കോഴിക്കോട്: മലബാര്‍ ഭക്ഷ്യമേള നാവില്‍നിന്ന് നാവിലേക്ക് പറഞ്ഞും രുചിച്ചും പകരുകയാണ്. രണ്ടാംദിനമായ വെള്ളിയാഴ്ച ഭട്ട് റോഡിലെ കടലോരത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്ര ജനമായിരുന്നു എത്തിച്ചേര്‍ന്നത്. സ്റ്റാളുകള്‍ ഭക്ഷണാസ്വാദകരെക്കൊണ്ട് നിറഞ്ഞു. അക്കൂട്ടത്തില്‍ എല്ലാതരക്കാരുമുണ്ടായിരുന്നു, എല്ലാ പ്രായക്കാരും.
നായര്‍പീടികയുടെ നാട്ടുവിഭവങ്ങള്‍ക്ക് നല്ല തിരക്കായിരുന്നു. കൊഴുക്കട്ടയും ആട് മസാലയും കാരോലപ്പവും കൂവ വെരകിയതും പഴയ രുചിയില്‍ത്തന്നെ കഴിക്കാം.
കോരപ്പുഴയുടെ തീരത്ത് ജനിച്ചുവളര്‍ന്ന ഒരു കുടുംബത്തിന്റെ മുഴുവന്‍ സാന്നിധ്യവുമായാണ് കല്ലുംപുറത്ത് സ്റ്റാള്‍ എത്തിയിരിക്കുന്നത്. സുജ ശിവദാസ്, നവനീതം, ശാന്ത, സരോജിനി, തേജശ്രീ, സിഹിന്ന, ശിഷ, നിവേദിത എന്നിവരാണ് ഈ കൈപ്പുണ്യകുടുംബം. പുഴയോരത്തുനിന്ന് വരുന്നവരായതുകൊണ്ട് മീനാണ് സ്റ്റാളില്‍നിറയെ. ചെമ്മീന്‍ വരട്ടിയത്, അപൂര്‍വങ്ങളില്‍ അപൂര്‍വമായ മുരു ഇറച്ചി, കടുക്കക്കറി വറുത്തരച്ചത്, ഫിഷ് കട്‌ലറ്റ് എന്നിവ.
കടപ്പുറത്ത് സാന്‍ഡ് ഡൈനിങ്ങിന്റെ ഭംഗി വെള്ളിയാഴ്ച ജനം നന്നായി ആസ്വദിച്ചു. വിശിഷ്ടാതിഥിയായി എത്തിയ മന്ത്രി ഡോ. എം.കെ. മുനീര്‍ സാന്‍ഡ് ഡൈനിങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മേള മുഴുവന്‍ നടന്നുകണ്ട അദ്ദേഹം ഒരു പാട്ട് ജലാശയത്തിന് നടുവിലെ വേദിയില്‍ വന്നുനിന്ന് പാടുകയും ചെയ്തു.
രാത്രി എട്ടരയോടെ ആരംഭിച്ച താമരശ്ശേരി ചുരം സെറ്റിന്റെ ബാന്‍ഡ് മേളയ്ക്ക് രുചിയോടൊപ്പം താളവും നല്‍കി. കഴിച്ചവര്‍ കഴിച്ചവര്‍ സ്വയം പറയുന്നുനാളെയും വരാം. വരാത്തവരോട് പറയുന്നുഇവിടെ വരാതിരിക്കരുത്, ഈ രുചി അറിയാതിരിക്കരുത്. മാതൃഭൂമി, ജി.കെ.എസ്.എഫും പാരിസണ്‍ ലിബര്‍ട്ടിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മേള വൈകിട്ട് അഞ്ചിനാണ് തുടങ്ങുന്നത്.