എന്താണ് മനസ്സംഘര്‍ഷം എന്നു നിര്‍വചിക്കുക അത്ര എളുപ്പമല്ല. ശാരീരികമായും മാനസികമായും തളര്‍ച്ച ബാധിച്ച ഒരവസ്ഥയാണ് സ്ട്രെസ്സ് എന്നു പൊതുവെ പറയാം. ആഹ്ലാദം ഒട്ടുമില്ലാത്ത അവസ്ഥ. ശരീരത്തിന് സുഖാവസ്ഥ നല്കുന്ന ഹോര്‍മോണുകള്‍ ഉണ്ടാകാതെ പോകുന്നു.
മനസ്സംഘര്‍ഷവും മുടികൊഴിച്ചിലും തമ്മില്‍ നേരിട്ടു ബന്ധങ്ങളെന്തെങ്കിലുമുള്ളതായി തെളിഞ്ഞിട്ടില്ല. മനസ്സംഘര്‍ഷം അനുഭവിക്കുന്ന കാലത്തെ മറ്റു വ്യക്തിസാഹചര്യങ്ങളാണ് മുഖ്യമായും മുടികൊഴിച്ചിലിലേക്കു നയിക്കുന്നത്. മുടിക്കു വേണ്ട പരിചരണം നല്കാതിരിക്കുന്നതുതന്നെ ഇതില്‍ പ്രധാനം.
കുളിക്കുമ്പോഴും മറ്റും ശരിയായ ശ്രദ്ധയില്ലാതെ അലസമായിരിക്കുന്നത് ഒരു പ്രധാന കാരണമാണ്. തലമുടിയില്‍ ശരിയായി എണ്ണ പുരട്ടാതിരിക്കുക, വളരെയധികം എണ്ണയാവുക, അതു വൃത്തിയായി കഴുകിക്കളയാതിരിക്കുക, സമയത്ത് കുളിക്കാതിരിക്കുക, തലമുടിയില്‍ സോപ്പും മറ്റും തേയ്ക്കുക തുടങ്ങി പല കാരണങ്ങളും മുടികൊഴിച്ചിലിലേക്കു നയിക്കും.
മനസ്സംഘര്ഷത്തിന്റെ ഒരു പാര്‍ശ്വഫലമാണ് മുടികൊഴിച്ചില്‍ എന്നു പറയാം. വീടുമാറ്റം, സ്ഥലംമാറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ ചിലപ്പോള്‍ മാനസിക പിരിമുറുക്കത്തിലേക്കും മുടികൊഴിച്ചിലിലേക്കും നയിക്കാം. പുതിയൊരു സ്ഥലത്തേക്കു മാറുമ്പോളുണ്ടാകുന്ന കാലാവസ്ഥാമാറ്റം, കുളിക്കുന്ന വെള്ളത്തിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയവയും മുടികൊഴിച്ചിലിനു കാരണമാകാം.