ചുരുങ്ങുന്ന കോണ്‍ഗ്രസ്‌

പ്രവീണ്‍ കൃഷ്ണന്‍ Posted on: 11 Feb 2015


ഡല്‍ഹിയില്‍ അത്ഭുതങ്ങളൊന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ പ്രകടനത്തില്‍ അമിതപ്രതീക്ഷയൊന്നും ആരും വെച്ചുപുലര്‍ത്തിയിരുന്നുമില്ല. പക്ഷേ, ഏതാണ്ട് 14 മാസങ്ങള്‍ക്കു മുമ്പുവരെ, ഡല്‍ഹി തുടര്‍ച്ചയായി മൂന്നുതവണ ഭരിച്ച പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ ചിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷമാകുമെന്ന് കടുത്ത വിമര്‍ശകര്‍പോലും കരുതിയില്ല.

130 വര്‍ഷം പിന്നിട്ട രാഷ്ട്രീയവടവൃക്ഷമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് രാജ്യതലസ്ഥാനത്തിന്റെ നിയമസഭയില്‍ പ്രാതിനിധ്യംപോലും നഷ്ടപ്പെട്ടിരിക്കുന്നു. തിരിച്ചടികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഊറ്റംകൊള്ളാറുണ്ട്. പക്ഷേ, ഇക്കുറി കോണ്‍ഗ്രസിനു നേരിട്ടത് വെറും തിരിച്ചടിയല്ല. മറിച്ച്, സീറ്റുകളുടെ എണ്ണത്തില്‍ ഒരു തുടച്ചുനീക്കലും കിട്ടിയ വോട്ടുകളുടെ ശതമാനക്കണക്കില്‍ ദയനീയമായ തകര്‍ച്ചയുമാണ്.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ പരാജയപരമ്പര. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പും അതിനുശേഷം ഓരോ നിയമസഭാ തിരഞ്ഞെടുപ്പും പിന്നിടുമ്പോള്‍ തോല്‍വിയുടെ ആഴവും വ്യാപ്തിയും വര്‍ധിച്ചു. കേവലം രണ്ടുവര്‍ഷംമുമ്പുമാത്രം രൂപവത്കരിച്ച ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ബി.ജെ.പി.യുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് മുന്നേറിയപ്പോള്‍ ഏറെപ്പിന്നില്‍ മൂന്നാംസ്ഥാനത്ത് കാഴ്ചക്കാരാകുന്നു ദേശീയരാഷ്ട്രീയത്തിലെ മുഖ്യ പ്രതിപക്ഷപാര്‍ട്ടി.

കേന്ദ്രഭരണത്തിന് നേതൃത്വംനല്‍കുന്ന ബി.ജെ.പി.യുമായി നേരിട്ടുള്ള രാഷ്ട്രീയപോരാട്ടത്തിലല്ല കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തോറ്റത്. കോണ്‍ഗ്രസിനെ മത്സരചിത്രത്തില്‍നിന്നുപോലും പിന്തള്ളി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി.യും തമ്മിലായിരുന്നു ഡല്‍ഹിയില്‍ ഏറ്റുമുട്ടല്‍. ഇന്ത്യയുടെ ഒരു ചെറുപരിച്ഛേദമായ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്ക് ഒരു പ്രഹരംനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതിനു തിരഞ്ഞെടുത്തത് ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിനെയല്ല; മറിച്ച്, ഡല്‍ഹിയില്‍ മാത്രം സ്വാധീനമവകാശപ്പെടാന്‍കഴിയുന്ന ഒരു പാര്‍ട്ടിയെയാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ അപകടകരമായൊരു സൂചനയാണ് ഡല്‍ഹി ഫലങ്ങള്‍ നല്‍കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിയുടെ ഭൂമികയും പ്രസക്തിയും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നുവെന്നതാണത്.

ഇനി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത് ബിഹാറിലാണ്. ഒരുപക്ഷേ, ഡല്‍ഹി തിരഞ്ഞെടുപ്പിനെക്കാള്‍ രാജ്യം ഉറ്റുനോക്കുന്ന, ദേശീയരാഷ്ട്രീയത്തില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്നതാണ് ബിഹാര്‍ തിരഞ്ഞെടുപ്പുഫലങ്ങള്‍. ഡല്‍ഹിലെ ക്ഷീണം ബിഹാറില്‍ പരിഹരിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാവില്ല. അത്ര ദുര്‍ബലമാണ് അവിടെ കോണ്‍ഗ്രസിന്റെ സ്ഥിതി. ജെ.ഡി.യു.ആര്‍.ജെ.ഡി. സഖ്യവും ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. സഖ്യവും തമ്മില്‍ ഏറ്റുമുട്ടാന്‍പോകുന്ന ബിഹാറില്‍ ജെ.ഡി.യു.ആര്‍.ജെ.ഡി. സഖ്യത്തിന്റെ തണലില്‍ നില്‍ക്കുക, അവരുമായി സഖ്യത്തിലേര്‍പ്പെടുക. ഇപ്പോഴത്തെ ബിഹാറിലെ പാര്‍ട്ടിയുടെ സ്ഥിതിവെച്ചുനോക്കിയാല്‍ അത്തരമൊരു സഖ്യത്തില്‍ സീറ്റുകളുടെ കാര്യത്തില്‍പ്പോലും കോണ്‍ഗ്രസിന് കാര്യമായ വിലപേശല്‍ശേഷിയില്ല.

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ വിജയം കോണ്‍ഗ്രസിന് ഭാവിയില്‍ സൃഷ്ടിക്കാവുന്ന മറ്റൊരപകടമുണ്ട്. 2019ല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി ആശ്വാസവിജയം പ്രതീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു പഞ്ചാബ്. 2017ലാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡല്‍ഹിക്കുപുറത്ത് ആം ആദ്മി പാര്‍ട്ടി കാര്യമായ വേരോട്ടമുണ്ടാക്കിയിട്ടുള്ള സംസ്ഥാനമാണു പഞ്ചാബ്. അവരുടെ നാല് ലോക്‌സഭാ എം.പി.മാരും പഞ്ചാബില്‍നിന്നാണ്. ഡല്‍ഹിയിലെ തകര്‍പ്പന്‍ പ്രകടനത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊള്ളുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അകാലിദള്‍ബി.ജെ.പി. സര്‍ക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരം മുതലെടുത്ത് അവിടെ മുഖ്യപ്രതിപക്ഷറോളിലേക്കെത്താനുള്ള സാധ്യതയാണ് അവര്‍ സൂചിപ്പിക്കുന്നത്.

അവിടെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഉള്‍പ്പോരുകൂടി കണക്കിലെടുക്കുമ്പോള്‍ ഇത് അസംഭവ്യമൊന്നുമല്ല. ഡല്‍ഹിയില്‍ പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചുവന്നിരുന്ന ജനവിഭാഗങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടിയിലേക്കൊഴുകി എന്ന രാഷ്ട്രീയ യാഥാര്‍ഥ്യം കോണ്‍ഗ്രസിനു മുന്നിലുണ്ട്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സസിനെ പുനരുജ്ജീവിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രാഹുല്‍ ഗാന്ധി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയശേഷം തിരിഞ്ഞുനോക്കിയിട്ടില്ല. സംഘടനാപരമായി തീര്‍ത്തും ദുര്‍ബലാവസ്ഥയിലാണ് യു.പി.യില്‍ കോണ്‍ഗ്രസിപ്പോള്‍. ചുരുക്കത്തില്‍ ഗംഗാസമതലത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് സമീപഭാവിയില്‍ കോണ്‍ഗ്രസിന് ഏറെ ദുഷ്‌കരമായ ദൗത്യമാണ്.

പ്രധാന സംസ്ഥാനങ്ങളില്‍ കേരളം, കര്‍ണാടകം, അസം എന്നിവിടങ്ങളില്‍മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഭരണത്തില്‍. പിന്നെ ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമാണ് പാര്‍ട്ടി ഭരണത്തിനു നേതൃത്വംനല്‍കുന്നത്. ദേശീയതലത്തില്‍ തങ്ങളുടെ രാഷ്ട്രീയസ്വാധീനം നാള്‍ക്കുനാള്‍ ദുര്‍ബലമാകുന്നതും പരമ്പരാഗത സ്വാധീനമേഖലകള്‍ പാര്‍ട്ടിയെ കൈവിടുന്നതും കോണ്‍ഗ്രസ് കാര്യമായെടുത്തിട്ടില്ല. രാഷ്ട്രീയദീര്‍ഘവീക്ഷണമുള്ള ശക്തമായൊരു നേതൃത്വത്തിന് ആ പാര്‍ട്ടിയെ ഇനിയും തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, അത്തരമൊരു ശ്രമമോ യാഥാര്‍ഥ്യങ്ങളംഗീകരിക്കാനുള്ള ആര്‍ജവമോ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതേവരെ പ്രകടിപ്പിച്ചിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പാര്‍ട്ടിചുമതലകള്‍ ഏറെക്കുറെ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറിയിരിക്കയാണ്. രാഹുല്‍ ഗാന്ധിയുടെ താത്പര്യങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രകടമാകുന്നത്. കേന്ദ്രത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ എട്ടുമാസം പിന്നിട്ടിട്ടും അവര്‍ക്കെതിരെ ഒരു രാഷ്ട്രീയപോര്‍മുഖം തുറക്കാന്‍ രാഹുല്‍ ഗാന്ധിക്കോ അദ്ദേഹത്തിന്റെ ഉപദേശകവൃന്ദത്തിനോ ആയിട്ടില്ല. ജനകീയപ്രശ്‌നങ്ങളേറ്റെടുത്തുള്ള രാഷ്ട്രീയസമരങ്ങളുമായി മുന്നോട്ടുവരുന്നതിനുപകരം സംഘടനാസംവിധാനത്തില്‍ നടപ്പാക്കുന്ന വിചിത്ര പരീക്ഷണങ്ങളിലാണ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ഉപദേശകസംഘവും താത്പര്യം കാട്ടുന്നത്.

9ൈ8% വിജയങ്ങള്‍ വരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് നെഹ്രുകുടുംബത്തിനു നല്‍കുന്നതും തോല്‍വിയുടെ ഉത്തരവാദിത്വം മറ്റു നേതാക്കള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അവരില്‍ ചാര്‍ത്തപ്പെടുകയോ ചെയ്യുന്നതും കോണ്‍ഗ്രസില്‍ പതിവാണ്. ഡല്‍ഹിയിലെ വമ്പന്‍ തോല്‍വിക്കുമുണ്ടാകും ചില ബലിയാടുകള്‍. പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിസ്ഥാനാര്‍ഥി അജയ് മാക്കനും ഡല്‍ഹി പ്രദേശ് അധ്യക്ഷന്‍ അരവിന്ദര്‍സിങ് ലൗലിയുമുള്‍െപ്പടെയുള്ളവര്‍ ഏറ്റെടുത്തുകഴിഞ്ഞു. പക്ഷേ, ഇങ്ങനെ ചിലരെ രക്തസാക്ഷികളാക്കിയതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍. വിജയങ്ങളുടെ എന്നപോലെതന്നെ തോല്‍വിയുടെയും ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കേണ്ടതും പ്രശ്‌നപരിഹാരത്തിന്റെ ആദ്യപടിയാണ്.
9ൈ5%ഡല്‍ഹിയിലെ തകര്‍ച്ചയുടെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവരൂ പാര്‍ട്ടിയെ രക്ഷിക്കൂ എന്ന ആവശ്യവുമായി എ.ഐ.സി.സി. ആസ്ഥാനത്തിനു മുന്നില്‍ ഒരുസംഘം പ്രവര്‍ത്തകരെത്തിയിരുന്നു. കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പുതോല്‍വികളുണ്ടാകുമ്പോള്‍ എ.ഐ.സി.സി. ആസ്ഥാനത്തിനുമുന്നിലെ സ്ഥിരം കാഴ്ചയാണിത്. പ്രിയങ്കാ ഗാന്ധി നേതൃത്വത്തിലെത്തിയതുകൊണ്ടുമാത്രം പരിഹരിക്കപ്പെടാവുന്നത്ര ലളിതമല്ല കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍.



1
DELHI UPDATE

 

ga