ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി വേണമെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെക്കണ്ടാണ് അദ്ദേഹം ഇതുസംബന്ധിച്ച് ചര്‍ച്ചനടത്തിയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവിനെയും കെജ്രിവാള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 10.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കും.
ആം ആദ്മി പാര്‍ട്ടിയുടെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ കെജ്രിവാളിന് ഇസഡ് കാറ്റഗറി സുരക്ഷനല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ജനങ്ങളുടെ മുഖ്യമന്ത്രിക്ക് ഇതാവശ്യമില്ലെന്നും ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയത്തിന് കത്തുനല്‍കുമെന്നും എ.എ.പി. നേതാവ് അശുതോഷ് വ്യക്തമാക്കി.
ഡല്‍ഹിയിലെ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൂര്‍ണസംസ്ഥാനപദവി ആവശ്യമാണെന്ന് രാജ്‌നാഥുമായുള്ള ചര്‍ച്ചയില്‍ കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ക്രിയാത്മകസഹകരണം വേണമെന്നും രാഷ്ട്രീയപരമായ ഭിന്നതകള്‍ നഗരത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകരുതെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടു. ശനിയാഴ്ച രാംലീല മൈതാനത്തു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് രാജ്‌നാഥ് സിങ്ങിനെ കെജ്രിവാള്‍ ക്ഷണിച്ചു. എ.എ.പി. നേതാവ് മനീഷ് സിസോദിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
2013-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പ്രകടനപത്രികയില്‍ ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി വാഗ്ദാനംചെയ്തിരുന്നു. എന്നാല്‍ ഇക്കുറി അവരത് ഉള്‍പ്പെടുത്തിയിരുന്നില്ല. സംസ്ഥാനപദവിയെന്നത് ബി.ജെ.പി.യും എ.എ.പി.യും പറഞ്ഞിട്ടുള്ള കാര്യമാണെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. കേന്ദ്രത്തില്‍ ബി.ജെ.പി.യും ഡല്‍ഹിയില്‍ എ.എ.പി.യും ഭൂരിപക്ഷത്തോടെ ഭരിക്കുമ്പോള്‍ ഈ വാഗ്ദാനം നടപ്പാക്കാന്‍ പ്രയാസമില്ലെന്നും സിസോദിയ പറഞ്ഞു.
2003-ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവിക്കായി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ബില്‍ പിന്നീട് പാര്‍ലമെന്ററി സമിതിക്കു വിട്ടു. എന്നാല്‍, പിന്നീടതില്‍ നടപടിയുണ്ടായില്ല. 1993-ല്‍ ബി.ജെ.പി. ഡല്‍ഹി ഭരിച്ചപ്പോഴും സംസ്ഥാനപദവി സംബന്ധിച്ച പ്രമേയം നിയമസഭയില്‍ പാസാക്കിയിരുന്നു. തുടര്‍ന്ന് ഷീല ദീക്ഷിത്തിന്റെ കോണ്‍ഗ്രസ് സര്‍ക്കാരും രണ്ടുതവണ പ്രമേയം അവതരിപ്പിച്ചു.