കോയിക്കോട്ടിനി രുചിപ്പൂരം

Posted on: 07 Jan 2015



'കോയിക്കോട്ടുകാര്‍ക്ക് എത്ര തിന്നാലും മതിയാവൂല' മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിനെ കുറിച്ചുള്ള സംഭാഷണ മധ്യേ ആബിദതാത്ത പറഞ്ഞു. സംഗതി സത്യമാണ്. കോഴിക്കോട്ടുകാര്‍ ഭക്ഷണപ്രിയരാണ്. എത്ര കഴിച്ചാലും എത്ര ഊട്ടിയാലും അവര്‍ക്ക് മതിയാവില്ല. അപ്പോള്‍ പിന്നെ ആബിദതാത്ത പറയും പോലെ കോഴിക്കോടിനെ ഒരു ഫുഡ്‌സിറ്റിയാക്കുന്നതില്‍ എന്താ ഒരു തെറ്റ്. 'തൃശ്ശൂരില്‍ തൃശ്ശൂര്‍പ്പൂരമുണ്ട്. കോഴിക്കോട് വരാന്‍ എന്ത് പൂരാ ഇവിടെ ഉള്ളത് അപ്പോ ഇവിടെ ഒരു രുചിപ്പൂരം ഉണ്ടാകണം.' ആബിദതാത്തയുടെ ആവശ്യം ന്യായമാണ്.

കോഴിക്കോട് ബീച്ചില്‍ നടക്കുന്ന അഞ്ച് ദിവസം നീളുന്ന മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിന്റെ മേല്‍നോട്ടക്കാരിയാണ് ആബിദ റഷീദ്. മലബാറിന്റെ രുചി വൈവിധ്യങ്ങളെ തനിമയൊട്ടും ചോരാതെ ലോകത്തിന്റെ പലകോണുകളില്‍ എത്തിച്ച 'കോയിക്കോട്ടുകാരി'. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഹോംഷെഫ്. രുചിക്കൂട്ടുകള്‍ തേടി താജ് ഗ്രൂപ്പ് ഉള്‍പ്പടെ പലരും ആബിദയെ സമീപിച്ചു. ആബിദയുടെ മാപ്പിള ഫുഡ്‌ഫെസ്റ്റിവലുകള്‍ ദേശീയതലത്തില്‍ വരെ ശ്രദ്ധനേടി.

കോഴിക്കോട് കൊയിപ്പത്തൊടി കുടുംബാംഗമാണ് ആബിദ. കുട്ടിക്കാലം മുതല്‍ തന്നെ പാചകത്തോട് പെരുത്തിഷ്ടമായിരുന്നു ആബിദയ്ക്ക്. എട്ടുവയസ്സ് മുതല്‍ തുടങ്ങിയ പാചകപരീക്ഷണങ്ങള്‍ അമ്പതിലെത്തിയിട്ടും അതേ താല്പര്യത്തോടെ തുടരാന്‍ പരിപൂര്‍ണ്ണ പിന്തുണയുമായി ഭര്‍ത്താവ് റഷീദും ആബിദക്കൊപ്പമുണ്ട്. ബിസിനസ്സ് ആവശ്യത്തിനായി ഭര്‍ത്താവിനൊപ്പം നടത്തിയ യാത്രകളാണ് രുചിയുടെ പുതുമകളെ ആബിദക്ക് പരിചയപ്പെടുത്തിയത്. എവിടെപ്പോയാലും അവിടുത്തെ ഭക്ഷണം രുചിക്കുക എന്നത് ഇരുവരുടേയും ദൗര്‍ബല്യമായി മാറി. ആ യാത്രകളില്‍ ആബിദ പരിചയിച്ച രുചികളാണ് ഇത്തവണത്തെ മലബാര്‍ ഫുഡ് ഫെസ്റ്റിവലിന്റെ പുതിയ ആകര്‍ഷണം.

ഫുഡ് ഫെസ്റ്റിവലിന്റെ മേല്‍നോട്ടം അത്ര എളുപ്പമൊന്നുമല്ല. എത്ര തരം ഭക്ഷണങ്ങള്‍ തയ്യാറാക്കണം, എത്ര സ്റ്റാളുകള്‍ ഒരുക്കണം, ആരെയൊക്കെ പങ്കെടുപ്പിക്കണം എന്നു തുടങ്ങി ഫെസ്റ്റിവലില്‍ കൊണ്ടുവരുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടേയും വെള്ളത്തിന്റേയും എന്തിന് ഐസ്‌ക്യൂബുകളുടേയും വരെ ഗുണനിലവാരം ഉറപ്പുവരുത്തണം. മാത്രമല്ല വെല്ലുവിളികളും ഏറെയാണ്. ഫെസ്റ്റിവലിന് എത്രയാള്‍ക്കാര്‍ മുന്‍കൂട്ടി വരും എന്ന് പ്രവചിക്കാന്‍ സാധ്യമല്ല. വരുന്നവര്‍ക്കൊക്കെ ഭക്ഷണം നല്‍കാന്‍ സാധിക്കണം. അതിലുപരി നഷ്ടം വരാതെ നോക്കണം. കൃത്യമായ പ്ലാനിങ്ങുകള്‍ ഉണ്ടെങ്കിലും ചിലപ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റിയേക്കാം. അതുകൊണ്ട് തന്നെ നിന്ന് തിരിയാന്‍ നേരമില്ല ആബിദതാത്തയ്ക്ക് പക്ഷേ ഈ തിരക്ക് അവര്‍ക്ക് ഹരമാണ്. പെരുന്നാളിന് വീട്ടില്‍ വിഭവങ്ങളൊരുക്കുന്ന അതേ മനസ്സോടെയാണ് മലബാറിലെ വലിയ ഭക്ഷ്യമേളക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നതും.

ആബിദതാത്തയെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു ഭക്ഷ്യമേളയല്ല. കൃത്യമായ ലക്ഷ്യങ്ങളും ഇതിനു പിറകിലുണ്ട്. പരമ്പരാഗത മലബാര്‍ വിഭവങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് അതില്‍ പ്രധാനം. 'നമ്മള്‍ വളരെ ഫാസ്റ്റ് ആണ്. നമ്മുടേതായ സംസ്‌ക്കാരവും ഭക്ഷണവും എല്ലാം വേഗം മറക്കുന്നു. കല്‍ക്കട്ടയും ഡല്‍ഹിയും പോലുള്ള വലിയ നഗരങ്ങളില്‍ പോലും അവര്‍ അവരുടെ എത്‌നിക് ഭക്ഷത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. പക്ഷേ നമ്മള്‍ അതെല്ലാം മറക്കുന്നു. രുചികളങ്ങനെ പോയ്‌പ്പോകാന്‍ പാടില്ല. നമ്മുടെ വീട്ടില്‍ നിന്നാണ് മക്കള്‍ അതുകണ്ടുപഠിക്കേണ്ടത്.മുട്ടമാലയും പഞ്ചാരപാറ്റയും അവരും രുചിക്കണം.' ആബിദ പറയുന്നു. പുതിയ തലമുറയിലേക്ക് നോക്കിക്കൊണ്ട് പഴയരുചികളെ അവര്‍ക്ക് പരിചയപ്പെടുത്തുകയും അത് ആസ്വദിച്ച് കഴിക്കാനുള്ള അവസരമൊരുക്കുകയുമാണ് മലബാര്‍ ഫുഡ്‌ഫെസ്റ്റിവല്‍.

നന്നായി ഭക്ഷണം തയ്യാറാക്കുന്ന വീട്ടമ്മമാര്‍ക്ക് പുറംലോകത്തേക്കുള്ള ഒരു ചവിട്ടുപടി എന്ന ലക്ഷ്യംകൂടി മലബാര്‍ ഫുഡ്‌ഫെസ്റ്റിവലിലൂടെ ആബിദതാത്ത ലക്ഷ്യം വക്കുന്നു. ഭക്ഷണം തയ്യാറാക്കുന്നവര്‍ അടുക്കളയില്‍ മാത്രം ഒതുങ്ങരുത് അവരേയും നാലാള്‍ അറിയണം അവര്‍ക്കും അംഗീകാരം വേണം. പലരും നന്നായി ഭക്ഷണമുണ്ടാക്കാന്‍ അറിയുന്നവരായിരിക്കും പക്ഷേ എങ്ങനെ ബിസിനസ്സ് ചെയ്യണമെന്ന് അറിയാത്തവരായിരിക്കും അല്ലെങ്കില്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്തവരായിരിക്കും അത്തരക്കാര്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കി അവരെ പുറത്തേക്ക് കൊണ്ടുവരിക. അവര്‍ക്ക് വെളിച്ചവും വഴിയും കാട്ടിക്കൊടുക്കുക. കൊണ്ടുവന്ന പത്തുപേരില്‍ മൂന്നുപേരെങ്കിലും രക്ഷപ്പെട്ടാല്‍ അതുമതി തനിക്ക് ആബിദതാത്ത മനസ്സു നിറയുന്ന ഒരു ചിരി സമ്മാനിച്ചു.

ഇക്കുറി മലബാര്‍ മാപ്പിളരുചികള്‍ മാത്രമല്ല ഫുഡ്‌ഫെസ്റ്റിവലില്‍ ഒരുക്കുന്നത്. ഉണ്ണിയപ്പവും കൊഴുക്കട്ടയും പായസവും പോലുള്ള കേരളത്തിന്റെ തനത് രുചികളും ഒരുക്കുന്നുണ്ട്. എന്നും ചട്ടിപ്പത്തിരിയും ഉന്നക്കായയും കിസ്സയും കഴിച്ച് ശീലിച്ചവര്‍ക്ക് രുചിയൊന്നു മാറ്റി പിടിക്കുന്നതിന് വേണ്ടി നോര്‍ത്തിന്ത്യന്‍ ഭക്ഷണവും ഫുഡ്‌ഫെസ്റ്റിവലില്‍ തത്സമയം തയ്യാറാക്കുന്നുണ്ട്. അതിനുവേണ്ടി നോര്‍ത്ത് ഡല്‍ഹിയില്‍ നിന്നുള്ള കബാബ് സ്‌പെഷ്യലിസ്റ്റുകളും ബോംബെ മുഹമ്മദലി സ്ട്രീറ്റില്‍ നിന്നും ബോംബേ സ്ട്രീറ്റ് ഫുഡ് ഒരുക്കുന്നവരും കല്‍ക്കത്തയിലെ ഘാട്ടിറോള്‍ സ്‌പെഷലിസ്റ്റുകളും മലബാറിന്റെ തീരത്തെത്തിക്കഴിഞ്ഞു.

'കോഴിക്കോടിന്റെ ടൂറിസം പോലും മലബാര്‍ രുചിയെ മുന്നില്‍ക്കണ്ടാകണം. ഇവിടത്തെ രുചി ലോകാത്ഭുതങ്ങളില്‍ ഒന്നാകണം. മലബാറില്‍ വന്ന് ഭക്ഷണം കഴിക്കുക എന്നുള്ളത് ഒരു ശീലമാകണം. കേരളത്തില്‍ വരുന്നവര്‍ കോഴിക്കോട് തട്ടാതെ പോകരുത്. കോഴിക്കോടിനെ ഒരു ഫുഡ്‌സിറ്റിയാക്കണം. ഭക്ഷണം = കോഴിക്കോട് സിറ്റി എന്നാണ് എന്റെ വിഷന്‍.' കേള്‍ക്കുമ്പോള്‍ അല്പം അതിശയോക്തി തോന്നുമെങ്കിലും തന്റെ സ്വപ്‌നങ്ങളില്‍ ആബിദതാത്ത്ക്ക് വിശ്വാസക്കുറവൊന്നുമില്ല. എന്തായാലും കാണാന്‍ പോകുന്ന പൂരം രുചിച്ചറിയാന്‍ തന്നെ തയ്യാറായിക്കോളൂ.



food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt