ന്യൂഡല്‍ഹി: ജാതിമതവര്‍ഗ സമവാക്യങ്ങളില്‍ ഊന്നിയുള്ള രാഷ്ട്രീയഗണിതങ്ങളെല്ലാം പൂര്‍ണമായും എ.എ.പിയ്‌ക്കൊപ്പം നിന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. ചേരിനിവാസികളും ദരിദ്രരുമായിരുന്നു പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ടുചെയ്തിരുന്നവര്‍. ഇടത്തരക്കാരും ഉന്നതരും കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും മാറി മാറി തുണച്ചു. എന്നാല്‍, 2013-ഓടെ എല്ലാ പാരമ്പര്യവോട്ടുകളിലേക്കും മറ്റു വിഭാഗങ്ങളിലേക്കും കടന്നുകയറി ആധിപത്യമുറപ്പിക്കാന്‍ എ.എ.പിയ്ക്കായി.
65 ശതമാനം പോളിങ് രേഖപ്പെടുത്തിയ അത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 32 ശതമാനവും എ.എ.പി. 30 ശതമാനവും വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്സിന് 27 ശതമാനം വോട്ടുകളും കിട്ടി. 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് 42 ശതമാനമായി കൂടി. ആം ആദ്മിയുടേത് 36 ശതമാനവും. കോണ്‍ഗ്രസ്സിന് 18 ശതമാനമായിരുന്നു. ഇത്തവണ എ.എ.പിയുടെ വോട്ട് 54.3 ശതമാനമായി കുതിച്ചുയര്‍ന്നു. ബി.ജെ.പി 32.2 ശതമാനം നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 9.7 ശതമാനത്തിലൊതുങ്ങി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ഉന്നത വിഭാഗക്കാരുടെ വോട്ടുകള്‍ കൂടുതലുള്ള നഗരത്തിലെ പത്ത് മണ്ഡലങ്ങളില്‍ ഏഴെണ്ണത്തിലും എ.എ.പി. വിജയിച്ചു. ദരിദ്ര ഭൂരിപക്ഷമണ്ഡലങ്ങളായ 32 എണ്ണത്തില്‍ പതിനാറിലും വിജയിച്ചു. ഇത്തവണയാവട്ടെ, സമ്പന്ന-ദരിദ്രമണ്ഡലങ്ങളില്‍ എല്ലാ സീറ്റുകളിലും വിജയിക്കാന്‍ എ.എ.പിക്കായി.
1.3 കോടി വോട്ടര്‍മാരുള്ള ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ശതമാനവും ആറു സമുദായങ്ങളില്‍പ്പെട്ടവരാണ്. 17 ശതമാനമാണ് ദളിതര്‍. 12 സംവരണ മണ്ഡലങ്ങളും ഇത്തവണ എ.എ.പി. പിടിച്ചു. 12 ശതമാനം വരുന്ന ബ്രാഹ്മണര്‍ പരമ്പരാഗതമായി ബി.ജെ.പി. വോട്ടുകളായിരുന്നു. ഇത്തവണ അവര്‍ പാര്‍ട്ടിയെ കൈവിട്ടു. മറ്റു പിന്നാക്കക്കാരും 16 ശതമാനത്തോളം വരും. ഏഴുശതമാനം വീതമുള്ള പഞ്ചാബി ഖത്രി, രജ്പുത്ത് വിഭാഗക്കാരും ആം ആദ്മിയെ തുണച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയെയും മാറിമാറി തുണച്ചവരായിരുന്നു ഈ വിഭാഗക്കാര്‍. 12 ശതമാനത്തോളമുള്ള മുസ്ലിം വോട്ടര്‍മാരും ഇത്തവണ ജനവിധി നിര്‍ണായകമാക്കി. കഴിഞ്ഞതവണ കോണ്‍ഗ്രസ് വിജയിച്ച എട്ടു സീറ്റുകളില്‍ അഞ്ചും മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളായിരുന്നു.
ബല്ലിമാരന്‍, ചാന്ദ്‌നിചൗക്ക്, മുസ്തഫാബാദ്, ഓഖ്‌ല, സിലംപുര്‍ എന്നിവയായിരുന്നു അവ. മറ്റൊരു മുസ്ലിം ഭൂരിപക്ഷമണ്ഡലമായ മാത്യമഹലില്‍ ജെ.ഡി.യു നേതാവ് ഷൊയ്ബ് ഇക്ബാലാണ് 2013ല്‍ ജയിച്ചത്. ഈ മണ്ഡലങ്ങളെല്ലാം ഇത്തവണ എ.എ.പി. നേടി. ഷാഹി ഇമാം ബുഖാരി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പരസ്യമായി അതു നിരസിക്കാന്‍ എ.എ.പി. ധൈര്യം കാട്ടി. മൂന്നുമാസത്തിനുള്ളില്‍ അഞ്ച് ക്രൈസ്തവദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടും അതൊന്നും പ്രചാരണായുധമാക്കാന്‍ എ.എ.പി. മുതിര്‍ന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷംപോലും പയറ്റുന്ന ന്യൂനപക്ഷപ്രീണനതന്ത്രം ഡല്‍ഹിയില്‍ എ.എ.പി. ഉപയോഗിച്ചില്ലെന്നത് അവരെ വ്യത്യസ്തരാക്കുന്നു. ഇങ്ങനെ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ മതേതരമാക്കാന്‍ അവര്‍ക്കായി.
ഒക്ടോബറില്‍ വര്‍ഗീയസംഘര്‍ഷമുണ്ടായ ത്രിലോക്പുരിയില്‍ 60 ശതമാനം പട്ടികജാതിവോട്ടുകളില്‍ കണ്ണുനട്ട ബി.ജെ.പിക്ക് വിജയിക്കാനായില്ല. കിരണ്‍ ബേദിയെന്ന വനിതയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കിയിട്ടും 47 ശതമാനം വനിതാവോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിച്ചില്ല.
തിരഞ്ഞെടുപ്പുവേളയില്‍ ഒരു ദേശീയ ദിനപത്രം നടത്തിയ സര്‍വ്വേ ഡല്‍ഹിയിലെ വിവിധ വിഭാഗങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള അനുഭാവം പ്രകടമാക്കി. വര്‍ഷം ഒരുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവരില്‍ 57 ശതമാനത്തിന്റെ പിന്തുണ എ.എ.പിക്കുണ്ട്.
രാജ്യത്ത് ദരിദ്രജനവിഭാഗങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും ഈ സര്‍വെ പ്രകടമാക്കി. ഒരുലക്ഷംമുതല്‍ രണ്ടുലക്ഷം വരെ രൂപ വരുമാനമുള്ളവരില്‍ 46 ശതമാനം എ.എ.പിക്കും 29 ബി.ജെ.പിക്കൊപ്പവുമെന്നും കണ്ടെത്തി. രണ്ടുലക്ഷംമുതല്‍ മൂന്നുലക്ഷം വരെ വരുമാനമുള്ളവരില്‍ 43 ശതമാനവും മൂന്നുലക്ഷത്തിലേറെ വരുമാനമുള്ളവരില്‍ 59 ശതമാനവും ബി.ജെ.പിയെ പിന്തുണച്ചു. പടിഞ്ഞാറന്‍ യു.പി, ബിഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള പൂര്‍വാഞ്ചലികളടക്കം 40 ലക്ഷത്തോളം ചേരിനിവാസികള്‍ പൂര്‍ണമായി എ.എ.പിക്കൊപ്പം നിന്നു.