SPECIAL NEWS
  Mar 27, 2013
മരണങ്ങളെപ്പറ്റി വീണ്ടും
മുരളി തുമ്മാരുകുടി


കഴിഞ്ഞ വര്‍ഷം കേരളത്തിലെ റോഡുകളില്‍ 36,000 ത്തിലധികം അപകടങ്ങളില്‍ 4286 പേര്‍ മരിച്ചു എന്ന വാര്‍ത്തയുടെ ചൂടാറുന്നതിനു മുന്‍പേ അതിനടിവരയിടുന്ന പോലെ രാജാക്കാട്ടെ അപകടത്തില്‍ എട്ടുപേര്‍ മരിക്കുന്നു. ഇതു നമ്മെ ദുഃഖിപ്പിക്കുന്നു. നടുക്കുന്നു. പക്ഷെ വര്‍ഷാവര്‍ഷം വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നമ്മുടെ സ്വകാര്യ ദുഃഖവും ഞെട്ടലുകളും മാത്രം പോര. അപകടങ്ങളുടെ പെരുപ്പം വര്‍ദ്ധിക്കാതിരിക്കാനും മരണങ്ങള്‍ കുറക്കാനും വ്യക്തിപരമായ എന്തെങ്കിലും ചെയ്യുകയും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുമ്പോഴേ ഈ അപകടത്തില്‍ നിന്ന് നാം എന്തെങ്കിലും പഠിക്കുന്നുള്ളൂ.

റോഡപകടങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെടുന്നതെങ്കിലും കേരളത്തില്‍ മറ്റുള്ള അപകടങ്ങളും കൂടുകയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2011-ല്‍ എണ്ണായിരത്തോളം ആളുകള്‍ അപകടമരണങ്ങളില്‍ മരണമടഞ്ഞു. റോഡപകടം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മുങ്ങി മരണത്തിനാണ് (1711), പിന്നെ ഉയരത്തില്‍ നിന്നും വീണുള്ള മരണം, റെയില്‍വെയുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍, തീപ്പൊള്ളലും ആയി ബന്ധപ്പെട്ടത് എന്നിങ്ങനെ പോകുന്നു. (ചാര്‍ട്ട് കാണുക). ഈ വിഭാഗങ്ങളില്‍ ഓരോന്നിലും മരണസംഖ്യ ഓരോ വര്‍ഷവും കൂടുകയാണ്. മരണ നിരക്കിന്റെ വാര്‍ദ്ധക്യ ജനസംഖ്യാ നിരക്കിന്റെ വര്‍ദ്ധനവിലും പതിന്‍മടങ്ങുമാണ്. കേരളം സുരക്ഷയുടെ കാര്യത്തിലെങ്കിലും അരക്ഷിതമാവുകയാണെന്നാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ് ചിന്തിച്ചാല്‍ മാത്രം പോര, താനും എന്തുചെയ്യാന്‍ പറ്റുമെന്നു നോക്കാം അപകടങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക. മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കാശ്മീരില്‍ തീവ്രവാദവുമായി ബന്ധപ്പെട്ടോ അഫ്ഗാനിസ്ഥാനില്‍ യുദ്ധവുമായി ബന്ധപ്പെട്ടോ ഒക്കെ സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെ കൂടുതല്‍ ആണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധ ഇവിടെ ഏറെ ഉണ്ടാകേണ്ടതാണ്. അപകടമരണങ്ങളില്‍ 'ശത്രു' ഇല്ലാത്തതിനാല്‍ നടപടികള്‍ സ്വീകരിക്കാന്‍ എളുപ്പമാണെന്നതും നടപടികള്‍ സ്വീകരിച്ചാല്‍ മരണ നിരക്ക് പെട്ടെന്ന് വെട്ടിക്കുറക്കാം എന്നതും എല്ലാം അപകടങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാന്‍ എളുപ്പമാക്കുന്നതും ആണ്. കേരളത്തിലെ സുരക്ഷയുടെ ഉത്തരവാദിത്വം ഇപ്പോള്‍ പല മന്ത്രാലയങ്ങളിലും ഡിപ്പാര്‍ട്ട്‌മെന്റിലും ആയി ചിതറിക്കിടക്കുകയാണ്. ഇവയെല്ലാം ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ ശക്തമായ .........അധികാരങ്ങള്‍ ഉള്ള ഒരു സുരക്ഷാ വകുപ്പ് ഉണ്ടാക്കേണ്ടതാണ്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് ആന്റ് സേഫ്റ്റി എക്‌സിക്യൂട്ടീവ് അനുകരണീയമായ ഒരു മാതൃകയാണ്.


മരണത്തെമാത്രമല്ല തോല്‍പിക്കേണ്ടത്. അപകടത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതമാണ് മരണം. പക്ഷെ അപകടങ്ങള്‍ക്കെതിരായ പോരാട്ടം മരണനിരക്കു കുറക്കുന്നതിലേക്ക് മാത്രം ചുരുക്കരുത്. അപകടത്തില്‍ മരിക്കുന്നവരുടെ പലമടങ്ങ് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിക്കേണ്ടിവരുന്നു. പത്തിരട്ടി പേര്‍ക്കെങ്കിലും പരിക്കുപറ്റുന്നു. കാര്യമായി പരിക്കുകള്‍ പറ്റാത്ത അപകടങ്ങള്‍ ആണ് കൂടുതലും അതിലും കൂടുതലാണ് അപകടത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നത്. സുരക്ഷയുടെ സംസ്‌കാരം രൂപീകരിക്കണമെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത് അപകടം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ കുറക്കുകയാണ്. ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത് ആളുകള്‍ അപകടകരമായ രീതിയില്‍ പെരുമാറുന്നതുകൊണ്ടാണ്. അപ്പോള്‍ അണ്‍സേഫ് ബിഹേവിയര്‍ ഒഴിവാക്കാനായിരക്കണം നമ്മുടെ ശ്രമം അതു നടന്നു കഴിഞ്ഞാല്‍ അപകടം കുറയും പരിക്കുകളും മരണങ്ങളും.

അപകടം ഒരു കുറ്റമല്ല. നമ്മുടെ ഇപ്പോഴത്തെ സുരക്ഷാ സംസ്‌കാരത്തിലെ ഒരു വലിയ പിഴവ് അപകടത്തെ ഒരു കുറ്റമായിക്കാണുന്നതാണ്. അപകടം ഉണ്ടായാല്‍ ഉടന്‍ ഒന്നോ അധികമോ ആളുകളെ ഉത്തരവാദിയായിക്കണ്ട് കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്യുമ്പോഴേ സമൂഹത്തിന് സമാധാനമാകൂ. പറ്റിയാല്‍ നേരിട്ട് തന്നെ രണ്ടുകൊടുക്കാനും നമുക്ക് സന്തോഷമാണ്.

പക്ഷെ അപകടകാര്യങ്ങളില്‍ മനസ്സിലാക്കേണ്ടത് ഒരാളും മനഃപൂര്‍വം അപകടം ഉണ്ടാകുന്നില്ല എന്നതാണ്. രാവിലെ ജോലിക്കുപോകുന്ന ഒരു ഡ്രൈവറും ഇന്നു രണ്ടു ബൈക്കുകാരെ ഇടിച്ചിട്ടിട്ടു തന്നെ കാര്യം. എന്നു പ്ലാന്‍ ചെയ്യുന്നില്ല. പരിശീലനത്തിന്റെ കുറവ്, റോഡിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥ, ഉറക്കത്തിന്റെ കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നിങ്ങനെ അനവധി കാരണങ്ങളാല്‍ അപകടസാധ്യത ഉണ്ടാവുകയാണ്. പക്ഷെ അപകടമുണ്ടായാല്‍ ഉടന്‍ ഡ്രൈവറെ പിടിച്ച് നാലു തല്ലു വെച്ചു കൊടുത്താലോ അറസ്റ്റ് ചെയ്താലോ അതോ ജയിലില്‍ തന്നെ ഇട്ടാലോ അപകടങ്ങള്‍ കുറയാന്‍ പോകുന്നില്ല. മറിച്ച് ഇത് അപകടങ്ങളുടെ അടിസ്ഥാനകാരണം മുടിവെക്കാനേ സഹായിക്കൂ.

ഓരോ അപകടം കഴിയുമ്പോഴും പോലീസിന്റെ കുറ്റാന്വേഷണരീതിയില്‍ അല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിസ്ഥാനകാരണം അന്വേഷിക്കുന്ന തരത്തില്‍ ഉള്ള അന്വേഷണം നിര്‍ബന്ധം ആക്കണം. അതിന് മുന്നോടിയായി ഉത്തരവാദിയെ കണ്ടുപിടിച്ച് ജയിലിലിടാനുള്ള നിര്‍ബന്ധ ബുദ്ധി ഒഴിവാക്കണം. അല്ലെങ്കില്‍ അപകടത്തെപ്പറ്റി ഏറ്റവും അറിവുള്ളവര്‍ യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മടിക്കും. അന്വേഷത്തിനൊടുവില്‍ ഏതെങ്കിലും നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെങ്കില്‍ മാത്രമാണ് നിയമനടപടികള്‍ സ്വീകരിക്കേണ്ടത്. അല്ലാത്ത പക്ഷം അടിസ്ഥാന കാരണങ്ങള്‍ ഒഴിവാക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. അത് ആ അപകടം ഉണ്ടാക്കിയ വ്യക്തിയില്‍ ഒതുങ്ങുകയും ചെയ്യരുത്.

ഒരുദാഹരണം പറയാം. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വര്‍ഷം മുപ്പതോളം ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും ആണ് ഷോക്കടിച്ചു മരിക്കുന്നത്. വികസിതരാജ്യങ്ങളില്‍ ഇലക്ട്രിസിറ്റി കമ്പനികളിലെ ജോലി ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയുടെ അത്രപോലും അപകടം ഉള്ളതല്ല. അപ്പോള്‍ ചില അടിസ്ഥാന സംവിധാനങ്ങളുടെ അഭാവമാണ് അപകടകാരണം എന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാലും ഓരോ അപകടം കഴിയുമ്പോഴും ഉത്തരവാദിത്തപ്പെട്ട ചിലരെ സസ്‌പെന്‍ഡ് ചെയ്താണ് അന്വേഷണം തുടങ്ങുന്നത് തന്നെ. ഇത് അപകടത്തിന്റെ അടിസ്ഥാനകാരണങ്ങളിലേക്ക് എത്തുന്നതിന് തടസമായി നില്‍ക്കുന്നു. കഴിഞ്ഞ ആഴ്ച തന്റെ കീഴില്‍ ജോലി ചെയ്ത രണ്ട് കോണ്‍ട്രാക്ടര്‍മാര്‍ക്ക് അപകടം പറ്റിയപ്പോള്‍ നടപടി പേടിച്ച് എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തതായി വായിച്ചു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇതിന് പകരം ഓരോ അപകടത്തെപ്പറ്റിയുള്ള അന്വേഷണവും അടിസ്ഥാന കാരണത്തെപ്പറ്റി ആക്കുകയും അതില്‍ നിന്നും കിട്ടുന്ന അറിവുകള്‍ വെച്ച് സംവിധാനം മെച്ചപ്പെടുത്തുകയും ജോലിക്കാര്‍ക്ക് പരിശീലനം നല്‍കുകയും നല്ല സുരക്ഷാ റെക്കോര്‍ഡുള്ള ഡിവിഷനുകള്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ഒക്കെയാണ് വേണ്ടത്.

സുരക്ഷാ വിദഗ്ദന്‍മാരുടെ അഭാവം സത്യം പറഞ്ഞാല്‍ കേരളത്തില്‍ സുരക്ഷാ പ്രൊഫഷണല്‍സിന്റെ ഒരു വലിയ കുറവുണ്ട്. സുരക്ഷാ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും അതിന് ആവശ്യമായ പഠനത്തിലൂടെയോ പരിശീലനത്തിലൂടെയോ കടന്നു വന്നവര്‍ അല്ല. കേരളത്തിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലും സിവിലോ ഇലക്ട്രിക്കലോ മെക്കാനിക്കലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സിലബസില്‍ സുരക്ഷ ഇപ്പോഴും ഒരു വിഷയമല്ല എന്നത് ഞാന്‍ പലപ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സുരക്ഷാവിദ്യാഭ്യാസം നല്‍കുന്ന കൊച്ചിയില്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷം അന്‍പതില്‍ താഴെ മാത്രം കുട്ടികളാണ് പഠിച്ചിരുന്നത്. അതില്‍ പത്തു ശതമാനം പോലും കേരളത്തില്‍ ജോലി ചെയ്യുന്നില്ല. സുരക്ഷയുടെ അന്താരാഷ്ട്ര പരിശീലനമായ നെബോഷ് പരിശീലിപ്പിക്കുന്ന അനവധി സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. എന്നാല്‍ നെബോഷ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ഗള്‍ഫിലുള്ള ഡിമാന്റ് കാരണം കേരളത്തില്‍ ഈ പരിശീലനം നേടുന്നവര്‍ എല്ലാം തന്നെ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ജോലി നോക്കുന്നവരോ ആണ്.

കേരളത്തിലെ സുരക്ഷാ നിലവാരം ഉയരണമെങ്കില്‍ കേരളത്തില്‍ പതിനായിരക്കണക്കിന് സുരക്ഷ പരിശീലനം നേടിയവര്‍ ഉണ്ടാകണം. അതിനായി സുരക്ഷാ പരിശീലനം അടിസ്ഥാന എഞ്ചിനീയറിങ്ങ്, ഐ.ടി.ഐ., ഡിപ്ലോമ എന്നിവരുടെ ഭാഗമാക്കണം പ്രത്യേക സുരക്ഷാ പരിശീലനം നടത്തുന്നവര്‍ക്ക് ആയിരക്കണക്കിന് ജോലി സാധ്യതകള്‍ ഉണ്ടാക്കുകയും വേണം. ഉദാഹരണത്തിന് ഇരുപതില്‍ അധികം പേര്‍ ജോലി ചെയ്യുന്ന ഓരോ സ്ഥലത്തും സ്ഥാപനത്തിലും പ്രൊഫഷണല്‍ സുരക്ഷാ പരിശീലനമുള്ള ഒരു സേഫ്റ്റി സൂപ്പര്‍ വൈസര്‍ വേണമെന്ന് നിര്‍ബന്ധമാക്കിയാല്‍ പതിനായിരക്കണക്കിന് സുരക്ഷാ ജോലികള്‍ ആണ് ഉണ്ടാകാന്‍ പോകുന്നത് (വികസിത രാജ്യങ്ങളില്‍ ചിലയിടത്ത് ഇത് നാലുപേരെങ്കിലും ജോലി ചെയ്യുന്നിടത്ത് എന്നാണ്.

സുരക്ഷാ സംവിധാനങ്ങള്‍ ആധുനികമാക്കുക അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന്റെ കൂടെത്തന്നെ അപകടം പറ്റിക്കഴിഞ്ഞാല്‍ ആളുകളെ രക്ഷിക്കാനുള്ള സംവിധാനങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. ഇപ്പോള്‍ കേരളത്തില്‍ ഒരു അപകടം പറ്റിയാല്‍ പരിക്കേറ്റയാള്‍ മരിക്കാനുള്ള സാധ്യത വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ആറിരട്ടിയാണ്. പരിക്കേറ്റയാള്‍ക്ക് കൊടുക്കുന്ന ഫസ്റ്റ് എയിഡ് അയാളെ ആശുപത്രിയില്‍ എത്തിക്കാനുള്ള താമസം, എത്തിക്കുന്ന രീതി ഇവയൊക്കെ മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവയില്‍ ഓരോന്നിലും നമുക്ക് പുതിയ ആശയങ്ങളും സാധ്യതകളും ലോകത്ത് ഉദാഹരണങ്ങളും ഉണ്ട്. നടപ്പിലാക്കിയാല്‍ മാത്രം മതി.

ആംബുലന്‍സ് സര്‍വീസുകളുടെ പ്രവര്‍ത്തനം കേരളത്തില്‍ മെച്ചപ്പെട്ടുവരികയാണ്. എന്നാലും കേരളത്തില്‍ എവിടെ അപകടം ഉണ്ടായാലും ഇപ്പോഴത്തെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍ നാട്ടുകാര്‍ ഓടിക്കൂടി അപകടത്തില്‍പ്പെട്ട ആളെ ആദ്യം കിട്ടുന്ന വണ്ടിയില്‍ കയറ്റി ഇരുത്തിയോ കിടത്തിയോ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുന്നതാണ്. ഇത് സാമൂഹ്യമായി നല്ല കാര്യം ആണെങ്കിലും ആരോഗ്യപരമായി നല്ലതാകണമെന്നില്ല. നമ്മുടെ സാമൂഹ്യസാഹചര്യത്തില്‍ പരമാവധി നാട്ടുകാര്‍ക്ക് പ്രാഥമിക ശുശ്രൂഷയില്‍ പരിശീലനം നല്‍കുക. ആംബുലന്‍സ് സര്‍വീസ് സാര്‍വത്രികമാക്കുക ഓരോ വില്ലേജിലും ഒരാശുപത്രിയെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക ചികിത്സ നല്‍കാന്‍ (സ്റ്റെബിലൈസ് ചെയ്യാനെങ്കിലും) കഴിവുള്ളതാക്കുക എല്ലാം ഉടനടി ചെയ്യേണ്ടതാണ്. ഓരോ ജംഗ്ഷനിലും ഓട്ടോറിക്ഷകളും എല്ലാ പഞ്ചായത്തിലും ടാക്‌സി സ്റ്റാന്റുകളും ഉള്ള നമ്മുടെ നാട്ടില്‍ ഇവരുടെ ലൈസന്‍സിംഗിന്റെ ഭാഗമായി പ്രഥമ ചികിത്സയും അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കേണ്ട രീതി പരിശീലിപ്പിക്കുകയും അവര്‍ക്ക് അപകടമുണ്ടാകുന്ന അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേക യൂണിഫോമും വ്യക്തിസുരക്ഷക്കുവേണ്ട വസ്തുക്കളും (ഗ്ലൗ, മാസ്‌ക്) ഒക്കെ നല്‍കുകയും ആശുപത്രിയിലും പോലീസ് സ്്‌റ്റേഷനിലും അവരെ തിരിച്ചറിയാന്‍ കാര്‍ഡുകള്‍ നല്‍കുകയും ചെയ്താല്‍ ഒരു അപകടരക്ഷാസന്നദ്ധ സേന എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നതാണ്.

കേരളത്തില്‍ ഒരു ഹെലികോപ്ടര്‍ ആംബുലന്‍സ് സര്‍വീസ് ഉണ്ടാകേണ്ടകാലം എന്നേ കഴിഞ്ഞു. പെരുമ്പാവൂരില്‍ നിന്ന് അടിയന്തിര ചികിത്സ വേണ്ട ഒരാളെ എറണാകുളത്തോ രാജാക്കാട് നിന്ന് അപകടത്തില്‍പ്പെട്ട ആളെ കോതമംഗലത്തോ എത്തിക്കാന്‍ ഇപ്പോള്‍ റോഡുകള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടു തന്നെ അപകടത്തില്‍പ്പെട്ടവരെ കയറ്റിയുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ അപകട ഓട്ടം പുതിയ അപകടങ്ങള്‍ ഉണ്ടാകുന്നു. അത്യാവശ്യസമയങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു എയര്‍ ആംബുലന്‍സ് സൗകര്യം കേരളത്തില്‍ ചുരുങ്ങിയത് നൂറു ജീവനെങ്കിലും ഒരു വര്‍ഷം രക്ഷിക്കും.

അപകടങ്ങളെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെങ്ങനെ? അപകടങ്ങള്‍ കുറക്കാന്‍ ആളുകളില്‍ അതിനെപ്പറ്റിയുള്ള ബോധം ഉണ്ടാക്കണം എന്നത് അത്യാവശ്യമാണല്ലോ. ഇത് പലതരത്തിലും ചെയ്യാം വന്‍കിട ഓയില്‍ കമ്പനികള്‍ നിര്‍ബന്ധമായും ചെയ്യുന്ന ഒരു കാര്യം ഉണ്ട്. അവരുടെ മുഖ്യ ആസ്ഥാനത്തിനു മുമ്പില്‍ ആ വര്‍ഷം ഉണ്ടായ അപകടങ്ങളുടെയും മരിച്ച ആളുകളുടെ എണ്ണവും കാണിക്കുന്ന ഒരു വലിയ ബോര്‍ഡ് സ്ഥാപിക്കും. ഇത് സ്ഥാപനത്തില്‍ വരുന്നവര്‍ക്ക് വിവരവും ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പും കമ്പനി നടത്തിപ്പുകാര്‍ക്ക് അപമാനവും നല്‍കുന്നു. ഓരോ ദിവസവും കമ്പനിയിലേക്ക് കയറുന്നതിനുമുമ്പ് കോടികളുടെ ലാഭമുണ്ടാക്കാന്‍ ഈ കമ്പനി വര്‍ഷാവര്‍ഷം പത്തോ പതിനഞ്ചോ പേരുടെ ജീവനെടുക്കുന്നു എന്ന അറിവ് ഏതു മാനേജരെയും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും.

കേരളത്തിലും ഇക്കണക്കിനുള്ള ബോര്‍ഡുകള്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് ഓരോ ഗവണ്മെന്റ് ഡിപാര്‍ട്ടുമെന്റിനു മുന്നിലും (പോലീസ്, സേഫ്റ്റി, റയില്‍വേ വൈദ്യുദി , നിര്‍മാണം) കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും അപകടങ്ങളുടെയും മരണത്തിന്റെയും എണ്ണം വലുതായി എഴുതി പ്രദര്‍ശിപ്പിക്കണം. ഓരോ ദിവസവും അവിടെ എണ്ണം കൂടി വരുന്നത് നാട്ടുകാരും ഉദ്യോഗസ്ഥരും മന്ത്രിമാരും ഒക്കെ കാണുമ്പോള്‍ അതിനൊരു എഫക്റ്റ് ഉണ്ടാകും. ഇത്രയും ആളുകള്‍ സ്വന്തം മേല്‍നോട്ടത്തില്‍ ഇരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കൊണ്ട് അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമത ഇല്ലാത്തത് കൊണ്ട് മരിച്ചു എന്നത് ആരെയും അതിനെ പറ്റി എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കും. ചെയ്യാന്‍ പലതും ഉണ്ടുതാനും.

തത്സമയ സംപ്രേഷണത്തിന്റെ സമയത്തെ ഒരു തെറ്റായ പ്രവണത കൂടി പറയാതെ വയ്യ. അപകടം ഉണ്ടായാല്‍ ഉടന്‍തന്നെ മരിച്ചവരുടെ പേര് റിപ്പോര്‍ട്ട് ചെയ്യുന്നത് ഏറെ ക്രൂരമാണ്. വിനോദയാത്രക്ക് പോയ മകന്റെ മരണവാര്‍ത്ത ഫ്ലാഷ് ന്യൂസിലൂടെ അറിയേണ്ടി വരുന്ന അമ്മയുടെ മാനസിക നില അല്പം മനസിലാക്കേണ്ടതാണ്. വികസിതരാജ്യങ്ങളില്‍ അപകടമുണ്ടായാല്‍ മരിച്ച ആളുടെ ബന്ധുക്കളെ അറിയിച്ച് സമ്മതം മേടിച്ചതിനു ശേഷം മാത്രമേ പേര് വെളിപ്പെടുത്താറുള്ളൂ. ഇത് കേരളത്തില്‍ നിര്‍ബന്ധമായും നടപ്പിലാക്കണം എന്നാണ് എന്റെ അഭിപ്രായം.

സുരക്ഷക്കുള്ള പണം: സുരക്ഷയില്‍ പെട്ടെന്നും നില നില്‍ക്കുന്നതും ആയ പുരോഗതി ഉണ്ടാകണമെങ്കില്‍ ഇപ്പോള്‍ ചിലവാകുന്നതിന്റെ നൂറുമടങ്ങെങ്കിലും പണം ആ കാര്യത്തിന് വേണ്ടി മാറ്റി വെക്കണം. പക്ഷെ കേരളത്തിലെ അപകടമരണങ്ങള്‍ പകുതിയെങ്കിലും ഒഴിവാക്കാമെങ്കില്‍, അതായത് നാലായിരും ആളുകളുടെ മരണം ഒരു വര്‍ഷം ഒഴിവാക്കാന്‍ പറ്റിയാല്‍ അതൊരു വലിയ സാമൂഹ്യ ചിലവല്ല. അപകടം ഉണ്ടാകുമ്പോള്‍ ഉള്ള പലവിധ ചിലവുകളും ബുദ്ധിമുട്ടുകളും വെച്ചു നോക്കുമ്പോള്‍ വ്യക്തിപരമായും ഇതൊരു അനാവശ്യമല്ല.

വാഹനരജിസ്‌ട്രേഷന്റെ കൂടെയും കെട്ടിട നികുതിയുടെ കൂടെയും ഒക്കെ സുരക്ഷക്ക് ആവശ്യമായ പണം കണ്ടെത്താന്‍ പ്രത്യേകനികുതികള്‍ ചുമത്താവുന്നതാണ്. ഉയര്‍ന്ന കെട്ടിടങ്ങളില്‍ അഗ്നിബാധ അണക്കാനും ആളുകളെ രക്ഷിക്കാനുമുള്ള സംവിധാനങ്ങള്‍ക്ക് വേണ്ടി പത്തുനിലയില്‍ കൂടുതല്‍ ഉയരമുള്ള ഫ്ലാറ്റുകള്‍ക്ക് പ്രത്യേക ഹൈറൈസ് ടാക്‌സ് തികച്ചും ന്യായമാണ്. അപകടങ്ങള്‍ സര്‍വസാധാരണമായിരിക്കുന്നതിനാല്‍ കേരളത്തിലെ എല്ലാവര്‍ക്കും നിര്‍ബന്ധമായി ഒരു മിനിമം അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം. സാമ്പത്തിക നിലവാരമുള്ളവരില്‍ നിന്നും അതിന്റെ പ്രീമിയം മേടിക്കണം അല്ലാത്തവരുടെ വിഹിതം ഗവണ്‍മെന്റ് കണ്ടെത്തണം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആംബുലന്‍സ് ഹെലികോപ്റ്റര്‍ റെസ്‌ക്യൂ, പ്രാഥമിക ചികിത്സ ഇവയെല്ലാം ഈ ഇന്‍ഷുറന്‍സ് ഉറപ്പു നല്‍കണം. സുരക്ഷാ പദ്ധതികള്‍ക്ക് വേണ്ടി പ്രത്യേക ലോട്ടറി നടത്താവുന്നതും ആണ്.

ഞാന്‍ മുന്‍പ് പലതവണ പറഞ്ഞപോലെ ഒരപകടം ദുരന്തമാകുന്നത് നാം അതില്‍ നിന്ന് ഒന്നും പഠിക്കാതിരിക്കുമ്പോഴാണ്. ഇന്നലത്തെ രാജാക്കാട് അപകടത്തിന്റെ പേരില്‍ ഒരു ഡ്രൈവറെയോ അനുമതിയില്ലാതെ പോയ കുട്ടികളെയോ അതിനെപ്പറ്റി അഭിപ്രായം പറഞ്ഞ പ്രിന്‍സിപ്പാളിനെയോ കുറ്റക്കാരനാക്കിയിട്ടും ക്രൂശിച്ച് നാം ഒന്നും നേടുന്നില്ല. പക്ഷെ ഇത് വീണ്ടും നമ്മെ നടുക്കി അപകടരഹിതമായ ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചാല്‍ അതായിരിക്കും സമൂഹത്തിന് ന• ചെയ്യുന്നത്.

രാജാക്കാട്ടിലെ അപകടമാണല്ലോ ഈ ലേഖനം എഴുതാന്‍ പ്രേരിപ്പിച്ചത് അതിനാല്‍ അതുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി പറഞ്ഞ് ഇതവസാനിപ്പിച്ചേക്കാം. കാല്‍ നൂറ്റാണ്ട് മുമ്പ് ഞങ്ങള്‍ എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ ഓരോ വര്‍ഷവും പഠന വിനോദയാത്ര പതിവായിരുന്നു. ഒന്നാം വര്‍ഷം ജില്ലക്കകത്ത് രണ്ടാം വര്‍ഷം കേരളത്തില്‍ മൂന്നാം വര്‍ഷം ദക്ഷിണേന്ത്യയില്‍ നാലാം വര്‍ഷം ഇന്ത്യ മുഴുവന്‍ എന്നിങ്ങനെ ഒരു ദിവസം മുതല്‍ മുപ്പതു ദിവസം വരെ നീണ്ട യാത്രകള്‍. ഞങ്ങളില്‍ ഭൂരിഭാഗവും കേരളത്തിനു പുറംകാണുന്നതും തീവണ്ടിയാലും വിമാനത്തിലും യാത്ര ചെയ്യുന്നതും മറ്റു നാട്ടുകാരെക്കാണുന്നതും ഒക്കെ ആദ്യമായി ചെയ്തത് ഈ യാത്രകളിലാണ്. അതുകൊണ്ടു തന്നെ ക്ലാസില്‍ പഠിച്ച അനവധി വിഷയങ്ങളേക്കാള്‍ പ്രായോഗിക ജീവിതത്തില്‍ ഞങ്ങളെ സഹായിച്ചത് ഈ യാത്രകളിലാണ്. കൂട്ടുകാരോടുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും കൂടുതല്‍ ഉത്തരവാദിത്വം എടുക്കാനും എല്ലാം യാത്രകള്‍ സഹായിച്ചു.

പക്ഷെ ഈ യാത്രകള്‍ ഇപ്പോള്‍ കരിക്കുലത്തിന്റെ ഭാഗമല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇരുപത്തിനാലുമണിക്കൂറില്‍ കൂടുതലുള്ള യാത്രകള്‍ ഇപ്പോള്‍ എന്‍ജിനീയറിംഗ് കോളേജില്‍ അനുവദിക്കാറില്ലത്രെ. ഇതിന്റെ അക്കാദമിക് കാരണം എന്താണെന്ന് എനിക്ക് അറിയില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം എന്റെ സുഹൃത്തായ ഒരു എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ ഇരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒരു ടൂര്‍പ്ലാനുമായി വന്നു. കോതമംഗലത്തുനിന്നും രാവിലെ നാലുമണിക്ക് പുറപ്പെട്ട് രാവിലെ വയനാട്ടില്‍ എത്തി തിരിച്ച് പാലക്കാടും മലമ്പുഴയും കണ്ട് പിന്നെ രണ്ടാമത്തെ ഷോ സിനിമയും കണ്ട് നാലു മണിക്ക് മുന്‍പ് കോതമംഗലത്തെത്തുന്ന ഒരു പ്ലാനായിരുന്നു ഇത്. സുരക്ഷയുടെ വീക്ഷണത്തില്‍ നിന്നും ഏറ്റവും അപകടകരമായ ഒരു കാര്യമാണിത്. കുട്ടികള്‍ അടിപൊളിയായി ആഘോഷിക്കുമ്പോള്‍ ദിവസത്തില്‍ പതിനഞ്ചോ ഇരുപതോ മണിക്കൂറാണ് ഡ്രൈവര്‍ വിശ്രമമില്ലാതെ വണ്ടിയോടിക്കുന്നത്. അതുകൊണ്ടുതന്നെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കൂടാനേ ഇതു വഴിവെക്കൂ. കോളേജില്‍ അറിയിക്കാതെ കുട്ടികള്‍ സ്വന്തമായി പ്ലാന്‍ ചെയ്തു പോകേണ്ടി വരുന്നതും ഇതുകൊണ്ടു തന്നെ.

രാജാക്കാട്ടെ എഞ്ചിനീയറിംഗ് കുട്ടികള്‍ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ഒരു കാര്യം ഈ ഇരുപത്തിനാലു മണിക്കൂര്‍ നിബന്ധന (ഇതു നിയമമാണെങ്കില്‍) എടുത്തുകളയുക എന്നതാണ്. പഠനയാത്രകള്‍ പഴയതുപോലെ പുനഃസ്ഥാപിക്കുക. എന്നിട്ട് അത് സുരക്ഷയും കൂടെ കണക്കിലെടുത്ത് പ്ലാന്‍ ചെയ്യുക. നമ്മുടെ പുതിയ തലമുറ ലോകപരിചയവും ഉത്തരവാദിത്വവും ഉള്ളവരായി സുരക്ഷിതരായി വളരട്ടെ.

സുരക്ഷയുടെ പാഠങ്ങള്‍
Surviving the roads in Kerala

 
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -