കിരണ്‍ബേദിയും മാക്കനും തോറ്റു

Posted on: 11 Feb 2015

തിരഞ്ഞെടുപ്പിന് മൂന്നാഴ്ചമുമ്പ് മാത്രം ബി.ജെ.പി.യിലെത്തുകയും മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി വാഴിക്കപ്പെടുകയും ചെയ്ത കിരണ്‍ബേദിക്ക് കൃഷ്ണനഗര്‍ മണ്ഡലത്തില്‍ ദയനീയപരാജയം. ബി.ജെ.പി.യുടെ കോട്ടയെന്ന് വിശേഷണമുള്ള ഈ മണ്ഡലത്തില്‍ 1993 മുതല്‍, മുതിര്‍ന്ന നേതാവ് ഡോ.ഹര്‍ഷ വര്‍ധന്‍ തുടര്‍ച്ചയായി അഞ്ചുതവണ തിരഞ്ഞെടുക്കപ്പെട്ടതാണ്. ഇക്കുറി എ.എ.പി. സ്ഥാനാര്‍ഥി എസ്.കെ. ബഗ്ഗയോട് 2,400 വോട്ടിനാണ് കിരണ്‍ ബേദി തോറ്റത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ അപകടം മണത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പി. ധൃതിപിടിച്ച് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയായ കിരണ്‍ബേദിയെ അരിയിട്ടുവാഴിച്ചത്. മോദിയും കെജ്‌രിവാളും തമ്മിലുള്ള താരതമ്യം ഒഴിവാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. പക്ഷേ, ഇത് തിരിച്ചടിച്ചു. കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബി.ജെ.പി.ക്കകത്ത് വലിയ പ്രശ്‌നങ്ങളുയര്‍ന്നു. പാര്‍ട്ടിക്കാരുടെ കാലുവാരലാണ് ബേദിയുടെ തോല്‍വിക്ക് കാരണമെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ ആരോപിച്ചു

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുത്ത കിരണ്‍ബേദി പിന്നീട് തോറ്റത് താനല്ലെന്നും ബി.ജെ.പി.യാണെന്നും തിരുത്തിപ്പറഞ്ഞു. പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിച്ച അജയ് മാക്കന്‍ കെട്ടിവെച്ച കാശ് നഷ്ടമായതിന്റെ നാണക്കേടിലാണ്. സദര്‍ ബസാര്‍ മണ്ഡലത്തില്‍ അദ്ദേഹത്തിന് കിട്ടിയത് 16,331 വോട്ടുമാത്രം. മുഖ്യഎതിരാളിയായ ആം ആദ്മിപാര്‍ട്ടിയുടെ സോം ദത്ത് 67,507 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പി. സ്ഥാനാര്‍ഥിക്കും പിന്നില്‍ മൂന്നാമതായിപ്പോയ മാക്കന്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പി.സി.സി. അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലവ്‌ലിയും തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോയും രാജിക്കത്ത് നല്‍കിയവരിലുള്‍പ്പെടുന്നുഹം0.



1
DELHI UPDATE

 

ga