SPECIAL NEWS
  Jan 22, 2013
അമേരിക്കയ്ക്ക് ആരോഗ്യമില്ല
സിസ്സി ജേക്കബ്

ലോകത്തെ സമ്പന്ന മുതലാളിത്ത രാജ്യമായ അമേരിക്കയ്ക്ക് രോഗബാധ. ആരോഗ്യ സംരക്ഷണത്തിന് ഒരു വര്‍ഷം ആളൊന്നുക്ക് 8,233 ഡോളര്‍ (4.4 ലക്ഷം രൂപ) -2010-ലെ കണക്ക്- ചെലവഴിക്കുന്ന രാജ്യത്ത് ആയുസ് അമ്പതു കടന്നുകിട്ടയാല്‍ ഭാഗ്യമെന്ന നിലയിലാണ് കാര്യങ്ങള്‍.

രോഗ ബാധിതരുടെ എണ്ണവും ശിശുമരണവും ഏറിവരികയാണിവിടെ. ലോകത്തെ 16 സമ്പന്ന രാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ആരോഗ്യം തീരെയില്ലാത്തവരായി മാറിയിരിക്കുന്നു അമേരിക്കക്കാര്‍. അമേരിക്കന്‍ ജനതയെയും ആരോഗ്യരക്ഷാ പ്രവര്‍ത്തകരെയും ആരോഗ്യനയ രൂപകര്‍ത്താക്കളെയും ആശങ്കയിലാക്കിയ ഈ വിവരം പുറത്തുവിട്ടത് ഭരണകൂടം തന്നെയാണ്.

ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല ഈ ആരോഗ്യത്തകര്‍ച്ച. കാലങ്ങളായി ഇതിലേക്കുള്ള യാത്രയിലായിരുന്നു അമേരിക്ക. ഉയര്‍ന്ന വരുമാനമുള്ള മറ്റ് രാജ്യങ്ങളിലെ ജനങ്ങളെക്കാള്‍ കുറഞ്ഞ പ്രായത്തില്‍ മരിച്ചുപോകുന്നു അമേരിക്കകാര്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ടാണ് ദുരന്തം പ്രകടമായത്. താരതമ്യപഠനത്തിനെടുത്ത 17 രാജ്യങ്ങളില്‍ ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കുറവ് അമേരിക്കന്‍ പുരുഷനാണ് -75.64 വയസ്. സ്ത്രീകളുടെ കാര്യവും വ്യത്യസ്തമല്ല. പുരുഷനേക്കാള്‍ അല്‍പ്പം മെച്ചമെന്നുമാത്രം; 80.78 വയസ്.

യു.എസ്. നാഷണല്‍ റിസേര്‍ച്ച് കൗണ്‍സില്‍ ജനവരി ഒമ്പതിനാണ് 378 പേജുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമ്പത്തും സൗകര്യങ്ങളുമുണ്ടായിട്ടും മൂന്നാംലോക രാജ്യങ്ങളിലെ ആരോഗ്യനിലവാരമേയുള്ളൂ അമേരിക്കയില്‍. മറ്റ് സമ്പന്നരാഷ്ട്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശിശുമരണനിരക്ക് ഏറ്റവും കൂടുതല്‍്. തൂക്കക്കുറവുള്ള നവജാത ശിശുക്കള്‍ കൂടതല്‍. കൗമാരക്കാരായ ഗര്‍ഭിണികള്‍ കൂടുതല്‍.

എച്ച്.ഐ.വി. ബാധയും എയ്ഡ്‌സും മറ്റു ലൈംഗിക രോഗങ്ങളും കൂടുതല്‍. പൊണ്ണത്തടിയുള്ളവര്‍ കൂടുതല്‍. ഇരുപതുവയസ്സാകുമ്പോഴേ പ്രമേഹം പിടിപെടുന്നവര്‍ കൂടുതല്‍. ശ്വാസകോശരോഗ ബാധിതര്‍ കൂടുതല്‍. ഹൃദ്രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സമ്പന്നരാജ്യങ്ങളില്‍ രണ്ടാം സ്ഥാനം. മയക്കുമരുന്നിന്റെയും ലഹരിപാനീയങ്ങളുടെയും ഉപയോഗം മൂലം മരണത്തിലെത്തുന്നവര്‍ വേറെ. ഇതിനൊക്കപ്പുറമേയാണ് റോഡപകടങ്ങളില്‍ പൊലിയുകയും വെടിയുണ്ടയില്‍ ഒടുങ്ങുകയും ചെയ്യുന്ന ജീവനുകള്‍.

50 എത്തുംമുമ്പേ ഒരമേരിക്കക്കാരന്റെ ആരോഗ്യം ക്ഷയിച്ചുകഴിഞ്ഞിരിക്കും. 75 കടന്നുകിട്ടിയാല്‍, പിന്നെ കുറേനാള്‍ കൂടി ജീവിച്ചെന്നുവരും. പഠനവിധേയമാക്കിയ 17 രാജ്യങ്ങളില്‍ ദാരിദ്ര്യം ഏറ്റവും കൂടുതലുള്ളതും അമേരിക്കയിലാണ്.

എന്നാല്‍, ദരിദ്രരാണ് രോഗപീഢകളാല്‍ വലയുന്നതെന്ന് കരുതരുത്. ഇക്കാര്യത്തില്‍ സമ്പന്ന, ദരിദ്ര ഭേദമില്ല. ഉന്നതവരുമാനക്കാര്‍ക്ക് മറ്റുരാജ്യങ്ങളിലെ സമാനജീവിതനിലവാരമുള്ളവരേക്കാള്‍ ആരോഗ്യവും ആയുസും കുറവാണ്. പക്ഷേ, മറ്റു രാജ്യങ്ങളില്‍ നിന്ന് കുടിയേറി പാര്‍ക്കുന്നവര്‍, തദ്ദേശീയരായ അമേരിക്കക്കാരേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, സ്വീഡന്‍, ബ്രിട്ടന്‍ എന്നിവ ചെലവിടുന്നതിന്റെ രണ്ടിരട്ടി ആളോഹരി ആരോഗ്യ പരിപാലനത്തിന് ചെലവിടുന്ന, മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിന്റെ 17.6 ശതമാനം ആരോഗ്യമേഖലയ്ക്കായി നീക്കിവെക്കുന്ന രാജ്യത്തിന്റെ ഗതിയാണിത്. ഈ പരാജയത്തിന് വ്യക്തവും കൃത്യവുമായ കാരണം ചൂണ്ടിക്കാട്ടാന്‍ നാഷണല്‍ റിസേര്‍ച്ച് കൗണ്‍സിലിന് കഴിഞ്ഞിട്ടില്ല. വ്യക്തതയില്ലാത്ത നാല് കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്:

1) മറ്റ് സമ്പന്നരാഷ്ട്രങ്ങളെ അപേക്ഷിച്ച്, ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ അമേരിക്കയില്‍ കൂടുതലാണ്. ഇവര്‍ക്ക് പ്രാഥമിക ആരോഗ്യ പരിചരണം ലഭിക്കാനുള്ള സാധ്യതകള്‍ കുറവാണ്. ചികിത്സാച്ചെലവ് ഭീമമാണ്.

2) മറ്റ് സമ്പന്നരാഷ്ട്രങ്ങളിലേതിനേക്കാള്‍ മദ്യപാനവും പുകവലിയും കുറവാണെങ്കിലും കാലറി കൂടിയ ആഹാരസാധനങ്ങളുടെ ഉപഭോഗം അമേരിക്കയില്‍ കൂടുതലാണ്. സീറ്റ് ബെല്‍റ്റിടാതെയുള്ള ഡ്രൈവിങ്ങും ചെറിയ പ്രശ്‌നങ്ങളെപ്പോലും തോക്കുകൊണ്ട് നേരിടുന്നതും മരണവും ഗുരുതര പരിക്കുകളും ക്ഷണിച്ചുവരുത്തുന്നു.

3) ശരാശരി ആരോളഹരി വരുമാനം കൂടിയ രാഷ്ട്രമാണെങ്കിലും ദാരിദ്ര്യം, പ്രത്യേകിച്ച് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികള്‍ കൂടുതലാണിവിടെ. വരുമാനത്തില്‍ വന്‍ അസമത്വവും നിലനില്‍ക്കുന്നു. ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തില്‍ മറ്റ് രാഷ്ട്രങ്ങള്‍ അമേരിക്കയെകടത്തി വെട്ടിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസക്കുറവ് ആരോഗ്യകാര്യങ്ങളെക്കുറിച്ച് അജ്ഞതയുണ്ടാക്കുന്നു.
4) ചെറുദൂരം താണ്ടാന്‍ പോലും വാഹനങ്ങളെ ആശ്രയിക്കുന്ന ജനത, വ്യായാമത്തെ പടിക്കുപുറത്തു നിര്‍ത്തുന്നു. ഇത് പൊണ്ണത്തിടിക്കും അനുബന്ധ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ഇവയിലൊന്നുപോലും അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന അനാരോഗ്യത്തിന് തൃപ്തികരമായ വിശദീകരണം നല്‍കുന്ന കാരണങ്ങളല്ല. ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ പോരായ്മകള്‍ രോഗബാധയും മരണവും കൂട്ടുമെന്നത് ശരിതന്നെ. പക്ഷേ, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങളെയും ഏറ്റുമുട്ടലുകളെയും തോക്കുസംസ്‌ക്കാരത്തെയും പറ്റി റിപ്പോര്‍ട്ട് നിശബ്ദത പാലിക്കുന്നു. വ്യയാമമില്ലായ്മ ആരോഗ്യം മോശമാക്കുമെന്ന വസ്തുത അംഗീകരിക്കാം. പക്ഷേ, പുകവലിക്കാത്ത, മദ്യപിക്കാത്ത അമേരിക്കകാരനും മറ്റു സമ്പന്നരാജ്യങ്ങളിലെ പൗരന്റെയത്ര ആരോഗ്യമില്ലാത്തതിന്റെ കാരണമെന്തെന്ന് വിശദീകരിക്കാന്‍ റിപ്പോര്‍ട്ടിനായിട്ടില്ല.

ഒരു കാര്യം വ്യക്തമാണ്. ലോകം കാണുന്ന 'മഹത്തായ' അമേരിക്കയല്ല യഥാര്‍ഥ അമേരിക്ക. ആരോഗ്യ രംഗത്തെ പരാജയം സാമ്പത്തിക രംഗത്തും പ്രതിഫലിക്കുന്ന കാലം വിദൂരമല്ല. രോഗബാധിതരായ പൗരന്‍മാര്‍ ആയുസെത്താതെ മരിക്കുമ്പോള്‍ അതിന്റെ കാരണം കണ്ടെത്താനും ആരോഗ്യമേഖലയെ കാര്യക്ഷമമാംവിധം പരിഷ്‌ക്കരിക്കാനും ഇനിയും പണം കണ്ടെത്തേണ്ടിവരും. ആരോഗ്യത്തകര്‍ച്ച ഫലത്തില്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. സാമ്പത്തിക ഞെരുക്കത്താലുഴറുന്ന അമേരിക്കയ്ക്കും രണ്ടാംവട്ടവും പ്രസിഡന്റ് പദമേറിയ ഒബാമയ്ക്കും കടുത്ത വെല്ലുവിളിയാകും ഇത്.
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -