കോഴിക്കോട്: തലയിണ കിടന്നുറങ്ങാന്‍ മാത്രമാണ് എന്ന ധാരണ ഇനി തിരുത്താം. കോഴിയുടെ രുചിയോടെ തിന്നുകയും ചെയ്യാമത്.
കോഴിക്കോട്ടെ ഭട്ട്‌റോഡ് ബീച്ച് പാര്‍ക്കില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന മലബാര്‍ ഭക്ഷ്യമേളയില്‍ ഭക്ഷണപ്രേമികളെ കാത്തിരിക്കുകയാണ് അപൂര്‍വമായ കോഴിത്തലയിണ. മടക്കിയ ചപ്പാത്തിക്കുള്ളില്‍ മുഴുവന്‍ കോഴിയെ പാകംചെയ്താണ് കോഴിത്തലയിണ ഒരുക്കുന്നത്.
അപൂര്‍വമായ ഭക്ഷണങ്ങളുടെ ശേഖരമാണ് ഇവിടെ കടപ്പുറത്ത് ഒരുങ്ങുന്നത്. മല്ലിച്ചപ്പും പുതീനയും തുളസി, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, പച്ചക്കുരുമുളക് എന്നിവയും ചേര്‍ത്തുണ്ടാക്കുന്ന കോഴിവിഭവം ഈ ഭക്ഷ്യമേളയിലേ കിട്ടൂ. നൂലിന്മേല്‍ പൊരിച്ച കോഴി, 'മുയ്മന്‍കോയി ബിരിയാണി', കാപ്‌സിക്കവും ഉള്ളിയും മസാലയും ചേര്‍ത്ത ചിക്കന്‍ മെമൂസ്, ചിക്കന്‍ അട, ചിക്കന്‍ ഓംലെറ്റ് എന്നിവയും കോഴിവിഭവങ്ങളുടെ കൂട്ടത്തില്‍ ഉണ്ട്.
ഫിഷ് പത്തിരിമുതല്‍ തുടങ്ങുന്നു മേളയുടെ മീന്‍ തൊട്ടുകൂട്ടല്‍. മീന്‍ പൊരിച്ച് മസാലതേച്ച് ആട്ടപ്പൊടികൊണ്ട് ദോശയുണ്ടാക്കി അതില്‍ നിറച്ചാല്‍ ഫിഷ് പത്തിരിയായി. പച്ചമീന്‍ വടയുടെ രൂപത്തിലാക്കിയെടുക്കുന്ന അയല ഉണ്ടയുമുണ്ട്. വ്യത്യസ്തവിഭവങ്ങള്‍ക്കായി നാടന്‍ രീതിയിലുള്ള മീന്‍ചാപ്പതന്നെ മേളയില്‍ ഒരുക്കുന്നുണ്ട്. അയല നിറച്ചത്, മത്തി നെല്ലിക്കയിട്ട് വറ്റിച്ചത്, നെയ്മീന്‍ പൊള്ളിച്ചത്, ഫിഷ് ചില്ലി എന്നിവ ആവിപറത്തി പിറകേ വരുന്നു.
ലൈവ് ഉണ്ണിയപ്പം, കൊഴുക്കട്ട, അപ്പവാണിഭ നേര്‍ച്ചകളിലെ അപ്പം, സുബഹി നിസ്‌കാരം കഴിഞ്ഞ് പഴയകാലത്തുള്ളവര്‍ കഴിച്ചിരുന്ന വളാപ്പം, ചിപ്പി അപ്പം, കാരക്ക അപ്പം എന്നിങ്ങനെ അപ്പങ്ങളെമ്പാടും ചുടുന്നുണ്ട് മേളയില്‍.
സസ്യഭക്ഷണപ്രിയര്‍ നിരാശപ്പെടേണ്ട. അവര്‍ക്കുമുണ്ട് വിഭവങ്ങളുടെ നിര. ദോശതിന്നാന്‍ ആശയുള്ളവര്‍ക്കെല്ലാം ധൈര്യമായി വരാം. മസാലദോശ, നെയ്‌റോസ്റ്റ്, തട്ടുദോശ, പൊടി ദോശ, പൈനാപ്പിള്‍ ദോശ, പപ്പായ ദോശ, കാരറ്റ് ദോശ, ബീറ്റ്‌റൂട്ട് ദോശ, പനീര്‍ ദോശ, തക്കാളി ദോശ, ഉള്ളി ദോശ.... അങ്ങനെ പോകുന്നു ദോശകളുടെ നിര. കാലം മാറിയപ്പോള്‍ ചില ദോശകള്‍ നോണ്‍വെജ് ആയിട്ടുണ്ട്‌ചെമ്മീന്‍ ദോശയും ചിക്കന്‍ ദോശയും ഉദാഹരണം. മുരിങ്ങയിലച്ചാറും നേരിയ പത്തിരിയും കൂടിയുണ്ട് സസ്യാഹാരികള്‍ക്ക്.
മാഹിയില്‍നിന്ന് നാടന്‍ ഗന്ധവും രുചിയുമായി ചായകുടിസ്റ്റാളുണ്ട്. ഇവിടെ ചായയും കപ്പയും കോഴിക്കാലും മുട്ട വരയിട്ട് പൊള്ളിച്ചതുമെല്ലാം ലഭിക്കും. ഇരുപത്തഞ്ചിലധികം തരത്തിലുള്ള അച്ചാറുകള്‍ക്കായി പ്രത്യേക സ്റ്റാളുണ്ട്.
ഈന്ത് പിടി, കക്ക ഒറോട്ടി, വാഴയ്ക്ക മസാല, എരുന്ത് ഉപ്പേരി ഉലര്‍ത്തിയത്, മസാലച്ചായ, ഇളനീര്‍കൊണ്ടുള്ള ഗ്ലാസ് പുഡ്ഡിങ്, പഴം നിറച്ചത്, ഉന്നക്കായ, ഇറച്ചിപ്പുട്ട്, ചെമ്മീന്‍പുട്ട്... നാല് ദിവസംകൊണ്ടൊന്നും കഴിച്ച് തീരൂല്ല മലബാര്‍ ഭക്ഷ്യമേളയിലെ രുചികള്‍.
ഭക്ഷണംമാത്രം കഴിച്ചാല്‍ പോരല്ലോ. കഴിഞ്ഞ് പോകുമ്പോള്‍ ഒരു ഹരം വേണ്ടേ? നന്നാറി സര്‍ബത്തും നാരങ്ങയും പച്ചമുളകും ചേര്‍ന്ന കുലുക്കി ഐസ് അതിനായുണ്ട്. ശുദ്ധമായ വെള്ളംകൊണ്ട് ഉണ്ടാക്കുന്ന ചെത്തൈസ്, ഐസ് ഫ്രൂട്ട് എന്നിവയും ഭക്ഷണത്തിന് ശേഷം ഉള്ളുതണുപ്പിക്കാന്‍ ഭക്ഷ്യമേളയിലുണ്ടാകും.