SPECIAL NEWS
  Feb 22, 2013
ചത്യാധിപത്യം
കെ.പി. രാമനുണ്ണി
ഭരണവര്‍ഗവും അവരെ സൃഷ്ടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ പ്രജകള്‍ക്കൊപ്പമാണെന്ന
തോന്നല്‍ സൃഷ്ടിച്ച് ഒടുവില്‍ അവരെ കളിപ്പീരാക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ വര്‍ധിച്ചുവരുന്നത്


ഇഷ്ടം പോലെ കുഴപ്പങ്ങളുണ്ടെങ്കിലും ജനാധിപത്യമാണ് മനുഷ്യന്‍ പരീക്ഷിച്ചിട്ടുള്ള വ്യത്യസ്ത ഭരണക്രമങ്ങളില്‍ ഭേദമെന്നാണല്ലോ സങ്കല്പം. ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളില്‍ ഡെമോക്രസി വിരാജിക്കുമ്പോള്‍ അവകളുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പത്രമാധ്യമങ്ങളെന്ന ഫോര്‍ത്ത് എസ്റ്റേറ്റും വളര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും കടന്ന് സൈബര്‍ ലോകത്തേക്കുകൂടി 'നാലാംതോട്ടം' വികസിക്കുന്നതിനൊത്ത് ജനങ്ങളെ വഞ്ചിക്കുന്ന ചത്യാധിപത്യമായി ജനാധിപത്യം ചീയുകയാണോ എന്ന് സംശയിക്കണം. എന്തെന്നാല്‍, ഭരണവര്‍ഗവും അവരെ സൃഷ്ടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങള്‍ പ്രജകള്‍ക്കൊപ്പമാണെന്ന തോന്നല്‍ സൃഷ്ടിച്ച് ഒടുവില്‍ അവരെ കളിപ്പീരാക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ വര്‍ധിച്ചുവരുന്നത്.

ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍ ജനപ്രതിനിധി സഭകളിലെ 33.33 ശതമാനം സ്ത്രീ പ്രാതിനിധ്യത്തിനുവേണ്ടി ഘോരഘോരം പ്രസംഗിക്കാത്ത പാര്‍ട്ടികള്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ചുരുക്കമാണ്. എന്നാല്‍, ഇവര്‍ക്കെല്ലാംകൂടി ആ നിയമമങ്ങോട്ട് പ്രാബല്യത്തില്‍ എത്തിച്ചുകൂടെയെന്ന് അങ്ങേയറ്റത്തെ ശുദ്ധാത്മാവുപോലും ചിന്തിക്കുകയില്ല. കാരണം രാജ്യത്തെ വലുതും ചെറുതുമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെയാണ് നാനാവിധ ഉടക്കുകളിലൂടെ അര്‍ഹതപ്പെട്ട സ്ത്രീ സംവരണത്തെ നിരന്തരം തുരങ്കംവെച്ചുകൊണ്ടിരിക്കുന്നത്.

അണ്ണ ഹസാരെ അഴിമതിവിരുദ്ധ ലോക്പാലിനുവേണ്ടി നിരാഹാരം തുടങ്ങിയപ്പോള്‍ തങ്ങള്‍ ഈ നിയമത്തിനുവേണ്ടി അല്ലെങ്കിലേ കോപ്പുകൂട്ടുകയാണെന്നായിരുന്നു ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം. അണ്ണ ഹസാരെയുടെ സമരം മാത്രമാണ് നിയമനിര്‍മാണത്തിനുള്ള ഏകതടസ്സം എന്നുവരെ അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അപ്പോഴെല്ലാം കല്‍ക്കരികുംഭകോണമായും സക്കീര്‍ഹുസൈന്‍ ട്രസ്റ്റ് തട്ടിപ്പായും നാടിന്റെ സ്വത്ത് ഭരണകക്ഷിക്കാര്‍ കൊള്ളയടിക്കുകയായിരുന്നു. ഗഡ്ക്കരിയെ പാര്‍ട്ടിനേതൃത്വത്തിലും യെദ്യൂരപ്പയെ സംസ്ഥാനനേതൃത്വത്തിലും ഇരുത്തിക്കൊണ്ടുതന്നെയായിരുന്നു പ്രതിപക്ഷകക്ഷിയായ ബി.ജെ.പി.യും ലോക്പാല്‍ സമരത്തിന്റെ പ്രധാന പിന്തുണക്കാരായി അരങ്ങുതകര്‍ത്തത്. ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഒരുവശത്ത് ജനതാത്പര്യ സംരക്ഷകരായി നടിച്ചുകൊണ്ട് മറുവശത്ത് അവരെ വഞ്ചിക്കലാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രമെന്നാണ്.

ഇത്തരം 'പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ' (കൈയടിരാഷ്ട്രീയത്തിന്റെ) ആഭാസകരമായ അഴിഞ്ഞാട്ടങ്ങള്‍ തന്നെയാണ് ഡല്‍ഹി ബലാത്സംഗത്തോടനുബന്ധിച്ച് ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാഴ്ചവെച്ചത്. ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സംഘടിച്ച് പതിനായിരക്കണക്കിനാളുകള്‍ റെയ്‌സിനാഹില്‍സ് പ്രതിരോധിച്ചപ്പോള്‍ ഡല്‍ഹിയെ റേപ്പിസ്റ്റുകളുടെ നഗരമാക്കി ഉപേക്ഷിച്ച ഭരണവേട്ടക്കാര്‍തന്നെ ഇരകള്‍ക്കൊത്ത് അമറാന്‍തുടങ്ങി. സമരക്കാരെ നിയന്ത്രിക്കാന്‍ പോലീസ് സേന കഷ്ടപ്പെടുമ്പോള്‍ ജനങ്ങളുടെ വികാരവിക്ഷോഭങ്ങളെ ന്യായീകരിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസ്താവനയിറക്കി. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും വരെ പുറത്തിറങ്ങി പ്രതിഷേധകര്‍ക്കൊപ്പം അണിനിരന്നു. ഭരണകക്ഷിയുടെ പ്രകടനപരതയില്‍ സ്തബ്ധരായ ബി.ജെ.പി.യും ഇടതുപാര്‍ട്ടികളുമാകട്ടെ ജനരോഷത്തിന്റെ പരമാവധി വിളവെടുപ്പിനായി പതിനെട്ടടവും പയറ്റി.

പിന്നീട് വ്രണിതരായ ജനങ്ങളുടെ ആക്രോശങ്ങള്‍ക്കൊത്ത് ഓരോ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ഉറഞ്ഞുതുള്ളുന്ന കാഴ്ചയാണ് രാജ്യത്തുടനീളം നടനമാടിയത്. ബലാത്സംഗികള്‍ക്ക് മരണംവരെ തടവുശിക്ഷ, പോരാ മരണംവരെ തൂക്കുകയര്‍, പോരാ നപുംസകത്വം വരെ ഷണ്ഡീകരണം തുടങ്ങിയ ദണ്ഡനമുറകള്‍ നാനാതുറകളില്‍ നിന്ന് കല്‍പ്പിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളും അത് ഏറ്റുപിടിച്ചു. ബലാത്സംഗക്കുറ്റത്തിന് കേസെടുപ്പോ വിചാരണയോ ആവശ്യമില്ലെന്നും. ഡല്‍ഹിസംഭവം ഉള്‍പ്പെടെയുള്ള പ്രതികളെ തങ്ങള്‍ക്ക് വിട്ടുതന്നാല്‍ മതിയെന്നും ആരോ അഭിപ്രായപ്പെട്ടപ്പോഴും കക്ഷിരാഷ്ട്രിയക്കാര്‍ അതിന് മൗനംകൊണ്ട് സമ്മതം മൂളി.

കത്തുന്ന ജനവികാരം കണക്കിലെടുത്ത മന്ത്രിസഭായോഗം ബലാത്സംഗത്തെപ്പറ്റി പഠിച്ച് ശിക്ഷാപരിഷ്‌കരണങ്ങള്‍ നിര്‍ദേശിക്കാന്‍ ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മീഷനെ തുടര്‍ന്ന് നിയമിച്ചു. അപ്പോഴേക്ക് പക്ഷേ, വികാരേറ്റത്തിന്റെ കൊടുമുടികള്‍ താഴുകയും വിവേക പൂര്‍വമായ പുനര്‍ച്ചിന്തകള്‍ ഉത്തരവാദപ്പെട്ട സ്ത്രീസംഘടനകളുടെ ഭാഗത്തുനിന്നും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു.

ബലാത്സംഗത്തിന് വധശിക്ഷ നല്‍കിയാല്‍ അത് ഇരയെ കൊന്നുകളയാനുള്ള പ്രവണത വളര്‍ത്തുമെന്ന് നിരീക്ഷിക്കപ്പെട്ടു. വീണ്ടുമൊരു ഉദ്ധാരണമുണ്ടാകാത്തവിധം ഷണ്ഡീകരണം എന്ന പദപ്രയോഗം തന്നെതളര്‍ന്നുപോയി. യുദ്ധകാലാടിസ്ഥാനത്തില്‍, അനുവദിക്കപ്പെട്ട സമയം അവസാനിക്കുംമുമ്പായിരുന്നു ജസ്റ്റിസ് വര്‍മ കമ്മീഷന്‍ കുറേയെല്ലാം വിവേകപൂര്‍ണമായ ഒരു റെക്കമെന്റേഷന്‍ റിപ്പോര്‍ട്ട് ബലാത്സംഗ ശിക്ഷകളെ സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറിന്റെ പബ്ലിസിറ്റി സ്റ്റണ്ടും കുടിലതയും ആത്മാര്‍ഥതാരാഹിത്യവും മാത്രം വിളംബരം ചെയ്യുന്നതായിപ്പോയി ജസ്റ്റിസ് ജെ.എസ്. വര്‍മ കമ്മീഷന്റെ ശുപാര്‍ശകളിന്മേലുള്ള കാബിനറ്റ് നടപടികള്‍. പലതരത്തിലാണ് സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അങ്ങേയറ്റം അധിക്ഷേപാര്‍ഹമായി തീരുന്നതെന്ന് പറയാം. ആദ്യമായി ഗൗരവമേറിയ ഒരു നിയമനിര്‍മാണം വോട്ടുബാങ്കില്‍ കണ്ണുംനട്ട് പോപ്പുലിസ്റ്റ് പരിഗണനയോടെ ധൃതിവെച്ച് നടത്തിയതുകൊണ്ട് - വധശിക്ഷയടക്കം അടങ്ങുന്ന ഒരു നിയമഭേദഗതി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാതെ, പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ - ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരുന്നത് തീര്‍ച്ചയായും രാഷ്ട്രീയ ഗോളടിക്കാണെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സെഷന് വെറും മൂന്നാഴ്ച ബാക്കിയുള്ളപ്പോഴാണ് ഓര്‍ഡിനന്‍സ് പ്രഖ്യാപനമെന്ന് മനസ്സിലാക്കണം. വധശിക്ഷാവകുപ്പ് ബലാത്സംഗത്തിന്റെ ഇരകള്‍ക്ക് ദോഷമേ ചെയ്യൂ എന്ന് ശാസ്ത്രീയമായി സ്ഥാപിക്കപ്പെട്ടിട്ടും. തൂക്കുകയറിനോട് കാണിച്ച ആര്‍ത്തിയും കാറ്റിനൊപ്പംതൂറ്റി നേട്ടംകൈവരിക്കാനുള്ള കുടിലതതന്നെയാണ്.

ഇതിനുപുറമേ മാനഭംഗപ്പെടുന്ന സ്ത്രീത്വത്തിനോട് തരിമ്പുപോലും ആത്മാര്‍ഥതപുലര്‍ത്താതെ അവരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു എന്നതുകൂടി ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സിനെ അത്യന്തം നിന്ദ്യമാക്കിത്തീര്‍ക്കുന്നുണ്ട്. ജസ്റ്റിസ് വര്‍മ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ മുഖ്യ ശുപാര്‍ശകളിലൊന്ന് പട്ടാളക്കാര്‍ക്കെതിരായുള്ള ബലാത്സംഗക്കുറ്റങ്ങള്‍ മിലിട്ടറി കോര്‍ട്ടുകളില്‍ നിന്ന് മാറ്റി സിവില്‍ കോടതികളുടെ അധികാരപരിധിയില്‍ കൊണ്ടുവരാനുള്ളതായിരുന്നല്ലോ. പട്ടാളക്കാരുടെ ഭാഗത്തുനിന്നുള്ള ബലാത്സംഗങ്ങള്‍ വര്‍ധിച്ചുവരുന്നതിനാലും അതിനുമുന്നില്‍ സ്ത്രീകള്‍ തീര്‍ത്തും നിസ്സഹായരാകുന്നതിനാലും ഈ നിര്‍ദേശം പരമപ്രധാനമായിരുന്നു. അഫ്‌സ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) വാഴുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിലിട്ടറി റേപ്പുകളാല്‍ പൊറുതിമുട്ടിയ മണിപ്പുരി സ്ത്രീകള്‍ Indian army rape us എന്ന ബാനറും പിടിച്ച് നഗ്‌നജാഥ നടത്തിയതും അഫ്‌സ്പ പിന്‍വലിക്കാനായി ഇറോം ഷര്‍മിള പതിനൊന്നുവര്‍ഷമായി നിരാഹാരമനുഷ്ഠിക്കുന്നതും ഓര്‍ക്കുക. പാദസേവകരായ കീഴുദ്യോഗസ്ഥരുടെ ലൈംഗികപരാക്രമങ്ങള്‍ കരുണാവാരിധികളായ മേലുദ്യോഗസ്ഥജഡ്ജിമാര്‍ പട്ടാളക്കോടതികളില്‍ മിക്കവാറും മാപ്പാക്കിവിടുന്ന ചരിത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ.

എന്നിട്ടും ജവാന്മാരുടെ ബാലാത്സംഗക്കേസുകള്‍ സിവില്‍കോടതികളിലേക്ക് മാറ്റുന്നതിനും സ്വന്തം കമാന്‍ഡിന് കീഴിലുള്ള ലൈംഗികാക്രമണങ്ങള്‍ക്ക് മിലിട്ടറി ഓഫീസറെ ഉത്തരവാദിയാക്കുന്നതിനുമുള്ള വര്‍മ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പറ്റേ തള്ളിക്കളയുകയാണ് ചെയ്തത്. അപ്പോള്‍ വിപരീതഫലമുള്ള വധശിക്ഷാലഹരിയില്‍ സ്ത്രീകളെ മയക്കിക്കിടത്തി അവരുടെ യഥാര്‍ഥ താത്പര്യങ്ങള്‍ പരിഹാസ്യമാംവണ്ണം ഹനിക്കുകയായിരുന്നു ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യമെന്നര്‍ഥം.

എന്തുകൊണ്ടാണ് യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ഇത്തരം പോപ്പുലിസ്റ്റ് നയങ്ങളില്‍ വെരുകിക്കളിക്കുന്നത്? തത്കാലത്തെ ജനപ്രീതി പിടിച്ചുപറ്റുക, അതുപയോഗിച്ച് തൊട്ടുമുന്നിലുള്ള അധികാരസ്ഥാനങ്ങളില്‍ ചാടിക്കയറുക, പിന്നെ കൈയുംകണക്കുമില്ലാതെ നാടിന്റെ സമ്പത്ത് കൊള്ളയടിക്കുക - ഈയൊരൊറ്റ ലക്ഷ്യമാണ് ഇന്നത്തെ കക്ഷിരാഷ്ട്രീയ ലോകത്തെ മുന്നോട്ട് നയിക്കുന്നതെന്ന് തോന്നുന്നു. അതിന്റെ മത്സര കേളികള്‍ക്കിടയില്‍ നാടിന്റെയോ നാട്ടാരുടെയോ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിതിയെല്ലാം പുല്ലാണ്, വെറും പുല്ല്.

ഡല്‍ഹി സംഭവത്തോടുകൂടി സര്‍ക്കാറിന് പെട്ടെന്നുണ്ടായ സ്ത്രീസംരക്ഷണ വ്യഗ്രതയുടെ വിരോധാഭാസം തിരിയണമെങ്കില്‍ ഹിന്ദു പത്രത്തിലെ പ്രശസ്ത ജേര്‍ണലിസ്റ്റ് പി. സായിനാഥിന്റെ ചില കണ്ടെത്തലുകളിലൂടെ സഞ്ചരിച്ചാല്‍മതി. നവസാമ്പത്തിക നയങ്ങളുടെ ബലാത്കാരംകൊണ്ട് നാടുപേക്ഷിച്ച് ദില്ലിയിലേക്ക് കുടിയേറേണ്ടി വരുന്ന ആയിരക്കണക്കിന് കൗമാരക്കാരികള്‍ വീട്ടുജോലിയെങ്കിലും യാചിച്ച് തലസ്ഥാനനഗരിയില്‍ തെണ്ടുകയാണത്രെ. ഇവര്‍ അനുഭവിക്കേണ്ടിവരുന്ന ലൈംഗികാക്രമണങ്ങളുടെയും അവിഹിത ഗര്‍ഭങ്ങളുടെയും ചിത്രവധങ്ങളുടെയും ഭീകരത ഊഹാതീതമായിരിക്കും. ആന്റി സെക്ഷ്വല്‍ അസോള്‍ട്ട് ഓര്‍ഡിനന്‍സ് പ്രകാരം ബലാത്സംഗികള്‍ക്ക് വധശിക്ഷ നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരകളെ സപ്ലെ ചെയ്യുന്ന 'മന്‍മോഹനോമിക്‌സ് പിമ്പുകള്‍ക്ക്' ജീവപര്യന്തമെങ്കിലും നല്‍കേണ്ടതില്ലേ?

സര്‍ക്കാറിന്റെ ഇന്നത്തെ പോപ്പുലിസ്റ്റ് കുതന്ത്രങ്ങള്‍ കാണുമ്പോള്‍ 1922-ല്‍ നടന്ന ചൗരിചൗരാ സംഭവത്തില്‍ മഹാത്മാഗാന്ധി എടുത്ത നിലപാടിനെക്കുറിച്ചാണ് ഓര്‍മവരുന്നത്. നോണ്‍ കോര്‍പ്പറേഷന്‍ മൂവ്‌മെന്റിന്റെ കൊടുമ്പിരിയില്‍ നാട്ടുകാരെ പോലീസ് വെടിവെച്ചുകൊന്നതിന്റെ പ്രതിക്രിയയായിട്ടായിരുന്നു സമരക്കാര്‍ അന്ന് പോലീസിനെയും ചുട്ടത്. എന്നിട്ടും ആളിക്കത്തുന്ന ജനവികാരത്തെയും രാജ്യമെമ്പാടുമുള്ള മുറവിളിയെയും കൂസാതെ മഹാത്മജി നിസ്സഹകരണ സമരം പിന്‍വലിച്ച് തന്റെ അഹിംസാതത്ത്വം അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്. വിഭജനത്തിനുശേഷം പാകിസ്താന് തിരിച്ചുനല്‍കേണ്ട പണത്തിന്റെ കാര്യത്തിലും അദ്ദേഹം പൊതുവികാരത്തിന്റെ ചതിക്കുഴിയില്‍ വീണില്ല.

താത്കാലിക നേട്ടത്തിലുപരി നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നന്മയ്ക്കുവേണ്ടി വര്‍ത്തിച്ച ആ മഹാത്മാവിനുവേണ്ടി ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചെയ്യാവുന്ന ഒരേയൊരു ഔദാര്യം അദ്ദേഹത്തെ രാഷ്ട്രപിതാപദവിയില്‍ നിന്ന് പിരിച്ചുവിടുന്നതായിരിക്കും. കക്ഷിരാഷ്ട്രീയ ശക്തികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതിക്കുതന്നെ രാഷ്ട്രപിതാസ്ഥാനത്തിന്റെ അഡീഷണല്‍ ചാര്‍ജും നമുക്ക് നല്‍കാം. രാജ്യത്തെ ആഭാസകരമായ സ്ത്രീ-പുരുഷ ബന്ധാവസ്ഥയില്‍ രാഷ്ട്രപതിയും രാഷ്ട്രപിതാവും ഒന്നാകുന്നത് അങ്ങേയറ്റം ഉചിതവുമായിരിക്കും.
Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -