

ഒരുമാസത്തിലേറെയായി സന്ധ്യകഴിഞ്ഞാല്‍ കാസര്‍കോട്ടെ പത്രമോഫീസുകളിലേക്ക് ഏതു നിമിഷവും ഒരു കുറിയ മനുഷ്യനെ പ്രതീക്ഷിക്കാം. പലപ്പോഴും ചെരിപ്പിടാതെ മുഷിഞ്ഞ വേഷത്തില്‍. മുടി ചീകിയൊതുക്കിയിട്ടൊന്നുമുണ്ടാകില്ല. കയ്യിലെപ്പോഴും ഒരു കെട്ട് കടലാസുകളുണ്ടാകും. എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ 'തലവരകള്‍' കയ്യില്‍ കൊണ്ടു നടക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍. ഒരുപക്ഷെ ഈ മനുഷ്യനുണ്ടായിരുന്നില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ സമരം പുനരാരംഭിക്കുകയില്ലായിരുന്നു, അതിനിത്ര തീയും പുകയുമുണ്ടാവില്ലായിരുന്നു.
അമ്പലത്തറയില്‍ നിന്നും പുറപ്പെട്ട ഈ തീക്കാറ്റിന് നാല് പതിറ്റാണ്ടിന്റെ സമരകാഹളങ്ങളുടെ കഥപറയാനുണ്ട്. വീണ്ടുവിചാരങ്ങളില്ലാതെ നക്‌സല്‍ പ്രസ്ഥാനത്തിലേക്കെടുത്തു ചാടി. പിന്നീട് അതാണ് ശരി എന്ന് ജീവിതത്തില്‍ കുറിച്ചിട്ടു. കാലം ചെന്നപ്പോള്‍ രാഷ്ട്രീയ നിലപാടുകളിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ നിന്ന് പാളം തെറ്റി. കൗമാരത്തിലും യൗവ്വനത്തിലും ഇപ്പോള്‍ വാര്‍ദ്ധക്യത്തിലും കുഞ്ഞിക്കൃഷ്ണന്‍ സമരക്കനലുകള്‍ക്ക് മീതെ ഉറച്ച കാല്‍വെയ്‌പ്പോടെ നടക്കുകയാണ്.
'കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പ്രീഡിഗ്രി പഠന ശേഷം വെറുതെ നടന്ന കാലത്താണ് ഒരു സുഹൃത്ത് ചോദിക്കുന്നത്: നമുക്ക് നക്‌സലേറ്റ് ആയാലെന്താ? സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നവരാണ് നക്‌സലുകള്‍ എന്ന ബോധമാണ് ഞങ്ങളെ അതിലേക്ക് നയിച്ചത്' കുഞ്ഞിക്കൃഷ്ണന്‍പറഞ്ഞു തുടങ്ങി. അമ്പലത്തറയിലെ കുറച്ചു സുഹൃത്തുക്കളൊക്കെ ചേര്‍ന്ന് ഒരു സംഘമുണ്ടായി. വായനയും സംവാദങ്ങളും കൂട്ടുകൃഷിയുമൊക്കെയായി സംഘം വളര്‍ന്നു. ഭക്ഷ്യക്ഷാമമുണ്ടായ 1974 കാലത്ത് കുഞ്ഞികൃഷ്ണനും സംഘവും നെല്ലു കൊണ്ടു പോകുന്ന ലോറി പിടിച്ചെടുത്തു. ജന്മികളെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തവുമായി നടന്നപ്പോള്‍ ബോംബു കെട്ടാന്‍ പഠിച്ചു. പക്ഷെ പ്രയോഗിച്ചില്ല. ഉന്മൂലന സിദ്ധാന്തത്തോട് വിയോജിച്ചു. ഇതിനിടെ അടിയന്തരാവസ്ഥ വന്നു. കുഞ്ഞികൃഷ്ണനും സംഘവും അറസ്റ്റിലായി.
'കാലുകള്‍ കൂട്ടിക്കെട്ടി, തുട മുതല്‍ കാല്‍മുട്ടുവരെ ഉലക്ക കൊണ്ട് ഉരുട്ടല്‍. ചില്ലപ്പോള്‍ ഉലയ്ക്കക്ക് മുകളില്‍ പോലീസുകാരന്‍ കയറി നിന്നാവും ഉരുട്ടല്‍. ഉള്ളം കാലില്‍ ചൂരല്‍ കൊണ്ടുള്ള അടികള്‍. എഴുന്നേറ്റ് നടക്കാനാവത്തവിധം ദിവസങ്ങളോളം കിടന്നു പോയിട്ടുണ്ട്'. 51 ദിവസം കസ്റ്റഡിയിലും രണ്ടുമാസം ജയിലിലും കിടന്നു. അന്നത്തെ 24 കാരന്‍ കുഞ്ഞിക്കൃഷ്ണന്‍ അതിലൊന്നും തളര്‍ന്നില്ല. ജയിലിന് പുറത്ത് വന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്നവരൊക്കെ സി.പി.എം ആയിട്ടുണ്ടായിരുന്നു. പിന്നീട് സി.പി.ഐ-എം.എല്ലിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. അതിനു ശേഷം കെ.വേണുവിന്റെ നേതൃത്വത്തിലുള്ള സി.ആര്‍.സി.സി.പി.ഐ -എം.എല്ലില്‍ ചേര്‍ന്നു. കാഞ്ഞങ്ങാട്ടെ ബീഡിക്കമ്പനികള്‍ പൂട്ടിയതിനെതിരെ 15 ദിവസത്തെ നിരാഹാരം. സമരത്തിന് ഫലമുണ്ടായി. കമ്പനികള്‍ തുറന്നു.
1992 ആയപ്പോഴേക്കും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് മാറി. നാട്ടിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും പാവപ്പെട്ടവരെ സഹായിക്കാനുമായി സമയം നീക്കിവെച്ചു. വീട്ടുപറമ്പിലെ കൃഷിയും കാര്യങ്ങളും കശുവണ്ടിത്തൊഴിലാളിയായ ഭാര്യ രോഹിണിയുടെ വരുമാനവുമാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടു പോയിരുന്നത്. അതിപ്പോഴും ഏതാണ്ട് അങ്ങനെ തന്നെ. 'മക്കളായ സേതുവും സീതയും സന്ധ്യയും എന്റെ ജീവിതചര്യയോട് ചെറുപ്പത്തിലേ പൊരുത്തപ്പെട്ടിരുന്നു' ഒരു ചെറുചിരിയോടെ അറുപതുകാരന്‍ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ സമരം പുലരുന്നു
ചാലിയാര്‍ മലിനീകരണ പ്രശ്‌നവും സമരവും നടക്കുന്ന കാലത്ത് കുഞ്ഞികൃഷ്ണനും സംഘവും കാഞ്ഞങ്ങാട് മുതല്‍ കോഴിക്കോട് വരെ പദയാത്ര നടത്തി. അന്നു മുതലാണ് പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്. ജില്ലാ പരിസ്ഥിതി സമതി കാസര്‍കോട്ട് രൂപം കൊണ്ടപ്പോള്‍ കുഞ്ഞിക്കൃഷ്ണനും അതില്‍ അംഗമായി.
1998ല്‍ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പൊതുസമൂഹത്തിന് മുന്നിലേക്കെടുത്തിട്ടു. 'അന്ന് പെരിയയില്‍ ലീലാകുമാരിയമ്മ, പി.പി.പദ്മനാഭന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. ഞാനും പങ്കെടുത്തു. അന്നാണ് എന്റെ നാട്ടില്‍, കണ്‍മുന്നില്‍ ഇങ്ങനെയാരു പ്രശ്‌നം നടക്കുന്നത് അറിഞ്ഞത്. പരിസ്ഥിതി സമതി അന്ന് ഇതേക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചു. പെരിയയിലെ മാളത്തുമ്പാറ കോളനിയില്‍ കണ്ട കാഴ്ച്ച എന്റെ നെഞ്ചിനെ കൊളുത്തി വലിച്ചു. ജയകൃഷ്ണന്‍ എന്ന മൂന്നു വയസ്സുകാരന്‍. ജനിച്ചിട്ട് അന്നു വരെ അവന്‍ കരയുകയോ ചിരിക്കുകയോ ചെയ്തിരുന്നില്ല. മുടിയൊക്കെ നര കയറിയിരുന്നു. പിന്നിടൊരു ആറുമാസം കൂടിയെ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളു.'
അവിടന്നങ്ങോട്ട് കുഞ്ഞിക്കൃഷ്ണന്‍ എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ ഉറച്ച കണ്ണിയായി തീര്‍ന്നു. ' ഇത് ഭരണകൂടം ചെയ്തതാണ്. ജനകീയമായ മുന്നേറ്റങ്ങളാണ് ആവശ്യമെന്ന് മനസ്സിലായി. രാഷ്ട്രീയ ഇച്ഛാശക്തിയേക്കാള്‍ ജനങ്ങളുടെ ഇച്ഛാശക്തിയായിരുന്നു ഇതിന് ആവശ്യം. ഈ ചിന്തയില്‍ നിന്നാണ് 2003ല്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി രൂപം കൊള്ളുന്നത്. എന്നാല്‍ പ്രശ്‌നങ്ങളെ ജനകീയമാക്കുന്നതില്‍ വലിയ വിജയമൊന്നും അന്നുണ്ടായിരുന്നില്ല. 2004ല്‍ സിവിക് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ഒരു കണ്‍വെന്‍ഷന്‍ അമ്പലത്തറ ഹൈസ്‌കൂളില്‍ നടന്നു. അന്നാണ് കളക്ടറേറ്റ് മാര്‍ച്ച് തീരുമാനിക്കുന്നത്. വി.എസ്.അച്യുതാനന്ദന്‍ അത് ഉദ്ഘാടനം ചെയ്തു. അതൊരു മൈല്‍ക്കുറ്റിയായിരുന്നു. സമരത്തിന് ജനകീയമായ ദിശ നിര്‍ണയിക്കപ്പെട്ടു. വി.എസ്സിന്റെ ഇടപെടലിലൂടെ എന്‍ഡോസള്‍ഫാന്‍ സമരത്തിന് കേരള സമൂഹത്തില്‍ ഒരിടം തുറന്ന് കിട്ടി'
എന്നാല്‍ പിന്നീടങ്ങോട്ട് സമരങ്ങള്‍ കെട്ടടങ്ങി. അതിനിടെ പെരിയയില്‍ അമ്മമാരുടെ 22 ദിവസത്തെ സമരം നടന്നു. അത് പല കാരണങ്ങള്‍ കൊണ്ട് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. പിന്നീട് 2011ല്‍ എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണായി നിരോധിക്കപ്പെട്ടതോടെ എല്ലാം അവസാനിച്ചു എന്നൊരു തോന്നല്‍ പൊതുസമൂഹത്തിലും പ്രവര്‍ത്തകരിലുമുണ്ടായി.
പീഡിതര്‍ക്കുവേണ്ടി ഒരിക്കല്‍ കൂടി
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ കുതിര്‍ന്ന ഇരകള്‍ എങ്ങോട്ട് പോകും, അവരുടെ കാര്യങ്ങള്‍ ആരു നോക്കും? അക്കാര്യത്തിന് മാത്രം ഉത്തരമില്ലായിരുന്നു. അങ്ങനെയാണ് 2011ല്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി രൂപം കൊള്ളുന്നത്. ഇരകള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു മുന്നണി. നേരത്തെയുള്ള സമര മുന്നണികളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളില്ലായിരുന്നു. തിരുവനന്തപുരത്ത് 200 പേരടങ്ങുന്ന സംഘത്തിന്റെ സമരം നടന്നു. മേധാപട്ക്കറായിരുന്നു ഉദ്ഘാടക. അതില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും എന്‍ഡോസള്‍ഫാന്‍ ഇരകളായിരുന്നു.
പിന്നീടാണ് മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകളിന്‍മേല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത്. അഞ്ചു വര്‍ഷം കൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്കുള്ള ഉത്തരവ് നിര്‍ത്തലാക്കും വീണ്ടും സമരത്തിനിറങ്ങാന്‍ കുഞ്ഞികൃഷ്ണനും സംഘവും തീരുമാനിച്ചു. അങ്ങനെയാണ് ഇപ്പോഴത്തെ സമരം തുടങ്ങുന്നത്. കടുത്ത സമരത്തിനായിരുന്നു മുന്നണി ആദ്യം തീരുമാനിച്ചത്. എന്നാല്‍ തത്ക്കാലം അതുവേണ്ടെന്നും നിരാഹരസമരം മതിയെന്നാവുകയായിരുന്നു. സുഭാഷ് ചീമേനിയും കൃഷ്ണന്‍ പുല്ലൂരും നിരാഹാരം തുടങ്ങാന്‍ തയ്യാറായി. അവര്‍ക്കു ശേഷം ഡോ. ഡി.സുരേന്ദ്രനാഥ് കിടന്നു. പിന്നെയാണ് സമരത്തിന്റെ തീവ്രത കൂട്ടുന്ന രീതിയില്‍ എ.മോഹന്‍കുമാറിനെ പോലെ പ്രശസ്തനായ പരിസ്ഥിതി പ്രവര്‍ത്തകന്‍ നിരാഹരം കിടക്കുന്നത് തുടങ്ങി. പിന്നാലെ ഗ്രോ വാസുവും മോയിന്‍ ബാപ്പുവും.
'അംബികാസുതന്‍ മാങ്ങാടിനെ പോലൊരു എഴുത്തുകാരന്‍. ആക്ടിവിസ്റ്റ് എന്ന നിലയിലേക്കെത്തി ഈ സമരത്തിലെ പ്രധാനിയായി. സ്വന്തം ജോലി പോലും അവഗണിച്ച് എം.സുല്‍ഫത്തും ശോഭനയും സമരനാള്‍ വഴികളിലൂടെ ഒപ്പം നടക്കുകയാണ്. ഞാനിതില്‍ ഒരു കണ്ണിമാത്രമാണ്. ഒരു സമരനേതാവിന്റെ കീഴിലല്ല ഞങ്ങള്‍ നില്‍ക്കുന്നത്. ഞങ്ങളുടെ നേതാക്കള്‍ എന്‍ഡോസള്‍ഫാന്‍ വിഷത്തില്‍ സര്‍വ്വം നഷ്ടമായ ഇരകളാണ്' സമരത്തിന്റെ കനല്‍ക്കാറ്റ് അടങ്ങിയിട്ടില്ലെന്നോര്‍പ്പെടുത്തി കൊണ്ട് അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍.
ചിത്രങ്ങള്‍: എന്‍.രാമനാഥ് പൈ