സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ 80 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കപ്പെടുന്നത് എന്നത് കേരള സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ശമ്പളകമ്മീഷന്‍ ചര്‍ച്ചകളും വ്യാപകമാവുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കട്ടെ.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ജോലി മാത്രം പ്രതീക്ഷിക്കുന്നവരായുണ്ട്. വിദ്യാസമ്പന്നരായതു കൊണ്ടു മാത്രം കാര്‍ഷിക കാര്‍ഷികേതര ഉല്‍പാദന മേഖലകളില്‍ നിന്ന് സ്വയംമാറി നില്‍ക്കുന്നവരും മാറ്റി നിര്‍ത്തപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കാര്‍ ജോലിയുടെ സംരക്ഷണവും ഭദ്രതയും പെന്‍ഷന്‍ ആനുകൂല്യങ്ങളുമൊക്കെയാവാം ഈ അനിശ്ചിതമായ കാത്തിരിപ്പിന് കാരണമാകുന്നത്. ജോലി കിട്ടിയവരിലാവട്ടെ, 35 കൊല്ലം വരെ തുടരുന്നവരുണ്ട്. 35 വര്‍ഷത്തിന്റെ വരെ പെന്‍ഷന്‍ പറ്റുന്നവരുമുണ്ട്.
ഈ രീതി പൊളിച്ചെഴുതണം. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനപരിധി 25 വര്‍ഷമായി പുനര്‍നിര്‍ണയിക്കാന്‍ ഈ ഘട്ടത്തില്‍ തയ്യാറാകണം. അതായത് ഇന്ന് 22 വയസ്സില്‍ സര്‍വീസില്‍ കയറുന്ന ഉദ്യോഗാര്‍ത്ഥി 47 വയസ്സാകുമ്പോള്‍ വിരമിക്കണം. 35 വയസ്സില്‍ ജോലികിട്ടുന്ന ആള്‍ 60 വയസ്സില്‍ സര്‍വീസില്‍ നിന്ന് പുറത്തിറങ്ങണം. ഇതിന് ആനുപാതികമായി പെന്‍ഷനും പരിഷ്‌കരിക്കാം. വിരമിക്കല്‍ ഘട്ടത്തില്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് അനുസരിച്ച് മോശമല്ലാത്ത ഒരു വിഹിതം നല്‍കി ജീവനക്കാരെ സംരക്ഷിക്കാനാവും.
ഇത് തീര്‍ച്ചയായും അപ്രായോഗികമല്ല. ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് നല്‍കാവുന്ന പരമാവധി പെന്‍ഷന്‍ തുക പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് കിട്ടാവുന്ന പരമാവധി പെന്‍ഷന്‍ തുക 25,000 രൂപയായി നിജപ്പെടുത്തുന്നു എന്നിരിക്കട്ടെ. ഏറ്റവും താഴ്ന്ന സ്‌കെയിലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോഴത്തെ രീതിയില്‍, അല്ലെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പെന്‍ഷന്‍ നല്‍കുകയും ചെയ്യാം.
ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്ന ഒരാള്‍ അയാളുടെ 25 വര്‍ഷ സര്‍വീസ് ഘട്ടത്തിനുള്ളില്‍ സമൂഹത്തില്‍ മികച്ച ഭാവി ഉറപ്പാക്കിയിരിക്കും. 25 വര്‍ഷത്തിന് ശേഷം അയാള്‍ക്ക് സ്വകാര്യ മേഖലയില്‍ സേവനം ചെയ്യാന്‍ അവസരവും ലഭിക്കും. എന്നാല്‍ താഴ്ന്ന സ്‌കെയിലില്‍ ജോലിചെയ്യുന്നവര്‍ ഈ ഘട്ടത്തില്‍ ജീവിതം തുടങ്ങിയിട്ടേ ഉണ്ടാകൂ. അത് താളപ്പിഴകളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ക്കും അവസരമൊരുങ്ങും. സര്‍ക്കാര്‍ തന്നെ സാമ്പത്തിക അസമത്വത്തെ സ്‌പോണ്‍സര്‍ ചെയ്യുകയെന്ന ഭരണഘടനാ വിരുദ്ധമായ നടപടിക്കും ഇതിലൂടെ വിരാമമിടാനാകും.
ഇത് വഴി നേട്ടങ്ങള്‍ പലതാണ്. നിലവിലുള്ള പിഎസ് സി റാങ്ക് ലിസ്റ്റുകില്‍ നിന്ന് നിയമനം പൂര്‍ത്തിയാക്കാം. അതായത് ഇന്ന് വിരമിക്കുന്ന ഒരുലക്ഷം പേരുടെ അതേ വേതനച്ചലവില്‍ സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാം. പുതുതായി വരുന്നവര്‍ കാര്യക്ഷമമായി പണിയെടുക്കുന്നതാണല്ലോ പൊതു രീതി.
ജീവനക്കാരുടെ എണ്ണത്തിന്റെ പല മടങ്ങ് വരും ഇപ്പോള്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍. അവയ്ക്ക് പുതിയ സാഹചര്യത്തില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാനാവും.
സംസ്ഥാനത്ത് ഇത് വ്യാപകമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. യുവാക്കള്‍ കുറേക്കൂടി സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കും. സര്‍ക്കാര്‍ ജോലി ഉള്ളയാള്‍ പുറത്ത് കളവിന് ഇറങ്ങില്ല. പുതിയ കാലത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ഇത് മറുപടിയാകും.
ക്ഷേമപദ്ധതികളുടെ കാര്യക്ഷമതയും പുനപരിശോധിക്കണം. തൊഴിലില്ലായ്മാ വേതനം ജീവിത കാലം മുഴുവന്‍ നല്‍കേണ്ടതല്ല. അഞ്ചു കൊല്ലത്തേക്ക് തൊഴിലില്ലായ്മാ വേതനം നിജപ്പെടുത്തുക. അതും ഉപാധികളോടെ. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഒരു ചെറുപ്പക്കാരന് ഒരു ജോലിയും കിട്ടാത്തത് എന്തു കൊണ്ടെന്ന് പരിശോധിക്കേണ്ടതല്ലേ.?
ഒരു കാര്യം മറക്കാനാവില്ല. അന്യ സംസ്ഥാന തൊഴിലാളികളുടെ സ്വപ്നഭൂമിയാണിന്ന് കേരളം. തമിഴനും ബംഗാളിയും ബിഹാറിയും ഒഡിഷക്കാരനും ഒക്കെ ഇവിടെ എത്തുന്നു. നമ്മുടെ അഭിമാനമാവേണ്ട യുവത്വത്തിന് എന്താണ് സംഭവിക്കുന്നത്. പഠിച്ചതുകൊണ്ട് പണിയെടുക്കാന്‍ ചെറുപ്പക്കാര്‍ക്ക് കഴിയുന്നില്ലെങ്കില്‍ നാം എന്താണ് അവരെ പഠിപ്പിക്കുന്നത്.
കാര്‍ഷിക ഉല്‍പാദന മേഖലകളെ സ്വാഭിമാന മേഖലകളാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകൂ. കാര്‍ഷിക ആദായത്തിന് അനുസരിച്ച് കര്‍ഷകരേയും കര്‍ഷക തൊഴിലാളികളേയും ആദരിക്കാന്‍ സര്‍ക്കാരും സമൂഹവും തയ്യാറാവണം.
ശമ്പളക്കമ്മീഷന്‍ കാണാത്തത് വലിയ തുക എണ്ണിവാങ്ങുന്നവര്‍ സമൂഹത്തിന് പലപ്പോഴും ഒന്നും തിരിച്ചു നല്‍കുന്നില്ലെന്നതാണ്. സമൂഹത്തിന്റെ മൊത്തം നികുതിപ്പണമാണ് ചെറു ന്യൂനപക്ഷമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈമാറുന്നതെന്നാണ്. പരിഷ്‌കരിക്കേണ്ടത് ശമ്പളത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരന്റെ മനസ്സിനെകൂടിയാണ്.
****