മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വേളയില്‍ ഭക്ഷണശീലങ്ങളിലും മാറ്റം വരും. ഇതും മുടികൊഴിച്ചിലിനു വഴിയൊരുക്കും. പുക വലിക്കുന്നവരാണെങ്കില്‍ ഇക്കാലത്ത് ആ ശീലം വല്ലാതെ കൂടും. കാപ്പി, ചായ തുടങ്ങിയവയും ലഘു പാനീയങ്ങളും അധികമായി കഴിച്ചു തുടങ്ങും. ഇതൊക്കെ മുടികൊഴിച്ചില്‍ വേഗത്തിലാക്കുന്നവതന്നെ.
ഒരു വിഭാഗം പേരിലെങ്കിലും മനസ്സംഘര്‍ഷം മദ്യപാനത്തിനു വഴിയൊരുക്കാറുണ്ട്. മദ്യപാനം അധികമാകുന്നതോടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചര്‍മം ചുളിഞ്ഞ് വരണ്ടുപോകുകയുമൊക്കെ ചെയ്യും. ഇതെല്ലാം അതിവേഗം മുടികൊഴിഞ്ഞുപോകാന് കാരണമാകുന്നവതന്നെ. മുടി പിടിച്ചുവലിക്കുക, മുടിയിലൂടെ അലക്ഷ്യമായി കൂടുതല്‍ തവണ കൈയോടിക്കുക, എപ്പോഴും തലയില്‍ തിരുമ്മിയും മാന്തിയും കൊണ്ടിരിക്കുക തുടങ്ങിയ പെരുമാറ്റ സവിശേഷതകളും സംഘര്‍ഷകാലത്തെ പ്രത്യേകതകളാണ്. ഇതൊക്കെ മുടികൊഴിച്ചിലിനു വഴിയൊരുക്കും.
മാനസിക സംഘര്‍ഷം മൂലം രക്തസമ്മര്‍ദ്ദം കൂടുക സ്വാഭാവികമാണ്. ഇതിനൊപ്പം ശിരോചര്‍മത്തിലെ എണ്ണമയം കൂടുകയോ കുറയുകയോ ചെയ്യാനും ഇടയുണ്ട്. ഇതിന്റെയൊക്കെ ഫലമായി താരന് വല്ലാതെ കൂടും. താരന് പെരുകുന്നത് മുടികൊഴിച്ചിലിന്റെ ലക്ഷണം തന്നെ. ഉറക്കക്കുറവാണ് മറ്റൊരു മുഖ്യ പ്രശ്നം. ഉറക്കം കുറയുന്നതോടെ ശരീരത്തിന്റെ പ്രവര്ത്തനങ്ങളാകെത്തന്നെ താളം തെറ്റും. ഉപാപചയപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും.
ഇതും രക്തസമ്മര്‍ദ്ദവും ശാരീരിക താപനിലയുമൊക്കെ കൂടാന്‍ കാരണമാകും. മുടികൊഴിച്ചിലിനു നല്ല കാരണങ്ങള്‍ തന്നെയാണിതും. മാനസിക പിരിമുറുക്കം ഒഴിവാക്കുക തന്നെയാണ് ഈ പ്രശ്നങ്ങളില്‍ നിന്നു മോചനം നേടാനുള്ള എളുപ്പ മാര്‍ഗം. എന്തുകൊണ്ടാണ് പിരിമുറുക്കം എന്നു കൃത്യമായി വിശകലനം ചെയ്തു കണ്ടെത്തുന്നത് പ്രശ്നപരിഹാരത്തിനു വഴി തെളിക്കും. ശരിയായ വ്യയാമമാണ് മാനസിക സംഘര്‍ഷം ഒഴിവാക്കാനുള്ള നല്ലൊരു മാര്‍ഗം. വ്യായാമം പതിവാക്കുന്നത് ചര്‍മത്തിന്റെ സ്നിഗ്ധത നിലനിര്‍ത്താനും നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ ഇതു സഹായകമാകും.
ശരിയായ ഉറക്കം, ആഹ്ലാദകരമായ മാനസികനില, ആരോഗ്യകരമായ ഭക്ഷണം എന്നിവ വഴി പൊതുവായ ആരോഗ്യനില എന്നതിനൊപ്പം മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനാവും.