരിച്ചുപോകണം, മറ്റു സ്‌പോണ്‍സറുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന 'ഫ്രീ വിസ'ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ് ചേഞ്ച് ചെയ്യണം, പ്രൊഫഷന്‍ മാറ്റാനുള്ളവര്‍ അത് മാറ്റിയെടുക്കണം, അതൊക്കെയാണ് നിയമപ്രകാരം ചെയ്യേണ്ടത്. മേല്‍പറഞ്ഞ മൂന്നു തരത്തിലുള്ള നിയമലംഘകരെയും ഇതു പാലിപ്പിക്കാന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി അധികാരികളും തൊഴിലാളികളും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് മൂന്നു മാസങ്ങള്‍ക്ക് ശേഷമായിരിക്കും എന്നതാണ് സാധാരണ കണ്ടുവരുന്ന പ്രവണത.
ഈ മൂന്ന് വിഭാഗത്തില്‍ പെട്ട ആളുകളില്‍ ഒന്നാം വിഭാഗക്കരാണ് ഏറ്റവും അധികം ഇവിടെ വിഷമം അനുഭവിക്കുന്നത്. കാരണം കാലാവധി കഴിഞ്ഞ അനധികൃത താമസക്കാര്‍ക്ക് ഔട്ട് പാസ് കിട്ടല്‍ വലിയ പ്രശ്‌നമാണ് സൗദിയിയില്‍്. ഇക്കൂട്ടര്‍ക്ക് വേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ 'പൊതുമാപ്' ലഭ്യമാകാന്‍ വേണ്ടി മുന്നോട്ടു ഇറങ്ങും എന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. കാരണം ഇത്തരത്തില്‍ ഇവിടെ കുടുങ്ങി കിടക്കുന്നവര്‍ എക്‌സിറ്റ് കിട്ടാന്‍ വേണ്ടി ഓടി കൊണ്ടിരിക്കുകയാണ്. ഞാന്‍ തന്നെ ഇതിന്റെ പിന്നില്‍ നടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി.നാളെ വരൂ, അടുത്ത ആഴ്ച വരൂ എന്നൊക്കെയാണ് സൗദി ഓഫീസുകളില്‍ നിന്നും എന്നും കേട്ട് കൊണ്ടിരിക്കുന്നത്. എപ്പോള്‍ എക്‌സിറ്റ് ലഭ്യമാകും എന്നതിന് ഇപ്പോഴും ഒരു ധാരണയില്ല.
കഴിഞ്ഞ ജൂണില്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞശേഷം കേരളത്തില്‍ വരാന്‍ കഴിയാത്തത് മൂലം വിദ്യാഭ്യാസം മുടങ്ങി നില്‍ക്കുന്നവര്‍ വരെ ഇവിടെ ഉണ്ട്. പലരും തങ്ങളുടേതല്ലാത്ത കാരണം മൂലമാണ് പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട പലരും 'അനധികൃത' ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെങ്കിലും 'എക്‌സിറ്റില്‍' പോകാന്‍ കഴിയാതെ കിടക്കുന്നവരും കുറവല്ല. അത്തരക്കാര്‍ അധികൃതരില്‍ നിന്നും ദയ കാത്ത് കിടക്കുകയാണ്.
രണ്ടാമത് പറഞ്ഞ 'ഫ്രീ വിസക്കാര്‍' കഫാലത്ത് നിര്‍ബന്ധമായും മാറേണ്ടാതാണ്. വിസ കച്ചവടം ചെയ്തു ജീവിക്കുന്നവര്‍ക്ക് വേണ്ടിയും പണിയെടുക്കാതെ ജീവിക്കുന്ന സൗദികള്‍ക്ക് വേണ്ടിയും ഉണ്ടായി വന്ന സമ്പ്രദായമാണ് ഫ്രീ വിസ (കൂലി കഫീല്‍) വ്യവസ്ഥിതി. അത് നിയമപ്രകാരമല്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണ് എല്ലാവരും ഇങ്ങോട്ട് വരുന്നത്. വിസക്ക് കാശുകൊടുത്ത് പുറത്ത് ജോലി ചെയ്ത് മാസാമാസം കഫീലിന് കൂലി കൊടുക്കുന്ന രീതി ഇനിയെങ്കിലും ഇവിടെ അവസാനിച്ചാല്‍ അതിന്റെ ഗുണം അനുഭവിക്കുക വിദേശികള്‍ തന്നെയാണ്. യഥാര്‍ഥ വിസകള്‍ സാധരണമാകുകയും ജോലിക്ക് സ്ഥിരത കൈവരികയും ചെയ്യും. ഈ നിലക്ക് എല്ലാവരും യഥാര്‍ഥ സ്‌പോണ്‍സറിലേക്ക് കഫാലത്ത് മാറുകയാണെങ്കില്‍ ആ നിലക്കുള്ള പ്രശ്‌നങ്ങളില്‍ നിന്നും തൊഴിലാളികള്‍ മുക്തരാകും. അതിനു ഈ കാലയളവില്‍ ജോലിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മൂന്നാമത് പറഞ്ഞ പ്രൊഫഷന്‍ പ്രശ്‌നം: ഇകാമയില്‍ പറഞ്ഞ അതെ ജോലി ആയിരിക്കണം തൊഴിലാളി ചെയ്യണ്ടത്. ഹൗസ് െ്രെഡവര്‍ വിസയിലുള്ള ആളുകള്‍ പുറത്ത് ടാക്‌സി ഓടിക്കുന്നതും ഷോപ്പുകളില്‍ ജോലിചെയ്യുന്നതും നിര്‍ത്തലാക്കുകയാണ്. സൗദിയില്‍ നടപ്പിലായി വരുന്ന '2400 ലെവി'യില്‍ നിന്നും ഹൌസ് െ്രെഡവര്‍മാര്‍ ഒഴിവാണ്. അവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഇകാമ പുതുക്കാം. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഇനി 'ഹൌസ് െ്രെഡവിങ്ങ്' മാത്രമേ പാടുള്ളൂ എന്ന് കര്‍ശനമാകുകയാണ്. അവര്‍ക്ക് പ്രൊഫഷന്‍ മാറാനുള്ള അവസരമില്ല. ഒന്നുകില്‍ ഹൗസ് െ്രെഡവര്‍ ജോലി അല്ലെങ്കില്‍ എക്‌സിറ്റില്‍ പോകുക. മറ്റു ആമിലുകള്‍ക്ക് പ്രൊഫഷന്‍ മാറി സ്വന്തം ജോലിയിലേക്ക് മാറാവുന്നതാണ്.
മൂന്നു വിഭാഗം ആളുകളെയും ബോധവല്‍ക്കരണം നടത്തി നിയമ വിധേയമാക്കാന്‍ എംബസികളെ മുന്‍നിര്‍ത്തി അധികാരികള്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ മൂന്നു വിഭാഗം ആളുകളും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക മൂന്നു മാസം കഴിയുമ്പോഴായിരിക്കും എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. യു.എ.ഇ. യിലെ പൊതുമാപ്പില്‍ എത്ര പേര്‍ നാട്ടില്‍ എത്തി എന്ന കണക്ക് തന്നെ ഇതിന് തെളിവ്. പൊതുമാപ്പിനു ശേഷവും അവിടെ തങ്ങുന്ന ധാരാളം പേരുണ്ട് എന്ന വസ്തുത നമ്മുടെ ആളുകള്‍ എത്രത്തോളം നിയമം പാലിക്കുന്നതില്‍ തല്‍പരരാണ് എന്ന് കാണിക്കുന്നു. ഒന്നാമത്തെ വിഭാഗത്തിലെ ആളുകളില്‍ ന്യൂനപക്ഷമെങ്കിലും നാട്ടില്‍ എത്താനുള്ള പൊതുമാപ്പ് എന്ന മരീചിക കാത്തു കിടക്കുകയാണ്. ിയമലംഘകരെ നാട്ടില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കുകയും മൂന്നു മാസത്തിനു ശേഷം ഉണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് പ്രവാസികളില്‍ മുന്‍ധാരണകള്‍ സൃഷ്ടിക്കുകയും വേണം.
അതിനു ശേഷം രാജാവ് പറഞ്ഞപോലെ തന്നെ മൂന്നു മാസത്തിനു ശേഷം 'നിതാഖാത്ത്' ശക്തമാക്കുകയും നിയമവ്യവസ്ഥകള്‍ കര്‍ശനമാക്കി നടപ്പില്‍ വരുത്തി 'നിയമലംഘകരെ' ശക്തമായി ശിക്ഷിക്കണം.