ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ ഇന്ത്യയിലെ പ്രമുഖ വക്താക്കളില്‍
ഒരാളായിരുന്നു ശനിയാഴ്ച അന്തരിച്ച വി.ബി. ചെറിയാന്‍

ചരിത്രത്തിന്റെ ചലനയന്ത്രം വര്‍ഗസമരമാണ്. മുതലാളിത്തത്തിനെതിരെയുള്ള സമരം വര്‍ഗസമരത്തിന്റേതാണ്. മൂലധനത്തിന്റെ വ്യാപനം എല്ലാക്കാലത്തേക്കാളും തീവ്രമായ രീതിയില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ചിരിക്കയാണ്. അതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ഉത്തരവാദിത്വം ഇരട്ടിച്ചിരിക്കയാണ്. മുതലാളിത്ത ചൂഷണത്തിനെതിരെ തൊഴിലാളിവര്‍ഗത്തിന്റെ നീണ്ട ഐക്യനിര കെട്ടിപ്പടുക്കാന്‍ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു ക്ലാസിക്കല്‍ കമ്യൂണിസ്റ്റായിരുന്നു വി.ബി. ചെറിയാന്‍. തൊഴിലാളിവര്‍ഗത്തിന്റെ കടമകളെക്കുറിച്ചും ഉത്തരവാദിത്വത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വി.ബി.സി.ക്ക് സംശയങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഏതു സാഹചര്യത്തിലും തൊഴിലാളിവര്‍ഗത്തെ ഒന്നിച്ചുനിര്‍ത്തുക എന്നതാണ് ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ ചുമതലയെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയാതിരുന്ന സാഹചര്യം സി.ഐ.ടി.യു.വിന്റെ ദേശീയ സെക്രട്ടറിയായിരുന്ന കാലത്ത് നിഷേധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ ട്രേഡ് യൂണിയനാണ് എന്‍.ടി.യു.ഐ. മരിക്കുമ്പോള്‍ അദ്ദേഹം അതിന്റെ ദേശീയ വൈസ് പ്രസിഡന്റും കേരള സംസ്ഥാന പ്രസിഡന്റുമാണ്.
ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ ഇന്ത്യയിലെത്തന്നെ പ്രമുഖ വക്താക്കളില്‍ ഒരാളാണ് ചെറിയാന്‍. വര്‍ഗം എന്നത് വിപണിയുടെ തിരഞ്ഞെടുപ്പല്ലെന്ന് ആഗോളവിപണിയെ നോക്കി ചെറിയാന്‍ പറഞ്ഞു. അത് മൂലധനത്തിന്റെ വിഭജനവിദ്യയാണ്. മൂലധനം മനുഷ്യനെ അടിസ്ഥാനപരമായി വിഭജിക്കുമ്പോഴാണ് വര്‍ഗമുണ്ടാവുന്നത്. വളരെ സങ്കീര്‍ണവും വൈരുദ്ധ്യാത്മകവുമായി അത് വികസിക്കുമ്പോള്‍ തൊഴിലാളിയുടെ അധ്വാനമിച്ചം ചൂഷണംചെയ്യപ്പെടുകയും കുത്തകമുതലാളിത്തം രൂപംകൊള്ളുകയുംചെയ്യും. വര്‍ഗങ്ങളുടെ അസമത്വമില്ലെങ്കില്‍, തൊഴിലാളികളുടെ മിച്ചമൂല്യ ചൂഷണമില്ലെങ്കില്‍, ബൂര്‍ഷ്വാസിയും കോര്‍പ്പറേറ്റ് മുതലാളിയും ഉണ്ടാവുകയില്ല. അതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രദൗത്യം മുതലാളിത്ത ഭരണകൂടത്തെ അട്ടിമറിച്ച് തൊഴിലാളിവര്‍ഗ സര്‍വാധിപത്യഭരണകൂടം സ്ഥാപിക്കലാണ്. അതുകൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിത്തറ വര്‍ഗസമരമാണ്. രണ്ടും മൂന്നും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്റ്റഡിക്ലാസുകളില്‍ പതിനായിരക്കണക്കിന് തൊഴിലാളികളെ ചെറിയാന്‍ വര്‍ഗസമര സിന്താദ്ധം പഠിപ്പിച്ചു. മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ നേതാവായി പ്രവര്‍ത്തിച്ചിരുന്നപ്പോഴും പിന്നീട് വിമത നേതാവായി മാറിയപ്പോഴും ചെറിയാന്റെ സിദ്ധാന്തം വര്‍ഗസമര സിദ്ധാന്തം തന്നെയായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗബോധത്തില്‍ സിദ്ധാന്തവും പ്രയോഗവും സമന്വയിച്ച് ചരിത്രം നിര്‍മിക്കപ്പെടുമെന്ന് അദ്ദേഹം സ്വപ്നംകണ്ടിരുന്നു. തൊഴിലാളികളുടെ വര്‍ഗബോധത്തെ രാഷ്ട്രീയബോധമാക്കി മാറ്റുമ്പോഴാണ് സാമൂഹികമാറ്റം ഉണ്ടാവുന്നതെന്ന് അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ തിരിച്ചറിഞ്ഞിരുന്നു. എല്ലാതരത്തിലുള്ള ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ പരിശീലിക്കപ്പെടുംവരെ തൊഴിലാളിവര്‍ഗബോധം രാഷ്ട്രീയബോധമായി മാറില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഏതു വര്‍ഗത്തില്‍പ്പെട്ട വ്യക്തിക്കുമെതിരെ ഉയരുന്ന ഭീകരത, അടിച്ചമര്‍ത്തല്‍, അക്രമം, അനീതി, അധാര്‍മികത എന്നിവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള പരിശീലനം ലഭിക്കുമ്പോള്‍മാത്രമേതൊഴിലാളിയുടെ വര്‍ഗബോധം രാഷ്ട്രീയബോധമായി പരിവര്‍ത്തനം ചെയ്യപ്പെടുകയുള്ളൂ. എല്ലാ ജനവിഭാഗങ്ങളുടെയും ജീവിതത്തെ സാര്‍വലൗകിക തലത്തില്‍ വീക്ഷിക്കുമ്പോഴാണ് തൊഴിലാളിവര്‍ഗബോധം വിപ്ലവ രാഷ്ട്രീയത്തിന്റെ ഔന്നത്യശോഭ പ്രസരിപ്പിക്കുന്നത്. ആഗോള മുതലാളിത്തത്തിന്റെ ചൂഷണത്തില്‍ നിന്ന് ലോകജനതയുടെ മോചനം തൊഴിലാളിവര്‍ഗ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കേന്ദ്രീകരണത്തിലൂടെ സാധ്യമാകുമെന്ന് തൊഴിലാളികളെ പഠിപ്പിക്കുകയായിരുന്നു വി.ബി. ചെറിയാന്‍ ഒരു ജിവിതം കൊണ്ട്.
പക്ഷേ, ഈ ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നത് പാര്‍ട്ടിയിലെ കടുത്ത വിഭാഗീയത കൊണ്ടായിരുന്നു. സി.പി.എമ്മില്‍ വര്‍ഗസംഘടനകള്‍ക്ക് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പോരാട്ടം സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ നടന്നപ്പോള്‍ അതിന്റെ നേതൃ നിരയില്‍ ചെറിയാന്‍ ഉണ്ടായിരുന്നു. പക്ഷേ, തൊഴിലാളിവര്‍ഗ നേതൃത്വത്തെ ഒതുക്കാനുള്ള പാര്‍ട്ടിയിലെ മധ്യവര്‍ഗത്തിന്റെ കരുത്തിനെ മറികടക്കാന്‍ സി.ഐ.ടി.യു.വിന് കഴിഞ്ഞില്ല.
വി.ബി. ചെറിയാന്‍ അതിശക്തമായി ഉയര്‍ത്തിയ പ്രത്യയശാസ്ത്ര എതിര്‍പ്പ് പാര്‍ട്ടി പരിപാടി പുതുക്കാനുള്ള സി.പി.എം. തീരുമാനത്തെയായിരുന്നു. പാര്‍ട്ടി പരിപാടിയില്‍ വരുത്തിയ മാറ്റം ഇങ്ങനെ ക്രോഡീകരിക്കാം. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണപങ്കാളിത്തം, അതിനാവശ്യമായ അടവുപരമായ സമീപനം സ്വീകരിക്കല്‍, ബഹുഘടകസമ്പദ്‌വ്യവസ്ഥ അനുവദിക്കല്‍, വിപ്ലവാനന്തരം ബഹുകക്ഷിസംവിധാനം അംഗീകരിക്കല്‍, ഉത്പാദനശേഷി വര്‍ധിപ്പിക്കാനും ഉയര്‍ന്ന സാങ്കേതികവിദ്യ ലഭ്യമാക്കാനും വിദേശനിക്ഷേപം സ്വീകരിക്കുക, ചെറിയാന്റെ അഭിപ്രായത്തില്‍ ഈ മാറ്റങ്ങള്‍ സി.പി.എമ്മിനെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാക്കി അധഃപതിപ്പിച്ചു എന്നാണ്. വിഭാഗീയത കൊണ്ട് നട്ടം തിരിയുന്ന സി.പി.എം. ചെറിയാന്‍ പ്രവചിച്ചതിനേക്കാള്‍ എത്രയോ ഗുരുതരമായ പ്രതിസന്ധിയില്‍ പിന്നീട് എത്തി. ചെറിയാന്‍ പ്രത്യയശാസ്ത്രപോരാട്ടം നടത്തിയപ്പോള്‍ സി.പി.എം. ചെറിയാനെ പുറത്താക്കാന്‍ ഗൂഢാലോചനകള്‍ നടത്തുകയായിരുന്നു. സി.പി.എമ്മിന്റെ സുപ്രീം കോടതിയായ കണ്‍ട്രോള്‍ കമ്മീഷന്‍ തിരിച്ചെടുക്കാന്‍ പറഞ്ഞിട്ടും ചെറിയാനും കൂടെയുള്ള സഖാക്കളും പാര്‍ട്ടിക്ക് പുറത്തു തന്നെ നില്‍ക്കേണ്ടിവന്നു.