മലബാര്‍ ഭക്ഷ്യമേളയ്ക്ക് സ്‌നേഹനിര്‍ഭര സമാപനം

Posted on: 13 Jan 2015


കോഴിക്കോട്: അവരില്‍ ആരും മേളകളുടെ തിരക്കുകളിലേക്കോ ആഘോഷങ്ങളിലേക്കോ വരാന്‍ സാധിക്കാത്തവരായിരുന്നു. പലരും ആരുമില്ലാത്തവരും വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടവരും. മലബാര്‍ ഭക്ഷ്യമേളയിലെ ഓരോ സ്റ്റാളുകളില്‍നിന്നും സ്‌നേഹപൂര്‍വം അവര്‍ക്കായി പാകംചെയ്ത ഭക്ഷണവുമായി 'മാതൃഭൂമി'യുടെ പ്രതിനിധികള്‍ എത്തിയപ്പോള്‍ അത് വെള്ളിമാട്കുന്നിലെ സാമൂഹികനീതി വകുപ്പിലെ അന്തേവാസികള്‍ക്ക് അപൂര്‍വമായ സദ്യയായി.

പത്രത്തില്‍ വായിച്ചുമാത്രം അറിഞ്ഞ 'മലബാര്‍ ഭക്ഷ്യമേള' തങ്ങളെത്തേടി എത്തിയിരിക്കുന്നു. ഉന്നക്കായയും കോഴിപ്പിടിയും ബിരിയാണിയും പൊേറാട്ടയും പത്തിരിയും കോഴിക്കറിയും ചിക്കന്‍പൊരിച്ചതും അവര്‍ സ്വാദോടെ കഴിച്ചപ്പോള്‍ അഞ്ചുദിവസമായി നടന്നുവന്ന ഭക്ഷ്യമേളയ്ക്ക് സാര്‍ഥകവും സ്‌നേഹപൂര്‍ണവുമായ സമാപനമായി.

ആഘോഷപൂര്‍വം ജനം കൊണ്ടാടിയ മേള എങ്ങനെ അവസാനിപ്പിക്കണം എന്നാലോചിച്ചപ്പോള്‍ സംഘാടകരുടെ മനസ്സില്‍വന്ന ആശയമാണ് ആരുമില്ലാത്തവര്‍ക്ക് ഭക്ഷണം വിളമ്പുക എന്നത്. അങ്ങനെയാണ് സാമൂഹികനീതി വകുപ്പിലെ 500 അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിച്ചത്. സമാപനദിവസത്തേക്കുള്ള ഭക്ഷണം ഒരുക്കുന്നതിന് മുന്‍പേ മേളയിലെ എല്ലാ സ്റ്റാളുകാരും സ്‌നേഹം ചേര്‍ത്ത് ഈ ഭക്ഷണം പാകം ചെയ്തു. ആരും വിഭവങ്ങള്‍ ഒട്ടും കുറച്ചില്ല. 'ഈ മനുഷ്യര്‍കൂടി കഴിച്ചാല്‍ മാത്രമേ മേള പൂര്‍ണമാകൂ' എന്ന് മേളയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രതിനിധികള്‍ക്കും അറിയാമായിരുന്നു. സൂപ്രണ്ട് വി. പുഷ്പ 'മാതൃഭൂമി' പ്രതിനിധികളില്‍നിന്ന് ഭക്ഷണം സ്വീകരിച്ചു. എല്ലാ അന്തേവാസികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സമാപനദിവസമായ തിങ്കളാഴ്ചയും മലബാര്‍ ഭക്ഷ്യമേളയിലേക്ക് ജനം ഒഴുകി. എല്ലാ സ്റ്റാളുകളും ഭക്ഷ്യപ്രേമികളെക്കൊണ്ട് നിറഞ്ഞു. രാത്രി കണ്ണൂര്‍ ഷാഫിയും സംഘവും മാപ്പിളപ്പാട്ടുമായെത്തി. മേളയിലെ വിവിധ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഷാഹുല്‍ ഹമീദ് പി. (സമഗ്ര പ്രകടനം), അനീസ് ആദം കൊയപ്പത്തൊടി (പുതുമുഖ പാചകപ്രതിഭ), മിന്നത്ത് അഹമ്മദ് (വനിതാ സംരംഭക), ഗീതാബായ് (മികച്ച കൂട്ടായ്മ), ഷഹബാസ് അലി (പുതുമുഖ പാചകപ്രതിഭ) എന്നിവര്‍ക്ക് ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഡി, എന്‍.ഐ.ടി. ഡയറക്ടര്‍ ജി.ആര്‍.സി. റെഡ്ഡി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, പാരിസണ്‍ ഗ്രൂപ്പ് എം.ഡി. എന്‍.കെ. മുഹമ്മദലി എന്നിവരാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍സ് മാനേജര്‍ കെ.ആര്‍. പ്രമോദ് സംബന്ധിച്ചു.

മുതിര്‍ന്ന പാചകപ്രതിഭകളായ കാദരിയന്‍ മൊയ്തീന്‍കോയ, സൈനുത്താത്ത, സര്‍!ബത്ത് സുലൈമാന്‍ എന്നിവരെ ആദരിച്ചു. അഞ്ച് ദിവസവും മേളനഗരിയെ വൃത്തിയായി സൂക്ഷിച്ച റഹ്മത്ത്, ബാപ്പു, പാത്തുമ്മ, ഹസീന, സാഹിറ, ഹുസ്‌ന, മൈമൂന എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. മാതൃഭൂമി ഓണ്‍ലൈന്‍ നടത്തിയ പാചകക്കുറിപ്പ് മത്സരത്തില്‍ വിജയിയായ ഫറോക്ക് സ്വദേശി ലൈല മുഹമ്മദിനുള്ള പുരസ്‌കാരവും ചടങ്ങില്‍ നല്‍കി.



food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt