ന്യൂഡല്‍ഹി: പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും ഡല്‍ഹിയിലെ നാണംകെട്ട തോല്‍വിയുടെ ഉത്തരവാദിത്വത്തെച്ചൊല്ലി ബി.ജെ.പി.യില്‍ അസ്വസ്ഥത പുകയുന്നു. അധികാരമേറ്റതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടിയില്‍ നടത്തിയ വെട്ടിനിരത്തലും അധ്യക്ഷന്‍ അമിത് ഷായുടെ താന്‍ പ്രമാണിത്തവുമാണ് തോല്‍വിക്ക് കാരണമായതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുണ്ടായിരുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കോര്‍പ്പറേറ്റ് മുഖവും പാര്‍ട്ടിക്ക് വിനയായതായി അവര്‍ പറയുന്നു. അതേസമയം, വളരെ കരുതലോടെ നീങ്ങാനാണ് മോദിവിരുദ്ധക്യാമ്പിന്റെ തീരുമാനം.
സംഘപരിവാര്‍ സംഘടനകളുടെ തീവ്രഹിന്ദുത്വ നിലപാട് ചോദ്യം ചെയ്യപ്പെടുമ്പോള്‍, ഇതിനെതിരെ പലപ്പോഴും നിസ്സഹായരാവുകയായിരുന്നു പാര്‍ട്ടിനേതൃത്വം എന്ന വിലയിരുത്തലുമുണ്ട്. ക്രിസ്ത്യന്‍പള്ളികള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടെങ്കിലും എന്തെങ്കിലും നടപടിയെടുക്കാനോ അക്രമം തടയാനോ നേതൃത്വത്തിനായില്ല. ദേശീയ അന്താരാഷ്ട്ര രംഗങ്ങളില്‍ ഇത് പാര്‍ട്ടിക്കും സര്‍ക്കാറിനും വന്‍ക്ഷീണമുണ്ടാക്കി. ഒടുവില്‍ നാണംകെട്ട തോല്‍വിക്ക് കാരണമാവുകയും ചെയ്തു. മിതവാദികളായ നേതാക്കള്‍ ഇക്കാര്യത്തില്‍ പലകുറി മുന്നറിയിപ്പ് നല്‍കിയെങ്കിലും നേതൃത്വം ചെവിക്കൊണ്ടില്ല.
ഇന്ത്യയുടെ ചെറിയപതിപ്പായ ഡല്‍ഹിക്ക് ഒട്ടുംയോജിക്കാത്ത തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് പാര്‍ട്ടി അധ്യക്ഷന്‍ തയ്യാറാക്കിയത്. പടലപ്പിണക്കങ്ങള്‍ക്ക് പേരുകേട്ട ഡല്‍ഹി സംസ്ഥാന നേതൃത്വത്തെ അപ്പാടെ മാറ്റിനിര്‍ത്തി അമിത് ഷാ നടത്തിയ കരുനീക്കങ്ങള്‍ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പിന് കാരണമായി. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതുമുതല്‍ അമിത് ഷായുടെ തന്ത്രം പാളിയെന്നാണ് പാര്‍ട്ടിയുടെ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്.
സത്യത്തില്‍ എ.എ.പി.യെയും അതിന്റെ അമരക്കാരനായ കെജ്രിവാളിനെയും ബി.ജെ.പി. വിലകുറച്ചുകണ്ടു. വൈകി പ്രഖ്യാപിച്ച മുഖ്യമന്ത്രിസ്ഥാനാര്‍ഥി കിരണ്‍ബേദിയാകട്ടെ പാര്‍ട്ടി അണികള്‍ക്ക് സ്വീകാര്യയുമായില്ല. പാര്‍ട്ടിഓഫീസില്‍ ഇതിനെതിരെ അണികള്‍ പ്രതിഷേധിച്ചെങ്കിലും നേതൃത്വം അക്ഷരാര്‍ഥത്തില്‍ ഇത് അടിച്ചമര്‍ത്തി. സംഘപരിവാര്‍ പശ്ചാത്തലമില്ലാത്ത കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെ ആര്‍.എസ്.എസ്സും തുടക്കത്തില്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ വഴങ്ങി.
മോദിയുടെ ആദ്യറാലിയില്‍ ആളുകുറഞ്ഞതോടെ ചിത്രം വ്യക്തമായ പാര്‍ട്ടിയുടെ പഴയനേതൃത്വം സാവധാനം രംഗത്തുനിന്ന് അപ്രത്യക്ഷമായി. മോദി- അമിത് ഷാ അധികാരകേന്ദ്രത്തിന് ഡല്‍ഹി തിരഞ്ഞെടുപ്പ് തിരിച്ചടിയാവണം എന്ന നിലയിലായിരുന്നു പിന്നീട് കാര്യങ്ങള്‍. വിദേശകാര്യമന്ത്രിയും അദ്വാനിവിഭാഗത്തിലെ മുന്‍നിര നേതാവുമായ സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവരടക്കമുള്ളവര്‍ പ്രചാരണത്തില്‍ വിട്ടുനിന്നത് പാര്‍ട്ടിക്ക് വിനയായി.
യു.എസ്. പ്രസിഡന്റിന്റെ ഡല്‍ഹി സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ വിവാദം മോദിക്യാമ്പിലെ മുതിര്‍ന്നനേതാക്കളെ പോലും അസ്വസ്ഥരാക്കി. വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജിനെ പാടെ അവഗണിക്കുകയായിരുന്നുവെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ചൈനാ പ്രസിഡന്‍റിന്റെ സന്ദര്‍ശനത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പത്തുലക്ഷം രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചെത്തിയ പ്രധാനമന്ത്രിയെ നേതാക്കള്‍ ഞെട്ടലോടെയാണ് കണ്ടത്. മുതിര്‍ന്ന മന്ത്രിക്കുപോലും സ്വതന്ത്ര തീരുമാനമെടുക്കാനാവാത്ത രീതിയില്‍ പ്രധാനമന്ത്രി ഇടപെടുന്നതില്‍ ഭൂരിഭാഗംപേരും അസ്വസ്ഥരുമായിരുന്നു.
ഡല്‍ഹിയില്‍ ഏറെ ജനപിന്തുണയുള്ള കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഇതിനുപുറമേയാണ് മുതിര്‍ന്നനേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ പൂര്‍ണമായ പിന്‍മാറ്റം. തിരഞ്ഞെടുപ്പിലേറ്റ പ്രഹരം മോദിയുടെ പരാജയമാണെന്ന് പാര്‍ട്ടിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേനയുടെ തലവന്‍ ഉദ്ധവ് താക്കറെയും പറഞ്ഞിട്ടുണ്ട്.
സര്‍ക്കാറില്‍ മോദിക്കെതിരെയും പാര്‍ട്ടിയില്‍ അമിത് ഷായ്‌ക്കെതിരെയും പരസ്യമായി രംഗത്തുവരാന്‍ ഇപ്പോള്‍ നേതാക്കള്‍ തയ്യാറായി എന്നു വരില്ല. ഇതിനുള്ള കളം തെളിഞ്ഞിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച് ഒരു പ്രമുഖനേതാവ് പ്രതികരിച്ചത്. അതേസമയം, ഡല്‍ഹി ഫലത്തിന്റെ പശ്ചാത്തലത്തില്‍ മോദിയും അമിത് ഷായും കൂടുതല്‍ ജനകീയരാകാന്‍ ശ്രമിച്ചേക്കും.