തലശ്ശേരി രുചിയുമായി റസിയ ലത്തീഫ്

Posted on: 07 Jan 2015



തലശ്ശേരിക്കാരുടെ കൈപുണ്യത്തെക്കുറിച്ചും അവരുണ്ടാക്കിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും പറഞ്ഞറിയിക്കാനാവില്ല. അതൊരനുഭവമാണ്, രുചിമുകളങ്ങളിലൂടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠനേടുന്നു അവ. തലശ്ശേരിയുടെ പാരമ്പര്യരുചിയുടെ സമ്പാദ്യമാണ് റസിയ ലത്തീഫ്.

ആത്മാവിലലിഞ്ഞ രൂചിക്കൂട്ടുകളെക്കുറിച്ച് ഗള്‍ഫിലായിരുന്ന കാലത്താണ് റസിയാത്ത എഴുതി തുടങ്ങുന്നത്. എഴുതിയെഴുതി നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും റസിയാത്തയുടെ കൈപ്പുണ്യവും തിരിച്ചറിയാന്‍ ഭാഗ്യമുണ്ടായത്.

റസിയാത്തയുടെ മാസ്റ്റര്‍പീസ് എന്നുപറയാവുന്നത് ' പഞ്ചാരപ്പാറ്റ'യെന്ന വിഭവമാണ്. മുട്ടമാലയെന്ന് പറയുന്ന മലബാര്‍ വിഭവത്തിന്റെ ക്രെഡിറ്റ് കോഴിക്കോട്ടുകാര്‍ കൊണ്ടുപോയെന്ന് പരിഭവം പറുന്ന റസിയാത്ത ഉറപ്പിച്ച് പറയുന്നു, അത് തലശ്ശേരിയുടെ പാരമ്പര്യവിഭവം തന്നെയാണെന്ന്. ആ പരമ്പരാഗത മുട്ടമാലയുടെ രുചിയറിയാന്‍ ഇത്തവണ ബട്ട് റോഡിലെ ബീച്ചിലെ മലബാര്‍ ഭക്ഷ്യമേളില്‍ എത്തണമെന്നും റസിയാത്ത പറയുന്നു.

ഉന്നക്കായയിലും ചട്ടിപ്പത്തിരിയിലും ചിക്കന്റോളിലുമെല്ലാം തലശ്ശേരിയുടെ സ്വന്തം സ്വാദ് നിറയ്ക്കുകയാണ് റസിയാത്ത. ഈ സ്വാദിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്താനും ഇവര്‍ക്ക് തീരെ മടിയില്ല. എന്തുണ്ടാക്കുമ്പോഴും തലശ്ശേരിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളു. അതില്‍ മാത്രം ഒരു വിട്ടുവീഴ്ചയുമില്ല. ഇന്ത്യയിലെവിടെ പ്രദര്‍ശനം നടത്തുമ്പോഴും ചേരുവകള്‍ തലശ്ശേരിയില്‍ നിന്ന് തന്നെ ഒപ്പം കൊണ്ടുപോകും. തലശ്ശേരിയുടെ പരമ്പരാഗത രുചി ലഭിക്കാന്‍ തലശ്ശേരിയിലെ ചേരുവകള്‍ തന്നെവേണമെന്നാണ് റസിയാത്തയുടെ വാദം.

ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ കഴിപ്പിക്കുമ്പോഴാണ് മനസ്സ് നിറയുകയെന്നാണ് തലശ്ശേരിയില്‍ ഹലിം കിച്ചണ്‍ എന്ന സ്ഥാപനം നടത്തുന്ന റസിയാത്തയുടെ വിശ്വാസം. ഒപ്പം സഹകരിച്ച് ഭര്‍ത്താവ് ലത്തീഫും.

റസിയ ലത്തീഫിന്റേതായി മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍: ചൈനീസ് പാചകം, റംസാന്‍ റെസിപ്പീസ്



food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt