കൂറുമാറിയവരോട് കൂറ് കാണിക്കാതെ ഡല്‍ഹി

Posted on: 11 Feb 2015

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുമ്പ് കൂറുമാറി മത്സരിച്ചവര്‍ക്ക് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ പണികൊടുത്തു. മുന്‍ കേന്ദ്രമന്ത്രി കൃഷ്ണ തിരാഥ്, ഷോയിബ് ഇഖ്ബാല്‍, വിനോദ് കുമാര്‍ ബിന്നി, വീണ ആനന്ദ്, അശോക് കുമാര്‍, എം.എസ്. ധീര്‍ എന്നിവരാണ് തോറ്റത്. ഇതില്‍ ഷോയിബ് ഇഖ്ബാല്‍ കോണ്‍ഗ്രസ്സിലും മറ്റെല്ലാവരും ബി.ജെ.പി.ക്കുവേണ്ടിയുമാണ് മത്സരിച്ചത്.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൃഷ്ണ തിരാത്തായിരുന്നു കൂറുമാറ്റത്തില്‍ പ്രമുഖ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേരുകയും ഉടന്‍ തന്നെ പട്ടേല്‍ നഗറില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കുകയുമായിരുന്നു. ഇവിടെ എ.എ.പി.യുടെ ഹസാരി ലാല്‍ ചൗഹാന്‍ 34,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ കൃഷ്ണ തിരാത്ത് രണ്ടാംസ്ഥാനത്തേക്ക് പോയി. പട്ടേല്‍ നഗറിലെ സിറ്റിങ് എം.എല്‍.എ. വീണാ ആനന്ദ് എ.എ.പി. വിട്ട് സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇവര്‍ക്ക് ലഭിച്ചത് വെറും 1051 വോട്ടാണ്.

മാത്യ മഹലില്‍ ജൈത്രയാത്ര തുടര്‍ന്നിരുന്ന ഷോയിബ് ഇഖ്ബാലാണ് കൂറുമാറി തോറ്റവരില്‍ മറ്റൊരു പ്രമുഖന്‍. മണ്ഡലത്തില്‍ അഞ്ച് തവണ ജയിച്ച സിറ്റിങ് എ.എല്‍.എ കൂടിയാണ് ഷോയിബ് ഇഖ്ബാല്‍. നാല് തവണ ജെ.ഡി.(യു) വിനുവേണ്ടിയും ഒരു തവണ എല്‍.ജെ.പി. ക്കുവേണ്ടിയും ജയിച്ചിട്ടുണ്ട്. ജെ.ഡി. (യു) വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് അങ്കം കുറിച്ച ഷോയിബും രണ്ടാംസ്ഥാനത്തേക്ക് പോയി. എ.എ.പി.യുടെ അസിം അഹമ്മദ് ഖാന്‍ 25,000ത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചു.

എ.എ.പി.യുടെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമായ മനീഷ് സിസോദിയ മത്സരിക്കുന്ന പഡ്പഡ്ഗഞ്ചിലാണ് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ വിനോദ് കുമാര്‍ ബിന്നി തോറ്റത്. അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് എ.എ.പി.യില്‍ നിന്ന് പുറത്തായ ബിന്നിക്ക് ബി.ജെ.പി. ടിക്കറ്റ് നല്‍കുകയായിരുന്നു. എ.എ.പി.യില്‍ ചേരുംമുമ്പ് കോണ്‍ഗ്രസ് കൗണ്‍സിലറുമായിരുന്നു ബിന്നി. സിസോദിയയോട് 28000ത്തിലേറെ വോട്ടുകള്‍ക്കാണ് ബിന്നി തോറ്റത്.

എ.എ.പി.യില്‍ നിന്നു ജയിച്ച് സ്പീക്കറായ എം.എസ്. ധീര്‍ ബി.ജെ.പി.ക്കു വേണ്ടി ജങ്പുരയില്‍ മത്സരിച്ച് തോറ്റു. എ.എ.പി. ടിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇവിടെ എ.എ.പി.യുടെ പ്രവീണ്‍ കുമാര്‍ 20000ത്തിലേറെ വോട്ടുകള്‍ക്കാണ് ധീറിനെ തറപറ്റിച്ചത്.

എ.എ.പി.യുടെ സിറ്റിങ് എം.എല്‍.എ. അശോക് കുമാര്‍ അംബേദ്കര്‍ നഗറില്‍ ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ച് തോറ്റു. ഇവിടത്തെ അനിഷേധ്യ നേതാവായ കോണ്‍ഗ്രസ്സിന്റെ ചൗധരി പ്രേം സിങ് മൂന്നാംസ്ഥാനത്തുമായി. എ.എ.പി.യുടെ അജയ് ദത്ത് ഇവിടെ 42000ത്തോളം വോട്ടുകള്‍ക്ക് ജയിച്ചു.

എന്നാല്‍ കഴിഞ്ഞ തവണ ബി.എസ്.പി.ക്കുവേണ്ടി മത്സരിച്ച് രണ്ടാമതെത്തിയ സാഹി റാം എ.എ.പി.ക്കുവേണ്ടി തുഗ്ലക്കാബാദില്‍ മത്സരിച്ച് ജയിച്ചു. ഇതു മാത്രമാണ് കൂറുമാറിയവരിലെ ഏക ജയം.



1
DELHI UPDATE

 

ga