ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ശിഥിലമായ പ്രതിപക്ഷനിരയ്ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. എ.എ.പി.യുടെ വിജയം ദേശീയതലത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ബി.ജെ. പി.യുടെയും മോദിയുടെയും മുന്നേറ്റത്തെ പിടിച്ചു നിര്‍ത്താന്‍ എ.എ.പി.യും അരവിന്ദ് കെജ്രിവാളും പരീക്ഷിച്ച പുത്തന്‍ രാഷ്ട്രീയനീക്കങ്ങള്‍ മറ്റിടങ്ങളില്‍ പരീക്ഷിക്കപ്പെടാനുള്ള സാധ്യതകളും വര്‍ധിച്ചു.
അതേസമയം, ബി.ജെ.പി.യുടെ നാണംകെട്ട തോല്‍വി എന്‍.ഡി.എ.സഖ്യകക്ഷികളെയും ഒന്നിപ്പിച്ചത് ശ്രദ്ധേയമായി. !ഡല്‍ഹിയില്‍ കെജ്രിവാളിന്റെ 'സുനാമി ജയം' മോദി തരംഗത്തേക്കാള്‍ വലുതാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. മോദിയുടെ പരാജയമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണുന്നതെന്ന ഗാന്ധിയന്‍ അണ്ണ ഹസാരെയുടെ അഭിപ്രായത്തോട് താനും യോജിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ട്വീറ്റ് ബി.ജെ.പി.യെ ഏറെക്കാലം വേട്ടയാടാനാണ് സാധ്യത.
പാര്‍ലമെന്റില്‍ യോജിച്ച ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് ആവേശം നല്‍കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഇക്കൊല്ലം ഒടുവില്‍ വരുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഐക്യനിര വന്നാല്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കാമെന്ന കണക്കുക്കൂട്ടല്‍ രാഷ്ട്രീയകേന്ദ്രങ്ങള്‍ക്കുണ്ട്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യും ഒന്നിച്ചുനിന്നാല്‍ ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കഴിയും.
കഴിഞ്ഞ ഒരു കൊല്ലത്തെ ജിതന്‍ റാം മഞ്ചിയുടെ ഭരണത്തിനെതിരെയുള്ള വികാരം മുതലാക്കാനും കഴിയണം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ തിരിച്ചടിക്കുമെന്ന ആശങ്കയാണ് ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള കടുത്തനീക്കങ്ങളില്‍ നിന്നു അവരെ പിന്നാക്കം വലിക്കുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ചുകയറാമെന്ന ബി.ജെ.പി.യുടെ കണക്കുക്കൂട്ടല്‍ പാളാനാണ് സാധ്യത. ഡല്‍ഹി പോലെ തുടര്‍ച്ചയായി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റ ചരിത്രമാണ് ബി.ജെ. പി.ക്ക് യു.പി.യിലുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാതി സമവാക്യങ്ങള്‍ തകര്‍ത്ത് ബി.ജെ.പി. വിജയക്കുതിപ്പ് നടത്തിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞുവന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്വാദി പാര്‍ട്ടി സ്വാധീനം തിരിച്ചുപിടിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന സൂചനയാണ് അത് നല്‍കിയത്. ബി.ജെ.പി.യിലേക്ക് മാറിയ ദളിത് വോട്ടുകള്‍ വീണ്ടും ബി.എസ്.പി.യിലേക്ക് ചേക്കേറുമെന്ന വിലയിരുത്തലാണുള്ളത്. എന്നാല്‍, ഇവിടെ പ്രതിപക്ഷ ഐക്യം സാധ്യമല്ലാത്ത സാഹചര്യമാണുള്ളത്.
ബി.ജെ.പി.യുടെ തകര്‍ച്ച, ജമ്മു-കശ്മീരിലെ നിലവിലെ രാഷ്ട്രീയത്തിലും ചെറിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും. പി.ഡി.പി.യുമായി സര്‍ക്കാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഡല്‍ഹിയിലെ ബി.ജെ.പി.യുടെ തോല്‍വി. കൂട്ടുകക്ഷി സര്‍ക്കാറിന്റെ കാര്യത്തില്‍ പി.ഡി.പി. ഇനി കടുത്ത വിലപേശല്‍ നടത്തും. എന്നാല്‍, ബി. ജെ.പി.ക്കെതിരെ വ്യക്തമായ ഒരു ബദലില്ലാത്തത് പല സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തെ പിന്നാക്കം വലിക്കും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ ഡല്‍ഹി ജനവിധി മോദിയുടെ പരാജയമെന്ന് അഭിപ്രായപ്പെട്ടു. ബംഗാളില്‍ ബി.ജെ.പി.യുമായി നേരിട്ടുള്ള മത്സരത്തിലുള്ള തൃണമൂലിന് ഡല്‍ഹി ഫലം ആവേശം നല്‍കുന്നതാണ്. ധാര്‍ഷ്ട്യവും രാഷ്ട്രീയ പകപോക്കലും പരാജയപ്പെട്ടുവെന്ന് മമത അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വികാരമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് നിതീഷ് കുമാറും പറഞ്ഞു.