''അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ ഒരൊറ്റ കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒരിക്കലും രാഷ്ട്രീയം പറയാതിരിക്കുക''. അടുത്തിടെ അന്തരിച്ച പ്രശസ്ത യു.എസ്. എഴുത്തുകാരന്‍ ഗോര്‍ വൈഡല്‍ അവിടത്തെ നേതാക്കള്‍ക്കു നല്‍കിയ ഉപദേശമാണിത്. ''നിങ്ങള്‍ക്ക് കാലാവസ്ഥയെപ്പറ്റി പ്രസംഗിക്കാം, ജീവിത വിജയത്തിനുവേണ്ട ഉപദേശങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ എതിരാളികളുടെ രതിജീവിതം ചര്‍ച്ച ചെയ്യാം. അവസാനം പറഞ്ഞതാണ് ഏറ്റവും സൗകര്യം. ആര്‍ക്കും ഒരുപകാരവുമില്ലാത്ത വിഷയമാണല്ലോ.''
അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ബില്‍ ക്ലിന്റണെപ്പോലെ രതികേളികളിലൊന്നും വലിയ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാവണം, അദ്ദേഹം ശ്രദ്ധ തിരിച്ചത് ശത്രു രാജ്യങ്ങളിലേക്കാണ്. ബുഷിന്റെ പ്രസംഗങ്ങളില്‍ നിറഞ്ഞു നിന്നത്, അങ്ങു ദൂരെ, അമേരിക്കയില സാധാരണക്കാര്‍ അതിനുമുമ്പ് കേട്ടിട്ടുകൂടിയില്ലാത്ത ചില രാജ്യങ്ങളെക്കുറിച്ചുള്ള ഭീകര കഥകളാണ്.
''സദ്ദാം ഹുസൈന്റെ ഇറാഖ് ലോകത്തിനുതന്നെ അപകടമാണ്, അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ''ഇറാഖില്‍ നിന്നു കിട്ടുന്ന രാസ, ജൈവായുധങ്ങളും അവര്‍ നിര്‍മ്മിക്കാന്‍ സാധ്യതയുള്ള ആണവായുധങ്ങളും ലോകമെങ്ങുമുള്ള ഇസ്ലാമിക ഭീകരവാദത്തിനു ബലം പകരും. പതിനായിരക്കണക്കിനാളുകളെ അതു കൊന്നൊടുക്കും.'' ആ ഭീഷണിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള വഴിയായിരുന്നു ഇറാഖ് ആക്രമണം.
അമേരിക്കയുടെ ഇറാഖ് അധിനിവേശം ഈ മാര്‍ച്ച് മാസത്തില്‍ പത്തു വര്‍ഷം പിന്നിട്ടു. ഇറാഖില്‍ രാസായുധങ്ങളോ ജൈവായുധങ്ങളോ ഇല്ലായിരുന്നെന്നും ആണവായുധ നിര്‍മ്മാണത്തിന്റെ അടുത്തെങ്ങും അവര്‍ എത്തിയിരുന്നില്ലെന്നും ഇറാഖ് അധിനവേശം കഴിഞ്ഞ് അധികം വൈകാതെ എല്ലാവര്‍ക്കും ബോധ്യമായി. ഇറാഖില്‍ സദ്ദാമിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ഏകാധിപത്യ ഭരണകൂടങ്ങളല്ല ഇസ്‌ലാമിക തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാവുന്നതെന്നും ലോകം മനസ്സിലാക്കി. അഫ്ഗാനിസ്താനെയും സൊമാലിയയെയും ഒരു പരിധി വരെ പാകിസ്താനെയും പോലെ പരാജിത ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് ഭീകരത വാദം ശക്തിപ്രാപിക്കുന്നത്. അന്നാടുകളില്‍ ഭരണകൂടങ്ങളെക്കാള്‍ പ്രബലരായി വളരുന്ന സമാന്തര ശക്തികളാണ് അവയ്ക്ക് ആളും അര്‍ഥവും നല്‍കുന്നത്.
ഇറാഖ് ആക്രമിക്കാന്‍ ജോര്‍ജ് ബുഷ് നിരത്തിയ തെളിവുകളെല്ലാം കള്ളമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഫലിച്ചു. ബുഷിന്റെ കടന്നാക്രമണത്തോടെ ഇറാഖും അഫ്ഗാനിസ്താനെയും സൊമാലിയയെയും പോലെ സ്ഥിരതയില്ലാത്തൊരു ഒരു പരാജിത രാഷ്ട്രമായി മാറി. വംശീയ സംഘര്‍ഷവും തീവ്രവാദവും അവിടെ ശക്തമായി. ചാവേറാക്രമണങ്ങള്‍ നിത്യ സംഭവമായി. ചുരുക്കത്തില്‍ ജോര്‍ജ് ബുഷ് ഇറാഖിനെ ഇസ്‌ലാമിക ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ ഒന്നാക്കി മാറ്റി.
പതിനായിരങ്ങള്‍ കൊല്ലപ്പെടുമെന്ന ബുഷിന്റെ മുന്നറിയിപ്പും ഫലിച്ചു. പതിനായിരങ്ങളല്ല, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. സദ്ദാം ഹുസൈനോ അദ്ദേഹത്തിന്റെ കൈവശം ഉള്ളതായി ആരോപിക്കപ്പെട്ട സമൂല നശീകരണ ശേഷിയുള്ള ആയുധങ്ങളോ ആയിരുന്നില്ല, ആ കൂട്ടക്കുരുതി നടത്തിയത്. അമേരിക്കന്‍ പട്ടാളവും, അമേരിക്കന്‍ അധിനിവേശത്തിനു ശേഷം അവിടെ ശക്തിപ്പെട്ട തീവ്രവാദവുമായിരുന്നു അതിനു പിന്നില്‍.
അമേരിക്കയുടെ ഇറാഖ് ആക്രമണത്തില്‍ മരിച്ചത് ഒന്നര ലക്ഷത്തോളമാളുകളായിരുന്നെങ്കില്‍, യുദ്ധം കഴിഞ്ഞ് 'സദ്ദാം ഹുസൈന്റെ ഭീകര ഭരണത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട' ഇറാഖില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടു ലക്ഷത്തിലേറെ വരും. ഇതില്‍ അയ്യായിരത്തോളം യു.എസ്. സൈനികരും ഉള്‍പ്പെടുന്നു (ഇറാഖ് യുദ്ധത്തിലെ മരണ സംഖ്യയുടെ കാര്യത്തില്‍ കൃത്യമായ കണക്ക് ആരുടെയും കൈയിലില്ല. ഇറാഖ് ബോഡി കൗണ്ട് എന്ന സംഘടനയുടെ കണക്കനുസരിച്ച് മരണ സംഖ്യ 1,62,000 ആണ്. പ്രശസ്ത ശാസ്ത്ര മാസികയായ ലാന്‍സെറ്റിന്റെ പഠനം പറയുന്നത് യുദ്ധത്തിലും യുദ്ധക്കെടുതിയിലും തുടര്‍ന്നുണ്ടായ ഭീകരാക്രമണങ്ങളിലുമായി ഇറാഖില്‍ ആറു ലക്ഷത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്നാണ്). രക്തച്ചൊരിച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ പത്തു ലക്ഷത്തിലേറെ ഇറാഖികള്‍ മറ്റു രാജ്യങ്ങളില്‍ അഭയം തേടി. മുപ്പതു ലക്ഷത്തോളം പേര്‍ വംശീയ സംഘര്‍ഷം കാരണം അന്നാട്ടില്‍ത്തന്നെ അഭയാര്‍ഥികളായി. ഇറാഖ് എന്ന മുഖ്യ ശത്രു ഇല്ലാതായതോടെ ഇറാന്‍ ശക്തമായി. അങ്ങനെ അമേരിക്കയ്ക്ക് പുതിയൊരു മുഖ്യ ശത്രുവിനെ കിട്ടി.
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരും. ഇറാഖ് യുദ്ധംകൊണ്ട് ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടായിട്ടില്ലേ?. തീര്‍ച്ചയായുമുണ്ട്. ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നടത്തിയ യുദ്ധം കൊണ്ട് ആരും പ്രതീക്ഷിക്കാത്ത ചില പ്രയോജനങ്ങളുണ്ടായി. ലോക പോലീസെന്നു മീശ പിരിച്ചു നടന്നിരുന്ന അമേരിക്ക പത്തി താഴ്ത്തി എന്നതാണ് അതില്‍ പ്രധാനം. സാമ്പത്തികമായും സൈനികമായും അവര്‍ തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു. ഇനിയൊരു സൈനിക നടപടിക്ക് അറയ്ക്കുന്ന നിലയിലെത്തി.
ഇറാഖ് യുദ്ധത്തിനു വേണ്ടി അമേരിക്ക ചെലവിട്ടത് ഒരു ലക്ഷം കോടിയിലേറെ ഡോളറാണ്. അഫ്ഗാന്‍ അധിനിവേശംകൂടി കണക്കിലെടുത്താല്‍ മൊത്തം ചെലവ് മൂന്നു ലക്ഷം കോടി ഡോളറോളം വരും. ഈ രണ്ടു രാജ്യങ്ങളിലും തങ്ങളുടെ പാവഭരണകൂടങ്ങള്‍ നിലവില്‍ വന്നാല്‍ അവിടെയുള്ള എണ്ണയും മറ്റു പ്രകൃതിവിഭവങ്ങളും ചൂഷണം ചെയ്ത് മുടക്കുമുതലും ലാഭവും തിരികെപ്പിടിക്കാമെന്നായിരുന്നു ബുഷ് ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. പാവഭരണകൂടങ്ങളെ സ്ഥാപിച്ചെങ്കിലും മറ്റു കാര്യങ്ങളൊന്നും നടന്നില്ല. എണ്ണകൊണ്ടുവരുന്നതു പോയിട്ട്, ക്രമസമാധാനച്ചുമതല ഇറാഖികള്‍ക്കു കൈമാറി സ്വന്തം പട്ടാളക്കാരെ തിരിച്ചെത്തിക്കാന്‍ തന്നെ ഏറെപ്പണിപ്പെടേണ്ടിവന്നു യു.എസ്. ഭരണകൂടത്തിന്. യുദ്ധത്തിനു വേണ്ടിവന്ന വന്‍ ചെലവിനൊപ്പം സമ്പദ്‌മേഖലയിലെ ആഭ്യന്തരക്കുഴപ്പങ്ങള്‍കൂടിവന്നപ്പോള്‍ അമേരിക്ക ശരിക്കും പാപ്പരായി.
പത്തു വര്‍ഷംമുമ്പ് ജി20 രാജ്യങ്ങളുടെ മൊത്തം ജി.ഡി.പിയുടെ 61 ശതമാനവും അമേരിക്കയുടേതായിരുന്നു. 2010 ആയപ്പോഴേക്ക് ഇത് 42 ശതമാനമായി കുറഞ്ഞു. വളര്‍ച്ച കുറഞ്ഞു കുറഞ്ഞ് രണ്ടാമതൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ് അവരുടെ സമ്പദ് വ്യവസ്ഥ. നികുതിദായകരുടെ പണം വന്‍കിട മുതലാളിമാര്‍ക്കു നല്‍കിയാണ് 2008-ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരകയറിയത്. മുതലാളിമാര്‍ രക്ഷപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പാപ്പരായി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധി. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായിരുന്ന അമേരിക്ക 2026-ഓടെ ചൈനയ്ക്കു പിന്നിലാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2050 -ഓടെ ഇന്ത്യയും സാമ്പത്തിക രംഗത്ത് അമേരിക്കയെ മറികടക്കും. 2030-ഓടെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രതിരോധ രംഗത്തും ചൈന അമേരിക്കയ്ക്കു മുന്നിലെത്തും.

ലോകശക്തി എന്ന നിലയില്‍ അമേരിക്കയുടെ ഗതി ഇനി താഴോട്ടാണെന്ന് 2008-ല്‍ അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ ആദ്യമായി സമ്മതിച്ചിരുന്നു. സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രവാഹം പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്കു നീങ്ങിത്തുടങ്ങിയെന്നാണ് 'ഗ്ലോബല്‍ ട്രെന്‍ഡ്‌സ് 2025' എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വളരെ പതുക്കെ പതിറ്റാണ്ടുകള്‍കൊണ്ടേ അതു സംഭവിക്കൂ എന്നാണ് യു.എസ്. ഭരണകൂടത്തിലെ ഉന്നതര്‍ കരുതിയിരുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ ദ്രുതഗതിയിലാവും ആ മാറ്റമെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം പ്രതിരോധ, ബഹിരാകാശ ഗവേഷണ മേഖലകളിലേക്കുള്ള നീക്കിയിരിപ്പ് വെട്ടിക്കുറയ്‌ക്കേണ്ടിവന്നൂ അവര്‍ക്ക്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു ഗവേഷകരെയെത്തിക്കാന്‍ റഷ്യയുടെ പഴയ ബഹിരാകാശ പേടകങ്ങളെയാണിപ്പോള്‍ അമേരിക്ക ആശ്രയിക്കുന്നത്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടുഴലുമ്പോള്‍ പ്രതിരോധാവശ്യത്തിനു വേണ്ടി ശതകോടികള്‍ നീക്കിവെക്കുന്നതിനെയും കടന്നാക്രമണങ്ങള്‍ നടത്തുന്നതിനെയും യു.എസ് ജനത അനുകൂലിക്കുന്നുമില്ല. തുടക്കത്തില്‍ 63 ശതമാനം അമേരിക്കക്കാരും ബുഷിന്റെ ഇറാഖ് ആക്രമണ പദ്ധതിയെ അനുകൂലിച്ചിരുന്നു. സപ്തംബര്‍ 11-ന്റെ ഭീകരാക്രമണത്തിനു പിന്നില്‍ സദ്ദാം ഹുസൈനാണെന്നാണ് അവരിലേറെയും ധരിച്ചിരുന്നത് (ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ്.'' അമേരിക്കന്‍ ജനതയില്‍ പകുതിപ്പേരേ പത്രം വായിക്കാറുള്ളൂ. പകുതിപ്പേരേ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാറുള്ളൂ. രണ്ടും ഒരേ പകുതിയാണോ എന്ന് ആര്‍ക്കറിയാം'' എന്നാണ് നേരത്തേ പറഞ്ഞ ഗോര്‍ വൈഡല്‍ തന്റെ നാട്ടുകാരുടെ ബോധനിലവാരത്തെ പരിഹസിച്ചത്.) പക്ഷേ യുദ്ധം തുടങ്ങി മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി യുദ്ധത്തെ എതിര്‍ക്കുന്നവര്‍ 63 ശതമാനമായി. അനുകൂലിക്കുന്നവരുടെ എണ്ണം നന്നെ കുറഞ്ഞു. ഇറാഖ് ആക്രമണം വിയറ്റ്‌നാം യുദ്ധത്തിനു ശേഷം അമേരിക്ക കാണിച്ച ഏറ്റവും വലിയ അബദ്ധമായാണ് ഇന്നു വിലയിരുത്തപ്പെടുന്നത്.
സൈനിക സേവനത്തിനു തയ്യാറാവുന്ന അമേരിക്കക്കാരുടെ എണ്ണം പോലും തീരെ കുറയാന്‍ ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ വഴിവെച്ചു. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ ജനസംഖ്യയുടെ 10 ശതമാനവും സൈനിക സേവനത്തിനു തയ്യാറായിരുന്നു. എന്നാലിപ്പോള്‍ അര ശതമാനത്തിലും താഴെയാണവരുടെ അനുപാതം. അതില്‍ത്തന്നെ മുഖ്യധാരാ അമേരിക്കക്കാര്‍ തീരെയില്ലെന്ന് അമേരിക്കയുടെ ഫോറിന്‍ അഫയേഴ്‌സ് മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ചരിത്ര ഗവേഷകന്‍ ജെയിംസ് റൈറ്റ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ പിന്നാക്ക, ഗ്രാമീണ മേഖലകളില്‍നിന്നുള്ള പാവങ്ങളാണ് സൈനികരിലേറെയും. അഫ്്ഗാനിസ്താനിലും ഇറാഖിലുമായി കൊല്ലപ്പെടുകയും സാരമായി പരിക്കേല്‍ക്കുകയും ചെയ്തത് ഈ പാവങ്ങളാണ്. അവരുടെ ബന്ധുക്കളുടെ രോഷം യു.എസ് ഭരണകൂടത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
ഇറാഖിലും അഫ്ഗാനിസ്താനിലും മാത്രമല്ല ശീത യുദ്ധത്തിനു ശേഷം സൊമാലിയ, ഹെയ്ത്തി, ബോസ്‌നിയ, കൊസോവോ എന്നിവിടങ്ങിലും അമേരിക്ക സൈനികമായി ഇടപെട്ടിരുന്നു. ജനാധിപത്യം പുന:സ്ഥാപിച്ച് അന്നാട്ടുകാരെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു, അമേരിക്കന്‍ അധിനിവേശത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. തോക്കും ബോംബുമുപയോഗിച്ച് പുറമെനിന്നുവന്നു സ്ഥാപിച്ചെടുക്കാവുന്നതല്ല ജനാധിപത്യമെന്ന യാഥാര്‍ഥ്യം ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മാത്രമേ അമേരിക്കയുടെ ഇടപെടലുകള്‍കൊണ്ടു കഴിഞ്ഞുള്ളൂ. ഇടപെട്ട രാജ്യങ്ങളിലെയെല്ലാം ജനങ്ങള്‍ അമേരിക്കക്കെതിരെ തിരിയുകയും ചെയ്തു.
അതുകൊണ്ടുതന്നെ, ഇനിയൊരു രാജ്യത്തെ ആക്രമിക്കാനൊരുങ്ങും മുമ്പ് അമേരിക്കന്‍ ഭരണകൂടത്തിന് രണ്ടു വട്ടം ആലോചിക്കേണ്ടി വരും. ലിബിയയില്‍ കേണല്‍ ഗദ്ദാഫി ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധം മൂര്‍ഛിക്കുകയും വിമതര്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തപ്പോള്‍ ആദ്യം മടിച്ചു നില്‍ക്കുകയാണ് ഒബാമ ഭരണകൂടം ചെയ്തത്. ഒടുവില്‍ സൈനിക സഹായം നല്‍കേണ്ടി വന്നപ്പോള്‍ത്തന്നെ സഖ്യകക്ഷികളെ മുന്നില്‍ നിര്‍ത്തി അമേരിക്ക പിന്‍നിരയില്‍ നിന്നു. സൈനിക സാന്നിധ്യം നീണ്ടുനില്‍ക്കില്ലെന്ന് ഉറപ്പുവരുത്തകയും ചെയ്തു. (ഗദ്ദാഫിയില്‍ നിന്നു മോചിപ്പിക്കപ്പെട്ട ലിബിയ യു.എസ്. അംബാസഡറെ വധിച്ചുകൊണ്ടാണ് ഇതിനു നന്ദി പറഞ്ഞത്.) ചോരപ്പുഴ ഒഴുകുന്ന സിറിയയില്‍ സൈനിക നടപടിയാരംഭിക്കുന്നതില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കുന്നത് റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പുമാത്രമല്ല, ചൂടുവെള്ളത്തില്‍ ചാടിയ പഴയ പൂച്ചയുടെ അനുഭവം കൂടിയാണ്.
ജനലക്ഷങ്ങളുടെ ചോരപ്പുഴയ്ക്കു നടുവില്‍ നിന്നാണെങ്കിലും ഇറാഖ് യുദ്ധത്തില്‍ നിന്ന് അമേരിക്ക ചില പാഠങ്ങള്‍ പഠിച്ചു. ശക്തമായ ദേശീയ താത്പര്യങ്ങളില്ലാതെ ഒരിക്കലും യുദ്ധത്തിനിറങ്ങാന്‍ പാടില്ലെന്ന പാഠം. ഒരു വിദേശ രാജ്യത്തും ഏറെക്കാലം കഴിയാന്‍ പാടില്ലെന്ന പാഠം. ലോക പോലീസിനെ ഇതു പഠിപ്പിക്കാന്‍ ലോകം കനത്ത വില നല്‍കേണ്ടിവന്നൂ എന്നു മാത്രം.