വായനക്കാരും പ്രേക്ഷകരും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അത്യുജ്ജ്വല വിജയത്തിന്റെ വിശദാംശങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. അരവിന്ദ് കെജ്്‌രിവാളും കൂട്ടരും തൂത്തുവാരിയെടുത്ത വിജയത്തിന്റെ കാര്യകാരണങ്ങളെല്ലാം നമ്മുടെ രാഷ്ട്രീയ വിശാരദന്‍മാര്‍ പറഞ്ഞുകഴിഞ്ഞു. എഴുതാനും പറയാനും ഇനിയൊന്നും ബാക്കിവെക്കാതെ. മാത്രമല്ല, ബഹുതല മാധ്യമങ്ങളിലൂടെ ആം ആദ്മിയുടെ അധികാരലബ്ധിയുടെ കാരണങ്ങള്‍ ഓരോന്നും പലകുറി ആവര്‍ത്തിക്കപ്പെട്ടതോടെ അവ കേട്ടും കണ്ടും വായിച്ചും നിന്നവര്‍ക്ക് നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും കിട്ടി. അതിനാല്‍, ആം ആദ്മിയുടെ വിജയത്തിനു ആധാരമായ പുതിയൊരു കാരണം ഗവേഷിച്ച് കണ്ടെത്തല്‍ അത്ര എളുപ്പമല്ല.
അഴിമതിക്കെതിരായ അതിശക്തമായ പോരാട്ടവും 49 ദിവസം കാഴ്ചവെച്ച സത്്ഭരണത്തിന്റെ ഓര്‍മ്മകളും ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന വാഗ്ദാനങ്ങളുമല്ലാതെ മറ്റെന്തെങ്കിലും പ്രധാനവശം ആംആദ്മിയുടെ രാഷ്ട്രീയം പകര്‍ന്നുനല്‍കുന്നുണ്ടോ? അങ്ങനെയൊന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഡല്‍ഹി എന്ന കോസ്‌മോപോളിറ്റന്‍ സിറ്റി (പലവിഭാഗം ജനങ്ങള്‍ ഒന്നിച്ച് അധിവസിക്കുന്ന നഗരം)യുടെ രാഷ്ട്രീയവത്ക്കരണമാണ്. അഥവാ ആ മെട്രോപോളിറ്റന്‍ നഗരവാസികളുടെ രാഷ്ട്രീയവത്ക്കരണം. എന്താണ് ഈ രാഷ്ട്രീയവത്ക്കരണം അര്‍ത്ഥമാക്കുന്നത്? രാഷ്ട്രീയം ഉണ്ടാവുന്ന അവസ്ഥയാണല്ലോ അത്. ജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും സ്പര്‍ശിക്കുന്ന ഭൂമി പോലെ വിശാലമായ പ്രതിഭാസമായാണ് രാഷ്ട്രമീംമാസകര്‍ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരം ആ നിര്‍വചനങ്ങളെ കൂടുതല്‍ സങ്കുചിതമാക്കിയേക്കാം. കാലാന്തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭവിച്ച അപചയങ്ങള്‍ രാഷ്ട്രീയത്തിന്റെ നിര്‍വചനങ്ങളെ മാറ്റിമറിച്ചിട്ടുമുണ്ടാകാം. എങ്കിലും ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയമെന്നു പറയുന്നത് നിയതമായ രൂപത്തില്‍ (ആക്രമണപരമല്ല) അധികാരം ഉപയോഗിച്ചും അല്ലാതെയും (ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഇരുന്നാകാം) സഹജീവികളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുളള പ്രവര്‍ത്തനമാണ്.

മറ്റുളളവരുടെ ജീവിതപ്രശ്‌നങ്ങളാണ് രാഷ്ട്രീയത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകം. കുടുംബത്തിനും ബന്ധുക്കള്‍ക്കും പുറത്ത് സമൂഹത്തിലെ മറ്റുളളവരുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപഴകുന്ന സംസ്‌കാരം രൂപപ്പെടുമ്പോഴാണ് രാഷ്ട്രീയം ചലനാത്മകമാകുന്നത്. അത്തരമൊരു സംസ്‌കാരം ഡല്‍ഹി പോലുളള മെട്രോ നഗരങ്ങള്‍ക്ക് വലിയൊരളവോളം അന്യമായിരുന്നുവെന്നതാണ് വസ്തുത. രാഷ്ട്രീയത്തോടുളള ഈ അന്യതാബോധം കുറച്ചുകൊണ്ടുവരുന്നതില്‍ ആംആദ്മി പാര്‍ട്ടി വഹിച്ച നിസ്തുലമായ പങ്കാണ് അവരുടെ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത.
വന്‍നഗരങ്ങളുടെ പൊതുസ്വഭാവത്തില്‍ നിന്നു വേണം ഈ മാറ്റം ദര്‍ശിക്കാന്‍. ആര്‍ക്കും ആരെയുമറിയാത്ത ജീവിതമണ്ഡലമാണ് പലപ്പോഴും വന്‍നഗരങ്ങള്‍. എല്ലാവര്‍ക്കും എല്ലാവരെയും അറിയുന്ന ഗ്രാമീണതയുടെ വിപരീതമുഖം. ജീവിതത്തിന്റെ വലിയ കുടിയേറ്റകേന്ദ്രങ്ങളായി വന്‍നഗരങ്ങള്‍ മാറുമ്പോഴാണ് ഈ അന്യതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നത്. കശ്മീര്‍ മുതല്‍ കേരളം വരെ പല ഭാഗങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരും അവരുടെ തലമുറകളുമാണ് ഡല്‍ഹിയില്‍ അധിവസിക്കുന്നത്. പല സംസ്‌കാരങ്ങള്‍ ഇഴുകിച്ചേരുമ്പോഴും ഒരു പ്രത്യേക സംസ്‌കാരം നിലനില്‍ക്കാത്ത അവസ്ഥയുണ്ട്. ഓരോ ഭാഷാജനവിഭാഗങ്ങള്‍ക്കും അവരുടേതായ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മകളുണ്ടാകുമ്പോഴും പൊതുവായ രാഷ്ട്രീയബോധം താരതമ്യേന കുറവാണെന്ന് ഡല്‍ഹിയിലെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുന്നുണ്ട്. ഇനി മേല്‍പ്പറഞ്ഞ കൂട്ടായ്മകള്‍ തന്നെ എല്ലാ സാമ്പത്തിക വിഭാഗങ്ങളിലുമില്ല. ചേരിനിവാസികള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ സാമ്പത്തികമായി താഴെക്കിടയിലുളള ജനവിഭാഗങ്ങളില്‍ സാമൂഹികമായ കൂട്ടായ്മകളേ രൂപപ്പെടാറില്ല. നീറുന്ന സ്വന്തം പ്രശ്‌നങ്ങള്‍ തന്നെ എങ്ങനെ പരിഹരിക്കുമെന്നറിയാതെ ഇരുട്ടില്‍ത്തപ്പുന്ന ജനവിഭാഗങ്ങളാണ് അവര്‍. അത്തരം ജനവിഭാഗങ്ങളിലേക്ക് കൂടിയാണ് ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയവുമായി ഇറങ്ങിച്ചെന്നത്.
കേവലം 1483 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള നഗരസംസ്ഥാനമാണ് ഡല്‍ഹി. വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയേക്കാളും ചെറുതാണത്. എന്നാല്‍ 1.67 കോടി ജനങ്ങള്‍ ഡല്‍ഹിയില്‍ അധിവസിക്കുന്നു. അതായത്, കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലും അല്പമേറെ പേര്‍ ഇത്രയും ചെറിയ ഭൂപ്രദേശത്ത് ജീവിതം തളളിനീക്കുന്നുണ്ട്. ഇവരില്‍ ചേരിനിവാസികള്‍ ഉള്‍പ്പെടെ സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അങ്ങേക്കരയില്‍ നില്‍ക്കുന്നവരുണ്ട്. താഴ്ന്ന മധ്യവര്‍ഗവും(ലോവര്‍ മിഡില്‍ക്ലാസ്) മധ്യവര്‍ഗവും സമ്പന്നരും അതിസമ്പന്നരുമുണ്ട്.
30 ലക്ഷത്തിലേറെ പേര്‍ ഇവരില്‍ ചേരികളില്‍ താമസിക്കുന്നു എന്നാണ് കണക്ക്. ടാര്‍പായയോ അടച്ചുറപ്പില്ലാത്ത മറ്റെന്തെങ്കിലുമോ കൊണ്ട് മറച്ച ഒറ്റമുറിക്കൂരകളിലാണ് (ചിലത് രണ്ട് മുറികളാവാം) അഞ്ചും പത്തും പേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. നൂറിലേറെ കുടുംബങ്ങള്‍ക്ക് പൊതുവായി ഒന്നോ രണ്ടോ ടോയ്‌ലറ്റ് മാത്രമേ ഉണ്ടാകാറുളളൂ. മാലിന്യങ്ങള്‍ നിറഞ്ഞ വഴികളില്‍ എപ്പോഴും കൊതുകുകളും ഈച്ചകളും കൂട്ടിനുണ്ടാകും. ശുദ്ധജലമോ മതിയായ ആഹാരമോ കിട്ടാതെ, ദാരിദ്ര്യം വരിഞ്ഞുമുറുക്കിയ ജനവിഭാഗങ്ങള്‍. ഡല്‍ഹിയിലെ ചേരികളുടെ പൊതുചിത്രമാണിത്. ജീവിതത്തിന്റെ മറ്റു വികസനസൂചികകളെക്കുറിച്ചൊന്നും പറയാതിരിക്കുന്നതാണ് ഭേദം. ജനസംഖ്യയില്‍ ആറിലൊരു ഭാഗത്തിന്റെ അവസ്ഥയിതാണ്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ വരുമാനമുളള(രണ്ട് ലക്ഷം രൂപ) സംസ്ഥാനവും ഡല്‍ഹിയാണ്. ദേശീയ ശരാശരി 68,000 രൂപയാണെന്നോര്‍ക്കണം. അപ്പോള്‍, ഡല്‍ഹിയിലെ സാമ്പത്തിക അസമത്വത്തിന്റെ കാഠിന്യം എത്രമാത്രമാണെന്ന് ഊഹിക്കാം.

ചേരിനിവാസികള്‍ ഉള്‍പ്പെടെയുളളവരെ അവരുടെ ദുരിതമയമായ ജീവിതാവസ്ഥയില്‍ നിന്ന് കരകയറ്റാനായില്ലെന്ന് മാത്രമല്ല, അവരുടെ മനസ്സുകളിലേക്ക് വികസനം ഉള്‍ക്കൊളളുന്ന രാഷ്ട്രീയത്തിന്റെ ചിന്ത പോലും സന്നിവേശിപ്പിക്കാന്‍ കാലാകാലങ്ങളിലായി ഒരു രാഷ്ട്രീയകക്ഷിക്കും കഴിഞ്ഞിരുന്നില്ല. അതിനാല്‍ സംഘടിത രാഷ്ട്രീയബോധമെന്നത് അവര്‍ക്ക് അന്യമാണ്. 1993 മുതല്‍ നടക്കുന്ന സംസ്ഥാന നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ മാത്രം നോക്കിയാല്‍ ഇത് വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് കാലത്തുപോലും രാഷ്ട്രീയ പാര്‍ട്ടികള്‍ 30 ലക്ഷത്തിലേറെ പേര്‍ താമസിക്കുന്ന ഈ ചേരികളിലേക്ക് പോകാറില്ലായിരുന്നു. വോട്ടെടുപ്പിനു രണ്ടോ മൂന്നോ ദിവസം മുമ്പ് മാത്രം പ്രത്യേക ഏജന്റുമാര്‍ വഴി നടത്തുന്ന ചില താത്ക്കാലിക പ്രലോഭനപ്രവര്‍ത്തനങ്ങളില്‍ ദേശീയരാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങുമായിരുന്നു. സി.പി.എം ഉള്‍പ്പെടെയുളള ഇടതുകക്ഷികളും അവരുടെ ജീവിതസാഹചര്യങ്ങളിലേക്ക് കാലെടുത്തുവെക്കാറില്ല. യഥാര്‍ത്ഥത്തില്‍ ജുഗ്ഗി ജോപ്‌രി എന്നു വിളിക്കുന്ന ഈ ചേറു പിടിച്ച ചേരികളില്‍ച്ചെന്ന് ഓരോ വീടുകളിലും കയറി രാഷ്ട്രീയം പറഞ്ഞും വോട്ടു ചോദിച്ചും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏക രാഷ്ട്രീയപാര്‍ട്ടി എ.എ.പിയാണ്. ഇതവര്‍ ചെയ്തു തുടങ്ങിയത് ഇപ്പോഴല്ല, 2013-ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു. ഇക്കുറി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും ശക്തമാക്കുകയും ചെയ്തുവെന്നേയുളളൂ. അങ്ങനെ, ചേരിനിവാസികളെയും രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാക്കിമാറ്റാന്‍ കഴിഞ്ഞുവെന്നതാണ് എ.എ.പിയുടെ സവിശേഷമായ നേട്ടം. ലോക്‌നീതി നടത്തിയ പോസ്റ്റ്‌പോള്‍ സര്‍വെ ഇക്കാര്യം അടിവരയിടുന്നുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട പാവപ്പെട്ട ജനവിഭാഗങ്ങളില്‍ നിന്നാണ് എ.എ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയതെന്ന് സര്‍വെ വ്യക്തമാക്കുന്നു. അതേസമയം, എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് കൂടുതല്‍ വോട്ട് കിട്ടിയെന്നും സര്‍വെ കണ്ടെത്തിയിട്ടുണ്ട്.
ചേരിക്കോളനികളില്‍ മാത്രമല്ല, ഇടത്തരക്കാരും സമ്പന്നരുമെല്ലാം താമസിക്കുന്ന ഇടങ്ങളിലൂടെയും എ.എ.പി പ്രവര്‍ത്തകര്‍ രാഷ്ട്രീയവുമായി നിത്യസഞ്ചാരം നടത്തി. വീടുകള്‍ തോറുമുളള വ്യാപകമായ പ്രചാരണം ഡല്‍ഹിക്കാര്‍ക്ക് പ്രകടമായും പരിചിതമായത് എ.എ.പിയുടെ രംഗപ്രവേശത്തോടു കൂടിയാണ്. മാധ്യമങ്ങള്‍ വഴിയുളള പ്രചാരണവും ബോര്‍ഡെഴുത്തുമൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍, കോണ്‍ഗ്രസ്, ബി.ജെ.പി ഉള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ ഡല്‍ഹിയില്‍ ഒട്ടും ശക്തമാകാറില്ലായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സമ്മേളനങ്ങളില്‍ പത്തും ഇരുപതും പേരാണ് പങ്കെടുക്കാറുളളത്. എന്നാല്‍, എ.എ.പിയുടെ പ്രചാരണങ്ങളില്‍ ദൃശ്യമായ ജനപങ്കാളിത്തത്തിന്റെ ആധിക്യം രാഷ്ട്രീയ അതിപ്രസരം നിലനില്‍ക്കുന്ന കേരളത്തിലേതു പോലുളള അനുഭവം പകര്‍ന്നുതന്നിട്ടുണ്ട്. അതേസമയം, കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ യുവസമൂഹം രാഷ്ട്രീയത്തോട് പുറംതിരിഞ്ഞുനില്‍ക്കാന്‍ തുടങ്ങുമ്പോഴാണ് ഡല്‍ഹിയെന്ന മഹാനഗരത്തിലെ യുവാക്കള്‍ കൂടുതല്‍ രാഷ്ട്രീയാഭിമുഖ്യം ഉളളവരായിത്തീരുന്നത്. ഇത് 'ആപ്പ്' രാഷ്ട്രീയത്തിന്റെ സുവര്‍ണ്ണനേട്ടമാണ്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 18നും 22നുമിടയിലുളള യുവാക്കളാണ് എ.എ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തതെന്ന് ലോക്‌നീതി സര്‍വെ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ വര്‍ധിത പങ്കാളിത്തം എ.എ.പിയുടെ പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാണ്.

എ.എ.പിയുടെ വോട്ടില്‍ പാവപ്പെട്ടവരുടെ വിഹിതം കൂടുതലാണെങ്കിലും എല്ലാ സാമ്പത്തികവിഭാഗങ്ങളെയും രാഷ്ട്രീയത്തോട് അടുപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആറുമാസത്തിലേറെക്കാലം നടത്തിയ ഡല്‍ഹി ഡയലോഗില്‍ എല്ലാവിഭാഗം ജനങ്ങളെയും അവര്‍ പങ്കാളികളാക്കി. സമ്പന്നര്‍ കൂടുതലായി താമസിക്കുന്ന സൗത്ത് ഡല്‍ഹിയിലൂടെയെല്ലാം ആപ്പിന്റെ പ്രചാരണം ശക്തമായി നടന്നു. ഐ.ടി ഉള്‍പ്പെടെ വിവിധ പ്രൊഫഷണലുകളില്‍ ജോലിചെയ്യുന്നവര്‍ തുടക്കം മുതലേ എ.എ.പിയുടെ പ്രവര്‍ത്തകരാണ്. ആഗോളതലത്തിലെ വന്‍കിട ഐ.ടി കമ്പനിയായ ആപ്പിളില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആദര്‍ശ് ശാസ്ത്രി എ.എ.പിയുടെ എം.എല്‍.എയാണ്. ഇങ്ങനെ ജുഗ്ഗി കോളനിവാസികള്‍ മുതല്‍ അതിസമ്പന്നര്‍ വരെ വിവിധ സാമ്പത്തികത്തട്ടുകളില്‍ ഉള്‍പ്പെട്ടവര്‍ തോളോടുതോള്‍ ചേര്‍ന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സുന്ദരമായ കാഴ്ച്ചയാണ് എ.എ.പി പകര്‍ന്നുതരുന്നത്.
മറ്റൊരു പ്രധാനകാര്യം, ജനപങ്കാളിത്തത്തോടെയും ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുത്തുമുളള കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ അഭാവത്തില്‍ സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ക്ക് (എന്‍.ജി.ഒ) നല്ല വേരോട്ടമാണ് ഡല്‍ഹി പോലുളള മഹാനഗരങ്ങളിലുണ്ടാകുന്നത്. പരിസ്ഥിതിപ്രശ്‌നങ്ങള്‍ മുതല്‍ പാലില്‍ മായംചേര്‍ക്കുന്നതിനെതിരെ പോലും പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ ഡല്‍ഹിയിലുണ്ട്. വിദേശഫണ്ടുകള്‍ ധാരാളമായി കിട്ടുന്ന ഇവയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുകയും ഫണ്ട് സംഘടിപ്പിച്ചെടുക്കുകയുമാണ് മിക്കതിന്റെയും ലക്ഷ്യം. അതിനാല്‍ ജനജീവിതത്തെ പച്ചപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവരാരും മെനക്കെടാറില്ല. അത് അവരുടെ ലക്ഷ്യവുമല്ല. കക്ഷിരാഷ്ട്രീയത്തിനപ്പുറമുളള സിവില്‍സമൂഹത്തിന്റെ കൂട്ടായ്മകള്‍ അപ്രസക്തമാണെന്നല്ല ഇവിടെ പറയുന്നത്. അവയ്‌ക്കെല്ലാം അവയുടേതായ പ്രാധാന്യവും ധര്‍മ്മവുമുണ്ട്. എന്നാല്‍ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുകയെന്നത് ഡല്‍ഹി പോലുളള മഹാനഗരങ്ങളില്‍ അതീവ പ്രാധാന്യമുളള കാര്യമാണ്. നഗരത്തിന്റെ സവിശേഷ ജീവിതസാഹചര്യങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കിയും ജനജീവിതപ്രശ്‌നങ്ങള്‍ ഏറ്റെടുത്തും പ്രവര്‍ത്തിക്കുന്ന കക്ഷിരാഷ്ട്രീയത്തിന്റെ ഉദയമായാണ് ജനങ്ങള്‍ എ.എ.പിയുടെ പ്രവര്‍ത്തനങ്ങളെ കാണുന്നത്. ഭരണമികവിലൂടെ അത് ശരിയാണെന്നും തങ്ങള്‍ ശരിയായ ആംആദ്മികളാണെന്നും തെളിയിക്കാന്‍ 'ആപ്പി'നു കഴിയുമോ? വരുംനാളുകളില്‍ നമുക്കതിനായി കാത്തിരിക്കാം.