*കടലില്‍ കൊതിയൂറും വിഭവങ്ങളുടെ ഗന്ധം,കപ്പലുകള്‍ക്ക് വഴിതെറ്റാം!
*സത്യത്തിന്റെ തുറമുഖം സ്വാദിന്റെ തുറമുഖമാകുന്നു
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വാസ്‌കോഡിഗാമയടക്കമുള്ള വിദേശസഞ്ചാരികള്‍ കോഴിക്കോട്ടേക്ക് കപ്പല്‍ തിരിച്ചത് ഈ ദേശത്തെ സമ്പത്തും നാട്ടുവിഭവങ്ങളും കണ്ടാണ്. എന്നാല്‍, വ്യാഴാഴ്ച മുതല്‍ അറബിക്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ കോഴിക്കോടിന്റെ തീരത്തേക്ക് ഒഴുകിയെത്തിയാല്‍ അത് കടലിലേക്ക് പരന്ന അപൂര്‍വ്വമായ ഭക്ഷ്യവിഭവങ്ങളുടെ ഗന്ധം മൂക്കിലടിച്ചായിരിക്കും. പലതരത്തിലുള്ള ചിക്കനുകള്‍, മട്ടനുകള്‍, നാടന്‍ ബീഫ്, കുഴിമന്തി, ആവി പറക്കുന്ന ദം ബിരിയാണി, കല്ലുമ്മക്കായയും കോഴിത്തലയിണയും കുഞ്ഞനുറപ്പിച്ചതും കുലുക്കി ഐസും ഉണ്ണിയപ്പം മുതല്‍ പല പല അപ്പങ്ങളും പതിനഞ്ചിലധികം തരം ദോശകളും, കബാബുകള്‍, എരുന്തുപ്പേരി, അടകള്‍, പുട്ടുകള്‍.....കപ്പലുകളെ വഴിതെറ്റിക്കാന്‍ ഈ ഗന്ധങ്ങള്‍ ധാരാളം. അതുകൊണ്ട് കോസ്റ്റ് ഗാര്‍ഡ് കരുതിയിരിക്കുക.
വ്യാഴ്ാഴ്ച സന്ധ്യമുതല്‍ തിങ്കളാഴ്ച വരെ ബീച്ചിലെ ഭട്ട് റോഡ് പാര്‍ക്ക് കടലോരത്തെ ഏറ്റവും വലിയ ഒരു ഭക്ഷണശാലയാവും. അവിടെ മലബാറിന്റെ ഭക്ഷ്യമേള അതിന്റെ എല്ലാവിധ വര്‍ണ്ണങ്ങളോടും രുചികളോടും ഗന്ധങ്ങളോടും അരങ്ങിനും അടുക്കളയ്ക്കും ആഘോഷമാക്കും.ഭക്ഷണത്തോടൊപ്പം സംഗീതവും രാത്രികള്‍ക്ക് കൊഴുപ്പേറ്റും.എല്ലാറ്റിനുമുപരിയായി കടലിന്റെയും നിലയ്ക്കാത്ത കാറ്റിന്റേയും സാന്നിദ്ധ്യവും.മാതൃഭൂമി-ജി.കെ.എസ്.എഫ്-പാരിസണ്‍ ലിബര്‍ട്ടി മലബാര്‍ ഭക്ഷ്യമേള രുചിയുടെ ആസ്വാദകര്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമാവാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ചരിത്രത്തില്‍ സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്ന കോഴിക്കോട് വ്യാഴാഴ്ചമുതല്‍ സ്വാദിന്റെ തുറമുഖം എന്നറിയപ്പെടും.
അടുക്കളയിലെ കലയുമായി വീട്ടമ്മമാര്‍.....
മലബാറിന്റെ അടുക്കളയുടെ രുചി ദേശാന്തരങ്ങളിലേക്ക് വരെ പരന്നതാണ്.പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് അവയില്‍ മിക്കവയും. പലതും ഇന്ന് ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മലബാര്‍ ഭക്ഷ്യമേളയില്‍ ഇവയെല്ലാം പഴയകാലത്തിന്റെ അതേ പ്രൗഢിയോടെയും രുചിയോടെയും തിരിച്ചുവരുന്നു .ഇവ ഉണ്ടാക്കുന്നത് വീട്ടുപാചകത്തിന്റെ കൈപ്പുണ്യം തലമുറകളായി പകര്‍ന്നുകിട്ടിയ വീട്ടമ്മമാരാണ് എന്നതാണ് ഭക്ഷ്യമേളയുടെ ഏറ്റവും വലിയ പ്രത്യേകത.നൂറോളം വീട്ടമ്മമാരാണ് മലബാര്‍ ഭക്ഷ്യമേളയ്ക്ക് വീട്ടുരുചിയുടെ മേളം പകരുന്നത് . കാലത്തിന്റെ മാറ്റം കാരണം നാവില്‍നിന്ന് വാര്‍ന്നുപോയ ഒരുപാട് രുചികളെ തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാകും മലബാര്‍ ഭക്ഷ്യമേള.
വിഭവങ്ങളുടെ വൈവിധ്യം..
ലോകത്ത് ഒരു ഹോട്ടലിനും വിളമ്പാന്‍ പറ്റാത്ത തരത്തില്‍ വ്യത്യസ്തമായ വിഭവങ്ങളാണ് മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍ വിളമ്പുന്നത്. അതില്‍ സാദാ തട്ടുദോശയും നാരങ്ങാ അച്ചാറും മുതല്‍ മുഗള്‍ രാജകൊട്ടാരങ്ങളില്‍ വിളമ്പിയിരുന്ന കബാബ് വരെയുണ്ട്. കടപ്പുറത്ത് നടന്ന് കഴിക്കാവുന്ന ചെത്തൈസ് മുതല്‍ ചിക്കന്റേയും മട്ടന്റേയും വിവിധ രുചികള്‍ വരെയുണ്ട്.വിശലമായ സ്ഥലത്ത് വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് ഇവ കഴിക്കാന്‍ ഇവിടെ സാധിക്കുന്നു.പല വിഭവങ്ങളും വീട്ടില്‍ത്തന്നെയുണ്ടാക്കുന്നവയാണ്.
സാന്‍ഡ് ഡൈനിങ്ങിന്റെ സൗന്ദര്യം..
കടല്‍ത്തീരത്ത് ബഞ്ചിലിരുന്ന് കപ്പലണ്ടി കൊറിക്കുന്ന സുഖം നാം അറിഞ്ഞതാണ്. എന്നാല്‍ മണല്‍കൊണ്ടുള്ള ഇരിപ്പിടത്തിലിരുന്ന് മണല്‍മേശമേല്‍ വച്ച് ഭക്ഷണം കഴിക്കാനുള്ള അവസരം ഭക്ഷ്യമേള ഒരുക്കുന്നു. പാര്‍ക്കിന്റെ പടിഞ്ഞാറുവശത്തെ മണല്‍ത്തിട്ടയിലാണ് സാന്‍ഡ് ഡൈനിങ്ങ് ഒരുക്കുന്നത്.
ജലാശയത്തിന് ചുറ്റും നിരക്കുന്ന ഭക്ഷണശാലകള്‍
ഭട്ട് റോഡ് പാര്‍ക്കിന് മധ്യത്തിലെ ജലാശയം ഇതുവരെ ആരും ഉപയോഗിക്കാതെ വെയില്‍ കാഞ്ഞുകിടക്കുന്ന ഒരിടം മാത്രമായിരുന്നു.എന്നാല്‍ ഭക്ഷ്യമേളയില്‍ ഇതേ സ്ഥലം അതിമനോഹരമായ ഒരു ഡൈനിങ്ങ് ഏരിയ ആയി മാറും.ജലാശയത്തിന്റെ തീരത്ത് ചുറ്റുമായിട്ടാണ് മേശയും കസേരകളുമൊരുക്കുന്നത്.തൊട്ടപ്പുറത്ത്‌നിന്ന് ഭക്ഷണം വാങ്ങി ജലാശയത്തിന്റെ തീരത്തിരുന്ന് കഴിക്കാം.ജലാശയത്തിന്റെ മധ്യത്തിലായാണ് സ്റ്റേജ് തയ്യാറാക്കുന്നത്.ഭക്ഷണസമയത്ത് മുഴുവന്‍ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടാവും.ഉദ്ഘാടനച്ചടങ്ങും ജലാശയത്തിന് മധ്യത്തിലെ ഈ വേദിയിലായിരിക്കും നടക്കുക.
മേള മാലിന്യരഹിതം,മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് തുടക്കം
വലിയ മേളകള്‍ക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അത് പിറകിലുപേക്ഷിച്ചുപോകുന്ന മാലിന്യമാണ്. ഭക്ഷ്യമേളയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ മലബാര്‍ ഭക്ഷ്യമേള മാലിന്യപരിപാലനത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നടപടികള്‍ എടുത്തിട്ടുണ്ട്. നിറവ് വേങ്ങേരിയാണ് മാലിന്യപരിപാലനം ഏറ്റെടുത്തിരിക്കുന്നത്. വളമാക്കിയും പുനചക്രമണം നടത്തിയും മാലിന്യം സംസ്‌കരിക്കും.
അധികമാരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഭട്ട് റോഡ് പാര്‍ക്കിനെ കോഴിക്കോടിന്റെ ഹൃദയമാക്കിമാറ്റുക എന്ന സോദ്ദേശ്യംകൂടിയുണ്ട് മലബാര്‍ ഭക്ഷ്യമേളയ്ക്ക്.നഗരത്തിന്റെ സായാഹ്നങ്ങള്‍ക്ക് പറ്റിയ ഒരിടം.ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബുധനാഴ്ച ഭട്ട് റോഡ് പാര്‍ക്കില്‍ വിവിധങ്ങളായ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു.എ.പ്രദീപ് കുമാര്‍ എം.എല്‍.എ,ഡെപ്യൂട്ടി മേയര്‍ പ്രൊഫസര്‍ പി.ടി.അ്ബ്ദുള്‍ ലത്തീഫ്,പാരിസണ്‍ ഗ്രൂപ്പ് എം.ഡി എം.കെ.മുഹമ്മദലി,കൗണ്‍സിലര്‍മാരായ സി.പി.സലീം, ടി.സുജന്‍, പി.കിഷന്‍ചന്ദ്, ജാനമ്മകുഞ്ഞുണ്ണി എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു.കെ.വി.ബാബുരാജ്,ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി പി.ജി.രാജീവ്,സെലിബ്രറ്റി ഷെഫ് ആബിദ റഷീദ്,മാതൃഭൂമി ചീഫ് പബ്ലിക് റിലേഷന്‍ മാനേജര്‍ കെ.ആര്‍.പ്രമോദ് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.വനംവകുപ്പിന്റെ പാല, ഞാവല്‍, മണിമരുത് എന്നിവയാണ് വച്ചുപിടിപ്പിച്ചത്.
സന്ധ്യകള്‍ക്കും രാത്രികള്‍ക്കും രുചികൂട്ടാന്‍ കലയുടെ താളവും
ഭക്ഷ്യമേളയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാന്‍ വിവിധങ്ങളായ കലാപരിപാടികളും ഒരുങ്ങുന്നുണ്ട്. ആദ്യദിവസമായ വ്യാഴാഴ്ച, അന്തരിച്ച സംഗീത സംവിധായകന്‍ പൂതേരി രഘുകുമാറിനും ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിക്കും സ്മരണാഞ്ജലിയായി ഗാനസന്ധ്യ അരങ്ങേറും. സംഗീതസംവിധായകന്‍ തേജ് മെര്‍വിനും നിഷാദും ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. 9ന് ആദര്‍ശ് ആന്റ് ലതീഷ് താമരശ്ശേരി ചുരം സംഘത്തിന്റെ ബാന്‍ഡ് അവതരിപ്പിക്കപ്പെടും. 10ന് പഴയകാലഗാനങ്ങളുമായി തേജ് മെര്‍വിന്‍ വീണ്ടുമെത്തുന്നു. 11ന് ഗസല്‍ സന്ധ്യയും 12ന് കണ്ണൂര്‍ ഷാഫിയും സംഘവും ്അവതരിപ്പിക്കുന്ന മാപ്പിളഗാനങ്ങളും അരങ്ങേറും.