
ഉമ്മി അബ്ദുള്ളയെ കുറിച്ച് പറയാതെ മലബാറിന്റെ രുചി വൈവിധ്യങ്ങള്‍ പൂര്‍ണ്ണമാകില്ല. ഉമ്മിയുടെ കൈപ്പുണ്യം നേരിട്ട് രുചിച്ചറിയാന്‍ ഭാഗ്യം ലഭിച്ച ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീര്‍ പാചകപത്മശ്രീ എന്നാണ് ഉമ്മിയെ വിശേഷിപ്പിച്ചത്. ആ രുചി ഒരിക്കലെങ്കിലും നുണഞ്ഞാല്‍ ബഷീറിന്റെ വിശേഷണത്തില്‍ വലിയ അതിശയോക്തിയൊന്നുമില്ലെന്ന് ബോധ്യപ്പെടും.
വളരെ ചെറുപ്പത്തിലായിരുന്നു ഉമ്മിയുടെ വിവാഹം. ഒറിയല്‍ ലോങ്മാനില്‍ പബ്ലിഷിംഗ് മാനേജരായിരുന്ന ഒ അബ്ദുള്ളയായിരുന്നു വരന്‍. വലിയ കൂട്ടുകുടംബത്തിലെ അംഗമായിരുന്നതിനാല്‍ പാചകത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മാത്രമായിരുന്നു ഉമ്മിയുടെ കൈമുതല്‍. ഉമ്മിയെ പാചകവിദഗ്ദ്ധ ആക്കിയെടുക്കുന്നത് തികഞ്ഞ് ഭക്ഷണപ്രേമിയായിരുന്ന ഭര്‍ത്താവ് ഒ.അബ്ദുള്ളയാണ്. മലബാറിന്റെ പാരമ്പര്യ രുചികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അബ്ദുള്ള പരമ്പരാഗത വിഭവങ്ങളൊരുക്കാന്‍ ഭാര്യയെ പ്രേരിപ്പിച്ചു. കൈപ്പുണ്യം തിരിച്ചറിഞ്ഞപ്പോള്‍ ആ നൈപുണ്യം ഭക്ഷണപ്രേമികള്‍ മുഴുവന്‍ അറിയട്ടെ എന്ന തീരുമാനത്തോടെ പാചകഗ്രന്ഥങ്ങള്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ചു. (ഒ.അബ്ദുള്ളയുടെ സുഹൃത്തുക്കളായിരുന്ന വിശിഷ്ട വ്യക്തികളൊക്കെ ആ കൈപ്പുണ്യം നേരിട്ട് രുചിച്ചറഞ്ഞിവരാണ്. അവരില്‍ എം.ടിയും ബഷീറും പി.ഭാസ്‌ക്കരനും സത്യനും എല്ലാം ഉള്‍പ്പെടും.)
മലബാര്‍ മുസ്ലീം കുക്കറി എന്ന ഇംഗ്ലീഷ് ഗ്രന്ഥമാണ് ആദ്യം ഉമ്മി എഴുതിയത്. ഒറിയല്‍ ലോങ്മാനായിരുന്നു പുസ്തകത്തിന്റെ പ്രസാധകര്‍. ആദ്യ പുസ്തകത്തിന് കിട്ടിയ സ്വീകരണം തുടര്‍ന്നും പാചകഗ്രന്ഥങ്ങള്‍ എഴുതാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. പിന്നെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ഗ്രന്ഥങ്ങള്‍ തയ്യാറാക്കി, അതിന്നും തുടരുന്നു. രുചിയേറും വിഭവങ്ങള്‍ ഉമ്മി സ്‌പെഷല്‍ ആണ് ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിച്ച പുസ്തകം.
ഒരുകാലത്ത് മാഗസിനുകളുടേയും പത്രങ്ങളുടേയും പാചകപംക്തികള്‍ സ്ഥിരമായി കൈകാര്യം ചെയ്തിരുന്നത് ഉമ്മിയുമ്മയായിരുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉമ്മിയുമ്മയുടെ രുചിയുടെ വിശേഷതകള്‍ കാണാനും പഠിക്കാനും രുചിക്കാനും വേണ്ടി കോഴിക്കോട് സിവില്‍ സറ്റേഷനടുത്തുള്ള 'ഇസത്തി'ലെ അടുക്കളയില്‍ എത്താത്തവര്‍ ചുരുക്കം. ഒരു സെലിബ്രിറ്റി കുക്ക് ആയതോടെ ഉമ്മിയെ തേടി നിരവധി അവസരങ്ങളാണ് വന്നത്. മദ്രാസിലേയും ബാംഗ്ലൂരിലേയും നിരവധി ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളില്‍ ഉമ്മി മലബാര്‍ പാചകവിധികളെ കുറിച്ച് ക്ലാസെടുക്കാന്‍ എല്ലാ വര്‍ഷവും പോകാറുണ്ട്. മലബാറിന്റെ രുചികളുമായി വിയറ്റ്‌നാമും കരീബിയയുമടക്കം നിരവധി രാജ്യങ്ങളിലും സന്ദര്‍ശനങ്ങള്‍ നടത്തി. ലോകത്തെ പലയിടങ്ങളിലും നിരവധി ഫുഡ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചു. നിരവധി കല്യാണങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും വേണ്ടി ഭക്ഷണം വിളമ്പി. കുക്കറിക്ലാസുകള്‍ നടത്തി.
പ്രായമേറിയതോടെ ശാരീരിക അവശതകളെ മുന്നില്‍ കണ്ട് എല്ലാറ്റിനോടും വിടപറഞ്ഞിരിക്കുകാണ് ഉമ്മിയുമ്മ. പക്ഷേ പാചക പരീക്ഷണങ്ങള്‍ക്ക് ഇന്നും ഒരു മുടക്കവും ഇല്ല. ഇസത്തിലെ അടുക്കളയില്‍ കണ്ടെത്തിയ പുതുവിഭവങ്ങളെ ഭക്ഷണപ്രേമികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി പാചക പുസ്തകങ്ങളും രചിക്കുന്നുണ്ട്.
മലബാര്‍ ഫുഡ് ഫെസ്റ്റിവലില്‍ ഇത്തവണ സ്റ്റാളുകളൊന്നും ഒരുക്കുന്നില്ലെങ്കിലും വേണ്ട നിര്‍ദേശങ്ങളും സഹായവുമായി ഉമ്മിയുമ്മ മുന്നില്‍ തന്നെയുണ്ട്. അടുക്കളയില്‍ മാത്രമൊതുങ്ങുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ചെറിയ രീതിയില്‍ വരുമാനം ഉണ്ടാക്കാനും പറ്റിയ വേദിയാണ് മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിലൂടെ ഒരുങ്ങുന്നത്. പലദിക്കുകളിലെ രുചികള്‍ ഒരുമിച്ച് ആസ്വദിക്കാന്‍ കോഴിക്കോടുകാര്‍ക്ക് ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് മലബാര്‍ ഫുഡ്‌ഫെസ്റ്റിവല്‍. അതുകൊണ്ട് വരും വര്‍ഷങ്ങളിലും ഇത് തുടരണം എന്നാണ് ഉമ്മിയുമ്മയുടെ ആഗ്രഹം.