കുക്കറിഷോയിലെ താരം

രമ്യ ഹരികുമാര്‍ Posted on: 08 Jan 2015


നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മനസ്സില്ലാമനസ്സോടെയാണ് തസ്‌നീം അസീസ് കഴിഞ്ഞ തവണത്തെ മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിന് വന്നത്. പക്ഷേ ഫുഡ്‌ഫെസ്റ്റിവല്‍ കഴിഞ്ഞ് കണ്ണൂര്‍ക്ക് മടങ്ങിയത് മനസ്സ് നിറഞ്ഞ സന്തോഷത്തോടെയും സംതൃപ്തിയോടെയും ആയിരുന്നു. എന്നും ഓര്‍ത്തുവക്കാവുന്ന ഓര്‍മ്മകളായിരുന്നു തസ്‌നീമിന് മലബാര്‍ ഫുഡ്‌ഫെസ്റ്റിവല്‍ നല്‍കിയത്. കഴിഞ്ഞതവണ മന്ത്രിമാരടക്കം നിരവധി ആളുകളാണ് തസ്‌നിയുടെ വിഭവങ്ങള്‍ രുചിക്കാനെത്തിയത്. മാത്രമല്ല ഭക്ഷണപ്രേമികളുടെ സ്‌നേഹവും അഭിനന്ദനവും നേരിട്ടറിയാനും സാധിച്ചു. അതുകൊണ്ട് ഇത്തവണ ദുബായ് യാത്രയൊക്കെ മാറ്റിവെച്ചാണ് തസ്‌നീം മലബാര്‍ ഫുഡഫെസ്റ്റിവലിന് എത്തുന്നത്.

തസ്‌നീം നമുക്ക് സുപരിചിതയാണ് ഉച്ചനേരങ്ങളില്‍ പുതുവിഭവങ്ങളുമായി ചാനല്‍ കുക്കറി ഷോകളില്‍ നിറഞ്ഞ ചിരിയോടെ തസ്‌നി എത്തും. ആര്‍ക്കും എളുപ്പത്തില്‍ ചെയ്തുനോക്കാവുന്ന എന്നാല്‍ പുതുമയാര്‍ന്ന പാചകവിധികളുമായാണ് എന്നും തസ്‌നീം എത്തുന്നത്. അതുകൊണ്ടു തന്നെ തസ്‌നിയുടെ പാചകവിധികള്‍ പരീക്ഷിക്കാത്തവര്‍ വളരെ കുറവായിരിക്കും. തയ്യാറാക്കാനും കഴിക്കാനും ഏറ്റവും താല്പര്യം മലബാര്‍ വിഭവങ്ങളാണെങ്കിലും ഏത് രുചികളും ഈ കൈകളില്‍ ഭദ്രമാണ്.

കുക്കറി ക്ലാസുകളും ഫുഡ് കോംപറ്റീഷനുകളുമായി തിരക്കിലാണ് തസ്‌നീം. ഇതിനിടയില്‍ ചെറിയ രീതിയില്‍ കാറ്ററിംഗും ചെയ്യുന്നുണ്ട്. ദുബായ്, ഒമാന്‍, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലെ വിപണികളില്‍ തസ്‌നിയുടെ പാര്‍ട്ട്‌നര്‍ഷിപ്പില്‍ പുതിയ കറിപൗഡര്‍ ഇറക്കുന്നതിന്റെ പ്രാരംഭഘട്ട ആലോചനകളിലാണ് തസ്‌നിം. തസ്‌നിം തന്നെയായിരിക്കും കറിപൗഡറിന്റെ ബ്രാന്‍ഡ് അംബാസിഡറും. ഈ വാര്‍ത്ത ആദ്യമായി മാതൃഭൂമിയിലൂടെ പങ്കുവെക്കാന്‍ സാധിച്ചതിലെ സന്തോഷവും തസ്‌നീം മറച്ചുവെച്ചില്ല.

തന്റെ കൈപ്പുണ്യം പാരമ്പര്യമാണെന്നാണ് തസ്‌നിം പറയുന്നത്. ഉമ്മയായിരുന്നു പാചകത്തിന്റെ കൈക്കണക്കുകള്‍ തസ്‌നീമിന് പകര്‍ന്നുകൊടുക്കുത്തത്. വിവാഹശേഷം ഭര്‍ത്താവ് അസീസും തസ്‌നീമിന് വേണ്ട പ്രോത്സാഹനം നല്‍കി. 'അസീസ് നല്ലൊരു ക്രിട്ടിക്കാണ്. കൃത്യമായി അഭിപ്രായങ്ങള്‍ പറയും നിര്‍ദേശങ്ങള്‍ തരും നന്നായെങ്കില്‍ മനസ്സു തുറന്ന് അഭിനന്ദിക്കും. അസീസിന്റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കണ്ണടച്ചുവിളമ്പാം.' തസ്‌നീം ചിരിയോടെ പറഞ്ഞു.

കോഴിതലയിണ, ഉറിയപ്പം, കല്ലുമ്മക്കായ നിറച്ചത്, മുട്ടസുര്‍ക്ക, നെയ്പത്തല്‍, ഉണ്ടപ്പുട്ട്, കായ്‌പോള തുടങ്ങി നിരവധി വിഭവങ്ങളാണ് തസ്‌നി തന്റെ സ്റ്റാളില്‍ ഒരുക്കുന്നത്. ഫെസ്റ്റിവലിന് മുമ്പേ തന്നെ തസ്‌നിയുടെ കോഴിതലയിണ വാര്‍ത്തകലില്‍ ഇടം പിടിച്ചുകഴിഞ്ഞു. സ്വന്തം പാചകകഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി മാത്രമല്ല തസ്‌നീമിന് ഫുഡ്‌ഫെസ്റ്റിവല്‍. മലബാറിന്റെ വിവിധ രുചികളെ കാണാനും തനിക്കറിയാത്ത പരമ്പരാഗത മലബാര്‍ വിഭവങ്ങളെ പരിചയപ്പെടാനുമുള്ള ഒരു അവസരം കൂടിയാണ്. കഴിഞ്ഞ തവണത്തേത് ഒരു മാപ്പിള ഫുഡ് കാര്‍ണിവലായിരുന്നെങ്കില്‍ ഇത്തവണ നോര്‍ത്തിന്ത്യന്‍ ഭക്ഷണമുള്‍പ്പടെ ഇന്ത്യയിലെ മറ്റു രുചികളും ഫുഡ് ഫെസ്റ്റിവലിന് എത്തുന്നതിന്റെ ത്രില്ലിലാണ് തസ്‌നിം.

സല്‍ക്കാരപ്രിയരായ കോഴിക്കോട്ടുകാര്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. അതിനുവേണ്ടി സമയം കണ്ടെത്താനും മികച്ച വിഭവങ്ങളൊരുക്കാന്‍ എത്ര സമയം ചെലവിടാനും മടിയില്ലാത്തവര്‍. അതുകൊണ്ട് അവര്‍ മേളയെ ഉത്സവമാക്കുമെന്ന് തന്നെയാണ് തസ്‌നീമിന്റെ വിലയിരുത്തല്‍. വീട്ടമ്മമാരൊരുക്കുന്ന വിഭവങ്ങളാണ് ഫുഡ്‌ഫെസ്റ്റിവലിന്റെ ഹൈലൈറ്റ്. സ്വന്തം അടുക്കളയില്‍ വീട്ടുകാര്‍ക്കുവേണ്ടി ഉണ്ടാക്കുന്ന വിഭവങ്ങളില്‍ കളറുകളും ടേസ്റ്റ്‌മേക്കറുകളുമൊന്നും അവര്‍ ചേര്‍ക്കില്ല. ഫെസ്റ്റിവലിന് വേണ്ടി ഭക്ഷണമൊരുക്കുമ്പോഴും അവര്‍ തികഞ്ഞ വീട്ടമ്മമാരായി തന്നെയായിരിക്കും ഭക്ഷണം തയ്യാറാക്കുക. അതുകൊണ്ട് മായം ചേര്‍ക്കാത്ത നല്ല ഒന്നാന്തരം ഭക്ഷണം വയറുനിറയെ ധൈര്യമായി കഴിക്കാം തസ്‌നി മേളയുടെ നേര് ചൂണ്ടിക്കാട്ടുന്നു.

തനിക്കും കഴിവുകളുണ്ടെന്ന് വീട്ടമ്മമാരെ പഠിപ്പിച്ചുകൊടുക്കുകയാണ് മേള. തനിക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്നും വേണമെങ്കില്‍ തനിക്കും കുടുബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുമെന്നും അവരെ മനസ്സിലാക്കിക്കൊടുക്കുന്നു. തനിക്കിത്രയൊക്കെ ചെയ്യാന്‍ സാധിക്കുെമന്ന തിരിച്ചറിവില്‍ സ്വയം അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് ഓരോ വീട്ടമ്മയ്ക്കും ഫുഡ്‌ഫെസ്റ്റിവലിന് ശേഷം ഓര്‍ത്തുവെക്കാനുണ്ടാവുക.ആ മാനസിക സംതൃപ്തി വലുതാണ് തസ്‌നീം പറയുന്നു.





food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt