SPECIAL NEWS
  Mar 06, 2013
കലികാലത്തിലെ കമ്യൂണിസ്റ്റ്‌
വി.ടി.സന്തോഷ്‌കുമാര്‍



മുതലാളിത്തത്തിന്റെ ആഗോളീകരണ കാലത്ത് കമ്യൂണിസം ഏത് അവതാരമെടുക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നൂ ഹ്യൂഗോ ചാവേസ്. അദ്ദേഹം വിട പറയുമ്പോള്‍ 'ഇനിയെന്ത്?' എന്ന ചോദ്യമുയരുന്നത് വെനസ്വേലയില്‍ നിന്നും ലാറ്റിമേരിക്കയിലെ അയല്‍ രാജ്യങ്ങളില്‍ നിന്നും മാത്രമല്ല, മുതലാളിത്തത്തിനും കമ്യൂണിസത്തിന്റെ കാലഹരണപ്പെട്ട വരട്ടുവാദത്തിനും ബദല്‍ അന്വേഷിക്കുകയായിരുന്ന മുഴുവന്‍ ഇടതുപക്ഷ പ്രവവര്‍ത്തകരില്‍ നിന്നുമാണ്.

സോവിയറ്റു യൂണിയനും കമ്യൂണിസമെന്നു തെറ്റിദ്ധരിപ്പിച്ച്് ഏകാധിപത്യം കൊണ്ടുനടന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ഒന്നൊന്നായി തകര്‍ന്നടിയുകയും സാമ്പത്തിക ഉദാരീകരണവും ആഗോളവത്ക്കരണവും പടിവാതില്‍ക്കലെത്തുകയും കമ്യൂണിസത്തിന്റ കാലം കഴിഞ്ഞുവെന്നും ഇനി സോഷ്യലിസ്റ്റു ഭരണ വ്യവസ്ഥിതി സ്വപ്‌നം കാണുന്നതില്‍ അര്‍ഥമില്ലെന്നുമുള്ള ചിന്താഗതി പ്രബലമാവുകയും ചെയ്ത കാലത്താണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഹ്യൂഗോ ചാവേസ് ഉയര്‍ന്നു വരുന്നത്. ചാവേസിന്റെ വെനസ്വേല സോവിയറ്റു യൂണിയനെപ്പോലെ പ്രചാരണസാഹിത്യം അച്ചടിക്കുന്നതിലും ആയുധപ്പന്തയവും ബഹിരാകാശ ഗവേഷണവും നടത്തുന്നതിലും മുഴുകി പാപ്പരായില്ല; ചൈനയെപ്പോലെ കമ്യൂണിസത്തിന്റെ ഇരുമ്പു മറയ്ക്കുള്ളില്‍നിന്ന് മുതലാളിത്തത്തിന്റെ കച്ചവടം നടത്തിയില്ല; ക്യൂബയെപ്പോലെ ആദര്‍ശത്തിന്റെ കൃശഗാത്രമായില്ല. കഷ്ടപ്പെട്ടു പണമുണ്ടാക്കി മുതലാളിയുടെ മകളെ പ്രേമിച്ചു കല്യാണം കഴിക്കുന്ന പഴയ ജനപ്രിയ സിനിമയിലെ നായകനെപ്പോലെ ചാവേസ് അമേരിക്കയെ വെല്ലുവിളിച്ചു കൈയടി നേടിക്കൊണ്ടേയിരുന്നു.

അക്ഷരാര്‍ഥത്തില്‍ ഒരു ജനപ്രിയ നായകനായിരുന്നൂ ചാവേസ്. പ്രത്യയശാസ്ത്രത്തിന്റെ ബാധ്യതകളോ ഭൂതകാലത്തിന്റെ കടപ്പാടുകളോ വേട്ടയാടാത്ത ഒറ്റയാന്‍. രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റായിരുന്നില്ല. ഭരണത്തിലേറുമ്പോള്‍ സോഷ്യലിസ്റ്റായിരുന്നില്ല. എന്നാല്‍ സോഷ്യലിസത്തിന്റെ തട്ടകങ്ങള്‍ മുതലാളിത്തത്തിലേക്കു നീങ്ങുകയും കമ്യൂണിസം കാലഹരണപ്പെട്ടെന്ന മുറവിളി ശക്തമാവുകയും ചെയ്തപ്പോള്‍ അദ്ദേഹം കമ്യൂണിസത്തിന്റേതാണു ശരിയായ പാതയെന്നു തിരിച്ചറിഞ്ഞു. ആ പാതപിന്തുടരുന്നവര്‍ക്കു പുതുജീവന്‍ നല്‍കി. ലോകമെങ്ങുമുള്ള ഇടതു ചേരിയുടെ നേതൃത്വം സ്വയം ഏറ്റെടുത്തു.

കായിക വിനോദങ്ങളിലുള്ള താല്‍പര്യം മൂലം പട്ടാളത്തില്‍ ചേര്‍ന്ന ചാവേസിന് കരസേനയില്‍ ഉദ്യോഗസ്ഥനായി വളര്‍ന്നപ്പോഴാണ് രാജ്യം ഇങ്ങനെ പോയാല്‍ പോരെന്ന് തോന്നാന്‍ തുടങ്ങിയത്. ലാറ്റിനമേരിക്കയുടെ വിമോചന നായകന്‍ സൈമണ്‍ ബൊളീവറെ മാതൃകാ പുരുഷനായി കണ്ട ചാവേസ് 1992-ല്‍ പട്ടാള അട്ടിമറിക്കു നേതൃത്വം നല്‍കുകയും ചെയ്തു. അട്ടിമറി ശ്രമം പരാജയപ്പെട്ടെങ്കിലും കുറ്റമേറ്റ് കീഴടങ്ങിക്കൊണ്ട് ടെലിവിഷനില്‍ നടത്തിയ പ്രസംഗം ചാവേസിനു രാഷ്ട്രീയ വിജയമേകി. ജയിലില്‍നിന്ന് അദ്ദേഹമിറങ്ങിയത് രാഷ്ട്രീയത്തിലേക്കാണ്. സമ്പന്ന ന്യൂനപക്ഷത്തിന്റെ കൈയിലായിരുന്ന രാജ്യ ഭരണത്തിനെതിരെ ചെറുത്തു നിന്ന ചെറു സംഘടനകള്‍ ചാവേസിനെ നേതാവായി പ്രഖ്യാപിച്ചു. അങ്ങനെ 1999-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം അധികാരത്തിലെത്തി. 2000-ലും 2006-ലും നടന്ന തിരഞ്ഞെടുപ്പുകളിലും പിന്നെ നടന്ന ഹിത പരിശോധനകളിലും വിജയിച്ച ചാവേസ് അധികാരം ഒന്നുകൂടിയുറപ്പിച്ചു.

അധികാരം ലഭിച്ചയുടന്‍ ചാവേസ് പറഞ്ഞത് താന്‍ ഇടത്തോ വലത്തോ അല്ല എന്നാണ്. ഇടതിനും വലതിനും ബദലുണ്ടാക്കാനായിരുന്നൂ അദ്ദേഹത്തിന്റെ ശ്രമം. സോഷ്യലിസ്റ്റ് നയങ്ങളല്ല, ഏറെക്കുറെ യാഥാസ്്ഥിതികമെന്നുതന്നെ വിളിക്കാവുന്ന മൃദു പരിഷ്‌കാരങ്ങളാണ് ചാവേസ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ പതുക്കെപ്പതുക്കെ ചാവേസും വെനസ്വേലയും മാറി. ക്യൂബയുടെ ഫിദല്‍ കാസ്‌ട്രോയായി അദ്ദേഹത്തിന്റെ ആരാധ്യപുരുഷന്‍. ക്യൂബയിലേക്കുള്ള തീര്‍ഥാടനങ്ങളും കാസ്‌ട്രോയുടെ ഉപദേശങ്ങളും ചാവേസിനെ കമ്യൂണിസത്തോടടുപ്പിച്ചു. 2005-ലാണ് അദ്ദേഹം താനൊരു സോഷ്യലിസ്റ്റാണെന്നു പ്രഖ്യാപിക്കുന്നതും ദേശസാല്‍ക്കരണ നടപടികള്‍ തുടങ്ങുന്നതും.

കാസ്‌ട്രോയുടെ സഹായത്തോടെ ചാവേസ് വെനസ്വെലയിലെ സാക്ഷരതാ പദ്ധതികള്‍ക്കും ആരോഗ്യത്തിനും പണം മുടക്കി. പ്രാദേശിക കൗണ്‍സിലുകളിലൂടെ അധികാര വികേന്ദ്രീകരണം നടപ്പാക്കി. പാവങ്ങളെ ശാക്തീകരിച്ചു. ക്യൂബയുടെ അനുഗ്രഹവും എണ്ണപ്പണവും വ്യക്തിപ്രഭാവവും മുതലാക്കി അദ്ദേഹം ഇടതു ചേരിയുടെ അപ്രഖ്യാപിത നേതാവായി. അമേരിക്കയെയും മറ്റു പാശ്ചാത്യ രാജ്യങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് ലോകവേദികളില്‍ ലാറ്റിനമേരിക്കയുടെ ശബ്ദമുയര്‍ത്തി. അങ്ങനെ ക്യൂബയുടെ ജനപ്രിയ രൂപമായി വെനസ്വേല മാറി. കുറഞ്ഞ വിലയ്ക്ക് ചാവേസ് നല്‍കുന്ന എണ്ണയാണ് ക്യൂബയെ നിലനിര്‍ത്തുന്നതെങ്കിലും ചാവസിന്റെ വെനസ്വേല ക്യൂബയുടെ സാമന്ത രാഷ്ടമായി ഭാവിച്ചു.

എതിരാളികളെ ജയിലിട്ടും തീവ്രവാദികള്‍ക്ക് പണം നല്‍കിയും ജനങ്ങളെ പട്ടിണിക്കിട്ടും ഭരണം നിലനിര്‍ത്തിപ്പോന്നയാളാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ചാവേസ്. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അധികാരം നല്‍കിയും ജനാധിപത്യം ശക്തിപ്പെടുത്തിയും സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചയാളാണ് ലാറ്റിനമേരിക്കക്കാര്‍ക്ക് അദ്ദേഹം. അങ്ങേയറ്റത്തെ ജനാധിപത്യവാദിയായിരിക്കുമ്പോള്‍ തന്നെ ചാവേസ് വ്യക്തിപ്രഭാവത്തിന് ഊന്നല്‍ നല്‍കി ഏകാധിപത്യ പ്രവണതകള്‍ കാണിച്ചു. സ്വകാര്യ മാധ്യമങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി. ഔദ്യോഗിക മാധ്യമത്തെയും കരസേനയയെും പൊന്‍മുട്ടയിടുന്ന താറാവായ ദേശീയ എണ്ണക്കമ്പനിയെയും തന്റെ വ്യക്തിപരമായ നിയന്ത്രണത്തില്‍ നിര്‍ത്തി. ഏതൊരു മുതലാളിയെയും അസൂയപ്പെടുത്ത നിര്‍വഹണ ശേഷി പ്രകടിപ്പിച്ചു.

ദിവസം 30 കപ്പു കട്ടന്‍ കാപ്പി കുടിച്ചും പുലര്‍ച്ചെ മൂന്നു മണി വരെ ജോലി ചെയ്തും എതിരാളികളെ അമ്പരപ്പിച്ച ചാവേസ് പ്രതിവാര ടെലിവിഷന്‍ പ്രഭാഷണ പരമ്പരയില്‍ കുറിപ്പുകളുടെ സഹായമില്ലാതെ, ഇടതടവില്ലാതെ എട്ടു മണിക്കൂര്‍ നേരം സംസാരിച്ചിട്ടുണ്ട്. തകര്‍ക്കാനാവാത്ത കോണ്‍ക്രീറ്റെന്നാണ് മാര്‍കേസ് അദ്ദേഹത്തിനു നല്‍കിയ വിശേഷണം. അതുകൊണ്ടുതന്നെ 2011 ജൂണില്‍ ചാവേസ് അര്‍ബുദ ബാധ വെളിപ്പെടുത്തിപ്പോള്‍ ഒന്നു നടുങ്ങിയെങ്കിലും പ്രിയ നേതാവ് തിരിച്ചുവരുമെന്നതന്നെ ലാറ്റിനമേരിക്ക കരുതി. പ്രസിഡന്‍റു പദത്തില്‍ തുടരുന്നതിനുള്ള കാലപരിധി എടുത്തുകളയാന്‍ ഭരണഘടന ഭേദഗതി ചെയ്താണ് ചാവേസ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. രാജ്യത്തെ സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്നായിരുന്നൂ, 14 വര്‍ഷം ഭരണത്തിലിരുന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ജനം അത് അംഗീകരിച്ചെങ്കിലും വിധി അതിനനുവദിച്ചില്ല. നാടകീയമായി ഭരിച്ച ജീവിച്ച ചാവേസിന് നിശബ്ദമായി വിടവാങ്ങേണ്ടിവന്നു.

പ്രസിഡന്റ് മരിച്ചാല്‍ 30 ദിവസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വെനസ്വേലയുടെ ഭരണഘടന പറയുന്നത്. ചാവേസിന്റെ വിശ്വസ്തനും നിലവില്‍ വൈസ് പ്രസിഡന്റുമായ നിക്കാളോസ് മദുരോ തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ഥി. വരുന്ന തിരഞ്ഞെടുപ്പില്‍ ചാവസിന്റെ പ്രഭാവംകൊണ്ടുതന്നെ മദുരോ ജയിച്ചേക്കാമെങ്കിലും ലാറ്റിനമേരിക്കയിലെ ഇടതു നേതൃത്വത്തിന്റെ പതാകയേന്താന്‍ അദ്ദേഹത്തിനാവുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

അര്‍ജന്റീനയുടെ ക്രിസ്റ്റീന ഫെര്‍ണാണ്ടസും ബൊളീവിയയുടെ ഇവോ മൊറേല്‍സും ഇക്വഡോറിലെ റാഫേല്‍ കൊറയെയും ലാറ്റിനമേരിക്കയില്‍ ഇടതു വിജയത്തിനു വഴിയൊരുക്കി ഭരണത്തില്‍ തുടരുന്നവരാണെങ്കിലും ചാവേസിന്റെ തണലിലായിരുന്നൂ അവരുടെയെല്ലാം നില്‍പ്പ്. വ്യക്തിപ്രഭാവവും എണ്ണപ്പണവും ജനക്ഷേമ പദ്ധതികളും ക്യൂബയുടെയും ഫിദല്‍ കാസ്‌ട്രോയുടെയും അനുഗ്രഹവും ചേര്‍ന്നതായിരുന്നൂ ചാവേസിന്റെ നേതൃത്വം. അതിന്റെ പിന്തുടര്‍ച്ചവകാശം ഇവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ല.

അര്‍ജന്റീനയുടെ ക്രിസ്റ്റീന, ചാവേസിന്റെ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ഇടത്തോട്ടു ചായുന്നുണ്ട്. അന്താരാഷ്ട്ര പ്രശ്‌നങ്ങളിലും അവര്‍ ഇടപെടാന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ആ രാജ്യത്തിന്റെ സമ്പദ് മേഖല പാപ്പരാണ്. വെനസ്വേലയെപ്പോലെ ക്യൂബയുടെ ആശയ നേതൃത്വം അംഗീകരിക്കാന്‍ അര്‍ജന്റീനയ്ക്കാവുകയുമില്ല. ബൊളീവിയയുടെ ഇവാ മൊറേല്‍സിന് ഉറച്ച ലാറ്റിനമേരിക്കന്‍ വേരുകളിലൂന്നി പിന്തുടര്‍ച്ച അവകാശപ്പെടാനാവും. എന്നാല്‍ ക്യൂബയില്‍ നിന്ന് ഒരുപാട് അകലെയാണ് ബൊളീവിയ. ക്യൂബയുടെ ദാര്‍ശനികപിന്തുണയില്ലെങ്കില്‍ മറ്റ് ഇടതുരാജ്യങ്ങളുടെ അംഗീകാരം കിട്ടില്ല. മൊറേല്‍സിന്റെ പാര്‍ട്ടിക്ക് മറ്റു ഇടതു സംഘടനകളുടെ പിന്തുണയുമില്ല. സമ്പദ് മേഖലയും ശക്തമല്ല. ഇക്വഡോറിന്റെ കൊറയയെയും വേട്ടയാടുന്നത് സമ്പദ് മേഖലയുടെ തകര്‍ച്ച തന്നെയാണ്. വിദേശവായ്പയെ ആശ്രയിക്കുന്ന ആ രാജ്യത്തിന് അന്താരാഷ്ട്ര കാര്യങ്ങളില്‍ ശക്തമായി ഇടപെടാനാവില്ല.

പിന്നെ ബാക്കിയുള്ളത് ബ്രസീലാണ്. ആശയപരമായും വലുപ്പംകൊണ്ടും ലാറ്റിനമേരിക്കയുടെ നടുനായകത്വം വഹിക്കാന്‍ ശേഷിയുള്ളത് അവര്‍ക്കാണ്. ലുലാ ഡ സില്‍വയുടെ കാലത്തു തന്നെ ചാവേസിനെ പിന്തുണയ്ക്കുന്ന ഇടതു നിലപാടാണ് ബ്രസീലിന്റേത്. ഇപ്പോഴത്തെ പ്രസിഡന്റ് ദില്‍മാ റൂസഫും കമ്യൂണിസ്റ്റ് സഹയാത്രികയാണ്. എന്നാല്‍ ചാവേസിന്‍െ തീവ്ര ഇടതു നയങ്ങളുടെ സ്ഥാനത്ത് ഉദാരമായ മൃദു സമീപനമാണ് ബ്രസീല്‍ സ്വീകരിക്കുന്നത്. ഇടതു ചേരി ശക്തിപ്പെടുത്തുന്നതിനു പകരം പഴയ ചേരിചേരാ രാഷ്ട്ര സഖ്യം പുനരാവിഷ്‌കരിക്കാനാണ് അവരുടെ ശ്രമം. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളും കൂടി ചേര്‍ന്നുള്ള ബ്രിക് രാജ്യങ്ങളുടെ നേതാവാണ് ബ്രസീല്‍.

അതുകൊണ്ടുതന്നെ വെനസ്വേലയ്‌ക്കൊപ്പം ലാറ്റിനമേരിക്കയുടെ ഇടതു ചേരിയുടെ നേതൃത്വവും തത്ക്കാലം മദുരോ തന്നെ വഹിക്കേണ്ടിവരും. അതിന് ക്യൂബയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടാവും. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചാലും ആഗോള നയതന്ത്രത്തില്‍ മദുരോ തോറ്റുപോയാല്‍ ഇടതു ചേരിയുടെ നേതൃസ്ഥാനം അദ്ദേഹത്തിനു നഷ്ടമാവും. അത് വെനസ്വേലയുടെ മാത്രം പരാജയമാവില്ല. ലാറ്റിനമേരിക്കയിലെ ഇടതു ചേരിയുടെ തകര്‍ച്ചയുടെ തുടക്കമാകും. ആഗോളീകരണകാലത്തെ കമ്യൂണിസ്റ്റ് ബദലിന്റെ തകര്‍ച്ച. അതിനുള്ള സാധ്യത ഏറെയാണ്. കാരണം, വ്യക്തിപ്രഭാവ രാഷ്ട്രീയത്തിന് തുടര്‍ച്ചയുണ്ടാവില്ല. മറ്റൊരു ചാവേസ് ആകാന്‍ ആര്‍ക്കും എളുപ്പവുമല്ല.

 



Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -