കടലിനടിയില്‍നിന്ന് വിക്ഷേപിക്കുന്ന കെ 15 മിസൈല്‍ വിജയകരമായി നിര്‍മിച്ചതോടെ ഇന്ത്യയുടെ ആണവയുദ്ധസജ്ജത പൂര്‍ണമായി. കരയില്‍നിന്നും പോര്‍വിമാനങ്ങളുപയോഗിച്ച് ആകാശത്തുനിന്നും അണുവായുധം വിക്ഷേപിക്കുവാനുള്ള ശേഷിയേ ഇതുവരെ രാജ്യത്തിനുണ്ടായിരുന്നുള്ളൂ. ജനവരി 27ന് നടന്ന കെ 15 വിക്ഷേപണം വിജയമായതോടെ മുങ്ങിക്കപ്പലുകളില്‍നിന്ന് അണുവായുധം പ്രയോഗിക്കുവാനുള്ള ശേഷിയാണ് കൈവരിച്ചത്. ഇതോടെ കര, ആകാശം, കടല്‍ എന്നീ മൂന്നുമാര്‍ഗങ്ങളിലൂടെയും അണുവായുധം പ്രയോഗിക്കുവാന്‍ ഇന്ത്യന്‍ സേനയ്ക്ക് കഴിയും. ആണവ യുദ്ധതന്ത്രത്തില്‍ 'ന്യൂക്ലിയര്‍ ട്രയാഡ്' എന്നാണ് ഈ ത്രിമുഖ ശേഷിയെ വിളിക്കുന്നത്.
ഹൈദരാബാദിനടുത്ത് പുറംകടലില്‍ 200 മീറ്ററോളംആഴത്തില്‍ കടലിനടിയില്‍ സജ്ജീകരിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിലെ ലോഞ്ചറില്‍നിന്നാണ് കെ 15 വിക്ഷേപിച്ചത്. ഒരു കവചത്തില്‍ (കാനിസ്റ്റര്‍) സൂക്ഷിച്ചിരിക്കുന്ന മിസൈലിനെ ചെറുറോക്കറ്റ് ജ്വലിപ്പിച്ചുണ്ടാക്കുന്ന വായുസമ്മര്‍ദം ഉപയോഗിച്ച് വെള്ളത്തിനടിയില്‍നിന്ന് ഉപരിതലത്തിലേക്ക് തള്ളിവിടും. തുടര്‍ന്ന് അന്തരീക്ഷത്തില്‍വെച്ച് വീണ്ടും ജ്വലിപ്പിച്ച് സാധാരണ മിസൈലിലേതുപോലെ പ്രയാണം ക്രമീകരിക്കുന്ന സാങ്കേതികവിദ്യയാണിതില്‍ ഉപയോഗിക്കുന്നത്. പത്തുമീറ്റര്‍ (ഏകദേശം മൂന്നുനില കെട്ടിടത്തിന്റെ ഉയരം) നീളമുള്ള കെ 15ന് 750കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ആണവ പോര്‍മുനയുമായി കൃത്യതയോടെ ആക്രമിക്കുവാന്‍ കഴിയും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ലബോറട്ടറിയിലാണ് ( ഡി.ആര്‍.ഡി.എല്‍) നിര്‍മാണം.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവമുങ്ങിക്കപ്പലായ ഐ.എന്‍.എസ്. അരിഹന്തലായിരിക്കും ഈ മിസൈല്‍ സംവിധാനം ആദ്യം സ്ഥാപിക്കുകയെന്ന് ഡി.ആര്‍.ഡി.ഒ. ഡയറക്ടര്‍ രവികുമാര്‍ ഗുപ്ത 'മാതൃഭൂമി'യോട് പറഞ്ഞു. ഇപ്പോള്‍ മുങ്ങിക്കപ്പലില്‍നിന്നല്ല വിക്ഷേപിച്ചത്. ഇനിയത് മുങ്ങിക്കപ്പലില്‍നിന്ന് വിക്ഷേപിച്ച് പരീക്ഷിക്കേണ്ടതുണ്ട്. അരിഹന്ത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാലേ ഇത് സാധ്യമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
2011-ല്‍ നീറ്റിലിറക്കിയെങ്കിലും അരിഹന്തിനെ ചലിപ്പിക്കാനുള്ള ചെറിയ ആണവറിയാക്ടറിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. സമ്പുഷ്ട യുറേനിയമാണിതില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. മുങ്ങിക്കപ്പലില്‍ സ്ഥാപിക്കുന്ന ഈ ആണവ റിയാക്ടറില്‍നിന്നുള്ള ചൂടുകൊണ്ട് നീരാവിയുണ്ടാക്കുകയും ഈ നീരാവികൊണ്ട് മുങ്ങിക്കപ്പലിന്റെ ടര്‍ബൈന്‍ ചലിപ്പിക്കുകയുമാണ് ചെയ്യുക. 80 മെഗാവാട്ട് തെര്‍മലിന്റെ ഈ റിയാക്ടര്‍ അണുവോര്‍ജവകുപ്പാണ് നിര്‍മിക്കുന്നത്. 2013 ജൂണ്‍ മാസത്തോടെ ഇത് അരിഹന്തില്‍ സ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇപ്പോഴും ഈ മുങ്ങിക്കപ്പല്‍ പരീക്ഷണഓട്ടം നടത്തുന്നുണ്ടെങ്കിലും പുറത്തുനിന്ന് നീരാവിയെത്തിച്ചാണ് പ്രവര്‍ത്തനം.
വിക്ഷേപിണി മുങ്ങിക്കപ്പലില്‍ ഘടിപ്പിക്കുവാനുള്ള ജോലികള്‍ അതിവേഗം മുന്നോട്ടുനീങ്ങുകയാണ്. അരിഹന്തില്‍ പന്ത്രണ്ട് കെ 15 മിസൈലുകള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ ശ്രേണിയില്‍പ്പെട്ട നാല് ആണവ മുങ്ങിക്കപ്പലുകള്‍ വേണമെന്നാണ് നാവികസേന പ്രതിരോധവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പ്രതിരോധമന്ത്രി എ.കെ.ആന്റണി അംഗീകാരവും നല്‍കിക്കഴിഞ്ഞു. ശൗര്യ എന്ന ഭൂതല മിസൈലിന്റെ നാവികപ്പതിപ്പാണ് കെ 15.
സാധാരണ ഡീസല്‍ മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി ആണവമുങ്ങിക്കപ്പലുകള്‍ക്ക് മാസങ്ങളോളം ആഴക്കടലില്‍ ഒളിച്ച് മുങ്ങിക്കിടക്കുവാന്‍ കഴിയും. ഡീസല്‍ മുങ്ങിക്കപ്പലുകള്‍ക്ക് എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള വായു ശേഖരിക്കുവാനായി ഇടയ്ക്കിടെ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നുവരണം എന്ന ന്യൂനതയുണ്ട്. ആണവ മുങ്ങിക്കപ്പലുകള്‍ക്ക് അടുക്കാനും അവയുടെ ഇന്ധനവും അറ്റകുറ്റപ്പണികളും കൈകാര്യം ചെയ്യാനുമായി ആന്ധ്രാതീരത്തെ ഗംഗാവരത്ത് പ്രത്യേക താവളവും ഒരുക്കുന്നുണ്ട്.
ആര്‍ക്കെതിരെയും ആദ്യം അണുവായുധം ഉപയോഗിക്കുകയില്ലെന്ന നയമാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ അണുവായുധംകൊണ്ട് ഒട്ടും പിഴവില്ലാതെ ലോകത്തെവിടെയും തിരിച്ചടിനല്‍കുവാനുള്ള ശേഷി (എന്‍ഷ്വേഡ് സെക്കന്‍ഡ് സ്‌ട്രൈക്ക് കേപ്പബിലിറ്റി) ഉറപ്പാക്കുവാനും സൈന്യത്തിനു കഴിയണം. പൃഥ്വി, ബ്രഹ്മോസ്, ശൗര്യ, അഗ്‌നിമിസൈലുകള്‍കൊണ്ട് കരസേനയ്ക്ക് ഇത് സാധ്യമാക്കാനാവും. വിവിധ പോര്‍വിമാനങ്ങളും ബ്രഹ്മോസ് മിസൈലുംകൊണ്ട് വ്യോമസേനയ്ക്കും ഇത് സാധിക്കും. എന്നാല്‍ ശത്രുവിന്റെ ആക്രമണത്തില്‍പ്പെട്ടോ മറ്റേതെങ്കിലും കാരണത്താലോ കര, വ്യോമശേഷി പ്രയോഗിക്കുവാന്‍ കഴിയാത്ത സാഹചര്യംവന്നാല്‍ ശത്രുരാജ്യത്തിനടുത്തുപോലും രഹസ്യമായിച്ചെന്ന് കടലിനടിയില്‍നിന്ന് അണുവായുധം ഉറപ്പായും പ്രയോഗിക്കുവാനുള്ള ശേഷിയാണ് കെ 15 ലൂടെയും അരിഹന്തിലൂടെയും കൈവരിക്കുന്നത്.
അമേരിക്ക, റഷ്യ, ഫ്രാന്‍സ് നമുക്ക് തൊട്ടടുത്തുള്ള ചൈന എന്നീരാജ്യങ്ങള്‍ ഇത് നേടിക്കഴിഞ്ഞവരാണ്. ഇപ്പോള്‍ അഞ്ചാമതായി ഇന്ത്യയും. പൊഖ്‌റാനിലെ ആദ്യ അണുവായുധ പരീക്ഷണത്തിനുശേഷം രാജ്യസുരക്ഷയില്‍ ഇന്ത്യനേടുന്ന ഏറ്റവും തന്ത്രപ്രധാന കാല്‍വെപ്പാണിത്.