ആം ആദ്മി മാതൃകയെന്ന് കാരാട്ട് ; ഇടതുപക്ഷത്തിന് ബദലല്ലെന്ന് വൃന്ദ

Posted on: 12 Feb 2015

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി സി.പി.എം. സഹകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് മികച്ച സന്ദേശമാണ് ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യതയെന്നും അവരുടെ പ്രവര്‍ത്തനരീതിപഠിച്ച് തങ്ങളുടെ ശൈലിയില്‍ മാറ്റം വരുത്തുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
അതേസമയം, ആം ആദ്മി പാര്‍ട്ടി ഒരിക്കലും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബദലല്ലെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പ്രതികരിച്ചു. ബി.ജെ.പി. സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയമെന്ന് ആന്ധ്രാപ്രദേശില്‍ സെമിനാറില്‍ സംസാരിക്കവേ വൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു.
ദേശീയതലത്തില്‍ മോദി സര്‍ക്കാറിനുള്ള പരാജയമാണ് ഡല്‍ഹിയില്‍ ആം ആദ്മിയുടെ വിജയമെന്നാണ് പ്രകാശ് കാരാട്ട് പങ്കുവെച്ച നിരീക്ഷണം. ബി.ജെ.പി. മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പരാജയമാണിത്. ജനങ്ങളുടെ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന പാര്‍ട്ടികള്‍ക്ക് വിജയമുണ്ടാവുമെന്നതിന്റെ തെളിവാണ് ഡല്‍ഹിയിലെ ജനവിധി. നവ ഉദാരീകരണ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പു കൂടിയാണ് ഇത്.
ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കേന്ദ്രനേതാവായി കെജ്രിവാള്‍ ഉയര്‍ന്നുവരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍, മോദി സര്‍ക്കാറിനെതിരെയുള്ള സമരത്തില്‍ നിശ്ചയമായും കെജ് രിവാളിന്റെ പാര്‍ട്ടി നിര്‍ണായക പങ്കാളിയാവും. ഒരു ജനാധിപത്യമതേതരശക്തിയാണ് ആം ആദ്മി പാര്‍ട്ടി. എല്ലാ ജനാധിപത്യശക്തികളുമായും സി.പി.എം. ബന്ധം സ്ഥാപിക്കാറുണ്ട്. അത്തരം സഹകരണത്തിന് ആം ആദ്മിയെ സമീപിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
എന്നാല്‍, തികച്ചും വ്യത്യസ്തമായിരുന്നു വൃന്ദാ കാരാട്ടിന്റെ പ്രതികരണം. ''ആം ആദ്മി ജനങ്ങള്‍ക്ക് ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഉറപ്പുകള്‍ പാലിക്കപ്പെടുമോയെന്നും ഏതുതരത്തിലുള്ള നയങ്ങള്‍ നടപ്പാക്കുമെന്നും നമുക്കു കാത്തിരിക്കാം. ബി.ജെ.പി.ക്കുള്ള മറുപടിയാണ് ഡല്‍ഹിയിലെ ജനവിധി. തിരഞ്ഞെടുപ്പുകളിലൂടെ സ്വന്തം നയങ്ങള്‍ക്കുള്ള അടിത്തറയൊരുക്കാനായിരുന്നു മോദിയുടെയും ബി.ജെ.പി.യുടെയും ശ്രമം. എന്നാല്‍, രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ സംരക്ഷണവുമാണ് ഡല്‍ഹിയിലെ ജനവിധി മോദി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചത്.'' - വൃന്ദ പറഞ്ഞു.




1
DELHI UPDATE

 

ga