വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേന്ദ്രവുമായി കെജരിവാളിന് ഏറ്റുമുട്ടേണ്ടി വരുമെന്ന് തീര്‍ച്ച. ഭരണവും സമരവുമെന്ന നിലക്കേ ആം ആദ്മി പാര്‍ട്ടിക്കു മുന്നോട്ടു പോകാനാവൂ. മുഖ്യമായും അഞ്ചു കാര്യങ്ങളില്‍ ആം ആദ്മിയും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു...
എല്ലാവര്‍ക്കും അറിയാവുന്ന പോലെ, ഡല്‍ഹി ഒരു പൂര്‍ണ്ണ സംസ്ഥാനമല്ല. കേന്ദ്രസര്‍ക്കാരിന്റെ കരുണയുണ്ടെങ്കിലേ ഡല്‍ഹിയില്‍ വികസനവും ഭരണവും നടക്കൂ. കേന്ദ്രത്തില്‍ ഭരണമുള്ള ബി.ജെ.പിയെ മൂലക്കൊതുക്കി 70ല്‍ 67 സീറ്റും കൈയ്യടക്കി മഹാഭൂരിപക്ഷത്തില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ കാത്തിരിക്കുന്നതും ഈ വെല്ലുവിളി തന്നെ. പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും ആം ആദ്മിയോടും അരവിന്ദ് കെജരിവാളിനോടും കേന്ദ്രം രാഷ്ട്രീയവൈരം പുലര്‍ത്തിയാല്‍ എന്താവും ഡല്‍ഹിയിലെ വികസനത്തിന്റെ ഭാവി? തിരഞ്ഞെടുപ്പു വിജയിച്ച ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിമാരെയുമൊക്കെ സന്ദര്‍ശിച്ച് രാഷ്ട്രീയ നയതന്ത്രജ്ഞത കാണിച്ച കെജരിവാളിനോട് എന്തായിരിക്കും കേന്ദ്രത്തിന്റെ സമീപനം? അതറിയാന്‍ ഡല്‍ഹി മാത്രമല്ല, രാജ്യവും കാത്തിരിക്കുന്നു.
ആം ആദ്മി ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള പ്രധാനപ്പെട്ട അഞ്ചു വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ കേന്ദ്രവുമായി കെജരിവാളിന് ഏറ്റുമുട്ടേണ്ടി വരുമെന്ന് തീര്‍ച്ച. വാഗ്ദാനം പാലിക്കണമെങ്കില്‍ ഭരണവും സമരവുമെന്ന നിലക്കേ കെജരിവാളിനു മുന്നോട്ടു പോകാനാവൂ. മുഖ്യമായും അഞ്ചു കാര്യങ്ങളില്‍ ആം ആദ്മിയും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടുമെന്ന് ഉറപ്പായി.
ഭൂവിനിയോഗം
ഡല്‍ഹിയില്‍ ക്രമസമാധാനം, ഭൂവിനിയോഗം എന്നിവയുടെയൊക്കെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ കൈയ്യിലാണ്. വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കണമെങ്കില്‍ കേന്ദ്രം കനിയണം. ഭൂവിനിയോഗച്ചുമതലയുള്ള ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി (ഡി.ഡി.എ) കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഡല്‍ഹിയില്‍ എന്തു വികസനം നടപ്പാക്കണമെങ്കിലും ഭൂമി അനുവദിക്കേണ്ടത് ഡിഡിഎയാണ്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ ഡി.ഡി.എക്ക് ഇതു ചെയ്യാനുമാവില്ല. ഇത് തീര്‍ച്ചയായും ഏറ്റുമുട്ടലിലേക്കു വഴി തുറക്കും.
ക്രമസമാധാനം
മറ്റൊരു വിഷയം ക്രമസമാധാനമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡല്‍ഹി പോലീസ്. അവര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല. ആദ്യത്തെ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി പോലീസിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടിയതിന്റെ അനുഭവം 2014 ജനവരിയില്‍ കെജരിവാള്‍ റെയില്‍വെ ഭവനു മുന്നില്‍ നടത്തിയ ധര്‍ണ്ണ നമുക്കു കാണിച്ചു തരുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഖിഡ്കി എക്സ്റ്റന്‍ഷനില്‍ മയക്കുമരുന്നു കച്ചവടവും വേശ്യാവൃത്തിയും നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്നത്തെ നിയമമന്ത്രി സോമനാഥ് ഭാരതി റെയ്ഡിന് ഉത്തരവിട്ടു. എന്നാല്‍, മന്ത്രിയുമായി സഹകരിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായില്ല. മന്ത്രിയുടെ ഉത്തരവു പാലിക്കാന്‍ പോലീസുകാര്‍ പരസ്യമായി തന്നെ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു, ക്രമസമാധാനപാലനത്തില്‍ ഡല്‍ഹി പോലീസിന്റെ നിയന്ത്രണം ആവശ്യപ്പെട്ട് അരവിന്ദ് കെജരിവാളിന്റെ റെയില്‍ഭവന്‍ ധര്‍ണ്ണ. അതീവസുരക്ഷാ മേഖലയില്‍ ഒരു മുഖ്യമന്ത്രി കൊടുംതണുപ്പു വകവെയ്ക്കാതെ നടത്തിയ സമരത്തെ അന്നു കേന്ദ്രഭരണത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധിക്ഷേപിച്ചത് അരാജകത്വമെന്നായിരുന്നു. വനിതാ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ ഇത്തവണ ആം ആദ്മി ജനങ്ങളോടു വാഗ്ദാനം ചെയ്തിട്ടുണ്ട്. പോലീസിന്റെ സഹകരണമില്ലാതെ ഇതൊന്നും നടപ്പാക്കാനാവില്ല. പുതിയ സര്‍ക്കാരിനോട് പൂര്‍ണ്ണമായി സഹകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും എന്തു നടക്കുമെന്ന് കണ്ടറിയണം.

ജലവിതരണം
ജലവിതരണമാണ് മറ്റൊരു നീറുന്ന പ്രശ്‌നം. ഡല്‍ഹിയിലെ കുടിവെള്ള ആവശ്യം നിറവേറ്റപ്പെടുന്നത് ഹരിയാണയെ ആശ്രയിച്ചാണ്. ഹരിയാണയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളമാണ് ഡല്‍ഹിയിലെ യമുനയില്‍ ജലത്തോത് നിര്‍ണ്ണയിക്കുന്നത്. ഹരിയാണ ആവശ്യത്തിനു വെള്ളം വിട്ടു തരുന്നില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ പരാതിപ്പെടാറുള്ളതാണ് മുന്‍കാലങ്ങളിലെ അനുഭവം. ഇത്തവണയും സ്ഥിതി വ്യത്യസ്തമാവാനിടയില്ല. ഹരിയാണ ഭരിക്കുന്നത് ഇപ്പോള്‍ ബി.ജെ.പിയുടെ സര്‍ക്കാരാണ്. അവര്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനോട് എന്തു നിലപാടെടുക്കുമെന്നത് പ്രധാനമാവും. ദിവസം 700 ലിറ്റര്‍ വരെ വെള്ളം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ അരവിന്ദ് കെജരിവാള്‍ ഏറെ വിയര്‍ക്കേണ്ടി വരും. കെജരിവാളിന് പരീക്ഷണത്തിന്റെ കാലമാവും വരാനിരിക്കുന്ന വേനല്‍.
പൂര്‍ണ്ണസംസ്ഥാന പദവി
തിരഞ്ഞെടുപ്പു കാലത്ത് ആം ആദ്മിയുടെ വാഗ്ദാനമായിരുന്നു ഡല്‍ഹിയുടെ പൂര്‍ണ്ണസംസ്ഥാന പദവി. വിജയിച്ച ശേഷം ആദ്യമായി കണ്ടപ്പോള്‍ കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതും ഇതായിരുന്നു. ബി.ജെ.പി ഏറെക്കാലമായി സമരം ചെയ്യുന്ന വിഷയമാണിതെന്ന് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞ് കെജരിവാള്‍ തന്ത്രം പയറ്റിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പൂര്‍ണ്ണ സംസ്ഥാന പദവിയെ എതിര്‍ക്കുക ബി.ജെ.പിക്ക് പ്രായോഗികമായി സാധ്യമല്ല. പാര്‍ലമെന്റില്‍ മൂന്നിലൊന്നു ഭൂരിപക്ഷമുണ്ടെങ്കിലേ ഡല്‍ഹിക്ക് പൂര്‍ണ്ണസംസ്ഥാന പദവി നല്‍കിക്കൊണ്ടുള്ള ബില്ലു പാസ്സാക്കാനാവൂ. മോദി സര്‍ക്കാരിനാവട്ടെ രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. ഡല്‍ഹിക്ക് പൂര്‍ണ്ണപദവി നേടിക്കൊടുക്കാന്‍ കെജരിവാളും ബി.ജെ.പിയും ഒരുപോലെ രാഷ്ട്രീയസമവായത്തിനു ശ്രമിക്കേണ്ടി വരും. മാത്രവുമല്ല, പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വി.വി.ഐ.പി സുരക്ഷ എങ്ങനെ ഒരു സംസ്ഥാന സര്‍ക്കാരിന് കാര്യക്ഷമമായി നിര്‍വ്വഹിക്കാനാവുമെന്ന ആശയക്കുഴപ്പവുമുണ്ടാവും. സ്വാഭാവികമായും പരിമിതമായ അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിക്കൊണ്ടു മാത്രമേ ഡല്‍ഹിയില്‍ അതു യാഥാര്‍ഥ്യമാവാനിടയുള്ളൂ.

ജനലോക്പാല്‍ ബില്‍
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ അഴിമതിമുക്തമാക്കുമെന്നാണ് അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം. ഇതു യാഥാര്‍ഥ്യമാക്കണമെങ്കില്‍ ആം ആദ്മിയുടെ പ്രഖ്യാപിത വാഗ്ദാനമായ ജനലോക്പാല്‍ ബില്‍ പാസ്സാക്കിയേ മതിയാവൂ. ഇതിനെച്ചൊല്ലിയാണ് ആദ്യത്തെ ആം ആദ്മി സര്‍ക്കാരിന് 49 ദിവസത്തെ ഭരണത്തിനൊടുവില്‍ രാജി വെയ്‌ക്കേണ്ടി വന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച ആം ആദ്മിക്ക് സാങ്കേതിക തടസ്സത്തിന്റെ ഭാഗമായി ലോക്പാല്‍ ബില്‍ പാസ്സാക്കാനായില്ല. ഡല്‍ഹി പൂര്‍ണ്ണ സംസ്ഥാനമല്ലാത്തതിനാല്‍ ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിരിക്കണമെന്നാണ് വ്യവസ്ഥ. ഇല്ലെങ്കില്‍, നിയമസഭ പാസ്സാക്കിയ ശേഷം ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം തേടണം. ഇതൊന്നും പാലിക്കാന്‍ വ്യക്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ ആദ്യ ആം ആദ്മി സര്‍ക്കാരിനായില്ല. ഇത്തവണ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് നിയമസഭയില്‍ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാനും പാസ്സാക്കാനും കഴിയും. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുമോയെന്ന് തീര്‍ച്ചയില്ല.
ഇങ്ങനെ, നിര്‍ണ്ണായക വാഗ്ദാനങ്ങളില്‍ പിഴച്ചാല്‍ ആം ആദ്മി സര്‍ക്കാരിന്റെ മുന്നോട്ടു പോക്ക് ഏറെ വെല്ലുവിളിയാവും. ഭരണം നടത്തുന്നതിനു പകരം, വഴിമുടക്കത്തിന് ജനങ്ങളോട് വിശദീകരണം നല്‍കി സമയം പാഴാക്കേണ്ടി വരും. ഏറ്റുമുട്ടല്‍ ഏതു വഴിക്കൊക്കെ നീങ്ങുമെന്ന് വരുംനാളുകള്‍ സാക്ഷ്യപ്പെടുത്തും.