ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് ചരിത്രവിജയം.
നാലില്‍ മൂന്ന് ഭൂരിപക്ഷവുമായാണ് രണ്ടു വര്‍ഷം മാത്രം പ്രായമായ എ.എ.പി. ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചത്. ആകെയുള്ള 70 സീറ്റില്‍ 67 എണ്ണത്തിലും വെള്ളത്തൊപ്പിധാരികള്‍ ജയിച്ചു. ദേശീയതലത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. നടത്തിയ വിജയക്കുതിപ്പാണ് ഡല്‍ഹിയില്‍ കെജ്രിവാള്‍ തടഞ്ഞത്.
ഡല്‍ഹിയില്‍ 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചാമതും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന ബി.ജെ.പി. വെറും മൂന്നു സീറ്റില്‍ ഒതുങ്ങി. മത്സരിച്ച എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു.
രണ്ട് ദേശീയപ്പാര്‍ട്ടികളുടെ കോട്ട തകര്‍ത്തെറിഞ്ഞ ആംആദ്മി പാര്‍ട്ടിയുടെ പടയോട്ടം എല്ലാ പ്രവചനങ്ങളും കണക്കുക്കൂട്ടലുകളും തെറ്റിച്ചായിരുന്നു. മതം, ജാതി, വര്‍ഗവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും അരവിന്ദ് കെജ്രിവാളിന് പിറകില്‍ അണിനിരക്കുന്നതാണ് ഡല്‍ഹിയില്‍ കണ്ടത്.
വാലന്റൈന്‍സ് ദിനമായ ഫിബ്രവരി 14-ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞകൊല്ലം ഫിബ്രവരി 14-നാണ്, കെജ്രിവാളിന്റെ നേതൃത്വത്തില്‍ 49 ദിവസം ഡല്‍ഹി ഭരിച്ച എ.എ.പി. സര്‍ക്കാര്‍ രാജിവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന എ. എ.പി. നിയമസഭാകക്ഷി യോഗം അരവിന്ദ് കെജ്രിവാളിനെ നേതാവായി തിരഞ്ഞെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാന പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെയും അധ്യക്ഷന്‍ അമിത് ഷായുടെയും എല്ലാ കണക്കുക്കൂട്ടലുകളും പിഴച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ കിരണ്‍ ബേദിയടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം നിലംപരിശായി. നിയമസഭയുടെ പത്തിലൊന്ന് അംഗങ്ങളില്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃ സ്ഥാനം പോലും ബി.ജെ.പി.ക്ക് ലഭിക്കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍, അത് കണക്കാക്കാതെത്തന്നെ ബി.ജെ.പി.ക്ക് പ്രതിപക്ഷനേതാവ് പദവി നല്‍കുമെന്ന് എ.എ. പി. വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയില്‍ കോണ്‍ഗ്രസ്സിന് നിശ്ചിത എണ്ണമില്ലാത്തതിനാല്‍ പ്രതിപക്ഷനേതൃപദവി ബി.ജെ.പി. സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
2013 വരെ 15 കൊല്ലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് എല്ലാ സീറ്റിലും പരാജയപ്പെടുമ്പോള്‍ പാര്‍ട്ടിയുടെ അടിത്തറ പാടേ ശിഥിലമാവുകയാണ്. പട്ടികവിഭാഗങ്ങളും ന്യൂനപക്ഷവും ഇടത്തരക്കാരും കോണ്‍ഗ്രസ്സിനെ കൈവിട്ടു. പാര്‍ട്ടിയുടെ തലസ്ഥാനത്തെ മുഖമായിരുന്ന അജയ് മാക്കന്‍ പരാജയപ്പെട്ടു.
അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു. ഡല്‍ഹിയുടെ വികസനത്തിന് എല്ലാ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തു. വിജയത്തില്‍ അഹങ്കരിക്കരുതെന്ന്, ഭാര്യ സുനിതയോടൊപ്പം പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത കെജ്രിവാള്‍ പറഞ്ഞു. ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും പരാജയത്തിന് കാരണം അഹങ്കാരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെജ്രിവാളിന് എല്ലാ മാര്‍ക്കും നല്‍കുന്നുവെന്ന് കിരണ്‍ബേദിയും അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി.യുടെ നുപൂര്‍ ശര്‍മയെ 31583 വോട്ടിനാണ് കെജ്രിവാള്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പി.യുടെ മുന്‍ അധ്യക്ഷന്‍ വിജേന്ദര്‍ ഗുപ്തയൊഴിച്ചുള്ള എല്ലാ പ്രധാന നേതാക്കളും തിരഞ്ഞെടുപ്പില്‍ തോറ്റു.
എ.എ.പി. കൊടുങ്കാറ്റായി ആഞ്ഞടിച്ചുവെന്നതിന്റെ തെളിവ് അവര്‍ക്ക് ലഭിച്ച വോട്ടുകള്‍ തന്നെയാണ്. 54.3 ശതമാനം (കഴിഞ്ഞ തവണ 29.64) വോട്ടാണ് ആം ആദ്മിക്ക് ലഭിച്ചത്. തോറ്റുവെങ്കിലും ബി.ജെ.പി. അവരുടെ വോട്ടുകള്‍ ഏറെക്കുറെ നിലനിര്‍ത്തി. 32.4ശതമാനം (33.08) വോട്ടുകളാണ് ബി.ജെ. പി.ക്ക് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 9.7 ശതമാനം. (24.55). 15 ശതമാനം വോട്ടാണ് കോണ്‍ഗ്രസ്സിന് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് വെച്ചു നോക്കുമ്പോള്‍ നഷ്ടപ്പെടുന്നത്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴുസീറ്റിലും വിജയിച്ച് 47 ശതമാനം വോട്ടുകള്‍ നേടിയ ബി. ജെ.പി.യെ സാധാരണ ജനങ്ങള്‍ കൈവിട്ടുവെന്നാണ് ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്.