കോഴിക്കോട്: കോഴിയും കാരോലപ്പവും മുതല്‍ മലപ്പുറം കുഴിമന്തിയും മുട്ടസുര്‍ക്കയും വരെ, മുരു െ്രെഫ മുതല്‍ മസാലദോശ വരെ, കായികൃതയും കുഞ്ഞിക്കലത്തപ്പവും മുതല്‍ കുലുക്കി സര്‍ബത്ത് വരെ, പാലടപ്രഥമനും പൈനാപ്പിള്‍ പായസവും മുതല്‍ പഞ്ചാരപ്പാറ്റവരെ, മത്തങ്ങാപ്പായസം മുതല്‍ അയക്കൂറ െ്രെഫ വരെ... ശനിയാഴ്ച മലബാര്‍ ഭക്ഷ്യമേളയില്‍ നിരന്നത് രുചിവൈവിധ്യത്തിന്റെ വിശാലലോകം.
മലബാറിന്റെ മുഴുവന്‍ വഴികളും ശനിയാഴ്ചയും നീണ്ടത് കോഴിക്കോട് ഭട്ട് റോഡ് പാര്‍ക്കിലേക്കായിരുന്നു. അഞ്ചുമണിക്ക് മാത്രമേ പ്രവേശനം തുടങ്ങൂ എന്നറിയാമായിരുന്നിട്ടും കുടുംബസഹിതം ജനങ്ങള്‍ നാലുമണിമുതല്‍ മേള നഗരിക്കുമുന്നില്‍ കാത്തുനിന്നു. സന്ധ്യയായപ്പോഴേക്കും നഗരി രുചിപ്രേമികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. വൃദ്ധരായവര്‍ മുതല്‍ കുഞ്ഞുങ്ങള്‍ വരെ നഗരിയിലലഞ്ഞു. വീട്ടമ്മമാര്‍ വിളമ്പുന്ന ഭക്ഷണം വാങ്ങി ജലാശയത്തിനുചുറ്റിലും കടലോരത്തെ സാന്‍ഡ് ഡൈനിങ്ങിലും ചെന്നിരുന്ന് കഴിച്ചു.
ഏഴര കഴിഞ്ഞപ്പോഴേക്കും പുറത്തെ വാഹനങ്ങളുടെ നിര നാല് കിലോമീറ്ററിലധികം നീണ്ടിരുന്നു. രാത്രി വളര്‍ന്നപ്പോള്‍ പഴയഗാനങ്ങളുടെ ഗൃഹാതുരരുചിയുമായി തേജ് മെര്‍വിനും സംഘവുമെത്തി. ബാബുരാജിന്റെ വിഷാദവും പ്രണയവും പങ്കുവെച്ചുകൊണ്ട് ജനം രുചിയില്‍നിന്ന് രുചിയിലേക്ക് നടന്നു. രാത്രി നീണ്ടിട്ടും ജനം പിരിഞ്ഞില്ല; പാട്ടും തോര്‍ന്നില്ല.
തുറന്നുവെച്ച തോണിയില്‍നിന്ന് പിടയ്ക്കുന്ന മീനിനെ എടുത്ത് പൊരിച്ചുകഴിച്ചിട്ടും പലര്‍ക്കും മതിയായില്ല. അവരെക്കാത്ത് തൊട്ടപ്പുറത്തെ ആദാമിന്റെ കടയില്‍ ബറാമിച്ചായയും കാവയുമുണ്ടായിരുന്നു. സുലൈമാനിക്കയുടെ സര്‍ബത്ത് കടയില്‍ തണുപ്പിന്റെ ലോകവും കാത്തിരിപ്പുണ്ടായിരുന്നു.
വൈകുന്നേരം അഞ്ചുമണിക്കാണ് ഞായറാഴ്ചയും മലബാര്‍ ഭക്ഷ്യമേള തുടങ്ങുക. മന്ത്രി എ.പി. അനില്‍കുമാര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ., മേയര്‍ എ.കെ. പ്രേമജം തുടങ്ങിയവര്‍ ഞായറാഴ്ച മേള സന്ദര്‍ശിക്കും.