ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയമന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. മുന്‍മന്ത്രി രാഖി ബിര്‍ളയ്ക്ക് ഇത്തവണ അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. മനീഷ് സിസോദിയ, ഗോപാല്‍ റായ് എന്നിവര്‍ക്ക് സുപ്രധാനവകുപ്പുകള്‍ ലഭിച്ചേക്കും.
മനീഷ് സിസോദിയ കഴിഞ്ഞമന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യംചെയ്തത്. ഗോപാല്‍ റായ് കഴിഞ്ഞതവണ ബാബര്‍പുരില്‍നിന്ന് മത്സരിച്ച് തോറ്റിരുന്നു. എന്നാല്‍ ഇത്തവണജയിച്ച അദ്ദേഹത്തിന് സുപ്രധാനവകുപ്പ് നല്‍കി മന്ത്രിയാക്കിയേക്കും. എ.എ.പി.യുടെ തുടക്കംമുതലുള്ള സുപ്രധാനനേതാവാണ് ഗോപാല്‍ റായ്.
ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രിക്കാണ് മറ്റൊരുസാധ്യത. എം.ബി.എ. പൂര്‍ത്തിയാക്കിയശേഷം വിവിധ ബഹുരാഷ്ട്രക്കമ്പനികളില്‍ ജോലിചെയ്യുകയും പിന്നീട് പൊതുപ്രവര്‍ത്തന രംഗത്തിറങ്ങുകയും ചെയ്തയാളാണ് ആദര്‍ശ് ശാസ്ത്രി. നഗരത്തില്‍ വൈ-ഫൈ കൊണ്ടുവരുന്നതുപോലുള്ള പദ്ധതികള്‍ ആം ആദ്മി പാര്‍ട്ടി വാഗ്ദാനംചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരംമേഖലയില്‍ ധാരണയുള്ള ശാസ്ത്രിക്ക് അവസരം നല്‍കിയേക്കും.
മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതിയെയും തഴയാന്‍ സാധ്യതയില്ല. മന്ത്രിയായിരിക്കെ ഖിര്‍ക്കി എക്സ്റ്റന്‍ഷനില്‍ സോംനാഥ് ഭാരതിനടത്തിയ രാത്രി റെയ്ഡ് വിവാദമായിരുന്നു. എന്നാല്‍ പാര്‍ട്ടിയും കെജ്രിവാളും സോംനാഥിനെ കൈവിട്ടിരുന്നില്ല.
സൗരഭ് ഭരദ്വാജ്, ഗിരീഷ് സോണി, സത്യേന്ദ്ര ജെയിന്‍ എന്നിവരായിരുന്നു കഴിഞ്ഞമന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍. രജൗരി ഗാര്‍ഡനില്‍നിന്ന് ജയിച്ച ജര്‍ണയില്‍ സിങ്ങിനും സാധ്യത കല്പിക്കുന്നുണ്ട്.