
ഇന്ത്യയിലെ പ്രാദേശിക ഭാഷാസാഹിത്യത്തെക്കാള്‍ മേന്മയുള്ളതാണ് ഇംഗ്ലീഷിലുള്ള ഇന്ത്യന്‍ ഗദ്യരചനകളെന്ന് ഊറ്റം കൊള്ളുന്നുണ്ട് സല്‍മാന്‍ റുഷ്ദി. ഇപ്പറഞ്ഞത് സങ്കുചിത വീക്ഷണം മാത്രമാണെന്ന് തിരിച്ചടിക്കുകയുണ്ടായി സക്കറിയ. രണ്ടായിരാമാണ്ട് ആദ്യദശകം പിന്നിടുമ്പോഴേക്കും മലയാളത്തിലെ ലബ്ധപ്രതിഷ്ഠിതനായ എഴുത്തുകാരന്‍ സക്കറിയ ഇംഗ്ലീഷില്‍ എഴുതിയ തന്റെ ആദ്യ ഫിക്ഷന്‍ പൂര്‍ത്തിയാക്കി. അടുത്തുതന്നെ അത് പ്രസിദ്ധീകരിക്കും എന്നാണ് വാര്‍ത്ത. ഇതിനര്‍ഥം റുഷ്ദിക്കെതിരെ സക്കറിയ ഉന്നയിച്ചിരുന്ന വാദങ്ങള്‍ അപ്രസക്തമായി എന്നല്ല. ഭാഷാസാഹിത്യങ്ങളുടെ മൗലികതയെപ്പറ്റിയുള്ള തന്റെ അഭിപ്രായങ്ങള്‍ മാറിപ്പോയതുകൊണ്ടായിരിക്കുകയില്ല സക്കറിയ ഇംഗ്ലീഷ് രചനയിലേക്ക് കടന്നത്. പകരം, പ്രവാസികളായ മലയാളികള്‍ കൂടെ ഉള്‍പ്പെടുന്ന മറ്റൊരു വലിയ വായനാസമൂഹം കൂടിയുണ്ടെന്നും അവരോടുകൂടി സംഭാഷണത്തിലേര്‍പ്പെടുക വഴി തന്റെ എഴുത്തിനെ തന്നെ മൗലികമായി നവീകരിക്കാം എന്നൊരു ദൃഢവിശ്വാസവും തിരിച്ചറിവും ആയിരിക്കാം ഈ സംരംഭത്തിന് പ്രേരകമായത്. സക്കറിയയ്ക്കു മാത്രമല്ല, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സര്‍ഗാത്മകമായി കൈകാര്യം ചെയ്യാമെന്നുറപ്പുള്ള ഏതൊരു ഭാഷാ നോവലെഴുത്തുകാരിക്കും എഴുത്തുകാരനും മറ്റൊരു ആകാശവിസ്തൃതി തുറന്നുകിടക്കുകയാണ്.
ഇംഗ്ലീഷ് ഭാഷയിലുള്ള ഇന്ത്യന്‍ നോവലെഴുത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ട് മൂന്നുനാല് ദശകങ്ങളേ ആയിട്ടുള്ളൂ. ആദ്യഘട്ടങ്ങള്‍ക്കുശേഷം പുതിയൊരു കൂട്ടം എഴുത്തുകാര്‍ കടന്നുവരുന്നതോടെ മാറ്റങ്ങള്‍ക്ക് സ്ഥായിയായ ഒരു സ്വഭാവം കൈവന്നു. ഉപമന്യു ചാറ്റര്‍ജി, അമിതാഭ് ഘോഷ്, ശശി തരൂര്‍, അലന്‍ സീയലി, റോഹിന്‍ടണ്‍ മിസ്ത്രി, വിക്രം സേത്ത്, വിക്രം ചന്ദ്ര, മുകുള്‍ കേശവന്‍, അമിത് ചൗധരി, ഭാരതി മുഖര്‍ജി, ഗീതാ ഹരിഹരന്‍ എന്നിവരാണ് ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധനേടിയ എഴുത്തുകാര്‍. എന്നാലിവര്‍ക്കൊക്കെ മുമ്പേ സല്‍മാന്‍ റുഷ്ദി 'അര്‍ധരാത്രിയുടെ പിള്ളേര്‍' , 'നാണക്കേട്' (ഷേം), ' കോമാളി ഷാലിമാര്‍' എന്നീ രചനകളിലൂടെ ഭാഷാപരമായും ആഖ്യാനപരമായും അതുവരെ നിലനിന്നിരുന്ന ഇംഗ്ലീഷ് ഇന്ത്യന്‍സാഹിത്യത്തിന്റെ പരിമിത ഭാവനാലോകത്തെ മറികടന്നിരുന്നു. 'അര്‍ധരാത്രിയുടെ പിള്ളേര്‍' എന്നൊരു ഒറ്റ എഴുത്തുകൊണ്ട് ഭാവനയുടെ പുതിയൊരു ഭൂഖണ്ഡംതന്നെ റുഷ്ദി സൃഷ്ടിച്ചെടുത്തു. ഈ നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ്, റുഷ്ദി ആധുനികമായ അഭിരുചികളുള്ള ഒരു വായനാസമൂഹത്തെ രൂപപ്പെടുത്തുന്നത്.
47-ന് ശേഷം ജനിക്കുകയും 50-കളിലും 60-കളിലും 70-കളിലും ബാല്യവും യൗവനവും പിന്നിടുകയും ചെയ്ത പുതിയൊരു തലമുറവായനക്കാരാണ് റുഷ്ദിയുടെ 'അര്‍ധരാത്രിയുടെ പിള്ളേര്‍' ഉത്സാഹത്തോടെ സ്വീകരിച്ചത്. സാഹിത്യത്തിലും ചിത്രകലയിലും ആധുനികത കൊണ്ടുവന്ന ഭാവുകത്വമാറ്റത്തെ അവര്‍ ഉള്‍ക്കൊണ്ടിരുന്നു. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ രചനകളുമായി യഥേഷ്ടം ഇടപഴകിയ ഈ തലമുറവായനക്കാര്‍ 81-ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ 'അര്‍ധരാത്രിയുടെ പിള്ളേര്‍' എന്ന നോവലിനോട് സമഭാവനയോടെയാണ് പ്രതികരിച്ചത്.

റുഷ്ദിക്ക് മേല്‍ക്കോയ്മ ഉണ്ടായിരുന്ന ഘട്ടമാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തില്‍ തുടര്‍ന്നുള്ള കുറച്ചുകാലം. വി.എസ്. നെയ്പാളിന്റെ രചനകളും ധാരാളമായി വായിക്കപ്പെട്ടിരുന്നു. ഭാവുകത്വപരമായ സവിശേഷതകള്‍ എടുത്തു പറയുമ്പോഴും അവരുടെ എഴുത്തുകളില്‍ തെളിഞ്ഞുനിന്നിരുന്നത് കോളോണിയല്‍ വിചാരമൗഢ്യങ്ങള്‍ തന്നെയായിരുന്നു. അതായത് ഇന്ത്യ സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്ന അവികസിതപ്രദേശമാണെന്ന ഇംപീരിയല്‍ ധാരണയെ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ജീവിതസന്ദര്‍ഭങ്ങള്‍ നല്ല മിഴിവോടെ നെയ്പാളും റുഷ്ദിയും വരഞ്ഞുവെച്ചു.
ശ്രദ്ധേയമായ ഒരു കാര്യം ഈ ഘട്ടത്തിലെ എഴുത്തുകാര്‍ ആദ്യപഥികരില്‍നിന്ന് വ്യത്യസ്തമായി അന്യദേശങ്ങളിലേക്ക് കുടിയേറി പാര്‍ത്തവരായിരുന്നു എന്നതാണ്. അവരുടെ പ്രധാനവായനക്കാരും അങ്ങനെയുള്ളവര്‍ തന്നെയായിരുന്നു. തീര്‍ത്തും അകന്നു നിന്നുകൊണ്ട് അന്യാധീനപ്പെട്ടുപോയ ലോകത്തെക്കുറിച്ച് ഒരു ഗൃഹാതുര സ്മൃതിയുമില്ലാതെയാണ് അവരെഴുതിയിരുന്നത്. ഈ അകല്‍ച്ചയും അന്യാധീനപ്പെടലും ഗൃഹാതുരതയില്ലായ്മയും അവരുടെ വായനാസമൂഹത്തിന്റെയും പ്രത്യേകതയായിരുന്നു. അന്യദേശങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്ന ഇന്ത്യക്കാരും പാകിസ്താനികളും സ്വരാജ്യത്തിന്റെ അവികസിതാവസ്ഥയെക്കുറിച്ച് ഏതാണ്ടൊക്കെ അപകര്‍ഷതയോടെയാണ് മിണ്ടിയതും മിണ്ടാതിരുന്നതും.
90-കളോടെ ഇതില്‍ വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്. എഴുത്തിലും അതിന്റെ വായനാസമൂഹത്തിലും ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സോഷ്യലിസത്തിന്റെ തകര്‍ച്ചയോടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്തതിനോടുമൊപ്പം പ്രവാസി ഇന്ത്യക്കാരന്‍ ഗൃഹാതുരസ്മൃതികളോടെ രാജ്യസേവനം മുന്‍നിര്‍ത്തി പുതിയ നിക്ഷേപപദ്ധതികളുമായി നാട്ടിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. ഈയൊരു ചലനാത്മകമായ കാലത്തേക്കാണ് അമിതാഭ് ഘോഷ്, ശശി തരൂര്‍, ഉപമന്യു ചാറ്റര്‍ജി, മുകുള്‍ കേശവന്‍, ഗീതാ ഹരിഹരന്‍ തുടങ്ങിയ എഴുത്തുകാര്‍ തങ്ങളുടെ നോവലുകളുമായി കടന്നുവരുന്നത്. ഇവരില്‍ പലരും ഇന്ത്യയിലെ സെന്റ് സ്റ്റീഫന്‍സ് പോലുള്ള വരേണ്യ കോളേജുകളില്‍ പഠിച്ചുവളര്‍ന്നവരാണ്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തില്‍ 'സെന്റ് സ്റ്റീഫാനിയന്‍സ്' എന്ന് വിശേഷിപ്പിക്കപ്പെട്ട ഫിക്ഷന്‍ രചയിതാക്കളുടെ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. അമിതാഭ് ഘോഷും ശശി തരൂരും നാട്ടുകാര്യങ്ങള്‍ പറഞ്ഞിരുന്നത് ഏറെക്കുറെ അനുഭാവത്തോടെ ആണ്. ഇംഗ്ലീഷിലുള്ള വിദേശഭാഷാ സാഹിത്യങ്ങളുമായി നിത്യസമ്പര്‍ക്കമുള്ള ഇന്ത്യയുടെ വലുതും ചെറുതുമായ പട്ടണങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറി പാര്‍ത്തിരുന്ന പുതിയ മധ്യവര്‍ഗത്തിന്റെ ഭാവനാലോകങ്ങളുമായി പൊരുത്തപ്പെടുന്നവയായിരുന്നു ഈ എഴുത്തുകളിലെ കഥാലോകം.

ക്രമീകൃത ലോകത്തിലെ സ്വാസ്ഥ്യം നിറഞ്ഞ മധ്യവര്‍ഗ വായനക്കാരുടെ ഭാവനയിലും അഭിലാഷങ്ങളിലും ഭാവുകത്വകമ്പനം സൃഷ്ടിച്ചുകൊണ്ടാണ് അരുന്ധതി റോയ് 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്' എന്ന നോവലുമായി ലോകശ്രദ്ധയിലേക്ക് വരുന്നത്. അതിന്റെ അലകള്‍ ഒത്തിരിക്കാലം നീണ്ടു നിന്നു. അരുന്ധതി റോയിയോടുള്ള മലയാളിയുടെ പ്രതികരണം വിചിത്രമായിരുന്നു. ഒരേ ആശയഗതി വെച്ചു പുലര്‍ത്തുന്നവര്‍ത്തന്നെ നോവലിനെ തിരസ്‌കരിച്ചും സ്വീകരിച്ചും അതിശയിപ്പിച്ചു. എന്തുകൊണ്ടെന്നറിയില്ല, മലയാളത്തിലെ വരിഷ്ഠരായ തദ്ദേശ എഴുത്തുകാര്‍ക്കാണ് അരുന്ധതി റോയ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്. അതിന്റെ ഏറ്റവും പ്രകടമായ പ്രതികരണം ഉണ്ടായത് എം. പി. നാരായണ പിള്ളയില്‍ നിന്നാണ്. നാരായണ പിള്ളയുടെ അതിരൂക്ഷമായ അഭിപ്രായങ്ങള്‍ ഇന്ന് വായിക്കുമ്പോള്‍ കൗതുകകരമായി തോന്നുന്നു. ഇതായിരുന്നു ആ പ്രതികരണം.
''വിക്രം സേത്തോ സല്‍മാന്‍ റുഷ്ദിയോ ഇത്തരം കളി പതിവായി കളിക്കുന്നത് നമുക്ക് ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ല. നാലുപേജ് വായിച്ച് മറവു ചെയ്യാവുന്ന കേസുകെട്ടാണ് അവരുടെ കൃതികള്‍. കളിച്ചോട്ടെ കാശുണ്ടാക്കിക്കോട്ടെ. ഇവരെ പോലല്ലോ അരുന്ധതി. സാഹിത്യത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന മലയാളികളായ അസംഖ്യം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് അരുന്ധതി റോയിയുടെ നോവലെഴുതുന്ന കലാപരിപാടി തെറ്റായ ഒരു മോഡലാകാന്‍ സാധ്യതയുണ്ട്. താത്കാലികമായിട്ടെങ്കിലും മലയാളികളുടെ സാഹിത്യത്തിന്റെ ഭാവിക്ക് ആപത്കരമായ തെറ്റിദ്ധാരണകള്‍ ഇത് സൃഷ്ടിക്കും''. (ഇ.എം. എസ്സിനെ കുപ്പിയിലിറക്കിയ സര്‍ഗപ്രതിഭ).
ഭാവനാഭാഗ്യം എന്നു തന്നെ പറയട്ടെ, കുട്ടികള്‍ ഇത് മോഡലാക്കി !!
അമ്പരപ്പിക്കുന്ന വിധത്തിലാണ് പുതിയ കുട്ടികള്‍ കടന്നുവന്നത്. 'എഴുതാനും കാശുണ്ടാക്കാനും അറിയാവുന്ന മലയാളികളായ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍', ബുക്കര്‍പ്രൈസ് മത്സരങ്ങളില്‍ അവസാന റൗണ്ട് വരെ മത്സരാര്‍ഥികളായി. ഇന്ന് ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരായ പത്ത് പേരുകാരില്‍ മൂന്നുപേര്‍ മലയാളികളായിരിക്കും. ജീത് തയ്യില്‍, മനു ജോസഫ്, അരുന്ധതി റോയ്. കഴിഞ്ഞില്ല ! ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മറ്റ് മലയാളികളായ എഴുത്തുകാരാണ് ജയശ്രീ മിശ്ര, അനിതാ നായര്‍, ശശി തരൂര്‍, സി.പി. സുരേന്ദ്രന്‍, സൂസന്‍ വിശ്വനാഥന്‍ എന്നിവര്‍. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ മലയാളി എഴുത്തുകാര്‍ എന്നു പറയുന്നത്, വിദ്യാബാലനെയും ജോണ്‍ എബ്രഹാമിനെയും ബോളിവുഡിലെ മലയാളി സാന്നിധ്യം എന്ന് വിശേഷിപ്പിക്കുന്ന പോലെയേ ഉള്ളൂ.

'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി' ന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചതോടെ ആഗോള പ്രശസ്തിയിലേക്കുയര്‍ന്ന അരുന്ധതി റോയിയും നോവലും പുതിയൊരു കൂട്ടം എഴുത്തുകാര്‍ക്ക് ആത്മവിശ്വാസത്തോടെ അന്താരാഷ്ട്ര പ്രസാധകരെ തങ്ങളുടെ രചനകളുമായി സമീപിക്കാന്‍ കരുത്ത് നല്‍കി. അരുന്ധതി റോയിയുടെ മോഡലിന്റെ ചില സവിശേഷതകളെങ്കിലും പുതിയ എഴുത്തുകാരില്‍ കണ്ടേക്കാം. എന്താണ് അവ? അത് കോമണ്‍വെല്‍ത്ത് സാഹിത്യത്തിന്റെ നിയതപ്രമേയങ്ങളെ തിരസ്‌കരിച്ചുകൊണ്ട് തദ്ദേശീയ ജീവിതസന്ദര്‍ഭങ്ങളെ അതിന്റെ അകത്തു നിന്നുകൊണ്ടുതന്നെ ആവിഷ്‌കരിച്ചു. അങ്ങനെ ഒരു ആഖ്യാനത്തിന് നവീനമായ ഒരു ഭാഷ അനിവാര്യതയായിരുന്നു. അത് അവര്‍ സൃഷ്ടിച്ചെടുത്തു. അതില്‍ ഒരു പക്ഷേ, ആരോപിക്കാവുന്ന പിഴവാണ് എം. പി. നാരായണപിള്ള ചൂണ്ടിക്കാട്ടിയ 'ബ്ലാക്ക് ക്രോ' എന്ന പ്രയോഗം. കസ്റ്റമൈസ്ഡ് കോമണ്‍വെല്‍ത്ത് ഇംഗ്ലീഷില്‍ പകര്‍ത്താവുന്നതല്ല പ്രാദേശിക ജീവിതത്തിലെ അക സംഘര്‍ഷങ്ങളെ. ദേശീയതയുടെ ബൃഹത് ആഖ്യാനപരമായ കഥകളെ പ്രാദേശിക ലൗകികത കൊണ്ടാണ് അരുന്ധതി റോയിയും അരവിന്ദ് അഡിഗയും മനു ജോസഫും ജീത് തയ്യിലും തരുണ്‍ തേജ്പാലും ഒമൈര്‍ അഹമ്മദും ദിലീപ് സിമിയോണും മറികടന്നത്. ഇവര്‍ പ്രകൃതത്താല്‍ തന്നെ നിഷേധവാസനയുള്ള എഴുത്തുകാരാകയാല്‍, അധികാരത്തിന്റെ ചെറുതും വലുതുമായുള്ള പ്രകടഭാവങ്ങളുടെയും അതിന്റെ സൂക്ഷ്മതല സ്ഥിതിയുടെയും മറുഭാവം കാണിച്ചുതന്നത് കോമിക് യുക്തികൊണ്ടും വേദനയുണര്‍ത്തുന്ന പരിഹാസ്യ ജീവിതമുഹൂര്‍ത്തങ്ങള്‍ കൊണ്ടുമാണ്. മനു ജോസഫിന്റെ 'ഗൗരവമുള്ള മനുഷ്യന്‍' എന്ന നോവലില്‍ ഇത് സൂക്ഷ്മമായി പ്രകടിപ്പിക്കപ്പെടുന്നു. അരവിന്ദ് അഡിഗയുടെ 'വെള്ളക്കടുവ' യിലെ അധഃസ്ഥിതന്റെ അതിജീവനതന്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ ഇങ്ങനെ ഒരു ഭാഷയ്‌ക്കേ കഴിയുമായിരുന്നുള്ളൂ.

ബോളിവുഡുമായുള്ള ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ വളര്‍ച്ചയുടെ സാദൃശ്യംവെച്ച് അനുമാനിക്കുകയാണെങ്കില്‍ വായനാവിപണി ചിതറിപ്പാര്‍ക്കുന്നവരില്‍ മാത്രം ഒതുങ്ങുന്നതല്ല. അന്യദേശങ്ങളിലും ഇത് സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നു. ധാരാളം യാത്രകള്‍ നടത്തുന്ന നമ്മുടെ മലയാളം എഴുത്തുകാരില്‍ പലരും ഈ വായനാവിപണിയെക്കുറിച്ച് ശ്രദ്ധിച്ചു കാണും. ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ എം.പി. നാരായണ പിള്ള പറഞ്ഞതുപോലെ, നാലു കാശുണ്ടാക്കുന്നതില്‍ ആരാണ് ഭാഷയിലെ എഴുത്തുകാരനെ വിലക്കുന്നത് ? ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാര്‍ പ്രത്യേകിച്ച് പുതിയ തലമുറകളില്‍പ്പെട്ടവര്‍ വിസ്തൃതമായ വായനാവിപണിയെ അവരുടെ വായനകളിലൂടെ തിരിച്ചറിയുന്നുണ്ടാവാം. മൗലികതയും വിപണിയും തമ്മിലുള്ള സംഘര്‍ഷം എന്ന വ്യാജ വാദങ്ങളൊക്കെ തത്കാലം അവിടെ നില്‍ക്കട്ടെ. എഴുത്തുകാര്‍ രണ്ടു ഭാഷയിലും അതായത് മലയാളത്തിലും ഇംഗ്ലീഷിലും ആത്മവിശ്വാസത്തോടെ മൗലികമായ ആവിഷ്‌കാരങ്ങള്‍ നടത്തുക എന്നതാണ് ഏറ്റവും അഭികാമ്യമായ കാര്യം.

അത് കേവലം തങ്ങളുടെ മലയാള രചനകളെ ഒ.വി. വിജയന്‍ ചെയ്തതു പോലെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്നതല്ല. മൗലിക കൃതികള്‍ ഇംഗ്ലീഷില്‍ എഴുതുക എന്ന് തന്നെയാണ്. 'ഖസാക്കിന്റെ ഇതിഹാസം' എഴുതുന്നതിനുമുമ്പ് ഒരു ഇംഗ്ലീഷ് നോവല്‍ പാതി പൂര്‍ത്തിയാക്കിയിരുന്നു ഒ.വി. വിജയന്‍ എന്ന് കേട്ടിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാഞ്ഞത് വാസ്തവത്തില്‍ ഇന്ത്യന്‍സാഹിത്യത്തിന് വലിയ നഷ്ടമായി. രണ്ടു ഭാഷകളിലും കമലാ സുരയ്യയെപ്പോലെ, ആത്മവിശ്വാസത്തോടെ സഞ്ചരിക്കേണ്ടതായിരുന്നു ഒ.വി. വിജയന്‍. ഇന്നിപ്പോള്‍ എന്‍.എസ്. മാധവനും സക്കറിയയും ഇംഗ്ലീഷ് ഗദ്യരചനയില്‍ സ്വന്തമായി മുദ്ര പതിപ്പിച്ചവരാണ്. പക്ഷേ, വല്ലപ്പോഴും ഒറ്റപ്പെട്ട ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നത് എന്നുമാത്രം. സക്കറിയയുടേത് ഒരുഗ്രന്‍ തുടക്കമായേക്കും. അതുകൊണ്ട് ഇങ്ങോട്ടേക്ക് വന്നേക്കാവുന്ന വലിയ അംഗീകാരങ്ങളുടെ നിറവില്‍ മലയാളത്തിലെ ചെറുപ്പക്കാരായ ഫിക്ഷന്‍ എഴുത്തുകാര്‍ മൗലികമായ പുതിയ വഴികള്‍ കണ്ടെത്തിയേക്കാം. ഇന്ത്യന്‍ ഇംഗ്ലീഷ് രചനകള്‍ക്കുള്ള വിസ്തൃതമായ വായനാസമൂഹം വ്യത്യസ്തവും പുതിയതുമായ ദേശാനുഭവങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്നവരാണ്. അവരെക്കൂടി അഭിസംബോധന ചെയ്യുന്ന ദ്വിഭാഷാ എഴുത്തുകാരന്റെ വരവാണ് ഇനിയുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍നിന്ന് സംഭവിക്കാന്‍ പോകുന്നത്.