കോഴിക്കോട്: വിവിധ തരത്തിലുള്ള ചിക്കന്‍, മട്ടന്‍, മീന് വിഭവങ്ങളും ദോശയും കപ്പയും കബാബും ബീഫും പത്തിരികളും പുട്ടുകളും അരങ്ങുതകര്‍ത്ത പകലിരവുകള്‍ക്ക് തിങ്കളാഴ്ച സമാപനമാവും. വെസ്റ്റ്ഹില്‍ ഭട്ട് റോഡ് ബീച്ചില്‍ ജനവരി എട്ടിനാരംഭിച്ച മാതൃഭൂമിജി.കെ.എസ്.എഫ്. പാരിസണ്‍സ് ലിബര്‍ട്ടി മലബാര്‍ ഭക്ഷ്യമേളയിലേക്ക് ദിവസവും ആയിരക്കണക്കിനാളുകളാണ് എത്തിയത്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മാത്രമല്ല, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുപോലും രുചി വൈവിധ്യം ആസ്വദിക്കാന്‍ ആളുകള്‍ ഒഴുകിയെത്തി.
മലബാറിന്റെ നാട്ടുരുചികളെക്കുറിച്ചും വീട്ടുരുചികളെക്കുറിച്ചും മാത്രമേ ഭക്ഷണപ്രിയര്‍ക്കു പറയാനുണ്ടായിരുന്നുള്ളൂ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച മലബാര്‍ ഭക്ഷ്യമേള തുടക്കത്തില്‍ തന്നെ വലിയ ഉത്സവമായി ജനം ഏറ്റെടുത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പാര്‍ക്കിലെ ജലാശയത്തിന് മധ്യേ പണിത സ്റ്റേജില്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് വി.ഐ.പി.കള്‍ മുതല്‍ സാധാരണക്കാര്‍വരെ മേളയില്‍ കൂട്ടത്തോടെ അതിഥികളായെത്തി. ഞായറാഴ്ച മന്ത്രി എ.പി.അനില്‍കുമാറാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. ജനസഞ്ചയം കണ്ട് അത്ഭുതം കൂറിയ മന്ത്രി പാര്‍ക്ക് വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് വാചാലനായത്.
കേരളത്തില്‍ പുതിയ ആശയമായ സാന്‍ഡ് ഡൈനിങ്ങില്‍ കൂടി പങ്കെടുത്ത ശേഷമാണ് മന്ത്രി മടങ്ങിയത്. എ.പ്രദീപ് കുമാര്‍ എം.എല്‍.എ., കളക്ടര്‍ സി.എ.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ഭക്ഷ്യമേളയില്‍ സ്റ്റാള്‍ ഇട്ടവര്‍ക്ക് മന്ത്രി അനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മാന്ത്രികന്‍ പ്രദീപ് ഹുഡിനോ മാജിക്കിലൂടെ നിമിഷ നേരം കൊണ്ട് ബിരിയാണി ഉണ്ടാക്കി കാണികളെ വിസ്മയിപ്പിച്ചു.