ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയെത്തുടര്‍ന്ന് സഖ്യകക്ഷികള്‍ ബി.ജെ.പി.ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പിലേറ്റ പ്രഹരം പ്രധാനമന്ത്രി മോദിയുടെ പരാജയമാണെന്ന് ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ തുറന്നടിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് കശ്മീരിലെ സംഖ്യകക്ഷിയായ പി.ഡി. പി.യും പഞ്ചാബിലെ ശിരോമണി അകാലിദളും(എസ്.എ.ഡി.) പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയത്.
വോട്ടര്‍മാരുടെ സന്ദേശം ആ പാര്‍ട്ടി അവഗണിക്കരുതെന്ന് പി.ഡി.പി. നേതാവ് മുഫ്തി മുഹമ്മദ് സെയ്ദ് വ്യക്തമാക്കി. സാധ്വി നിരഞ്ജന്‍ ജ്യോതി എം.പി. അടക്കമുള്ള ബി.ജെ.പി. സന്ന്യാസിമാര്‍ നടത്തിയ വിവാദപരാമര്‍ശമാണ് തന്റെ തോല്‍വിയില്‍ കലാശിച്ചതെന്ന് എസ്. എ.ഡി.യുടെ ഡല്‍ഹിയിലെ നേതാവും രജൗരിഗാര്‍ഡന്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന മന്‍ജീന്ദര്‍ സിങ് സിസ്‌റ ആരോപിച്ചു.
ഇതുമൂലം പ്രധാനമന്ത്രി ഉയര്‍ത്തിയ വികസന മുദ്രാവാക്യം ജനങ്ങളിലെത്തിക്കാനായില്ല. സിഖ് വോട്ടര്‍മാര്‍ക്ക് താത്പര്യമില്ലാത്ത ദേരാ സച്ചാ സൗധ സംഘടനയുമായി ബി.ജെ.പി. സഖ്യത്തിലേര്‍പ്പെട്ടതും തന്റെ വോട്ടിനെ ബാധിച്ചു - അദ്ദേഹം വ്യക്തമാക്കി. വിവാദസംഘടനയുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നോട് ആലോചിച്ചിരുന്നില്ലെന്നാണ് സിസ്‌റയുടെ പരാതി. എന്നാല്‍, സഖ്യകക്ഷികളുടെ ആരോപണത്തോട് ബി.ജെ.പി. നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.