തണ്ട് ഒടിഞ്ഞ് താമര

Posted on: 11 Feb 2015


ലോകമുറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഡല്‍ഹിയിലേതെന്ന് ആദ്യതിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ രണ്ടാമത്തെ റാലിയില്‍ 'തന്നെ ഭയക്കുന്ന സര്‍ക്കാര്‍ വേണ'മെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ മോദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം കഴിഞ്ഞയുടനെ ഡല്‍ഹി തിരഞ്ഞെടുപ്പിന് അന്താരാഷ്ട്രമാനമുണ്ടെന്ന് മോദി വ്യക്തമാക്കി. അന്താരാഷ്ടനേതൃനിരയിലേക്ക് അതിവേഗം നടന്നുകയറിയപ്പോള്‍ കാലിനടിയിലെ മണ്ണൊലിച്ചുപോകുന്നത് അദ്ദേഹം കണ്ടില്ല. സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധമില്ലാത്ത 'വലിയ വര്‍ത്തമാനം' പറയുന്ന രാഷ്ട്രീയനേതൃത്വത്തിന് മുഖത്തേറ്റ അടിയാണ് ഡല്‍ഹി തിരഞ്ഞെടുപ്പുഫലം. വ്യവസ്ഥാപിത കപടരാഷ്ട്രീയതന്ത്രങ്ങള്‍ക്കേറ്റ തിരിച്ചടി. ജനകീയവിഷയങ്ങളേറ്റെടുക്കാമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ മോദിസര്‍ക്കാര്‍ വികസനമെന്നപേരില്‍ കോര്‍പ്പറേറ്റ് അജന്‍ഡയില്‍ അടയിരുന്നപ്പോള്‍ ജനങ്ങള്‍ ബാലറ്റിലൂടെ തിരിച്ചടിച്ചു.

ജനങ്ങളുടെ വികാരം തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്നു വിലപിക്കുമ്പോഴും പാര്‍ട്ടിയിലും രാഷ്ട്രീയമണ്ഡലങ്ങളിലുമുയരുന്ന ചോദ്യമുണ്ട്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന മോദിസര്‍ക്കാരും അമിത് ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പി.യും ഇനിയെങ്കിലും മാറിച്ചിന്തിക്കുമോ? വര്‍ഗീയ അജന്‍ഡകള്‍ക്കുമപ്പുറം ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളിലേക്കു ശ്രദ്ധതിരിക്കുമോ?
2013ലെ ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കളമൊരുക്കിയ കോണ്‍ഗ്രസിന് വോട്ടര്‍മാര്‍ പൂജ്യം സീറ്റുനല്‍കി പ്രതികാരംതീര്‍ത്തു.

മോദിയുടെ പടയോട്ടത്തിന് ഡല്‍ഹി വിരാമമിടുമ്പോള്‍ അതിലേക്കു നയിച്ച കാരണങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്. വികസനം അജന്‍ഡയാക്കി അധികാരത്തിലേറിയ പാര്‍ട്ടിയും നേതാവും സമൂഹത്തിലെ ഒരു ചെറുന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന തിരിച്ചറിവ് സാമാന്യജനത്തെ എതിരാക്കി. വികസനമെന്നത്, വന്‍ വ്യാവസായികസംരംഭങ്ങളും വിദേശനിക്ഷേപവുമാണെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും സാധാരണക്കാരന്‍ അംഗീകരിക്കുന്നില്ലെന്ന് ഫലം തെളിയിച്ചു. 'സബ് കേ സാഥ്, സബ് കാ വികാസ്' എന്ന മുദ്രാവാക്യത്തില്‍നിന്നു താഴെത്തട്ടിലുള്ളവരും ഇടത്തരക്കാരും ഒഴിവാക്കപ്പെടുന്നുവെന്ന സൂചന സര്‍ക്കാരില്‍നിന്നുതന്നെ പലപ്പോഴായി വന്നു. ഒപ്പം കുത്തകകളെ സഹായിക്കുന്നതിന്, വികസനമുരടിപ്പ് മറയാക്കുകയും ചെയ്തു.

യു.പി.എ. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും വികസനമുരടിപ്പുമായിരുന്നു ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉയര്‍ത്തിയ മുദ്രാവാക്യം. അധികാരത്തിലേറി എട്ടുമാസം പിന്നിട്ടിട്ടും ജനകീയവിഷയങ്ങള്‍ തൊടാന്‍ സര്‍ക്കാര്‍ മിനക്കെട്ടില്ല. അതേസമയം ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കാത്ത കോര്‍പ്പറേറ്റ് നയങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തു. വിലക്കയറ്റം, കള്ളപ്പണം, ന്യൂനപക്ഷത്തിനെതിരെയുള്ള ആക്രമണം പോലുള്ള നിര്‍ണായകപ്രശ്‌നങ്ങളെ 'മന്‍ കി ബാത്' പോലുള്ള റേഡിയോ പരിപാടികളിലൂടെയും മറ്റും മറികടക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

കഴിഞ്ഞ സര്‍ക്കാര്‍ പരിസ്ഥിതി അനുമതി നല്‍കാതെ മാറ്റിവച്ച 150 വന്‍കിടപദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ അനുമതിനല്‍കിയെന്ന് വാര്‍ത്തയുണ്ടായിരുന്നു. റിലയന്‍സിന്റെയും മോദിയുടെ അടുപ്പക്കാരനായ ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി ഗ്രൂപ്പുള്‍പ്പെടെയുള്ളവരുടെയും ഏതാണ്ട് 6.3 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പരിസ്ഥിതി അനുമതി നല്‍കിയത്. ആയിരക്കണക്കിനേക്കര്‍ വനഭൂമിയാണ് ഇത്തരം പദ്ധതിക്കായി മാറ്റിെവയ്ക്കുന്നത്.

കോര്‍പ്പറേറ്റ് മേഖലയ്ക്കുവേണ്ടി തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്യുന്നതിന് എട്ടുമാസത്തിനിടയില്‍ മോദിസര്‍ക്കാര്‍ തയ്യാറായി. 40ല്‍ കുറവ് തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ വേണ്ട, പി.എഫ്. വിഹിതം അടയ്‌ക്കേണ്ടതില്ല, മാനേജ്‌മെന്റ് ഹിതമനുസരിച്ച് പിരിച്ചുവിടലാകാം തുടങ്ങിയ നടപടികള്‍ സാധാരണ തൊഴിലാളികളെ ഭയപ്പെടുത്തി. റിലയന്‍സിന് ഉപകരണം നല്‍കുന്ന കമ്പനികളില്‍ ഡല്‍ഹി പാര്‍ട്ടി അധ്യക്ഷന്‍ സതീഷ് ഉപാധ്യായക്ക് ഓഹരിയുണ്ടെന്നുള്ള ആം ആദ്മി പാര്‍ട്ടിയുടെ വെളിപ്പെടുത്തലും വന്നു.

10,000 രൂപയില്‍ താഴെ വരുമാനമുള്ള ഏകദേശം 60 ശതമാനം കുടുംബങ്ങളാണ് കഴിഞ്ഞ ഡല്‍ഹി തിരഞ്ഞെടുപ്പിലെപ്പോലെ ഇക്കുറിയും നിര്‍ണായകമായത്. ബിജ്‌ലിപാനി (വൈദ്യുതികുടിവെള്ളം) ആയിരുന്നു കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി മുന്നോട്ടുെവച്ച പ്രധാന മുദ്രാവാക്യം. റിലയന്‍സും ടാറ്റയുമാണ് ഡല്‍ഹിയില്‍ വൈദ്യുതിവിതരണക്കാര്‍. ഈ വിഷയത്തെക്കുറിച്ച് ബി.ജെ.പി. മിണ്ടിയില്ല. ഡല്‍ഹിക്ക് പൂര്‍ണമായും സംസ്ഥാനപദവി നല്‍കുന്നതടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിക്കാതിരിക്കാന്‍ പ്രകടനപത്രിക പുറത്തിറക്കാതെയാണ് ഇക്കുറി ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ലക്ഷക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു ബി.ജെ.പി.യുടെ പ്രധാന തിരഞ്ഞെടുപ്പുവാഗ്ദാനം. എന്നാല്‍, അധികാരമേറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ കരണംമറിഞ്ഞു. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ സ്വത്തുവിവരം ലഭ്യമല്ലെന്നുപറഞ്ഞ് തടിയൂരിയ സര്‍ക്കാര്‍ പക്ഷേ, പത്രങ്ങള്‍ പേരും തുകയും പുറത്തുവിട്ടിട്ടും അനങ്ങുന്നില്ല. ഇപ്പോഴും ധനമന്ത്രി പറയുന്നത് കള്ളപ്പണത്തിന് തെളിവുവേണമെന്നാണ്.

വിദേശത്തുള്ള ലക്ഷക്കണക്കിനു കോടികള്‍ ഇന്ത്യയിലെത്തുന്നതോടെ ഇന്ത്യയിലെ ഒരാള്‍ക്ക് ശരാശരി 15 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ബി.ജെ.പി.യുടെ വാഗ്ദാനം. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതിനുവേണ്ടിയാണെന്നാണ് ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ ധരിച്ചത്. അവര്‍ അക്കൗണ്ടുമെടുത്തു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഡല്‍ഹിയില്‍മാത്രം അഞ്ചു പള്ളികളാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍, ഇതിനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാരിനായില്ല. കുറ്റവാളികളെ കണ്ടെത്താമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല. അക്രമങ്ങള്‍ തുടരുകുയും ചെയ്യുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച അമിത് ഷായുടെ വര്‍ഗീയധ്രുവീകരണം ഇവിടെ പരാജയപ്പെടുകയും ന്യൂനപക്ഷങ്ങളൊന്നടങ്കം ആം ആദ്മി കുടക്കീഴില്‍ അഭയംതേടുകയുംചെയ്തു. പരിവാര്‍സംഘടനകള്‍ കൊട്ടിഗ്‌ഘോഷിച്ചുനടപ്പാക്കിയ ഘര്‍വാപ്പസിയടക്കമുള്ള സംഭവങ്ങള്‍കൂടിയായതോടെ മുസ്‌ലിങ്ങളും ഭയപ്പാടിലായി.

എന്നാല്‍, ഇത്തരം ഭീതികള്‍ ഭൂരിപക്ഷവര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലേക്കു മാറാതെനോക്കാന്‍ ആം ആദ്മിക്കും കെജ്‌രിവാളിനുമായി. തകര്‍ക്കപ്പെട്ട പള്ളികളെക്കുറിച്ച് വിദഗ്ധമായ മൗനംപാലിച്ചപ്പോള്‍ വോട്ടു വാഗ്ദാനംചെയ്ത ഡല്‍ഹി ഇമാമിന്റെ പ്രസ്താവനയെ കെജ്‌രിവാള്‍ തള്ളുകയുംചെയ്തു. മതേതരവോട്ട് മതി എന്ന പ്രസ്താവന എ.എ.പി.ക്ക് ഗുണംചെയ്തു.
സാധ്വി നിരഞ്ജന ജ്യോതിയെപ്പോലുള്ളവരുടെ പ്രസ്താവന വിവാദമായപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കുവേണ്ടി പ്രതിപക്ഷം ശഠിച്ചിരുന്നു. ദിവസങ്ങള്‍ സഭ തടസ്സപ്പെട്ടതിനുശേഷമാണ് മോദി സഭയിലെത്തിയത്.

ഡല്‍ഹിയില്‍ ബി.ജെ.പി.ക്ക് ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ദോഷംചെയ്തത് അമേരിക്കാ പ്രസിഡന്റിന്റെ സന്ദര്‍ശനമായിരുന്നു. രാജ്യത്തും വിദേശത്തും ഇതു മോദിക്ക് ഏറെ കോട്ടങ്ങളുണ്ടാക്കി.

ചായവില്പനക്കാരനായ സാധാരണക്കാരനായി വോട്ടുവാങ്ങി അധികാരത്തിലെത്തിയ മോദി 10 ലക്ഷം വിലയുള്ളതായി കണക്കാക്കുന്ന കോട്ടിട്ട് മോടികാട്ടിയത് സാധാരണക്കാര്‍ക്കു രുചിച്ചില്ല. ഒബാമയുടെ സന്ദര്‍ശനം സൃഷ്ടിച്ച 10 ലക്ഷത്തിന്റെ കോട്ടുവിവാദവും കൂടിയായപ്പോള്‍ മോദിതരംഗത്തിന് ഡല്‍ഹിയില്‍ തിരശ്ശീലവീണു.

വില്‍സണ്‍ വര്‍ഗീസ്‌



1
DELHI UPDATE

 

ga