കത്തോലിക്കാ സഭയുടെ പുതിയ തലവനായി പോപ്പ് ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ടൈം മാസിക അദ്ദേഹത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.പുതിയ പോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചു സഭയും പുതിയ പോപ്പും നേരിടുന്ന ,നേരിടേണ്ട വെല്ലുവിളികളൈക്കുറിച്ചുമൊക്കെ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ബൈബിളിലെ ധൂര്‍ത്ത പുത്രന്റെ ഉപമയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
ധനികനായ പിതാവില്‍ നിന്നും തനിക്കുള്ള ഓഹരി മുഴുവന്‍ വാങ്ങി അത് ധൂര്‍ത്തടിച്ചു കളഞ്ഞയാളാണ് മുടിയനായ പുത്രന്‍. എല്ലാം നശിപ്പിച്ച് തിരിച്ചെത്തിയ മകനെ പക്ഷേ പിതാവ് സ്‌നേഹപൂര്‍വ്വം സ്വീകരിക്കുന്നു. കത്തോലിക്കാ സഭ വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ റോമിലെ കര്‍ദ്ദിനാള്‍മാര്‍ മുടിയനായ പുത്രന്റെ ഉപമ ഉപയോഗിക്കാറുണ്ട്. പക്ഷേ ദരിദ്രരുടെ പക്ഷത്ത് നില്‍ക്കുന്ന, എളിമയുടെ അപ്പസ്‌തോലനെന്ന് സ്ഥാനമേറ്റപ്പോള്‍ തന്നെ വിലയിരുത്തപ്പെട്ട ഫ്രാന്‍സിസ് പാപ്പ ധൂര്‍ത്ത പുത്രന്റെ ഉപമയെ വേറൊരു അര്‍ത്ഥത്തിലായിരിക്കും കാണുകയെന്നതാണ് ടൈം മാസികയിലെ ലേഖനത്തില്‍ വിലയിരുത്തുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇപ്പോള്‍ ധൂര്‍ത്തപുത്രന്റെ റോള്‍ സഭയ്ക്കാണ്. ജനങ്ങളില്‍ നിന്നും സഭ ഏറെ അകന്നിരിക്കുകയാണ്. അവരിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ് സഭ നടത്തേണ്ടത് എന്ന അര്‍ത്ഥത്തിലായിരിക്കും മുടിയനായ പുത്രന്റെ ഉപമയെ ഫ്രാന്‍സിസ് പാപ്പ കാണുകയെന്ന വിശ്വാസമാണ് ലേഖനത്തിലുള്ളത്.
അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മരിയോ ബര്‍ഗോളിയോയെന്ന ജസ്യൂട്ട് കര്‍ദ്ദിനാള്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രത്തിന്റെ വലിയ ഒരു നിയോഗമായാണ് വിലയിരുത്തപ്പെടുന്നത്. സമ്പത്തിനൊപ്പംതന്നെ ദാരിദ്ര്യവും വരിഞ്ഞുമുറുക്കുന്ന ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പിന് സഭയ്ക്കും ലോകത്തിനും ഏറെ നല്‍കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് എവിടെയുമുള്ളത്. കര്‍ദ്ദിനാളിന്റെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച്, പാവപ്പെട്ടവരോടൊപ്പം ജീവിച്ച, അവര്‍ക്കൊപ്പം ലോക്കല്‍ ബസ്സുകളില്‍ യാത്ര ചെയ്ത, ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുന്ന പുതിയ പോപ്പിന്റെ ജീവിത സാക്ഷ്യം തന്നെയാണ് ഈ വിശ്വാസത്തിന്റെ കാതല്‍.
പേരില്‍ തന്നെ പുതുമ
പേര് തിരഞ്ഞെടുത്തപ്പോള്‍ തന്നെ തന്റെ വഴികള്‍ വ്യത്യസ്തമാണെന്ന് പുതിയ പാപ്പ ലോകത്തിന് വെളിപ്പെടുത്തി. കത്തോലിക്കാ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാന്‍സിസ് എന്ന പേര് ഒരു മാര്‍പ്പാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യവാളന്‍ എന്നറിയപ്പെടുന്ന അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ (നമ്മുടെ പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ഫ്രാന്‍സിസ് പുണ്യാളന്‍ തന്നെ) പേരിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്.
ദരിദ്രരരോടും സകല ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച വിശുദ്ധനാണ് അസ്സീസ്സിയിലെ ഫ്രാന്‍സിസ്. ഉന്നതകുലജാതനായിട്ടും സമ്പത്തിന്റെ മടിത്തട്ടില്‍ അഭിരമിച്ചിട്ടും അതെല്ലാം ക്രിസ്തുവിനോടും മനുഷ്യനോടുമുള്ള സ്‌നേഹത്തെ പ്രതി ഉപേക്ഷിച്ച് ദാരിദ്ര്യം വ്രതമായെടുത്തയാള്‍. അവസാനത്തെ ഉടുതുണി പോലും തെരുവിലെ ദരിദ്രന് കൊടുത്തയാള്‍.
ഇങ്ങനെയുള്ള പേര് സ്വീകരിച്ച പുതിയ മാര്‍പ്പാപ്പയ്ക്ക് ദരിദ്രരുടെ പക്ഷത്തു നിന്ന് സഭയെ മുന്നോട്ട് നയിക്കാനാകുമെന്നാണ് ദൈവശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നത്.സമ്പത്തിലും അധികാരത്തിലും അമര്‍ന്ന് ജനങ്ങളില്‍ നിന്ന് ഏറെ അകന്നുപോയെന്ന വിമര്‍ശനം കത്തോലിക്കാ സഭ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് പ്രതീക്ഷ പകരുന്നതു തന്നെ.
എളിമയുടെ വഴിയേ
ജീവിതത്തിലെ ലാളിത്യം അദ്ദേഹം തുടരുമെന്നതാണ് മാര്‍പ്പാപ്പയായി സ്ഥാനമേറ്റ ശേഷവുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ പ്രവൃത്തികള്‍ തെളിയിക്കുന്നത്.മാര്‍പ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക അപാര്‍ട്‌മെന്റ് ഉപയോഗിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പകരം രണ്ട് മുറികള്‍ മാത്രമാണ് ഉപയോഗപ്പെടുത്തുക. മറ്റ് കര്‍ദ്ദിനാള്‍മാരോടൊപ്പമായിരിക്കും ഭക്ഷണം കഴിക്കുകയെന്നും ഫ്രാന്‍സിസ് പാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാര്‍പ്പാപ്പമാര്‍ കണ്ടുമുട്ടുന്നു
കത്തോലിക്കാ സഭനേരിടുന്ന ഒരു വലിയ പ്രതിസന്ധിയായിരിക്കും ഒരേ സമയം രണ്ട് മാര്‍പ്പാപ്പമാരുള്ളതെന്ന് (ഒരാള്‍ സ്ഥാനമൊഴിഞ്ഞതാണെങ്കിലും ) വിലയിരുത്തപ്പെട്ടിരുന്നു്.പുതിയ പാപ്പായ്ക്ക് താന്‍ വിധേയനായിരിക്കുമെന്ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നെങ്കിലും ഈ രീതിയിലാണ് കാര്യങ്ങള്‍ പോയത്.അത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് 23ന് ഫ്രാന്‍സിസ് പാപ്പ, ബനഡിക്റ്റ് പാപ്പയെ കാസില്‍ ഗൊണ്ടോള്‍ഫോയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയി കണ്ടതിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു.
മാര്‍പ്പാപ്പയെ മുട്ടുകുത്തിയാണ് സ്വീകരിക്കുക.തനിക്കുമുന്നില്‍ മുട്ടുകുത്തിയ ബെനഡിക്റ്റ് പിതാവിനെ ഫ്രാന്‍സിസ് പാപ്പ തടഞ്ഞു.നമ്മള്‍ സഹോദരന്‍മാരാണ് .നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം എന്നായിരുന്നു പാപ്പ തന്റെ മുന്‍ഗാമിയോട് പറഞ്ഞത്. സ്വയം എളിമപ്പെടുകയെന്ന ക്രിസ്തു വചനത്തിന്റെ നേര്‍സാക്ഷ്യമാകാന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് തന്റെ പ്രവൃത്തിയിലൂടെ സാധിച്ചു.
മറ്റ് മതങ്ങളുമായുള്ള ബന്ധം -പ്രത്യേകിച്ച് ഇസ്ലാമുമായുള്ള - മെച്ചപ്പെടുത്തുന്നതിനേക്കുറിച്ചും പുതിയ പോപ്പിന് വ്യക്തമായ ധാരണകളുണ്ട്. മറ്റ് മനുഷ്യരെ മറന്നുകൊണ്ട് ദൈവവുമായുള്ള ബന്ധം യഥാര്‍ത്ഥ ബന്ധം സാധ്യമാകില്ലെന്ന് വ്യക്തമാക്കുന്ന ഫ്രാന്‍സിസ് പാപ്പയില്‍ ലോകം പുതിയൊരു മാതൃകയെയാണ് കാണുന്നത്.
ഏറെ നന്‍മകള്‍ ചെയ്യുമ്പോഴും അതിലേറെ വിമര്‍ശനം കേള്‍ക്കുന്നുണ്ട് കത്തോലിക്കാ സഭ. ദരിദ്രരുടെയും ശബ്ദമില്ലാത്തവരുടെയും അശരണരുടെയുമൊക്കെ ആശ്രയമാണ് സഭ. ഇതില്‍ നിന്ന് വ്യതിചലിച്ച് സമ്പത്തിനും അധികാരത്തിനുമൊക്കെ പ്രാമുഖ്യം നല്‍കുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഏറുന്നത്.ഇതില്‍ വാസ്തവമുണ്ടു താനും.
ജനങ്ങളില്‍ നിന്ന് സഭ ഏറെ അകന്നു പോയി എന്നതാണ് ഏറ്റവും വലിയ വിമര്‍ശനം.ധാരാളം ആളുകള്‍ വിട്ടുപോകുന്ന ഗുരുതരമായ പ്രതിസന്ധിയാണ് യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ കത്തോലിക്കാ സഭ നേരിടുന്നത്. അംഗങ്ങളെ കൂട്ടുക എന്നതിനപ്പുറം സഭയ്ക്ക് സാമൂഹ്യമായ വലിയ ഉത്തരവാദിത്വമുണ്ട്.
സമ്പത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഏറെയുള്ള ലാറ്റിനമേരരിക്കയിലും ദരിദ്രനാരായണന്‍മാരുടെ ആഫ്രിക്കയിലുമൊക്കെ സഭയ്ക്ക് ഏറെ പ്രവര്‍ത്തിക്കാനുണ്ട്.പാവങ്ങളുടെ പക്ഷത്ത്‌നിന്ന് ദാരിദ്യത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അസ്സീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരുകാരനായ പുതിയ പാപ്പയുടെ പ്രസ്‌കതി ഇവിടെയാണ്.
pjjose@gmail.com