|
|
മാതൃഭൂമി ജി.കെ.എസ്.എഫ്.പാരിസണ്‍ ലിബര്‍ട്ടി മലബാര്‍ ഭക്ഷ്യമേള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. പി.വി. ഗംഗാധരന്‍, എന്‍.കെ. മുഹമ്മദലി, എന്‍.സി. അബൂബക്കര്‍, രഞ്ജിത്ത്, പി.വി. ചന്ദ്രന്‍, സി.എ. ലത, സുജ ബാലുശ്ശേരി, എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., സി.പി. സലീം എന്നിവര്‍ സമീപം |
കോഴിക്കോട്: ഒരുക്കങ്ങള്‍ തീര്‍ന്ന് ഒടുവില്‍ അടുക്കളകള്‍ പുകഞ്ഞുതുടങ്ങി; പലതരം ചിക്കനുകളും മട്ടനുകളും മീനും ദോശയും കപ്പയും കബാബും ബീഫും പത്തിരികളും പുട്ടുകളും പൊറോട്ടകളും തയ്യാറായിത്തുടങ്ങി. അവയുടെ ഗന്ധം അറബിക്കടലിലേക്ക് പരന്നു.
സന്ധ്യ തീര്‍ന്നതോടെ ഭട്ട് റോഡ് പാര്‍ക്കില്‍ പല ദേശങ്ങളില്‍നിന്നും ഭക്ഷണപ്രിയര്‍ വന്നുനിറഞ്ഞു. മലബാറിന്റെ നാട്ടുരുചികളും വീട്ടുരുചികളും അവര്‍ ആവോളം കഴിച്ചു. അതിന് പശ്ചാത്തലമായി ഗിരീഷ് പുത്തഞ്ചേരിയും പൂതേരി രഘുകുമാറും സൃഷ്ടിച്ച ഗാനപ്രപഞ്ചവും.
വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച മലബാര്‍ ഭക്ഷ്യമേളയാണ് ആരംഭദിനത്തില്‍ത്തന്നെ വലിയ ഉത്സവമായി ജനം ഏറ്റെടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് പാര്‍ക്കിലെ ജലാശയത്തിന് മധ്യേ പണിത സ്റ്റേജില്‍ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. നല്ല ഭക്ഷണം കഴിക്കണമെങ്കില്‍ മലബാറില്‍ വരണം എന്നാണ് പറയാറുള്ളതെന്നും മലബാര്‍ ഭക്ഷ്യമേളയുടെ മധ്യേ നില്‍ക്കുമ്പോള്‍ തനിക്ക് അത് നേരിട്ട് ഒരിക്കല്‍ക്കൂടി ബോധ്യമാവുകയാണെന്നും ഉദ്ഘാടനവേളയില്‍ അദ്ദേഹം പറഞ്ഞു. ഇവിടെ വീട്ടമ്മമാരാണ് ഭക്ഷണം ഒരുക്കുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ഇത് മറ്റെവിടെയും ലഭിക്കാത്ത ഒരു വിശേഷമാണ്അദ്ദേഹം പറഞ്ഞു.
ചലച്ചിത്രസംവിധായകന്‍ രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. ജില്ലാ കളക്ടര്‍ സി.എ. ലത, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ., പാരിസണ്‍ ലിബര്‍ട്ടി ഗ്രൂപ്പ് എം.ഡി. എന്‍.കെ. മുഹമ്മദലി, വനിതാ വികസന കോര്‍പ്പറേഷന്‍ അംഗം സുജ ബാലുശ്ശേരി, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, കൗണ്‍സിലര്‍ സി.പി. സലീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനുശേഷം രമേശ് ചെന്നിത്തല സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.
രാത്രി വളര്‍ന്നതോടെ ഭക്ഷ്യമേളയിലേക്കുള്ള ജനപ്രവാഹം വര്‍ധിച്ചു. കുടുംബമായി വരുന്നവരായിരുന്നു അധികവും. വേദിയില്‍ തേജ് മെര്‍വിനും നിഷാദും സംഘവും ഗാനമേള ആരംഭിച്ചു. 'മായാമയൂര'ത്തിലെ 'കൈക്കുടന്ന നിറയെ തിരുമധുരം തരും...' 'കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തി'ലെ 'പിന്നെയും പിന്നെയും...', 'മാടമ്പി'യിലെ 'അമ്മമഴക്കാറിന് കണ്‍നിറഞ്ഞു...' മലയാളികള്‍ ഏറ്റുപാടിയ ഗാനങ്ങള്‍ ഒന്നൊന്നായി അവര്‍ ആലപിച്ചു. ജലാശയത്തിന് ചുറ്റിലും ഇട്ട കസേരകളിലിരുന്ന് ഇഷ്ടഭക്ഷണം കഴിച്ചുകൊണ്ട് കുടുംബങ്ങളും കുട്ടികളും കടലോര സന്ധ്യ ആസ്വദിച്ചു.
തിങ്കളാഴ്ചവരെ ആഘോഷത്തോടെയുള്ള മലബാര്‍ ഭക്ഷ്യമേള തുടരും.