മോദി ബ്രഹ്മാസ്ത്രവും അമിത്ഷാ മാജിക്കും പാഴായി -ശിവസേന

Posted on: 12 Feb 2015

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ തിരിച്ചടിക്ക് സ്വയം തോല്‍വി സമ്മതിക്കണമെന്ന് ശിവസേനാ മുഖപത്രമായ സാമ്‌ന.
ചൊവ്വാഴ്ച ഡല്‍ഹിയിലെ തോല്‍വി മോദിക്കുള്ള തിരിച്ചടിയെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവന ബി.ജെ.പി. നേതാക്കളില്‍ നിന്ന് വിമര്‍ശനവും ഏറ്റുവാങ്ങി. എന്നാല്‍ ബുധനാഴ്ച സാമ്‌ന ദിനപ്പത്രം ഡല്‍ഹി വിധിയെഴുത്തിനെക്കുറിച്ചുള്ള മുഖപ്രസംഗം മോദിക്കെതിരായ വിമര്‍ശനം ഇരട്ടിയാക്കി; ഒപ്പം പരിഹാസവും.
ഇപ്പോള്‍ ഡല്‍ഹിയില്‍ താമസിക്കുന്ന നരേന്ദ്രമോദിയുടെ ബഹ്മാസ്ത്രത്തിന് ബി.ജെ.പി.യെ രക്ഷിക്കാനായില്ല. വിശ്വസ്തന്‍ അമിത്ഷായുടെ മാജിക്കും ഫലവത്തായില്ല. മോദി-അമിത്ഷാ വിജയ യാത്രയ്ക്ക് ആദ്യത്തെ തിരിച്ചടി മഹാരാഷ്ട്രയിലായിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ തരംഗമൊക്കെ സുനാമിക്ക് മുന്നില്‍ തകര്‍ന്നു - സാമ്‌നയുടെ മുഖ പ്രസംഗത്തില്‍ രൂക്ഷമായ പരിഹാസം.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍നേട്ടത്തിന് പിന്നാലെ ശിവസേനയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി.ക്ക് മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം ലഭിച്ചില്ല. ആദ്യം ന്യൂനപക്ഷമന്ത്രിസഭയായി സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നവിസിന് അവസാനം ശിവസേനയുമായി കൂട്ടുചേരേണ്ടിവന്നു. ഭരണത്തില്‍ പങ്കാളിയാക്കാന്‍ ശിവസേനയ്ക്ക് ബി.ജെ.പി.ക്ക് മുന്നില്‍ തങ്ങളുടെ വമ്പന്‍ എന്ന ഭാവമൊക്കെ മാറ്റിവെക്കേണ്ടിവന്നു. ഡല്‍ഹിയിലെ വിധിയെഴുത്തില്‍, അന്നത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ശിവസേന ബി.ജെ.പിക്കെതിരെ പരിഹാസം ചൊരിയുന്നതില്‍ പ്രതിപക്ഷ കക്ഷികളേക്കാള്‍ മുന്നില്‍ എത്തി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റും കൈക്കലാക്കിയ വമ്പന്‍ ജയത്തെത്തുടര്‍ന്ന് മൂന്ന് സീറ്റിലേക്കാണ് ഡല്‍ഹിയില്‍ ബി.ജെ.പി. ഒതുങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊടികുത്തിവാണവരെ ആപ്പ് പൊടിയാക്കി മാറ്റി, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തോല്‍വി സമ്മതിക്കണം. തോല്‍വിക്ക് ബേദിയെ കുറ്റം പറയേണ്ട - സാമ്‌ന മുഖപ്രസംഗം എടുത്തുപറഞ്ഞു.
മോദിക്കൊപ്പം എല്ലാ നേതാക്കളും രാഹുലിനെയും കെജ്രിവാളിനെയും പഴിചാരുകയായിരുന്നു ഡല്‍ഹി ഇലക്ഷനില്‍ കണ്ടത്. എല്ലായിടത്തും മോദി പോസ്റ്ററുകളായിരുന്നു പ്രചാരണ രംഗത്ത്. അണ്ണഹസാരെ പറഞ്ഞത് സത്യമാണ് - തോല്‍വി മോദിയുടേതാണ്. അതിനൊപ്പം ഞങ്ങളും യോജിക്കുന്നു -മുഖപ്രസംഗം വ്യക്തമാക്കി.



1
DELHI UPDATE

 

ga