ന്യൂഡല്‍ഹി: സംശയാസ്പദമായ കമ്പനികളില്‍ നിന്ന് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസ്സിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് എ.എ.പി. അറിയിച്ചു.
എന്നാല്‍ ഇത് രാഷ്ട്രീയമായ പകപോക്കലാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എ.എ.പി.ക്കും കോണ്‍ഗ്രസ്സിനും മറ്റ് 50 സ്ഥാപനങ്ങള്‍ക്കുമാണ് നോട്ടീസയച്ചത്. ഈമാസം 16-ന് മറുപടി നല്‍കണം.
ആം ആദ്മി പാര്‍ട്ടിക്ക് നാല് വ്യാജകമ്പനികളില്‍ നിന്നായി രണ്ട് കോടി രൂപ സംഭാവന ലഭിച്ചെന്നാണ് പരാതി. ഈ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ച അമ്പതോളം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. ഈ കമ്പനികളുടെ സ്രോതസ് യഥാര്‍ഥമല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായി ആദായനികുതി വകുപ്പ് വക്താവ് രേഖ ശുക്ല പറഞ്ഞു.
സംഭാവന നല്‍കിയ കമ്പനികള്‍ ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനും നല്‍കിയ വിലാസത്തില്‍ അവയുടെ ഡയറക്ടര്‍മാരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് വേര്‍പിരിഞ്ഞതെന്ന് അവകാശപ്പെടുന്ന എ.എ.പി. വളണ്ടിയര്‍ ആക്ഷന്‍ മഞ്ച് എന്ന സംഘടനയാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. നാല് വ്യാജ കമ്പനികളില്‍ നിന്ന് എ.എ.പി. അമ്പത് ലക്ഷം രൂപ വീതം വാങ്ങിയെന്നാണ് ആരോപണം. സംഭാവന സ്വീകരിച്ചതായി ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ ഉറവിടം ശരിയല്ലെന്നാണ് പരാതി.
ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി എ.എ.പി. വക്താവ് അതിഷി മര്‍ലീന അറിയിച്ചു. അന്വേഷണത്തെ സ്വാഗതംചെയ്യുന്നു. ഒപ്പം തന്നെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംഭാവന വിവരങ്ങളും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. കമ്പനികള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ സ്വതന്ത്ര അന്വേഷണം വേണം. കമ്പനികള്‍ വ്യാജമാണെങ്കില്‍ അവരുടെ വിവരങ്ങള്‍ എങ്ങനെ അറിയാനാണെന്ന് മര്‍ലീന ചോദിച്ചു. എ.എ.പി.ക്ക് ചെക്കുകള്‍ ലഭിച്ചിട്ടുണ്ട്. നോട്ടീസിന് മറുപടി നല്‍കുമെന്നും അവര്‍ അറിയിച്ചു.
ബി.ജെ.പി.യും തിരഞ്ഞെടുപ്പിന് കോടികള്‍ ചെലവാക്കിയിട്ടുണ്ടെന്നും തങ്ങളെ മാത്രം ലക്ഷ്യംവെക്കുന്ന രാഷ്ട്രീയമായ പകപോക്കലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.